5200 കോടി; കിങ് ഖാന്റെ ചിറകിലേറി ബോളിവുഡ് തിരിച്ചുവന്ന 2023| YEAR ENDER 2023
ഒന്നല്ല രണ്ടായിരം കോടിയാണ് രണ്ട് ഷാരൂഖ് ചിത്രങ്ങൾ മാത്രം ബോക്സ്ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്
രാജ്യത്തെ ഏറ്റവും വലിയ സിനിമാ ഇൻഡസ്ട്രിയാണ് ബോളിവുഡ്. കൊവിഡിന് ശേഷം ബോളിവുഡ് വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സമയം തന്നെ ദക്ഷിണേന്ത്യൻ സിനിമകൾ അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുകയും ഹിന്ദി ബെൽറ്റിൽ തങ്ങളുടെ പവർ പുറത്തെടുക്കുകയും ചെയ്തു. ബാഹുബലിയും കെജിഎഫും പുഷ്പയും ലിയോയും ജയിലറും ചിത്രങ്ങൾ വമ്പൻ വിജയങ്ങൾ നേടുകയും ചെയ്തു. എന്നാൽ തകർന്നു എന്ന് എല്ലാവരും പറഞ്ഞിടത്തു നിന്ന് ഉയിർത്തെഴുന്നേറ്റതിന്റെ ചരിത്രമാണ് 2023ന് ബോളിവുഡിന് പറയാനുള്ളത്.
പത്താൻ, ഗദർ 2, ടൈഗർ 3, അനിമൽ, ജവാൻ എന്നീ സിനിമകൾ ബോക്‌സോഫീസ് കത്തിച്ച് ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ നട്ടെല്ലായി. അതിൽ ആദ്യത്തെ പേര് ഷാരൂഖ് എന്ന് തന്നെയാണ്. കിങ് ഖാന്റെ ചിറകിലേറിയാണ് ബോളിവുഡ് അതിന്റെ തിരിച്ചുവരവിന്റെ കാഹളം മുഴക്കിയത്. ഒന്നല്ല രണ്ടായിരം കോടിയാണ് രണ്ട് ഷാരൂഖ് ചിത്രങ്ങൾ മാത്രം ബോക്സ്ഓഫീസിൽ നിന്ന് വാരിക്കൂട്ടിയത്. ബോളിവുഡ് ബോക്സ് ഓഫീസിന് മികച്ച വർഷമായി 2023 അടയാളപ്പെടുത്തിയെന്നതാണ് ശ്രദ്ധേയം.
2023ല്‍ ബോക്സ് ഓഫീസ് ഭരിച്ച 10 ബോളിവുഡ് ചിത്രങ്ങൾ :- ജവാൻ- 1162 കോടി, പഠാൻ- 1052 കോടി, അനിമല്‍- 885 കോടി (ഡിസം. 29), ഗദർ 2- 686 കോടി, ടൈഗർ 3- 464 കോടി, ആദിപുരുഷ്- 393 കോടി, റോക്കി ഓർ റാണി കി പ്രേം കഹാനി- 357 കോടി, ഓ മൈ ഗോഡ് 2- 221 കോടി, ദ കേരള സ്റ്റോറി- 302 കോടി, തു ജൂത്തി മേം മക്കർ- 223 കോടി
ഷാരൂഖിന്‍റെ 2023
തകർന്ന് കിടന്നിരുന്ന ഒരു ഇൻഡസ്ട്രിയെ തന്റെ കൈപ്പിടിയിലൊതുക്കി പറന്നവന്റെ പേരാണ് അയാൾക്ക്. ഇന്ത്യൻ സിനിമയുടെ ഒരേയൊരു രാജാവ്. കിങ് ഖാൻ ഷാരൂഖ് ഖാൻ. 2010 നും 2020 നും ഇടയിൽ 12 സിനിമകളാണ് ഷാരൂഖ് നായകനായി എത്തിയത്. ഇതിൽ 2013-ൽ പുറത്തിറങ്ങിയ “ചെന്നൈ എക്‌സ്പ്രസ്” എന്ന ഒറ്റ ചിത്രം മാത്രമാണ് ബ്ലോക്ക്ബസ്റ്റർ ആയത്. മോശം തിരക്കഥയും പുതിയകാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം നിന്നില്ല എന്ന ആക്ഷേപമാണ് ഈ കാലയളവിൽ കിങ് ഖാൻ കേട്ടത്. വലിയ ഫ്ലോപ്പായ സീറോയ്ക്ക് ശേഷം നാല് വർഷം ഷാരൂഖ് നായകനായി ഒരു ചിത്രം തിയറ്ററിലെത്തിയില്ല. ഇതിനിടെ മകൻ ആര്യൻ ഖാന്റെ ലഹരിക്കേസടക്കം വ്യക്തി ജീവിതത്തിലും പ്രതിസന്ധികളുടെ കാലം.
എന്നാൽ നാല് വർഷത്തെ ഇടവേളക്ക് ശേഷം അയാളൊരു വമ്പൻ തിരിച്ചുവരവ് നടത്തി. പഠാന്‍ വലിയ വിജയമായി. എന്നാൽ അതുകൊണ്ട് അവസാനിപ്പിച്ചില്ല. കൃത്യം മൂന്നുമാസത്തിന് ശേഷം ബോക്സ് ഓഫീസിന് തീയിട്ട് ജവാനുമായി ഷാരൂഖ് വീണ്ടും വന്നു. വർഷം അവസാനിക്കാനിരിക്കെ അടുത്ത ചിത്രം ഡങ്കിയുമായി വീണ്ടും. നാലു വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചുവരവ് നടത്തിയ എസ് ആർകെ എന്ന് പറഞ്ഞാൽ അത് തെറ്റായിപോവും കഴിഞ്ഞ വർഷവും മൂന്ന് ചിത്രങ്ങളിൽ അദ്ദേഹം ഉണ്ടായിരുന്നു. റോക്കട്രി, ബ്രഹ്മാസ്ത്ര, ലാൽ സിങ് ഛദ്ദ എന്നീ ചിത്രങ്ങളിൽ അതിഥി താരമായി എത്തിയിരുന്നു. വരാനിരിക്കുന്ന വർഷം തന്റേതാണെന്നതിന്റെ സാമ്പിൾ വെടിക്കെട്ട് മാത്രമായിരുന്നു അത്.
2022 ഡിസംബർ 12നാണ് പഠാനിലെ ആദ്യഗാനം റിലീസ് ചെയ്യുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിലെ ഗാനം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. എന്നാൽ മറുഭാഗത്ത് പഠാനെ കാത്തിരുന്നതാകട്ടെ വിവാദങ്ങളുടെ വേലിയേറ്റവും. പഠാനിലൂടെ ബോളിവുഡ് സിനിമാ വ്യവസായം പ്രതിസന്ധികൾ മറികടന്ന് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഏവരും. എന്നാൽ ഗാനരംഗത്ത് ദീപിക ധരിച്ച കാവി ബിക്കിനി ഒരുവിഭാഗത്തെ ചൊടിപ്പിച്ചു. ബോളിവുഡിനെ നിരാശയിലാഴ്ത്തി. വിവാദങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഷാരൂഖിനെ നേരിൽ കണ്ടാൽ കൊല്ലുമെന്ന് ഭീഷണികൾ ഉയർന്നു. ശേഷക്രിയകൾ വരെ നടത്തി. എന്നാൽ ഇത്തരം കോലാഹലങ്ങളെ സൈഡാക്കി അഡ്വാൻസ് ബുക്കിംഗ് മുതൽ പഠാൻ കുതിച്ചു. ജനുവരി 25ന് നൂറിലധികം രാജ്യങ്ങളിൽ 8000ലധികം സ്‍ക്രീനുകളിൽ ഷാരൂഖ് ചിത്രം പ്രദർശനത്തിന് എത്തി. വർഷങ്ങൾക്ക് ശേഷമെത്തിയ കിഗ് ഖാൻ ചിത്രം കാണാൻ ജനപ്രവാഹവും തിയറ്ററുകളിലേക്ക് ഒഴുകി. പ്രവർത്തി ദിനത്തിലാണ് റിലീസ് ചെയ്തതെങ്കിലും ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമായി പഠാൻ മാറി. 55 കോടിയായിരുന്നു ആദ്യദിന നെറ്റ് കളക്ഷൻ. 53 കോടിയിലേറെ നേടിയ കെജിഎഫ് 2വിന്റെ ഹിന്ദി റെക്കോർഡ് ആണ് എസ്ആർകെ തകർത്തത്.
പഠാന്റെ വിജയം ഷാരൂഖിന്റേത് മാത്രമല്ല, ബോളിവുഡിന്റേയും കൂടിയായിരുന്നു. ബോളിവുഡിലെ ഒരു സൂപ്പർ താരം ചൈനയിൽ അല്ലാതെ ആയിരം കോടി നേടുന്നത് ആദ്യമാണ്. രണ്ട് തവണ നേടിയ ഒരു താരം പോലും ഇന്ത്യയിൽ ഇല്ല. പിന്നാലെ വന്ന ജവാൻ ഇതിലും വലിയ കളക്ഷൻ സ്വന്തമാക്കിയതോടെ ബോളിവുഡ് അമ്പരക്കുകയായിരുന്നു. രണ്ട് ചിത്രങ്ങളും ആകെ നേടിയത് 2150 കോടിയാണ്. ഇന്ത്യൻ സിനിമ വ്യവസായത്തിൽ ഒരു വർഷം കൊണ്ട് 2500 കോടി വരുമാനം ലഭിക്കുന്ന ആദ്യത്തെ നടനായി ഷാരൂഖ് മാറി
സൽമാൻ - 100കോടി ക്ലബ്ബ് റെക്കോർഡ് ഖാന്‍
ഉത്തരേന്ത്യൻ സിംഗിൾ സ്ക്രീനുകളിൽ സൽമാൻ ഖാനോളം ആളെക്കൂട്ടിയ താരങ്ങൾ അധികം ഉണ്ടാവില്ല. വലിയ വിജമായി ടൈഗർ 3 മാറുന്നതിനാണ് 2023 സാക്ഷ്യം വഹിച്ചത്. 464 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ആകെ നേടിയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ 100 കോടി കളക്ഷൻ ലഭിച്ച സിനിമയിൽ അഭിനയിച്ച താരം എന്ന റെക്കോഡ് സൽമാൻ ഖാന്റെ പേരിലാണ്. അതിലൊരു പൊൻതൂവൽ കൂടി ടൈഗർ 3 ചാർത്തി. 100 കോടി ക്ലബ്ബിൽ കയറുന്ന സൽമാൻ ഖാന്റെ തുടർച്ചയായ 17-ാമത്തെ ചിത്രവുമാണിത്. 2010-ൽ ദബാംഗ് എന്ന ചിത്രത്തിലൂടെയാണ് സൽമാൻ ഖാൻ 100 കോടി ക്ലബിൽ ആദ്യമായി കയറുന്നത്. ടൈഗർ 3 സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനുള്ള ചിത്രമായി മാറി ഇത് കൂടാതെ ടൈഗർ ഫ്രാഞ്ചൈസിയിലെ ഏറ്റവും വലിയ ഓപ്പണിംഗും ചിത്രത്തിന് ലഭിച്ചു.
ബോക്സ് ഓഫീസ് ആക്രമിച്ച് അനിമൽ
ഖാൻ ത്രയം അവസാനിച്ചാലും ബോളിവുഡിന്റെ ബോക്സ്ഓഫീസിനെ കത്തിക്കാന്‍ കെല്‍പ്പുള്ള അഭിനേതാവാണ് രൺബീർ കപൂർ. അത്രക്കാണ് അനിമലിന്റെയും രൺബീറിന്റെയും ബോക്സ് ഓഫീസ് മുന്നേറ്റം അതിശയിപ്പിക്കുന്നതാണ്. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 2023 ലെ ബോളിവുഡിലെ നാലാമത്തെ 500 കോടിയായി മാറി. ഡിസംബർ 29 വരെ മാത്രം ചിത്രം നേടിയത് 885 കോടിയാണ്. ആദ്യ ദിനം തന്നെ പത്താൻ, ടൈഗർ 3, ഗദർ 2 എന്നീ ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകളാണ് അനിമൽ തകർത്തെറിഞ്ഞത്.
ഗദ്ദർ 2 വിന്‍റെ ബോക്സ് ഓഫീസ് പഞ്ച്
2001-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ 'ഗദർ: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് 'ഗദർ 2'. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു കാലത്തെ പവർ സ്റ്റാർ തന്റെ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തിയിപ്പോൾ ആദ്യം, ചിത്രം വിതരണം ചെയ്യാൻ പോലും ആളെകിട്ടിയിരുന്നില്ല 80 കോടി രൂപ മുതൽമുടക്കിലെടുത്ത ചിത്രത്തിൽ അണിയറപ്രവർത്തകർക്കും നായകനും പ്രതീക്ഷയുണ്ടായിരുന്നു. ചിത്രം തിയറ്ററിലെത്താൻ കാത്തിരിക്കുന്ന സിനിമാപ്രേമികൾ ഉണ്ടായിരുന്നു. അത് തെളിയിക്കുന്നതായിരുന്നു ആദ്യദിവസം മുതൽ തിയറ്ററിൽ കണ്ട ജനക്കൂട്ടം. സണ്ണി ഡിയോളിന്റെ പഞ്ചിൽ ബോക്സ് ഓഫീസ് തകർന്നു. ഏറ്റവും വേഗത്തിൽ 500 കോടി ക്ലബിലെത്തുകയും ചെയ്തു. ജവാൻ അത് തകർത്തെങ്കിലും ആരും പ്രതീക്ഷിക്കാത്ത വലിയ വിജയമാണ് ഗദ്ദർ 2 നേടിയത്.
ആലിയ ഭട്ട്, രൺവീർ സിങ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോക്കി റാണി ഓർ പ്രേം കഹാനി 300 കോടിക്ക് മുകളിൽ നേടുകയും തങ്ങളുടെ താരമൂല്യത്തിന് തെല്ലും കുറവ് വന്നിട്ടില്ലെന്നും തെളിയിച്ച വർഷം കൂടിയാണ് 2023. കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രം യുവാക്കളാണ് ഏറ്റെടുത്തത്. തുടർപരാജയങ്ങൾക്കും തിരിച്ചടികൾക്കും ശേഷം അക്ഷയ് കുമാറിനെയും ബോക്സ് ഓഫിസ് അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ ‘ഓ മൈ ഗോഡ് 2വി’ന് തരക്കേടില്ലാത്ത പ്രതികരണം നേടാനായി. പരാജയമായിരുന്നെങ്കിലും ബോളിവുഡിന്റെ ബോക്സ് ഓഫീസ് കിലുക്കത്തിന് തങ്ങളുടെ സംഭാവന നൽകാൻ ആദിപുരുഷിനും കിസികാ ഭായിജാനും കഴിഞ്ഞു. വിദ്വേഷം കുത്തിനിറച്ച് വിവാദങ്ങളുണ്ടാക്കിയ കേരള സ്റ്റോറിയും കോടിക്ലബ്ബിൽ കയറി 2023 ൽ ബോളിവുഡിന്റെ രക്ഷക്കെത്തി.
പ്രതീക്ഷയുടെ 2024
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമ നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നുണ്ട്. കണ്ടന്റിൽ ക്വാളിറ്റിയിൽ ലോക സിനിമകൾക്ക് ഒപ്പം വയ്ക്കാവുന്ന തരത്തിലേക്കാണ് അതിന്റെ മാറ്റം. ഓരോ വർഷവും 20 ലധികം ഭാഷകളിലായി 1500ലധികം സിനിമകൾ നമ്മുടെ രാജ്യത്ത് നിന്നുണ്ടാവുന്നു. 1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഹോളിവുഡ് സിനിമകൾ ആധിപത്യം സ്ഥാപിക്കാൻ പാടുപെടുന്ന ലോകത്തിലെ ഏക സ്വതന്ത്ര വിപണി. ഇന്ത്യൻ സിനിമയുടെ വരുമാനത്തിന്റെ 85% പ്രാദേശിക ഉള്ളടക്കത്തിൽ നിന്നാണ് പ്രധാനമായും ഹിന്ദി, തമിഴ്, തെലുങ്ക്. എന്നിവിടങ്ങളിൽ നിന്ന്. സിനിമകളുടെ ജയപരാജയങ്ങൾ എല്ലായ്പ്പോഴും പ്രവചനാതീതമാണ്.
ഒന്ന് പതറിപ്പോയെങ്കിലും ബോളിവുഡ് അതിന്റെ അപ്രമാദിത്യം തിരിച്ചുപിടിച്ചിട്ടുണ്ട്. ഹിന്ദി സിനിമ ഇന്ത്യൻ സിനിമ എന്ന് പറയുന്ന കാലം കഴിഞ്ഞുപോയി.അതിനപ്പുറത്തേക്ക് ലോക സിനിമയുടെ പട്ടികയിലേക്ക് കണ്ടന്റ് കൊണ്ടും ക്വാളിറ്റികൊണ്ടും ഭാഷകൾക്കതീതമായി ഇന്ത്യൻ സിനിമ എന്ന ലേബലിൽ ചിത്രങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്. 2024 ലും വിസ്മയിപ്പിക്കാന്‍ ഒരുപിടി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Adjust Story Font
16