ചെങ്കടലിലെ കളികൾ | Gaza 100 Days |
ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ഗാലക്‌സി ലീഡർ ഹൂതികള്‍ ഹെലികോപ്ടറില്‍ പിന്തുടര്‍ന്ന് പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഒരു വീഡിയോ ഗെയിമല്ലെന്ന് ലോകം തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു.
ഇസ്രായേലിനെതിരെ പൊരുതുന്ന ഫലസ്തീനികള്‍ക്ക് ഐക്യദാർഢ്യം അറിയിച്ച് യമനിലെ ഹൂതികൾ ഗാലക്‌സി ലീഡർ എന്ന ചരക്കുകപ്പൽ റാഞ്ചുന്നത് കഴിഞ്ഞ നവംബർ 19നാണ്. തുർക്കിയിലെ കോർഫെസിൽനിന്ന് ഇന്ത്യയിലെ മുദ്ര തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു ജപ്പാനീസ് ഷിപ്പിങ് ഭീമനായ നിപ്പോണ്‍ യുസെന്റെ ഉടമസ്ഥതയിലുള്ള കപ്പൽ. സൈനിക ഹെലികോപ്ടറിലെത്തിയ പത്തംഗ സായുധ സംഘമാണ് കപ്പൽ നിയന്ത്രണത്തിലാക്കിയത്. തൊട്ടടുത്ത ദിവസം ഇതിന്റെ വീഡിയോ ഹൂതികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. നാടകീയമായി പിന്തുടർന്ന് കപ്പൽ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഒരു വീഡിയോ ഗെയിമല്ലെന്ന് ലോകം തിരിച്ചറിഞ്ഞത് പിന്നീടായിരുന്നു. വീഡിയോയുടെ അവസാനം ഹൂതികൾ ചേർത്ത എൻഡ്കാർഡാണ് ഈ പോരാട്ടത്തിൽ ഹൂതികളുടെ മുദ്രാവാക്യം. ദൈവം അത്യുന്നതൻ, അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം, ജൂതർക്ക് ശാപം, ഇസ്ലാമിന് സഹായം എന്നായിരുന്നു അത്.
കഴിഞ്ഞ ദിവസം യമനെതിരെ യുദ്ധം പ്രഖ്യാപിച്ച അമേരിക്കൻ തീരുമാനത്തിനെതിരെ പ്രസ്താവനയിറക്കിയപ്പോഴും ആ നിലപാടിൽ ഒട്ടും വെള്ളം ചേർക്കാതെ നിന്നു ഹൂതികൾ. 'അമേരിക്കയുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഒമ്പതു വർഷമായി ഞങ്ങളുടെ ജനതയെ ഉപരോധിക്കുന്നതും രാഷ്ട്രത്തെ ആക്രമിക്കുന്നതും അമേരിക്കയാണ്. ലോകത്തെ വലിയ സാത്താനാണത്. ഭീകരരാഷ്ട്രവും. ഗസ്സയിലെ സഹോദരന്മാർക്ക് ഞങ്ങൾ അറിയിച്ച പിന്തുണ അവിടത്തെ മനുഷ്യത്വം സംരക്ഷിക്കാനുള്ളതാണ്. അമേരിക്ക മനുഷ്യത്വത്തിന് എതിരു നിൽക്കുന്നു. ദൈവേച്ഛയാൽ ശത്രുമുഖത്ത് ഞങ്ങൾ ജീവിക്കും.' എന്നായിരുന്നു ഹൂതികൾ പുറത്തിറക്കിയ പ്രസ്താവന.
എന്തുകൊണ്ട് ചെങ്കടൽ?
ഗസ്സയിലെ അധിനിവേശത്തിന് തിരിച്ചടിയായി ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകൾ തടയുമെന്നാണ് ഹൂതികൾ പ്രഖ്യാപിച്ചത്. യമനില്‍ ആക്രമണം പ്രഖ്യാപിച്ചതോടെ യുഎസ്-യു.കെ ബന്ധമുള്ള കപ്പലുകളും ഇനിമുതൽ ചെങ്കടൽ കടത്തിവിടില്ലെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ അന്താരാഷ്ട്ര തലത്തിൽ ജൂതരാഷ്ട്രത്തിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ ആഘാതമാണ് ഹൂതികളുടെ കപ്പൽ ഉപരോധം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള ബാബല്‍ മന്‍ദബ് കടന്നാണ് കപ്പലുകള്‍ ചെങ്കടലില്‍ പ്രവേശിക്കേണ്ടതും അവിടെ നിന്ന് സൂയസ് കനാല്‍ വഴി മെഡിറ്ററേനിയന്‍ കടലിലെത്തേണ്ടതും. ഇടുങ്ങിയ ഭാഗത്ത് 29 കിലോമീറ്റർ മാത്രമാണ് ബാബൽ മൻദബിന്റെ വീതി. ഈ വാതിലാണ് ഹൂതികൾ സമ്പൂർണ നിരീക്ഷണത്തിലാക്കി മാറ്റിയിട്ടുള്ളത്.
നവംബറിൽ ഇസ്രായേലി ചരക്കു കപ്പൽ നിയന്ത്രണത്തിലാക്കിയ ശേഷം നിരവധി വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികളുടെ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളുണ്ടായി. ആക്രമണ ഭീഷണയുടെ പശ്ചാത്തലത്തിൽ മിക്ക അന്താരാഷ്ട്ര ഷിപ്പിങ് കമ്പനികളും ചെങ്കടൽ വഴി യൂറോപ്പിലേക്കുള്ള ചരക്കുനീക്കം ഉപേക്ഷിച്ചു. ഡിസംബർ ആദ്യവാരം മുതൽ ഇൻഷുറൻസ് ചെലവിൽ പത്തു മടങ്ങിന്റെ വർധനയാണ് ഷിപ്പിങ് കമ്പനികൾക്കുണ്ടായിട്ടുള്ളത്.
മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, ഹപാഗ് ലോയ്ഡ്, ബിപി ഓയിൽ കമ്പനി, സിഎംഎ സിജിഎം, എപി മോളർ-മെർസക് തുടങ്ങി 12 ഷിപ്പിങ് സ്ഥാപനങ്ങൾ നിലവിൽ ചെങ്കടൽ വഴി സർവീസ് നടത്താനില്ല എന്നറിയിച്ചിട്ടുണ്ട്.
ചെങ്കടൽ ഉപരോധിച്ചാൽ ഇസ്രായേൽ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കാമെന്നാണ് ഹൂതികൾ കരുതുന്നത്. അത് യാഥാർത്ഥ്യമാണ് താനും. സഞ്ചാരപാതയുടെ ദൂരം, ദിവസക്കൂടുതൽ, അധിക ഇൻഷുറൻസ് എന്നിവ കപ്പൽ വഴിയുള്ള ചരക്കുനീക്കത്തെ ചെലവേറിയതാക്കി മാറ്റുന്നു. ഉദാഹരണത്തിന് ഇന്ത്യൻ മഹാസമുദ്രത്തിലെ മുംബൈ തുറമുഖത്തുനിന്ന് ചെങ്കടൽ/സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ കടലിലേക്കുള്ള ദൂരം 11,600 കിലോമീറ്ററാണ്. ഇത് ആഫ്രിക്കയിലെ ഗുഡ്‌ഹോപ് മുനമ്പ് വഴിയാകുമ്പോൾ 19800 കിലോമീറ്ററായി വർധിക്കും. സഞ്ചാരത്തിന് പത്തു ദിവസത്തോളം കൂടുതൽ എടുക്കുകയും ചെയ്യും.
ആഗോള വ്യാപാരത്തിന്റെ (സീ ലൈൻ ഓഫ് കമ്യൂണിക്കേഷൻ-എസ്എൽഒസി) 12 ശതമാനവും ആഗോള കണ്ടെയ്‌നർ കടത്തിന്റെ 30 ശതമാനവും ചെങ്കടൽ വഴിയാണ് നടക്കുന്നത്. എസ്എൽഒസിയിലെ ഏത് ഇടർച്ചയും ലോകചരക്കു വിതരണ ശൃംഖലയെ ബാധിക്കും.
ഏഷ്യയിൽനിന്ന് ചെങ്കടൽ വഴി എളുപ്പത്തിൽ എത്താൻ കഴിയുന്ന ഇസ്രായേൽ ബന്ധമുള്ള കപ്പലുകളാണ് ഇപ്പോൾ ഗുഡ് ഹോപ് മുനമ്പ് വഴി ജിബ്രാൾട്ടർ കടലിടുക്ക് വഴി കടന്ന് ഇസ്രായേലിലെത്തുന്നത്.
ആഫ്രിക്കയുടെ കിഴക്കൻ തീരവും അറേബ്യൻ ഉപദ്വീപിന്റെ പടിഞ്ഞാറൻ തീരവുമാണ് ചെങ്കടലുമായി നേരിട്ട് ബന്ധപ്പെടുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് വൻകരകളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ഇടം എന്ന നിലയില്‍ ലോകഭൂപടത്തിൽ ചെങ്കടൽ നിർണായകമാകുന്നു. അതുകൊണ്ടു തന്നെ ഈ തന്ത്രപ്രധാന കടൽമേഖല വരുതിയിലാക്കാൻ യൂറോപ്പിലെയും ഏഷ്യയിലെയും വൻശക്തികൾ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.
ലോകത്ത് ഏറ്റവും ചൂടേറിയ കടലാണ് ചെങ്കടൽ. ദശലക്ഷക്കണക്കിന് ഡോളർ മൂല്യം വരുന്ന ചരക്കുകൾ ദിനേന കടന്നുപോകുന്ന ജലപാത. എന്നിട്ടും അതിന്റെ നേട്ടം ചെങ്കടലിന് അതിരിടുന്ന മിക്ക രാഷ്ട്രങ്ങൾക്കും ലഭിച്ചിട്ടില്ല. യമൻ, ജിബൂത്തി, എരിത്രിയ, സുഡാൻ തുടങ്ങിയ ചെങ്കടൽതീര രാഷ്ട്രങ്ങൾ ഇപ്പോഴും സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരതകളുടെ ഇരയാണ്.
പാളിയ അമേരിക്കൻ ഓപറേഷൻ
ഡിസംബറിൽ ചെങ്കടൽ വഴിയുള്ള കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ ഓപറേഷൻ പ്രോസ്പരിറ്റി ഗാർഡിയൻ എന്ന പേരിൽ നാവികസഖ്യം പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, നെതർലാൻഡ്‌സ്, നോർവേ, ഡെന്മാർക്ക് എന്നീ രാഷ്ട്രങ്ങൾ യുദ്ധക്കപ്പൽ അയക്കാൻ വിസമ്മതിച്ചു. ഹൂതികളുമായി സമാധാന കരാറിലുള്ള സൗദിയും ചേരാൻ വിസമ്മതിച്ചു. ഇതോടെ പേരിൽ മാത്രമായി മാറി ഈ സഖ്യം. കടലിൽ സ്ഥാപിച്ച മൈനുകൾ, ഡ്രോൺ അടക്കമുള്ള ആയുധങ്ങളുടെ പ്രഹരശേഷി തുടങ്ങിയ മുമ്പിൽ കണ്ടാണ് മറ്റു രാഷ്ട്രങ്ങൾ ഹൂതികളുമായുള്ള മുഖാമുഖത്തിൽനിന്ന് പിന്മാറിയത്.
ആദ്യ ഓപറേഷൻ പരാജയപ്പെട്ടതോടെയാണ് ബ്രിട്ടന്റെ സഹായത്തോടെ യെമനു മേൽ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചത്. മേഖലയിൽ വ്യോമതാവളവും യുദ്ധക്കപ്പലും ഉള്ള രാജ്യമാണ് യുഎസ്. ആക്രമണത്തിന്റെ ഒന്നാം ദിനം യെമനിൽ ഉടനീളം 73 കേന്ദ്രങ്ങളാണ് സഖ്യസേന ആക്രമിച്ചത്. ഇതോടെ യുഎസ്-യുകെ ബന്ധമുള്ള കപ്പലുകളും ചെങ്കടലിൽ ആക്രമിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. സഖ്യസേനയുടെ ഇടപെടിൽ മധ്യേഷ്യയെ മറ്റൊരു യുദ്ധത്തിലേക്ക് കൊണ്ടുപോകും എന്ന് നയതന്ത്ര വിദഗ്ധർക്ക് ആശങ്കയുണ്ട്.
ഇസ്രായേൽ നൽകുന്ന വില
ഹൂതി ഉപരോധം ഇസ്രായേലിന്‍റെ സാധാരണ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ പറയുന്നു. ചെങ്കടലിലെ ഐലാത് തുറമുഖത്തെ 85 ശതമാനം ബിസിനസ് വ്യവഹാരങ്ങൾ ഇല്ലാതായി എന്നാണ് മൂന്നാഴ്ച മുമ്പ് തുറമുഖ മേധാവി തന്നെ വെളിപ്പെടുത്തിയത്. ഐലാതിലെ ഇസ്രായേൽ സെറ്റ്ൽമെന്റ് തകർച്ചയുടെ വക്കിലാണെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ പറയുന്നു.
യുദ്ധത്തിന്റെ ഭാരിച്ച ചെലവുകൾ കണ്ടെത്താൻ വിവിധ നടപടികൾക്കൊരുങ്ങുകയാണ് നെതന്യാഹു സർക്കാർ. സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി പത്ത് ഗവൺമെന്റ് മന്ത്രാലയങ്ങൾ അടച്ചുപൂട്ടാൻ ധനമന്ത്രാലയം ശിപാർശ ചെയ്തിട്ടുണ്ട്.
ഗസ്സയിൽ ആണവായുധ പ്രയോഗം നടത്തണമെന്ന് ആവശ്യപ്പട്ട് തീവ്ര വലതുപക്ഷ നേതാവ് അമിഹൈ എലിയാഹു നേതൃത്വം നൽകുന്ന പൈതൃക വകുപ്പ് അടക്കമാണ് അടച്ചുപൂട്ടുന്നത്. ഗാസിന്റെ സബ്‌സിഡി കുറയ്ക്കാനും സിഗരറ്റുകളുടെ നികുതി കുറയ്ക്കാനും പഠന സ്‌കോളർഷിപ്പുകളുടെ തുക കുറയ്ക്കാനും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് ഇസ്രായേൽ ഗവർണർ അമിർ യാറോൺ അയച്ച കത്തും ഇസ്രായേൽ ചർച്ചയാണ്. യുദ്ധവേളയിൽ നികുതി വർധിപ്പിക്കാതെ മുമ്പോട്ടു പോകുന്നത് ദുഷ്‌കരമാണ് എന്നാണ് അദ്ദേഹം നെതന്യാഹുവിനും ധനമന്ത്രി ബെസാലൽ സ്‌മോട്രിച്ചിനും അയച്ച കത്തിൽ പറയുന്നത്. ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിനായി ഇതുവരെ ഏകദേശം 60 ബില്യൺ യുഎസ് ഡോളർ ഇസ്രായേൽ ചെലവഴിച്ചു എന്നാണ് റിപ്പോർട്ട്.
സമ്മറി: Houthi attacks in the Red Sea
Adjust Story Font
16