Quantcast

ദേവസഹായം പിള്ള; മതപരിവർത്തനത്തിന്റെ പേരിലുള്ള രക്തസാക്ഷി

ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാന സർക്കാരുകൾ മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കുകയും മതപരിവതത്തനത്തിന്റെ പേരിൽ ക്രൈസ്തവ മിഷിനറിമാർക്കെതിരായ അതിക്രമങ്ങൾ വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മതപരിവർത്തനത്തിന്റെ പേരിൽ രക്തസാക്ഷിയായ ദേവസഹായം പിള്ളയെ വത്തിക്കാൻ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്.

MediaOne Logo

അഭിമന്യു എം

  • Published:

    15 May 2022 12:07 PM GMT

ദേവസഹായം പിള്ള; മതപരിവർത്തനത്തിന്റെ പേരിലുള്ള രക്തസാക്ഷി
X

ആഗോള കത്തോലിക്കാ സഭയുടെ അൾത്താരയിൽ വിശ്വാസിവൃന്ദത്തിന്റെ വണക്കത്തിനായി വിശുദ്ധിയുടെ ഒരു പുതിയ പ്രകാശം കൂടി ജ്വലിച്ചുയര്‍ന്നു- ദേവസഹായം പിള്ള. ക്രിസ്തുമത വിശ്വാസസംരക്ഷണത്തിന് വേണ്ടി സ്വജീവൻ ബലി ചെയ്ത ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന ചടങ്ങിലാണ് വെള്ളിയാഴ്ച വിശുദ്ധനായി പ്രഖ്യാപിച്ചത്. ഹിന്ദു കുടുംബത്തിൽ ജനിച്ച്, പിന്നീട് ക്രിസ്തുമതം സ്വീകരിച്ച ദേവസഹായം പിള്ളയെ 1752 ലാണ് രാജകൽപ്പന പ്രകാരം വെടിവച്ചു കൊന്നത്.

ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാന സർക്കാരുകൾ മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കുകയും മതപരിവതത്തനത്തിന്റെ പേരിൽ ക്രൈസ്തവ മിഷിനറിമാർക്കെതിരായ അതിക്രമങ്ങൾ വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മതപരിവർത്തനത്തിന്റെ പേരിൽ രക്തസാക്ഷിയായ ദേവസഹായം പിള്ളയെ വത്തിക്കാൻ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്.

നീലകണ്ഠപിള്ളയായി ജനനം

1712 ഏപ്രിൽ 23ന് തെക്കൻ തിരുവിതാംകൂറിലെ പത്മനാഭപുരം നട്ടാലത്ത് മരുതംകുളങ്ങരയിലെ നായർ കുടുംബത്തിലാണ് ദേവസഹായം പിള്ള (അന്ന് നീലകണ്ഠപിള്ള) ജനിച്ചത്. യുസ്റ്റേഷ്യസ് ബെനഡിക്ട് ഡിലനോയി എന്ന ഡച്ച് പട്ടാളക്കാരനുമായുള്ള ചങ്ങാത്തമാണ് ചെറുപ്പത്തിലേ ഭാഷകളും വേദാന്തവും പുരാണങ്ങളും പഠിച്ച നീലകണ്ഠ പിള്ളയെ ക്രിസ്തുമതത്തിലേക്ക് അടുപ്പിച്ചത്. 1741ൽ തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ തോൽപ്പിച്ച കുളച്ചൽ യുദ്ധത്തിൽ പിടിക്കപ്പെടുകയും പിന്നീട് മാർത്താണ്ഡ വർമയുടെ സൈന്യാധിപനായി മാറുകയും ചെയ്ത നാവികനാണ് ഡിലനോയി. ഉദയഗിരിക്കോട്ട പുതുക്കിപ്പണിതതും പത്മനാഭപുരം കോട്ട ബലപ്പെടുത്തിയതും ഡിലനോയി ആയിരുന്നു. അക്കാലത്ത് ഖജനാവു സൂക്ഷിപ്പുകാരനും നീലകണ്ഠസ്വാമി ക്ഷേത്രത്തിലെ കാര്യക്കാരനുമായിരുന്നു നീലകണ്ഠപിള്ള. തൊഴിലാളികൾക്ക് കൂലി നൽകിയിരുന്നതും മേൽനോട്ടം നിർവഹിച്ചിരുന്നതും അദ്ദേഹമായിരുന്നു.

ദേവസഹായത്തിന്‍റെ അന്ത്യത്തെ കുറിച്ചുള്ള ചിത്രീകണം

ഉദയഗിരിക്കോട്ടയ്ക്ക് അടുത്തായിരുന്നു ഡിലനോയിയുടെ താമസം. ഇരുവരും തമ്മിലുള്ള സൗഹൃദം വളർന്നു. ഒടുവിൽ 1745 മെയ് 14ന് നീലകണ്ഠപിള്ള മാമ്മോദീസ മുങ്ങി ക്രിസ്തുമതം സ്വീകരിച്ചു. ദൈവത്തിന്റെ സഹായം എന്നർത്ഥം വരുന്ന ലാസർ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. ഭാര്യ ഭാർഗവി ജ്ഞാനപ്പൂവ് എന്ന പേരിലാണ് മാമ്മോദീസ സ്വീകരിച്ചത്. സ്വന്തം സമൂഹത്തിൽ സ്വാധീനമുണ്ടായിരുന്ന ദമ്പതികളിൽ നിരവധി പേർ ആകൃഷ്ടരായതോടെ ഹിന്ദു മേൽജാതിക്കാർ എതിർപ്പുമായി രംഗത്തെത്തി. ക്രൈസ്തവ വിശ്വാസത്തിൽ നിന്ന് തിരിച്ചുവരാനും അവർ ആവശ്യപ്പെട്ടു. എന്നാൽ സ്വന്തം ബോധ്യങ്ങളിൽ നിന്ന് പിന്മടങ്ങാൻ ദേവസഹായം പിള്ള തയ്യാറായില്ല.

പീഡിതൻ

ദിവാൻ രാമയ്യൻ ദളവയുടെ നേതൃത്വത്തിലാണ് ദേവസഹായത്തിനെതിരെ മേൽജാതിക്കാർ കരുക്കൽ നീക്കിയത്. തുടരെത്തുടരെ പരാതികളെത്തിയപ്പോൾ ദേവസഹായത്തിനെതിരെ മാർത്താണ്ഡ വർമ രാജാവ് തീരുമാനിച്ചു. 1749 ഫെബ്രുവരി 23ന് ദേവസഹായം പിള്ളയെ ബന്ധനസ്ഥനാക്കി രാജാവിനു മുമ്പിലെത്തിച്ചു. ചുമത്തപ്പെട്ട കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ മഹാരാജാവിന്റെ വിശ്വസ്തൻ കൂടിയായിരുന്ന ദേവസഹായം പിള്ളയെ കൽത്തുറുങ്കിൽ അടയ്ക്കാൻ കൽപ്പനയായി. പത്മനാഭപുരം കോട്ടയ്ക്കുള്ളിലെ ജയിലിലാണ് ആദ്യം അദ്ദേഹത്തെ താമസിപ്പിച്ചത്.

അവസാനകാലത്ത് ദേവസഹായം പിള്ളയെ പാർപ്പിച്ചിരുന്ന കാറ്റാടിമലയിലെ ജയിൽ

ജയിൽവാസത്തിന് പിന്നാലെ എരുമപ്പുറത്തു കയറ്റി ദേവസഹായത്തെ നഗര-ഗ്രാമങ്ങളിലൂടെ നടത്താൻ രാജാവ് ഉത്തരവിട്ടു. രാജകിങ്കരർ മുറിവുകളിൽ മുളകുപൊടി വിതറിയത് അടക്കമുള്ള ക്രൂരമുറകൾ ചെയ്‌തെങ്കിലും വിശ്വാസം ഉപേക്ഷിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. പിന്തിരിയുന്നില്ലെന്ന് കണ്ട ദേവസഹായത്തെ ഒടുവിൽ കുളുമക്കാട്ടിൽ കൊണ്ടു പോയി വധിക്കാൻ കൽപ്പനയായി. പത്മനാഭപുരത്തു നിന്ന് കുളുമക്കാട്ടിലേക്ക് പതിനാറു ദിവസത്തെ കാൽനട ദൂരമുണ്ടായിരുന്നു. വഴിയിലുടനീളം ദേവസഹായത്തിന് ക്രൂരമർദനങ്ങൾ ഏൽക്കേണ്ടി വന്നു. നടപ്പുവേളയിൽ എല്ലാ ദിവസവും നാട്ടുകൂട്ടത്തിന് നടുവിൽ കിടത്തി ഉള്ളംകാലിൽ മുപ്പത് അടി വീതം നൽകാനുള്ള ഉത്തരവുമുണ്ടായിരുന്നു. രാത്രി തുറസ്സായ സ്ഥലത്ത് മരത്തിൽ ബന്ധിച്ചായിരുന്നു ശിക്ഷാമുറകൾ. ഒരു വർഷത്തോളം ഇങ്ങനെ പീഡനം തുടർന്നു എന്നാണ് ചരിത്രം.

1751 നവംബർ 21ന് ദേവസഹായം പിള്ളയെ കഴുകൻതിട്ടയിലെ ജയിലിലെത്തിച്ചു. ഇതിനകം ഇദ്ദേഹത്തിന്റെ സഹനയാത്ര ക്രൈസ്തവ വിശ്വസികൾക്കിടയിൽ ചർച്ചയായിരുന്നു. നിരവധി പേർ അദ്ദേഹത്തിനു മുമ്പിൽ വണങ്ങാനെത്തിയതായി ചരിത്രം പറയുന്നു. ദേവസഹായത്തിന്റെ കീർത്തി നാട്ടിൽ പ്രചരിക്കുന്ന കാലത്താണ് ദിവാൻ രാമയ്യർ അദ്ദേഹത്തെ ആറുവായ്‌മൊഴിക്കു സമീപമുള്ള കാറ്റാടി മലയിൽ എത്തിച്ച് വധിക്കാൻ തീരുമാനിച്ചത്. ഇതിന് രാജാവിന്റെ അനുമതിയും ലഭിച്ചു.

ശിക്ഷ നടപ്പാക്കും മുമ്പ് ദേവസഹായത്തെ ജയിലിലേക്ക് മാറ്റി. ജയിലിൽ വച്ച് അദ്ദേഹം അന്ത്യകൂദാശയും വിശുദ്ധ കുർബാനയും സ്വീകരിച്ചു. അവസാനമായി മുട്ടുകുത്തി പ്രാർത്ഥിക്കണമെന്ന ആഗ്രഹമാണ് കാറ്റാടിമലയിൽ വച്ച് ദേവസഹായം ആവശ്യപ്പെട്ടത്. പ്രാർത്ഥനയ്ക്ക് ശേഷം പാറയുടെ മുകളിലെത്തിച്ച ദേവസഹായത്തെ മൂന്നു ഭടന്മാർ ഒരുമിച്ചു നിറയൊഴിച്ചു. താഴെ വീണ ദേവസഹായം പിള്ളയ്ക്ക് ജീവനുണ്ടായിരുന്നു. ഭടന്മാർ വീണ്ടും വെടിവച്ചു. തൊട്ടടുത്തുണ്ടായിരുന്ന പാറയിളകി താഴേക്കു വീണെന്നും മണിയൊച്ച മുഴങ്ങിയെന്നും ക്രൈസ്തവ ചരിത്രം പറയുന്നു. ഈ പാറയെ മണിയടിച്ചാംപാറ എന്ന പേരിൽ ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്. 1752 ജനുവരി 14നാണ് ദേവസഹായംപിള്ള രക്തസാക്ഷിത്വം വരിച്ച് സ്വയം ശൂന്യനായിത്തീർന്നത്. കോട്ടാർ സെന്റ് സേവ്യേഴ്‌സ് കത്തീഡ്രലിലാണ് ഭൗതികദേഹം സംസ്‌കരിച്ചത്.

വത്തിക്കാനിലേക്ക്

1756ൽ കൊച്ചി ബിഷപ്പ് മാർ ക്ലെമെന്റ് ജോസെ കൊളാസോലയിത്താവേയാണ് ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം വത്തിക്കാന്റെ ശ്രദ്ധയിലെത്തിച്ചത്. 1788ൽ മാർ ജോസഫ് കരിയാറ്റിൽ മെത്രാപ്പോലീത്തയും പാറേമ്മാക്കൽ ഗോവർണ ദോർ തോമാക്കത്തനാരും റോം സന്ദർശിക്കവെയാണ് ദേവസഹായത്തിന്റെ ജീവചരിത്രവും അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന അപേക്ഷയും വത്തിക്കാനിൽ സമർപ്പിച്ചത്. ഈ അപേക്ഷ പിന്നീട് കണ്ടെത്താനായില്ല.

2004ൽ കോട്ടാർ ബിഷപ്പാണ് വീണ്ടും ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. 2012ൽ ബെനഡിക്ട് മാർപ്പാപ്പ ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് അംഗീകാരം നൽകി. 2012 ഡിസംബർ രണ്ടിന് കോട്ടാർ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2022 ജൂണ്‍ 15 ന് വിശുദ്ധപദവിയിലേക്കും. അൽമായ സമൂഹത്തിൽനിന്നുള്ള ആദ്യത്തെ വിശുദ്ധൻ കൂടിയാണ് ദേവസഹായം പിള്ള.

TAGS :

Next Story