പുതിയ ന്യൂനപക്ഷ പാർട്ടിക്കായി അണിയറയിൽ ശ്രമം; നീക്കം ഇടതുപക്ഷത്ത് ഇടം പ്രതീക്ഷിച്ച്
പി.ഡി.പി, ഐ.എൻ.എൽ, നാഷനൽ സെക്യൂലർ കോൺഫറൻസ് എന്നീ പാർട്ടികളെ ചേർത്താണ് പുതിയ പ്ലാറ്റ്ഫോം ആലോചിക്കുന്നത്. അതിനായുള്ള കൂടിയാലോചനകൾ പല ഘട്ടങ്ങളിലായി നടന്നു കഴിഞ്ഞു. ന്യൂനപക്ഷ- പിന്നാക്ക രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന, ഇടതുപക്ഷ നിലപാടുള്ള സംഘടന എന്നതാണ് ആശയം.
മുസ്ലിം ലീഗിനോട് ഇടഞ്ഞു നിൽക്കുന്നവരെയും ഇടതുപക്ഷ അനുകൂല ന്യൂനപക്ഷ സംഘടനകളെയും ചേർത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നു. ഐ.എന്‍.എല്‍, പി.ഡി.പി, എൻ.എസ്.സി എന്നീ പാർട്ടികളെയും മുസ്‌ലിം ലീഗ് വിമതരെയും ചേർത്തുള്ള സയോജിത രാഷ്ട്രീയ പ്ലാറ്റ്ഫോം എന്ന ആശയമാണ് സജീവമാകുന്നത്. മുസ്‌ലിം ലീഗിൽ നിന്ന് മാറ്റിനിർത്തപ്പെട്ട മുൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് നീക്കങ്ങൾ. സി.പി.എം നേതൃത്വവുമായും ലീഗിതര ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികളുമായും ഹംസ ഈ ലക്ഷ്യം വെച്ച് പലവട്ടം ചർച്ചകൾ നടത്തിക്കഴിഞ്ഞു.
പി.ഡി.പി, ഐ.എൻ.എൽ, നാഷനൽ സെക്യൂലർ കോൺഫറൻസ് എന്നീ പാർട്ടികളെ ചേർത്താണ് പുതിയ പ്ലാറ്റ്ഫോം ആലോചിക്കുന്നത്. അതിനായുള്ള കൂടിയാലോചനകൾ പല ഘട്ടങ്ങളിലായി നടന്നു കഴിഞ്ഞു. ന്യൂനപക്ഷ- പിന്നാക്ക രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന, ഇടതുപക്ഷ നിലപാടുള്ള സംഘടന എന്നതാണ് ആശയം. ഈ ആശയം മുൻനിർത്തി കാന്തപുരം വിഭാഗത്തിലെ ചില പ്രമുഖരുമായും ചർച്ചകൾ നടന്നിട്ടുണ്ട്. ഐ.എൻ.എല്ലിലെ ഇരു ഗ്രൂപ്പുകളുമായും ആശയ വിനിമയം നടന്നിട്ടുണ്ട്. പി.ടി.എ റഹീമിന്റെ നേതൃത്വത്തിലുള്ള നാഷനൽ സെക്യൂലർ കോൺഫറൻസിനെയും പുതിയ പ്ലാറ്റ് ഫോമിന്റെ ഭാഗമാക്കാനാണ് ആലോചന. നിയമസഭാ രേഖയനുസരിച്ച് മന്ത്രി വി.അബ്ദുറഹ്മാനും നാഷനൽ സെക്യുലർ കോൺഫറൻസ് അംഗമാണ്. അതേസമയം, പാർട്ടിയെന്ന നിലയിൽ എൻ.എസ്.സി താഴെ തട്ടിൽ സജീവമല്ല.
ഇടതുപക്ഷത്ത് നിൽക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം എന്ന ആശയത്തോട് തത്വത്തിൽ പലർക്കും യോജിപ്പുണ്ടെങ്കിലും സ്വന്തമായി അസ്തിത്വമുള്ള സംഘടനകൾ ഒഴിവാക്കിക്കൊണ്ടുള്ള സംവിധാനത്തോട് വിയോജിപ്പുള്ളവരുമുണ്ട്. കോഴിക്കോടും തിരുവനന്തപുരവും തൃശൂരും കേന്ദ്രീകരിച്ച് ഒന്നിലധികം യോഗങ്ങൾ ഇതു സംബന്ധമായി ഇതിനകം നടന്നു കഴിഞ്ഞു. ഏക സിവിൽ കോഡ് വിഷയത്തിൽ മുഖ്യ മന്ത്രിയെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ഒരു പൊതു പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
ചില ദലിത് സംഘടനകളുമായും ബുദ്ധിജീവികളുമായും ഇതിനകം ആശയ വിനിമയം നടന്നു കഴിഞ്ഞു. കൗതുകകരമായ കാര്യം, ഐ.എൻ എല്ലിലെ പരസ്പരം പോരടിച്ചു നിൽക്കുന്ന രണ്ട് ഗ്രൂപ്പുകളുമായും ഒരേ സമയം ചർച്ചകൾ നടക്കുന്നുവെന്നതാണ്. മുസ്ലിം മത സംഘടനാ നേതാക്കളിൽ ചിലർ പുതിയ പാർട്ടിയുടെ ഭാഗമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നീക്കങ്ങൾ എന്നതാണ് ശ്രദ്ധേയം. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കെ.എസ് ഹംസ ഒന്നിലധികം തവണ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചു കഴിഞ്ഞു. സി.പി.എം നേതൃത്വത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ അവകാശവാദം.
ഹൈദരലി തങ്ങള്‍ ഫൗണ്ടേഷനില്‍ തുടക്കം
ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങളും കെ.എസ് ഹംസയും നേതൃത്വം നല്‍കുന്ന ഹൈദരലി തങ്ങള്‍ ഫൗണ്ടേഷനാണ് പുതിയ രാഷ്ട്രീയ പാർട്ടി എന്ന ചർച്ചയുടെ തുടക്കമിട്ടത്. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിവിധ മുസ്ലിം മത സംഘനകളുടേയും ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികള്‍ കോഴിക്കോട് സിറ്റിംഗ് നടത്തിയിരുന്നു. തുടർന്ന് മലബാറിലെ പ്ലസ് ടു പ്രശ്നം ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണുകയും തൊട്ടുപിറകെ അധിക ബാച്ചുകൾ അനുവദിച്ച് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. സമസ്ത, കാന്തപുരം, മുജാഹിദ് ഗ്രൂപ്പുകളുമായി നിരന്തര സമ്പർക്കും ഹൈദരലി തങ്ങള്‍ ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്.
സി.പി.എമ്മിന്‍റെ നിലപാട്
ഐ.എന്‍ എല്‍ ആണ് നിലവിൽ ഇടതുപക്ഷത്തുള്ള മുസ്‌ലിം ന്യൂന പക്ഷ പാർട്ടി. എന്നാൽ അതിലെ പിളർപ്പും തൊഴുത്തിൽ കുത്തും സി.പി.എം നീരസത്തോടെയാണ് കാണുന്നത്. ഐ. എൻ.എല്ലിന്റെ ഇരു ഗ്രൂപ്പുകളോടും ഒരേ സമപനമാണ് സി.പി.എം സ്വീകരിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട ഒരു കൂട്ടായ്മ രൂപപ്പെടുന്നതിൽ സി.പി.എം നേതൃത്വത്തിനും താൽപര്യമുണ്ട്. സി.പി.എമ്മിന്റെ മനസ്സറിഞ്ഞ ശേഷമാണ് പുതിയ പാർട്ടിക്കായുള്ള നീക്കങ്ങൾ ആരംഭിച്ചത്.
ലീഗ് വിമതരെ ലക്ഷ്യം വെച്ച്
മുസ്‌ലിം ലീഗിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായിരുന്ന കെ.എസ് ഹംസ സംസ്ഥാനം മുഴുവന്‍ ബന്ധങ്ങളുള്ള നേതാവാണ്. തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ലീഗ് വിമതരയെല്ലാം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹംസ. ഹരിത വിവാദത്തിന് പിറകേ എം.എസ്എ.ഫ് വിട്ട നിഷാദ് കെ സലീമും നടപടി നേരിട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരും പുതിയ പാർട്ടിക്കായുള്ള സംഘാടനത്തില്‍ സജീവമാണ്. മുസ്‌ലിം ലീഗ് പുനസംഘടന പൂർത്തിയായതോടെ സ്ഥാനം നഷ്ടപ്പെട്ട ചിലരെയും അടുപ്പിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തോട് വിയോജിപ്പുള്ള, എന്നാൽ നേരിട്ട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമാവാൻ ഇഷ്ടപ്പെടാത്ത വലിയൊരു വിഭാഗം മുസ്‌ലിം സമൂഹത്തിലുണ്ട്. അത്തരം ചിന്താഗതിക്കാരെ കൂടി സംഘടിപ്പിക്കാൻ സാധിക്കും എന്നതാണ് പുതിയ പാർട്ടിയുടെ അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
Adjust Story Font
16