'റാണി കർണാവതി അയച്ച രാഖിയും രക്ഷകനായ ഹൂമയൂണും'-സുധാ മൂർത്തി പറഞ്ഞ 'രക്ഷാബന്ധൻ' കഥയും സൈബർ ആക്രമണവും
ഇടതുപക്ഷ മാർക്‌സിസ്റ്റ് ചരിത്രകാരന്മാർ പടച്ചുണ്ടാക്കിയതാണ് റാണി കർണാവതി-ഹൂമയൂൺ കഥയെന്നാണ് സംഘ്പരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ ഉയര്‍ത്തുന്ന വിമര്‍ശനം
സുധാ മൂര്‍ത്തി
ബെംഗളൂരു: ഉത്തരേന്ത്യയിൽ ഹിന്ദു വിശ്വാസികൾക്കിന്ന് രക്ഷാബന്ധൻ ആഘോഷത്തിന്റെ നാളാണ്. സഹോദര സ്‌നേഹത്തിന്റെ പവിത്രത വിളിച്ചോതുന്നുവെന്ന പേരിലാണ് എല്ലാ വർഷവും ശ്രാവണ മാസത്തിലെ പൗർണമിനാളിൽ സഹോദരങ്ങളുടെ കൈയിൽ രാഖി കെട്ടി വലിയൊരു വിഭാഗം ഹിന്ദുക്കൾ ഇതിനെ കൊണ്ടാടുന്നത്. രക്ഷാബന്ധന്റെ ഉത്ഭവത്തെ കുറിച്ച് കൃത്യമായ ചരിത്രരേഖകളൊന്നും ലഭ്യമല്ലെങ്കിലും പലതരം ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്.
രജപുത്രന്മാർ യുദ്ധത്തിനു പോകുമ്പോൾ സ്ത്രീകൾ നെറ്റിയിൽ പൊട്ട് ചാർത്തി, കൈയിൽ നൂലുകെട്ടി യാത്രയയയ്ക്കുന്ന കഥകളും ഇതോടൊപ്പം ചേർത്തുപറയാറുണ്ട്. രക്ഷാബന്ധന്റെ പേരിൽ തീവ്ര ഹിന്ദുത്വ സംഘങ്ങൾ നടത്തുന്ന അതിക്രമങ്ങളും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ, ജീവകാരുണ്യ പ്രവർത്തകയും ഗ്രന്ഥകാരിയുമായ സുധാ മൂർത്തി നടത്തിയ ഒരു പരാമർശം രക്ഷാബന്ധനെച്ചൊല്ലി പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയിരിക്കുകയാണിപ്പോൾ.
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും രാജ്യസഭാ അംഗവും പ്രചോദന പ്രഭാഷണങ്ങൾക്കു പേരുകേട്ടയാളുമായ സുധാ മൂർത്തി ഇന്ന് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റായിരുന്നു തുടക്കം. 16-ാം നൂറ്റാണ്ടിൽ ഹിമാലയൻ താഴ്‌വാരങ്ങൾ ഭരിച്ചിരുന്ന ഗഡ്‌വാൾ സാമ്രാജ്യത്തിലെ രാജ്ഞിയായിരുന്ന റാണി കർണാവതിയും മുഗൾ ചക്രവർത്തിയായിരുന്ന ഹൂമയൂണും തമ്മിലുള്ള ഒരു സൗഹൃദത്തിന്റെ സമ്പന്നമായ കഥയും രക്ഷാബന്ധനു പറയാനുണ്ടെന്നായിരുന്നു സുധയുടെ വാദം. കൈയിൽ നൂലുകെട്ടിക്കൊടുക്കുന്ന ആചാരത്തിനു തുടക്കം കുറിക്കുന്നത് അന്നാണെന്നും അതിന്നും മുടക്കമില്ലാതെ തുടരുന്നുവെന്നും പറയുന്നു അവർ.
സുധാ മൂർത്തി വിഡിയോയിലൂടെ പങ്കുവച്ച കഥ ഇങ്ങനെയായിരുന്നു:
'ഏതു പ്രതിസന്ധിഘട്ടത്തിലും സഹായമായി നീയുണ്ടാകണമെന്ന സന്ദേശം പകർന്നു സഹോദരിമാർ (സഹോദരങ്ങളുടെ) കൈയിൽ നൂലുകെട്ടിക്കൊടുക്കുന്ന ആചാരമാണ് രക്ഷാബന്ധൻ. അതിന്റെ ചരിത്രം റാണി കർണാവതി അപായം നേരിട്ട ഒരു സംഭവത്തിലാണ് എത്തിനിൽക്കുന്നത്. ചെറിയൊരു സാമ്രാജ്യമായിരുന്നു അവരുടേത്. സാമ്രാജ്യത്തിനുനേരെ (ശത്രുക്കളുടെ) ആക്രമണമുണ്ടായി. എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുകയായിരുന്നു റാണി.
അങ്ങനെയാണ് മുഗൾ ചക്രവർത്തിയായ ഹൂമയൂണിന് അവരൊരു നൂൽ അയച്ചുകൊടുത്ത്, തന്നെ സഹോദരിയെപ്പോലെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത്. താൻ അപകടത്തിലാണെന്നും ഇവിടെ വന്ന് എന്നെ സംരക്ഷിക്കണമെന്നും അഭ്യർഥിക്കുകയും ചെയ്യുന്നുണ്ട് അവർ. എന്നാൽ, ഹൂമയൂണിന് ഇതെന്താണു സംഗതിയെന്നു പിടികിട്ടിയില്ല. മറ്റൊരു രാജ്യത്തുനിന്നു വന്നയാളാണല്ലോ അദ്ദേഹം. അങ്ങനെ നാട്ടുകാരോട് ഇതേക്കുറിച്ച് അന്വേഷിച്ചു.
എസ്.ഒ.എസ് പോലെ ഒരു സഹോദരി തന്റെ സഹോദരനോട് സഹായത്തിനു വേണ്ടി അഭ്യർഥിക്കുന്നതാണെന്നും ഇവിടത്തെ ആചാരമാണെന്നും നാട്ടുകാർ അദ്ദേഹത്തിനു വിശദീകരിച്ചുകൊടുത്തു. കാര്യം മനസിലാക്കിയ ഹൂമയൂൺ റാണിയെ സഹായിക്കാനായി ഡൽഹിയിൽനിന്നു പുറപ്പെട്ടു. എന്നാൽ, അവരുടെ സാമ്രാജ്യത്തിലെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. അന്ന് വിമാനമൊന്നും ഉണ്ടായിരുന്നില്ലല്ലോ.. കുതിരപ്പുറത്തേറിത്തന്നെ വേണമായിരുന്നു അവിടെയെത്താൻ. അവർ അവിടെ എത്തിയപ്പോഴേക്കും അവർ കൊല്ലപ്പെട്ടിരുന്നു.'
ഈ കഥ പറഞ്ഞാണ് രക്ഷാബന്ധനു പിന്നിലുള്ള ചരിത്രപ്രസക്തിയും സാമൂഹിക പ്രാധാന്യവും വിവരിക്കാൻ സുധാ മൂർത്തി ശ്രമിക്കുന്നത്. പ്രതിസന്ധിയിലാകുമ്പോൾ സഹായാഭ്യാർഥനയുമായി പ്രിയപ്പെട്ടൊരാൾക്കു നൂല് കൊടുത്തയയ്ക്കുന്ന ആചാരമാണിത്. ഇന്നും ഇതേ ലക്ഷ്യത്തിൽ തന്നെയാണ് രാജ്യത്ത്, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ, സഹോദരങ്ങളുടെ കൈയിൽ രാഖി കെട്ടിക്കൊടുക്കുന്ന ആചാരം കൊണ്ടാടുന്നതെന്നും അതിനു വേണ്ടി സ്ത്രീകൾ എത്ര ദൂരവും താണ്ടുമെന്നും പറഞ്ഞാണ് സുധാ മൂർത്തി വിഡിയോ അവസാനിപ്പിക്കുന്നത്.
എന്നാൽ, പോസ്റ്റിനു പിന്നാലെ സുധയ്‌ക്കെതിരെ വലിയ തോതിൽ വിമർശനവുമായി ഒരു വിഭാഗവും രംഗത്തെത്തിയിരിക്കുകയാണ്. സംഘ്പരിവാർ-ഹിന്ദുത്വ പ്രൊഫൈലുകളുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണവും നടക്കുന്നുണ്ട്. ഇടതുപക്ഷ മാർക്‌സിസ്റ്റ് ചരിത്രകാരന്മാർ പടച്ചുണ്ടാക്കിയതാണ് റാണി കർണാവതി-ഹൂമയൂൺ കഥയെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. ഇർഫാൻ ഹബീബ്, റൊമീള ഥാപ്പർ ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ സൃഷ്ടിച്ച വ്യാജകഥയാണ് സുധാ മൂർത്തി ഇപ്പോൾ ഏറ്റുപിടിച്ചിരിക്കുന്നതെന്നും രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പരാജയമാണിതെന്നും സംഘ്പരിവാർ അനുകൂല പ്രൊഫൈലുകൾ വിമർശിക്കുന്നു.
അതേസമയം, വിവാദങ്ങളിൽ വിശദീകരണവുമായി സുധാ മൂർത്തി പിന്നീട് രംഗത്തെത്തി. രക്ഷാബന്ധനുമായി ബന്ധപ്പെട്ടു പ്രചാരത്തിലുള്ള പല കഥകളിലൊന്നു മാത്രമാണു താൻ പറഞ്ഞതെന്ന് അവർ പറഞ്ഞു. രക്ഷാബന്ധനു പിന്നിലുള്ള മനോഹരമായ പ്രതീകാത്മക വശം വിശദീകരിക്കാനാണു താൻ ശ്രമിച്ചത്. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും അപ്പുറം പഴക്കമുള്ള പാരമ്പര്യമാണതെന്നും സുധാ വിശദീകരിച്ചു.
Summary: What is between Rani Karnavati and Mughal Emperor Humayun? Why cyber attack against Sudha Murty after her Raksha Bandhan post?
Adjust Story Font
16