സത്യത്തിൽ പ്രണയമുണ്ടോ? പ്രേമം പ്രവർത്തിക്കുന്നതെങ്ങനെ- ശാസ്ത്രം പറയുന്നത്
ക്രഷ് തോന്നിയ വേളയിൽ ഹൃദയം ഒരു നിമിഷം നിലച്ചുപോയിട്ടുണ്ടോ?
ഇഷ്ടപ്പെട്ട ഒരാളോട് ക്രഷ് തോന്നിയ വേളയിൽ ഹൃദയം ഒരു നിമിഷം നിലച്ചുപോയോ? ആലോചിച്ച് തല പുണ്ണാക്കേണ്ട. ഒരു മാജിക്കും സംഭവിച്ചിട്ടില്ല. നിങ്ങളുടെ ശരീരത്തിൽ ഓക്‌സിടോസിന്റെ ഉത്പാദനം നടന്നതാണ്. ഓക്‌സിടോസിൻ എന്നാൽ പ്രണയത്തിന്റെ ഹോർമോൺ!
മസ്തിഷ്കത്തിന്‍റെ ഭാഗമായ ഹൈപ്പോതലാമസിൽ നിന്നാണ് ഓക്‌സിടോസിൻ ഉത്പാദിപ്പിക്കപ്പെടുന്നത്. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ ന്യൂറോട്രാൻസ്മിറ്റർ കൂടുതലായി കാണപ്പെടുന്നത്. പ്രണയത്തിലാകുമ്പോൾ മാത്രമല്ല, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും കുഞ്ഞു ജനിക്കുമ്പോഴും മുലയൂട്ടുമ്പോഴും ഓക്‌സിടോസിൻ ഏറിയും കുറഞ്ഞും ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഒരു വ്യക്തിയിലെ വികാരം, അടുപ്പം തുടങ്ങിയ സാമൂഹിക സ്വഭാവത്തെ സ്വാധീനിക്കുന്നതാണ് ഈ ഹോർമോൺ.
ഓക്‌സിടോസിൻ പ്രണയവുമായി ചെയ്യുന്നത് എന്താണ്? നമ്മൾ ഒരാളെ കാണുമ്പോൾ നമ്മുടെ ശാരീരികാവസ്ഥകൾ വ്യത്യസ്തമാണ്. അത് അത്യാഹ്ലാദമാകാം, സന്തോഷമാകാം, അസ്വസ്ഥതയാകാം അങ്ങനെ പലതുമാകാം. സന്തോഷവും ആഹ്ലാദവുമാണ് എങ്കിൽ അത് ഓക്‌സിടോസിനിന്റെ പ്രവർത്തനഫലം മൂലമാണ്.
തലച്ചോറിലെ ഡോപമിൻ എന്നു പറയുന്ന നാഡീരസമാണ് പ്രണയത്തെയും പിന്നാലെ സംഭവിക്കുന്ന ഇന്ദ്രിയാഭിനിവേശങ്ങളെയും കൈകാര്യം ചെയ്യുന്നത്. ഡോപമിൻ തലച്ചോറിന്റെ ലിംബിക് സിസ്റ്റം എന്നു പറയുന്ന ഭാഗത്തെ ഉത്തേജിപ്പിക്കുന്നത് മൂലമാണ് ലൈംഗിക ചോദനകൾ ഉണ്ടാകുന്നത്. ഡോപമിന്റെ അളവ് ഓരോ വ്യക്തിയിലും വ്യതിരക്തമായിരിക്കും. പ്രണയം അതനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും.
ഫിനൈൽഈഥൈലമൈൻ (പി.ഇ.എ) എന്ന നാഡീരസമാണ് പ്രണയിതാക്കളുടെ ഇഴയടുപ്പത്തെ നിർണയിക്കുന്നത്. തലച്ചോറിൽ എത്ര കൂടുതൽ പി.ഇ.എ ഉൽപ്പാദിപ്പിക്കപ്പെടുന്നുവോ അത്രയ്ക്ക് സ്വന്തം പ്രണയത്തോട് ആ വ്യക്തിക്ക് അഭിനിവേശമുണ്ടാകും. പ്രണയ തന്മാത്ര എന്നാണ് പി.ഇ.എയുടെ വിളിപ്പേര്. പി.ഇ.എ ആവശ്യത്തിന് ശരീരത്തിൽ കിട്ടാതെ വരുന്ന അവസ്ഥയാണ് (വിത്‌ഡ്രോവൽ സിൻഡ്രോം) വിരഹം!
പ്രണയം തലക്കു പിടിച്ചവരെ കണ്ടിട്ടുണ്ടോ? പ്രേമം മൂത്ത ചിലർ പെട്ടെന്ന് പഠിത്തത്തിൽ ഉഴപ്പനാകും. ജോലിയിൽ ശ്രദ്ധയുണ്ടാകില്ല. മൊത്തത്തിൽ ഒരു താളപ്പിഴ ജീവിതത്തെ വല്ലാതാണ്ടാക്കും. അതിനും കാരണമുണ്ട്. സെറോട്ടോണിൻ, എപിനെഫ്രിൻ, നോർ-എപിനെഫ്രിൻ, അസറ്റൈൽ കോളിൻ തുടങ്ങിയ നാഡീരസങ്ങളുടെ ഉത്പാദനം കൂടുകയും കുറയുകയും ചെയ്യുന്ന വേളയിലാണ് ഇങ്ങനെ സംഭവിക്കുന്നത്.
പ്രണയം മൂത്തു പഴുത്തു കഴിയുമ്പോൾ ചില പ്രശ്‌നങ്ങളുണ്ടാകാറില്ലേ ജീവിതത്തിൽ. ഇപ്പോൾ നിനക്ക് പണ്ടത്തെ പോലെ സ്‌നേഹമില്ല, പണ്ടൊക്കെ എന്തായിരുന്നു എന്നു പരിഭവപ്പെടും ചിലപ്പോൾ പങ്കാളി. പ്രണയിക്കുമ്പോൾ ഓ മൈ ഡാർലിങ് എന്നു വിളിക്കുമ്പോൾ കിട്ടിയിരുന്ന ആ പ്രണയതീവ്രത കുറച്ചു കഴിയുമ്പോൾ ആകെ ജാള്യതയിലേക്ക് വഴി മാറും.
എന്തു പറ്റി എന്ന് ആകുലപ്പെടേണ്ട. അതും പിഇഎയുടെയും ഡോപമിന്റെയും കളിയാണ്! ആദ്യം കണ്ടപ്പോൾ തോന്നിയ ഓക്‌സിടോസിനും പി.ഇ.എയും ഡോപമിന്റെയും ഉത്പാദനം കുറച്ചു കഴിഞ്ഞാൽ ഉണ്ടാവില്ല. റൊമാന്റിക് മൂഡ് ഒക്കെ വിട്ട് ജീവിതം കുറച്ചുകൂടി റിയലിസ്റ്റ് ആയി മാറിയതിന്റെ പ്രശ്‌നം മാത്രമാണത്.
പ്രണയത്തെ കുറിച്ചു മാത്രമാണ് പറഞ്ഞത്. മാതാപിതാക്കളോടും സഹോദരന്മാരും സുഹൃത്തുക്കളോടും തോന്നുന്ന സ്‌നേഹവും വാത്സല്യവുമെല്ലാം ഈ നാഡീരസങ്ങളുടെ പ്രവര്‍ത്തന ഫലമാണ്.
ശരീരത്തിൽ ഓക്‌സിടോസിനിന്റെ അളവ് വർധിപ്പിക്കാൻ മാർഗങ്ങളുമുണ്ട്. ഒരു ആലിംഗനം മതി രക്തത്തിലെ ഓക്‌സിടോസിന്റെ അളവ് വർധിപ്പിക്കാനെന്ന് ചില പഠനങ്ങൾ പറയുന്നു. ശരീരം മസാജ് ചെയ്യുക, പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുക, വളർത്തുമൃഗങ്ങളെ പരിപാലിക്കുക, സംഗീതം കേൾക്കുക, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക തുടങ്ങിയ നിരവധി മാർഗങ്ങളുണ്ട് ഈ ഹോർമോൺ വർധിപ്പിക്കാൻ.
Adjust Story Font
16