മലബാർ പ്ലസ് ടു: പ്രശ്ന പരിഹാരത്തിന് ഇടതു സർക്കാർ ഭയക്കുന്നതാരെ?
കേരളത്തിന്റെ ജനസംഖ്യയും വിദ്യാഭ്യാസ ആവശ്യങ്ങളുമൊന്നും പരിഗണിക്കാതെ മന്ത്രിയുടെ രാഷ്ട്രീയ ഭൂമികയെന്ന ഒറ്റന്യായത്തിന്റെ പേരിൽ അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.ജെ ജോസഫിന്റെ വീട്ടുമുറ്റത്ത് വന്നെത്തിയവർക്കെല്ലാം പ്ലസ് ടു ബാച്ചുകൾ വാരിക്കോരി കൊടുത്തതാണ് ഇന്നത്തെ പ്ലസ് ടു പ്രതിസന്ധിയുടെ അടിസ്ഥാന കാരണം.
കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കും ഒരു പ്രദേശത്തെ തുല്ല്യതയില്ലാത്ത ഭരണകൂട വിവേചനത്തിലേക്കും തള്ളിവിട്ടത് 1996-2001 കാലയളവിലെ ഇ കെ നായനാർ സർക്കാറാണ്. പി ജെ ജോസഫായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി.
അക്കാലത്ത് മന്ത്രിയെ കാണാൻ പോയ അനുഭവം മലബാറിലെ പ്രശസ്തനായ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഒരാൾ ഈയിടെ സ്വകാര്യ സംഭാഷണത്തിൽ പങ്കുവച്ചത് ഇങ്ങിനെയാണ്: 'മന്ത്രിയോട് വ്യക്തിപരമായി ബന്ധമുണ്ടായിരുന്നതിനാൽ തലേന്നുവിളിച്ച് അപ്പോയിന്റ്മെന്റ് വാങ്ങി. അതിരാവിലെ എത്താനാണ് മന്ത്രി നിർദേശിച്ചത്. അതനുസരിച്ച് വളരെ നേരത്തെ തന്നെ അവിടെയെത്തിയപ്പോൾ ആ കോമ്പൗണ്ടിന്റെ അകത്തേക്ക് കടക്കാനാകാത്ത അവസ്ഥ. അവിടെ എത്തിയവരിൽ മഹാഭൂരിഭാഗവും മധ്യതിരുവിതാംകൂറിലെ മത-രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും സ്കൂളുടമകളുമായിരുന്നു. മുറ്റത്തെ ജനസാഗരത്തെ മറികടന്ന് പോകാനാകില്ലെന്ന് ഉറപ്പായപ്പോൾ മന്ത്രിയെ വിളിച്ചു. അപ്പോൾ മന്ത്രിയുടെ ഓഫീസിൽനിന്ന് ഒരാൾവന്ന് കൂട്ടിക്കൊണ്ടുപോയി. മന്ത്രി മന്ദിരത്തിന്റെ പിന്നാമ്പുറത്തുകൂടെയാണ് കൊണ്ടുപോയത്. അക്ഷരാർഥത്തിൽ അടുക്കള വഴി കടന്ന് ഓഫീസിൽ എത്തി.'
കേരളത്തിന്റെ ജനസംഖ്യയും വിദ്യാഭ്യാസ ആവശ്യങ്ങളുമൊന്നും പരിഗണിക്കാതെ മന്ത്രിയുടെ രാഷ്ട്രീയ ഭൂമികയെന്ന ഒറ്റന്യായത്തിന്റെ പേരിൽ അന്ന് വീട്ടുമുറ്റത്ത് വന്നെത്തിയവർക്കെല്ലാം പ്ലസ് ടു ബാച്ചുകൾ വാരിക്കോരി കൊടുത്തതാണ് ഇന്നത്തെ പ്ലസ് ടു പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഇതിന്റെ നേരിട്ടുള്ള പ്രത്യാഘാതമുണ്ടായത് മലബാറിലാണ്. തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിൽ, പത്താം തരം പഠിച്ചിറങ്ങുന്ന കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ പ്ലസ് ടു സീറ്റുകളുണ്ടായി. മലബാറിലാകട്ടെ പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് കുട്ടികൾ പഠിക്കാൻ സീറ്റില്ലാതെ സ്കൂളിന് പുറത്തിനിൽക്കേണ്ട അത്യന്തം സങ്കടകരമായ സ്ഥിതിവിശേഷവും. 2000 മുതൽ ഓരോ കൊല്ലവും മലബാറിൽ പുറത്താക്കപ്പെടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം വിജയിച്ചവരിൽ മലപ്പുറം ജില്ലയിൽ മാത്രം 30,000 കുട്ടികൾക്ക് സീറ്റ് കിട്ടില്ല.
ഈ പ്രതിസന്ധി പൊതു ശ്രദ്ധയിൽ സജീവമാവുകയും മലബാറിലെ സംഘടനകളും സാമൂഹിക പ്രവർത്തകരും മാധ്യമങ്ങളും അതിശക്തമായി ഉന്നയിക്കാൻ തുടങ്ങുകയും ചെയ്യുമ്പോഴേക്ക് ഏതാണ്ട് അഞ്ച് കൊല്ലം പിന്നിട്ടിരുന്നു. അതിനിടെ ഒരു ഐക്യമുന്നണി സർക്കാർ അധികാരമൊഴിഞ്ഞ് വി എസ് അച്യുതാനന്ദന്റ നേതൃത്വത്തിൽ മറ്റൊരു ഇടതുസർക്കാർ ഭരണത്തിലെത്തി. അന്ന് എം എ ബേബിയാണ് വിദ്യാഭ്യാസ മന്ത്രി. 15 കൊല്ലം മുമ്പ് ഒരു പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി എം എ ബേബിയോട് ഈ ഭരണകൂട വിവേചനത്തെക്കുറിച്ച് ചോദിച്ചപ്പേൾ കിട്ടിയ മറുപടി വിചിത്രമായിരുന്നു: 'സംസ്ഥാനത്ത് ആവശ്യത്തിന് പ്ലസ് ടു സീറ്റുണ്ട്. വിജയിച്ച കുട്ടികളേക്കാൾ കൂടുതലാണ് ആകെ സീറ്റുകളുടെ എണ്ണം. മലബാറില്‍ പ്ലസ് ടുവിന് സീറ്റ് കിട്ടാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓപണ്‍ സ്കൂളില്‍ പഠിക്കാം'.
കേരളത്തിലെ ആകെ സീറ്റുകളുടെ കണക്ക് പറഞ്ഞ്, തന്റെ വാദം സമര്‍ഥിക്കാനുള്ള ശ്രമം ജില്ല തിരിച്ച സീറ്റ് കണക്കുകളുടെ മുന്നില്‍ ദുര്‍ബലമായപ്പോഴായിരുന്നു മന്ത്രി ഓപണ്‍ സ്കൂളിലേക്ക് പോയത്. അതിന് ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നു. മലപ്പുറത്തുകാരനായ അബ്ദുര്‍റബ്ബ് വിദ്യാഭ്യാസ മന്ത്രിയായി. ആ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. സി രവീന്ദ്രനാഥ് മന്ത്രിയായി. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാപ്പോൾ വിദ്യാഭ്യാസ മന്ത്രിയായി വി. ശിവൻകുട്ടി വന്നു. എന്നിട്ടും എം എ ബേബി പറഞ്ഞ ന്യായവാദങ്ങൾ തന്നെയായിരുന്നു കഴിഞ്ഞകൊല്ലം വരെ സർക്കാർ ഭാഷ്യം. ഈ അസന്തുലിതത്വം നേരിലനുഭവിക്കുന്ന മലബാർ, ശക്തി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുസ്ലിം ലീഗിനും ഇക്കാലയളവിൽ രണ്ടു തവണ സർക്കാറിനെ നയിച്ച കോൺഗ്രസിനും ഈ അനീതിയുടെ ഉത്തരവാദിത്തത്തിൽനിന്ന് മാറിനിൽക്കാനാകില്ല. പ്ലസ് ടു അനുവദിച്ചതിലെ അനീതി ചോദ്യം ചെയ്ത് അക്കാലത്തുതന്നെ നിയമസഭയെ പ്രക്ഷുബ്ധമാക്കിയ യു ഡി എഫ്, പിൽക്കാലത്ത് പലവട്ടം അധികാരത്തിൽ വന്നിട്ടും പൂർണവും ഫലപ്രദവുമായ പ്രശ്ന പരിഹാരത്തിന് തയാറായില്ല. ഭരണകാലത്തെ അനാസ്ഥക്ക് പ്രതിപക്ഷത്തിരുന്നെങ്കിലും പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന സമയമാണിതെന്ന തിരിച്ചറിവ് ഐക്യമുന്നണി സംഘത്തിനുണ്ടാവണം.
എന്നാൽ മലബാർ പ്ലസ് ടു പ്രശ്നം പരിഹരിക്കുന്നതിൽ ഇടതുപക്ഷ സർക്കാറിന് രണ്ട് കാരണങ്ങളാൽ അധിക ബാധ്യതയുണ്ട്. നായനാർ നയിച്ച ഇടതു സർക്കാറിന്റെ വികലമായ സ്കൂൾ വിതരണ പരിപാടിയാണ് ഈ പ്രതിസന്ധിക്ക് കാരണമായത് എന്നതുതന്നെയാണ് ഒന്നാമത്തേത്. എല്ലാ സാമൂഹിക മാനദണ്ഡങ്ങളെയും സാമാന്യ മര്യാദകളെയും അട്ടിമറിച്ചാണ് മധ്യതിരുവിതാംകൂറിൽ സവിഷേശമായും തെക്കൻ കേരളത്തിൽ പൊതുവെയും അക്കാലത്ത് പ്ലസ് ടു അനുവദിച്ചത്. സ്കൂളുകളുടെ എണ്ണത്തിൽ പ്രത്യക്ഷത്തിൽ തന്നെ അനീതിയുണ്ടായി. അക്കാലത്തുതന്നെ നിയമസഭയിൽ ഇത് ഉന്നയിക്കപ്പെട്ടു. 1998 ജൂലൈയിൽ നിയമസഭയിൽ അടിയന്തര പ്രമേയാവതരണത്തിന് അനുമതി തേടി പ്രതിപക്ഷാംഗം ഇ ടി മുഹമ്മദ് ബഷീർ നടത്തിയ പ്രസംഗം അത് വ്യക്തമാക്കുന്നുണ്ട്.: '.... ഇത്തരം കാര്യങ്ങളിൽ എല്ലാവരുടെയും പൊളിറ്റിക്കൽ അജണ്ടയിലെ ഒന്നാമത്തെ ഇനമാണ് സോഷ്യൽ ജസ്റ്റിസ്. സോഷ്യൽ ജസ്റ്റിസിനെപ്പറ്റി പറയാൻ നമുക്ക് എന്താണ് അവകാശമുള്ളത്....സാമൂഹ്യ നീതിയുടെ ശവപ്പറമ്പായിത്തീർന്നിരിക്കുന്നു കേരളം....
ഇനി എന്താണ് പ്രദേശങ്ങളോട് കാണിച്ചത്? മലപ്പുറം ജില്ലയിലെ ജനസംഖ്യ 30,98,330ഉം കോട്ടയം ജില്ലയിലെ ജനസംഖ്യ 18,28,271ഉം ആണ്. മലപ്പുറം ജില്ലയിൽ എസ് എസ് എൽ സി പരീക്ഷക്ക് ഇരുന്ന കുട്ടികളുടെ എണ്ണം 68,752ഉം കോട്ടയം ജില്ലയിൽ എസ് എസ് എൽ സി പരീക്ഷക്ക് ഇരുന്നവരുടെ എണ്ണം 38,684 ഉം ആണ്. മലപ്പുറം ജില്ലയിൽ അനുവദിച്ച പ്ലസ് ടു സ്കൂളുകളുടെ എണ്ണം 19ഉം കോട്ടയം ജില്ലയിൽ അനുവദിച്ച സ്കൂളുകളുടെ എണ്ണം 34ഉം ആണ്. ഇടുക്കി ജില്ലയിൽ പരീക്ഷക്ക് ഇരുന്നവരുടെ എണ്ണം 16,855 ആണ്. അവിടെ അനുവദിച്ച സ്കൂളുകളുടെ എണ്ണം 18 ആണ്.... കണ്ണൂരിൽ നിന്ന് പ്രീ ഡിഗ്രി ഡീ ലിങ്ക് ചെയ്തിട്ട് നിങ്ങൾ എറണാകുളത്തോ പൂഞ്ഞാറിലോ കൊടുത്തിട്ട് എന്താണ് കാര്യം? ഇവിടത്തെ പിന്നാക്ക പ്രദേശങ്ങളിലെ ജനവികാരം മനസ്സിലാക്കണം.' അന്നേതുടങ്ങിയ അന്യായത്തിന് പരിഹാരം തേടിയാണ് ഒരുപ്രദേശത്തെ ജനതയാകെ ഇപ്പോഴും ശബ്ദമുയർത്തുന്നത്. അത് ചെവിക്കൊള്ളേണ്ട ബാധ്യത പ്രാഥമികമായും ഇടതുപക്ഷത്തിനാണ്.
ഇതുവരെ പിന്തുടർന്ന സാങ്കേതിക ന്യായങ്ങൾ ഉപേക്ഷിച്ച് ഈ പ്രശ്നത്തെ കുറച്ചുകൂടി സത്യസന്ധമായി അഭിമുഖീകരിക്കാൻ തയാറായ സർക്കാറാണ് ഇപ്പോൾ അധികാരത്തിലുള്ളത് എന്നതാണ് രണ്ടാമത്തെ കാരണം. മലബാർ പിന്നാക്കാവസ്ഥ പഠിക്കാൻ ഈ സർക്കാർ ഒരു കൊല്ലം പിന്നിട്ടപ്പോൾ കമ്മീഷനെ വച്ചു. രണ്ടുപതിറ്റാണ്ടിനിടെ ഇക്കാര്യത്തിൽ ഒരു സർക്കാറിൽ നിന്നുണ്ടായ ഫലപ്രദമായ ചുവടുവപ്പാണിത്. ഇതുവരെ പിന്തുടർന്ന നയപരമായ പിഴവ് തിരുത്താൻ സർക്കാർ തയാറാകുന്നുവെന്ന പ്രതീതി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു. സ്കൂളുകളുടെ അപര്യാപ്തത കമ്മീഷൻ സ്ഥിരീകരിച്ചു. പുറത്തുവന്ന വിവരങ്ങൾ പ്രകാരം, തെക്കൻ കേരളത്തിലെ കുട്ടികളില്ലാത്ത ബാച്ചുകൾ മലബാറിലേക്ക് മാറ്റണമെന്നത് അടക്കമുള്ള ശിപാർശകളാണ് കമ്മീഷൻ സർക്കാറിന് നൽകിയിരിക്കുന്നത്. പക്ഷെ റിപ്പോർട്ട് നടപ്പാക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യം മന്ത്രിയെ ചൊടിപ്പിക്കുകയാണ് ചെയ്തത്.
അത്തരം പലതരം റിപ്പോർട്ടുകളുണ്ടെന്നാണ് മന്ത്രിയുടെ ഇപ്പോഴത്തെ വാദം. റിപ്പോർട്ട് ഒറ്റടയിക്ക് നടപ്പാക്കാനുമാകില്ലത്രെ. മലബാറിലെ പഠന പ്രശ്നം അതിഗുരുതരമാണെന്ന് സമ്മതിക്കുകയും പരിഹാരത്തിന് പഠനം നടത്തുകയും ചയ്ത സർക്കാർ വീണ്ടും അവിടെ നിന്ന് പുറകോട്ട് പോകുന്നുവെന്നാണ് ഈ പ്രതികരണം നൽകുന്ന സന്ദേശം. ദയാരഹിതമായ ഭരണകൂട വിവേചനത്തിന് പതിറ്റാണ്ടുകളായി ഇരയാകുന്ന തലമുറയോടാണ് കേരള സർക്കാർ ഈ മനോഭാവം തുടരുന്നത്. അനീതി തിരിച്ചറിഞ്ഞിട്ടും അത് പരിഹരിക്കില്ലെന്ന ദുശ്ശാഠ്യം ഒരു പ്രദേശത്തോടുള്ള വിദ്വേഷപൂർണമായ സമീപനമായാണ് മനസ്സിലാക്കപ്പെടുക. അല്ലെങ്കിൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ ആരെയോ ഭയപ്പെടുന്നുവെന്നാണർഥം. ഇ കെ നായനാരും പി ജെ ജോസഫും ചേർന്ന് പ്ലസ് ടു വിതരണം ചെയ്ത കാലത്ത് മന്ത്രിവസതിയുടെ മുറ്റത്ത് തടിച്ചുകൂടിയ ആ ആൾകൂട്ടത്തെ ഇപ്പോഴെങ്കിലും കേരളം മറികടക്കേണ്ടതുണ്ട്.
Adjust Story Font
16