Quantcast

മത്സരിച്ച് ഐഫോണും സാംസങും, അടിച്ചുകയറി നത്തിങ്, ട്രൈഫോൾഡ് മോഡലുമായി വാവെയ്; 2024ലെ സ്മാർട്ട്‌ഫോൺ വിപണി ഇങ്ങനെ...

പതിനായിരം മുതൽ ഒന്നര ലക്ഷത്തിലേറെ വില വരെയുള്ള റേഞ്ചുകളിൽ സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ മികച്ച ഓപ്ഷനുകളാണ് പോയ വർഷം ഉണ്ടായിരുന്നത്

MediaOne Logo

റിഷാദ് അലി

  • Updated:

    2025-01-01 14:18:04.0

Published:

1 Jan 2025 2:15 PM GMT

മത്സരിച്ച് ഐഫോണും സാംസങും, അടിച്ചുകയറി നത്തിങ്, ട്രൈഫോൾഡ് മോഡലുമായി വാവെയ്; 2024ലെ സ്മാർട്ട്‌ഫോൺ വിപണി ഇങ്ങനെ...
X

'വൗ' ഫാക്ടറുകൾ അധികമൊന്നും ഇല്ലാത്ത എന്നാൽ സ്മാർട്ട്‌ഫോൺ പ്രേമികളെ തെല്ലും നിരാശരാക്കാത്ത മത്സരമായിരുന്നു 2024ൽ സ്മാർട്ട്‌ഫോൺ വിപണിയിൽ അരങ്ങേറിയത്. ഐഫോണും സാംസങും ഒരിക്കൽ കൂടി പ്രീമിയം മോഡലുകളിൽ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിച്ചപ്പോൾ ചൈനീസ് ബ്രാൻഡുകളും ഗൂഗിള്‍ പിക്സല്‍ മോഡലുകളും മോശമാക്കിയില്ല.

ഒത്തിരി ബജറ്റ് ഫ്രണ്ട്‌ലി മോഡലുകളും 2024നെ കളറാക്കി. ഫീച്ചറുകളിൽ വലിയ മാറ്റങ്ങൾക്കൊന്നും 2024 സാക്ഷിയായില്ലെങ്കിലും ആപ്പിൾ കൊട്ടിഘോഷിച്ച് ഇറക്കിയ ആപ്പിൾ ഇന്റലിജൻസിനെച്ചുറ്റിപ്പറ്റിയുള്ള(എഐ) അഭ്യൂഹങ്ങൾ കുറച്ച് നാൾ സ്മാർട്ട്‌ഫോൺ വിപണിയെ ചലിപ്പിച്ചു. എന്നാൽ ആപ്പിൾ ഇന്റലിജൻസ് വന്നതോടെ, ഇത് തങ്ങളുടെ മോഡലുകളിൽ നേരത്തെ തന്നെ ഉള്ളതാണെന്ന് പറയാൻ മറ്റു മോഡലുകൾക്ക് ആകുകയും ചെയ്തു.

ഫോൾഡബിൾ മോഡലുകളിൽ കൂടുതൽ പരീക്ഷണങ്ങൾക്ക് വിവിധ കമ്പനികൾ ഒരുങ്ങുന്ന എന്ന റിപ്പോർട്ടുകളും 2024നെ സജീവമാക്കി. അതിലും ആപ്പിളുണ്ടായിരുന്നു. ലോകത്തിലെ ആദ്യ ട്രൈഫോള്‍ഡ് സ്മാര്‍ട്ട്ഫോണായ 'മേറ്റ് എക്‌സ് ടി അൾട്ടിമേറ്റ് ' അവതരിപ്പിച്ച് വാവേയും(Huawei) രംഗം സജീവമാക്കിയിരുന്നു. നത്തിങ്ങിന്റെ സബ് ബ്രാന്റായ സിഎംഎഫിന്റെ ആദ്യ സ്മാര്‍ട്‌ഫോണും 2024നെ ചലിപ്പിച്ചു. ഫോണിന്റെ ബാക്ക് പാനല്‍ മാറ്റാന്‍ ഈ മോഡലിന്‌ കഴിയുമായിരുന്നു.

വൺ പ്ലസും പോക്കോയും മത്സരിച്ചതും ഈ വർഷം കണ്ടു. കഴിഞ്ഞ എഡിഷനുകളിൽ ചീത്തപ്പേര് കേൾപ്പിച്ചതിന് പിന്നാലെയാണ് ഈ രണ്ടു മോഡലുകളും ശ്രദ്ധയോടെ 2024ൽ എത്തിയത്. പതിനായിരം മുതൽ ഒന്നര ലക്ഷത്തിലേറെ രൂപ വരെയുള്ള റേഞ്ചുകളിൽ മോഡലുകൾ വാങ്ങാൻ മികച്ച ഓപ്ഷനുകളാണ് പോയ വർഷം ഉണ്ടായിരുന്നത്. മുൻനിര കമ്പനികൾക്കെല്ലാം ഉപഭോക്താക്കളെ ആകർഷിക്കാനായി. 2024ൽ ശ്രദ്ധേയമായ ചില മോഡലുകൾ ഏതെന്ന് നോക്കുകയാണ് ഇവിടെ...

ഐഫോൺ 16(Apple iPhone 16)

കൂട്ടത്തിലെ കൊമ്പൻ ആരെന്ന് ചോദിച്ചാൽ ഒരൊറ്റ ഒത്തരമേയുള്ളൂ. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ 16 പരമ്പരയിലെ 16 പ്രോയും പ്രോ മാക്‌സും. പതിവ് പോലെ മാസങ്ങളോളം നീണ്ട ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കുമൊടുവിലാണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 16 പരമ്പരയിലെ മോഡലുകള്‍ പുറത്തിറങ്ങിയത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയായിരുന്നു മോഡലുകള്‍.


ബേസ് മോഡലായ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായില്ലെങ്കിലും പ്രോയും പ്രോ മാക്സും വേറിട്ട് നിന്നു. ആപ്പിള്‍ ഇന്‍റലിജന്‍സാണ് ഇവയെ ശ്രദ്ധേയമാക്കിയത്. ഏറ്റവും മികച്ച ഹാർഡ്‌വെയറും ഫീച്ചറുകളും ഉൾപ്പെടെയാണ് ഐഫോൺ 16 പ്രോയും പ്രോ മാക്സും എത്തിയത്. ആപ്പിളിന്റെ ഐ18 ചിപ്പായിരുന്നു പുതിയ ഫോണുകളുടെ മസ്തിഷ്കം. ഐഫോൺ 15ൽ ഉപയോഗിച്ചിരിക്കുന്ന എ16 ബയോനിക് ചിപ്പുകളെ അപേക്ഷിച്ച് 30 ശതമാനം സിപിയു വേഗതയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, നാച്യുറൽ ടൈറ്റാനിയം, ഡെസർട്ട് ടൈറ്റാനിയം എന്നീ കളറുകളിലാണ് ലഭ്യമായിരുന്നത്. ഒരു ലക്ഷത്തിന് മേലെയാണ് വില. 512 ജിബിയുടെ പ്രോ മാക്‌സിന്റെ വില 184900 യാണ് ഇന്ത്യയിലെ വില. ഓഫറുകൾ കഴിഞ്ഞാൽ ഇതിലും കുറവിൽ ലഭിക്കുന്നുണ്ട്.

സാംസങ് ഗ്യാലക്സി എസ് 24 സീരിസ് (Samsung Galaxy S24)

ഐഫോണിനെ വിശേഷിപ്പിച്ചത് പോലെ കൂട്ടത്തിലെ കൊമ്പന്‍ പട്ടം വിട്ടുകൊടുക്കാന്‍ സാംസങും തയ്യാറല്ല. ഗ്യാലക്സി എസ്24 സീരീസ് ഇറക്കിയാണ് ഐഫോണിന്, സാംസങ് ചെക്ക് വെക്കുന്നത്. സാംസങ് കഴിഞ്ഞ വർഷം പുറത്തിറക്കിയ പ്രീമിയം സെഗ്മെന്റ് ഫോണുകളായ എസ്23 സീരീസിന് വിപണിയിൽ വൻ സ്വീകാര്യത നേടാനായതോടെ ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു എസ്24 സീരിസിനായി.

ഗ്യാലക്സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്ര എന്നീ മൂന്ന് ഫോണുകളാണ് സീരിസിലുണ്ടായിരുന്നത്. ടൈറ്റാനിയം ഫ്രെയിമും കോര്‍ണിങ് ഗൊറിസല്ല ഗ്ലാസ് ആര്‍മര്‍ സംരക്ഷണവുമയാണ് ഗ്യാലക്സി എസ് 24 അള്‍ട്ര സാംസങ് അവതരിപ്പിച്ചത്.


6.8 ഇഞ്ച് ക്വാഡ്എച്ച്ഡി+ അമോലെഡ് സ്‌ക്രീനോടുകൂടിയ ഫോണാണ് എസ് 24 അൾട്ര, ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 6.1 ഒഎസ് ആണ് ഇതിനുള്ളത്. ക്വാഡ് ക്യാമറ സംവിധാനമുള്ള ഫോണിൽ 200 എംപി പ്രൈമറി ക്യാമറ, 12 എംപി അള്‍ട്രാ വൈഡ് ക്യാമറ, 5എക്‌സ് ഒപ്റ്റിക്കല്‍ സൂം ഉള്ള 50 എംപി ടെലിഫോട്ടോ ക്യാമറ, 10 എംപി ക്യാമറ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 12 എംപിയാണ് ഫ്രണ്ട് ക്യാമറ. 1 ടിബി വരെ സ്റ്റോറേജുള്ള ഫോണിൽ 45 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമാണ് ലഭ്യമാകുന്നത്.

സാംസങ് ഗ്യാലക്സി എസ് 24 ന് 799 ഡോളറും (66,455രൂപ) എസ് 24 പ്ലസിന് 999 ഡോളറും (83,090 രൂപ) ആണ് വില. എസ് 24 അൾട്രയ്ക്ക് 1299 ഡോളർ (1,08,040) രൂപയ്ക്കാണ് ലഭ്യമാവുക. വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

മേറ്റ് എക്‌സ്ടി അൾട്ടിമേറ്റ്(Mate XT Ultimate); ലോകത്തെ ആദ്യ ട്രൈഫോള്‍ഡ് സ്മാര്‍ട്‌ഫോണ്‍

ആപ്പിൾ പുതിയ മോഡലുകൾ അവതരിപ്പിച്ച് മണിക്കൂറുകൾക്ക് പിന്നാലെയാണ് ലോകത്തെ ഞെട്ടിച്ച് ചൈനീസ് കമ്പനിനായ വാവെയ്(Huawei) രംഗത്ത് എത്തിയത്. ഒന്നും രണ്ടുമല്ല മൂന്നായി മടക്കാവുന്ന മേറ്റ് എക്‌സ്ടി അൾട്ടിമേറ്റ് ഡിസൈൻ എന്ന മോഡലുമായാണ് വാവെയ് എത്തിയത്.

ലോകത്ത് ആദ്യമായാണ് മൂന്നായി മടക്കാവുന്നൊരു സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നത്. ഫോണ്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ആവശ്യക്കാരും ഏറിയിരുന്നു. ഈ ട്രിപ്പിൾ ഫോൾഡിങ് സ്മാർട്ട്‌ഫോണിനായി മൂന്ന് ദശലക്ഷത്തിലധികം പ്രീ ഓർഡറുകൾ നേടിയതായാണ് കമ്പനിയുടെ വെബ്‌സൈറ്റ് അവകാശപ്പെട്ടിരുന്നത്.

പൂർണമായും മടക്കിയാൽ 6.4 ഇഞ്ച് സ്മാർട്ട്‌ഫോൺ പോലെ ഉപയോഗിക്കാം. ഭാഗികമായി തുറക്കുമ്പോൾ, അത് 7.9 ഇഞ്ച് സ്മാർട്ട്‌ഫോണായി മാറുന്നു, പൂർണ്ണമായും തുറക്കുമ്പോൾ 10.2 ഇഞ്ച് 3K റെസല്യൂഷനുള്ള മടക്കാവുന്ന OLED സ്‌ക്രീനാണ് മേറ്റ് എക്സ് ടിയിൽ എത്തുന്നത്. ഒന്നിലധികം ദിശകളിലേക്ക് വളയാൻ കഴിയുന്ന ഫ്ലെക്സിബിൾ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഡിസ്പ്ലേ നിർമ്മിച്ചിരിക്കുന്നത്.

ചൈനയില്‍ മാത്രമാണ് നിലവില്‍ മോഡല്‍ ലഭിക്കുക. അതേസമയം വില കേട്ടാലാണ് ശരിക്കും ഞെട്ടുക. 512 ജിബി, 1 ടിബി സ്റ്റോറേജ് വേരിയൻ്റുകളിലും ഹാൻഡ്‌സെറ്റ് ലഭ്യമാകും. ഇവയുടെ വില യഥാക്രമം 2,59,500, 2,83,100 എന്നിങ്ങനെയാണ്.

സിഎംഎഫ്1( Nothing sub Brand-CMF1)

സ്മാർട്ട്‌ഫോൺ രംഗത്ത് നിശബദ വിപ്ലവം സൃഷ്ടിക്കുകയാണ് നത്തിങ് സ്മാർട്ട്‌ഫോണുകൾ. വിപണിയിൽ ക്ലിക്കായതിന് പിന്നാലെ നത്തിങ്, സബ് ബ്രാൻഡ് ഇറക്കിയും വിപണിയിൽ എത്തി. സിഎംഎഫ്1 എന്നായിരുന്നു മോഡലിന്റെ പേര്. 15,999രൂപയാണ് സിഎംഎഫ്-1ന്റെ വിപണി വില. ഈ റേഞ്ചിൽ മികച്ച ഫീച്ചറുകളോടെ എത്തിയ മോഡൽ , ടെക്-സ്മാർട്ട്‌ഫോൺ വിദഗ്ധരെല്ലാം റെക്കമൻഡ് ചെയ്യുന്നുണ്ട്.


50 എംപി പ്രധാന സെന്‍സര്‍ ക്യാമറയാണ് പ്രധാന സവിശേഷത.16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. ഇന്‍റര്‍ചേഞ്ചബിള്‍ ബാക്ക്‌കെയ്‌സ്, കാര്‍ഡ് ഹോള്‍ഡര്‍, നെക്ക് സ്ട്രാപ്പ്, ഫോണ്‍ സ്റ്റാന്‍ഡ് എന്നിവ സിഎംഎഫ് ഫോണ്‍ 1നൊപ്പം ലഭിക്കുന്നുണ്ട്.

ഇന്‍റര്‍ചേഞ്ചബിള്‍ ബാക്ക്‌കെയ്‌സ് എന്നാല്‍ ഫോണിന്റെ ബാക്ക് പാനല്‍ നമുക്ക് മാറ്റാന്‍ കഴിയും എന്നാണ്. മറ്റൊരു നിറത്തിലുള്ള ബാക്ക് ബോഡി കമ്പനി തന്നെ നല്‍കുന്നു. ആവശ്യാനുസരണം നമുക്ക് അത് മാറ്റാനാവും. 6.67 ഇഞ്ച് ഫുള്‍ എച്ച്‌ഡി+അമോല്‍ഡ് ഡിസ്‌പ്ലെ, 5000 എംഎഎച്ച് ബാറ്ററി, മൈക്രോ എസ്‌ഡി സ്ലോട്ട് എന്നിവയും സിഎംഎഫ് ഫോണ്‍ 1ന്‍റെ സവിശേഷതകളാണ്.

മോട്ടറോള മോട്ടോ ജി 35(Motorola Moto G35 5G)

പതിനായിരം രൂപക്ക് താഴെ മികച്ചൊരു അനുഭവമായിരുന്നു മോട്ടോറോളയുടെ മോട്ടോ ജി35. ഇതൊരു ഫൈവ് ജി സ്മാർട്ട്‌ഫോണായിരുന്നു. ഇരട്ട പിൻക്യാമറകളും 120 ഹെർട്സ് ഡിസ്പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമുള്ള 5ജി ഫോൺ 9,999 രൂപ വിലയിലാണ് മോട്ടോറോള അവതരിപ്പിച്ചത്. 6.7-ഇഞ്ച് 120Hz FHD+ ഡിസ്‌പ്ലേ, 1000 nits പീക്ക് ബ്രൈറ്റ്‌നെസ്. കോർണിങ് ഗോറില്ല ഗ്ലാസ് 2 സംരക്ഷണം എന്നിവയും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. 4 ജിബി റാമുള്ള Unisoc T760 ചിപ്‌സെറ്റാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

റിയല്‍മി ജിടി 6ടി(Realme GT 6T)

2024ലെ റിയൽമിയുടെ കിടിലൻ പാക്കേജായിരുന്നു ജിടി സിക്‌സ് ടി. മുപ്പതിനായിരത്തിൽ താഴെ വിലയുള്ള ഈ ഫോണിന് മുൻനിര സ്മാർട്ട്‌ഫോണുകളോട് കിടപിടിക്കുന്ന ഫീച്ചറുകളുണ്ടായിരുന്നു.


സ്‌നാപ്ഡ്രാഗണ്‍ 7+ ജെന്‍ 3 ചിപ്പ്‌സെറ്റാണ് കമ്പനി നല്‍കിയിരിക്കുന്നത്. ജനറേറ്റീവ് എഐ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമാകും വിധമാണ് ചിപ്പ്. ബേസ് മോഡല്‍ തന്നെ 8ജിബി റാം + 128ജിബി സ്‌റ്റോറേജ് വേരിയന്റാണ്.

6.78 ഇഞ്ച് 1.5 കെ റസലൂഷനുള്ള സ്‌ക്രീന്‍, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണം, ഐപി 65 വാട്ടര്‍ ഡസ്റ്റ് റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷന്‍, 50 എംപി പ്രൈമറി ക്യാമറയും എട്ട് എംപി അള്‍ട്രാ വൈഡ് ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ ക്യാമറ സജ്ജീകരണം, 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ എന്നിവയായിരുന്നു മറ്റു പ്രത്യേകതകള്‍. 5500 എംഎഎച്ച് ബാറ്ററിയില്‍ 100 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം ലഭ്യമാണ്.

ഇന്‍ഫിനികിസ് ജി20പ്രോ( Infinix GT 20 Pro)

അവിശ്വസനീയമായ പ്രകടനവും അതിശയിപ്പിക്കുന്ന ഡിസ്‌പ്ലേയും കൊണ്ട് മൊബൈൽ ഗെയിമിംഗ് ലോകത്തെ കൊടുങ്കാറ്റാക്ക് സൃഷ്ടിച്ച മോഡലാണ് ഇന്‍ഫിനികിസ് ജി20പ്രോ. ഹാർഡ്‌കോർ ഗെയിമർമാരുടെയും സാധാരണ ഉപയോക്താക്കളുടെയും ആവശ്യങ്ങൾ ഒരുപോലെ നിറവേറ്റുന്ന സവിശേഷതകളാണ് ഈ സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുന്നത്.

1080 x 2436 പിക്സൽ റെസല്യൂഷനുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, സ്‌ക്രീൻ-ടു-ബോഡി അനുപാതം 94.3% ആണ്. ഏതാണ്ട് ബെസെൽ-ലെസ് അനുഭവമാണ് മോഡല്‍ നല്‍കുന്നത്. MediaTek Dimensity 8200 Ultimate 4nm ചിപ്‌സെറ്റാണ്. ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. 108 എംപിയുടെതാണ് പ്രധാന ക്യാമറ. 22,000 രൂപയിൽ താഴെയാണ് ഈ ബജറ്റ് ഫ്രണ്ട്‌ലി ഗെയിമിങ് സ്മാർട്ട്‌ഫോണിന്റെ വില.

വിവോ എക്‌സ്200പ്രോ(Vivo X200 Pro)

അമ്പതിനായിരത്തിന് മുകളിലാണെങ്കിലും വിവോയുടെ ഈ പുതിയ മോഡൽ കണ്ട് ആരും അമ്പരക്കേണ്ട. ക്യാമറ ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാതെ എത്തിയ ഈ മോഡൽ സ്മാർട്ട്‌ഫോൺ വിപണിയിൽ ചലനം സൃഷ്ടിക്കുന്നുണ്ട്.


വിവോ എക്‌സ്200, എക്‌സ്200 പ്രോ, എക്‌സ്200 പ്രോ മിനി എന്നി മൂന്ന് പുതിയ ഫോണുകളാണ് ഉള്‍പ്പെടുന്നത്. സീരീസിലെ ഓരോ സ്മാർട്ട്‌ഫോണിലും 50 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ ഉൾപ്പെടെയുള്ള ട്രിപ്പിൾ ബാക്ക് കാമറ സജ്ജീകരണമാണ്. 5,800mAh ബാറ്ററിയുമായി വരുന്ന വിവോ എക്സ്200 ഫോൺ 90W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കും. മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്പിന്റെ പ്രൊസ്സറുകളാണ് മോഡലുകൾക്കുമുള്ളത്.

അറുപാതിനായിരത്തില്‍ താഴെ വില വരുന്ന വണ്‍ പ്ലസ് 12 ആര്‍, വണ്‍പ്സസ് 12, എന്നിവയും സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ മനം കവര്‍ന്നതാണ്.

അടിക്കടി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് സ്മാർട്ട്‌ഫോൺ ലോകം. ഒരു പിടി മോഡലുകൾ 2025ലും എത്താനിരിക്കുന്നു. എന്താണ് പുതിയ ഫീച്ചറുകള്‍ എന്നാണ് ആളുകൾ നോക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) തട്ടിയാണ് 2024 അവസാനിക്കുന്നത്. എഐയിൽ എന്തെല്ലാം ഇനി കൊണ്ടുവരാനാകും എന്നാണ് കമ്പനികളെല്ലാം നോക്കുന്നത്. ആ വഴിക്കുള്ള നീക്കങ്ങളായിരിക്കും 2025ൽ കാണാനാവുക. ക്യാമറ, ഡിസ്‌പ്ലെ എന്നിവയിലൊക്കെ മാറ്റങ്ങളും പ്രതീക്ഷിക്കുന്നു.

TAGS :
Next Story