Quantcast

'യോഗ്യനായി' രാഹുൽ; ചരിത്രം കുറിച്ച് ചാന്ദ്രയാൻ-3 | YEAR ENDER 2023

രാഷ്ട്രീയ വിവാദങ്ങളും ശാസ്ത്ര രംഗത്തെ ചരിത്ര നേട്ടങ്ങളും ഗുസ്തി താരങ്ങളുടെ സമരവുമടക്കം സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോകുന്നത്.

MediaOne Logo
India in 2023 | Year Ender
X

രാഷ്ട്രീയ വിവാദങ്ങളും ശാസ്ത്ര രംഗത്തെ ചരിത്ര നേട്ടങ്ങളും ഗുസ്തി താരങ്ങളുടെ സമരവുമടക്കം സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോകുന്നത്. ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യതയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വിജയവും ചർച്ചയായി. ശാസ്ത്രരംഗത്ത് ചാന്ദ്രയാൻ-3 ചരിത്ര വിജയമായതും പ്രഥമ സൗര ദൗത്യമായ ആദ്യത-1ന്റെ വിജയവും വലിയ നേട്ടമായി. 2023ൽ ഇന്ത്യ ചർച്ച ചെയ്ത പ്രധാന സംഭവങ്ങളിലേക്ക് ഒരെത്തിനോട്ടം

ഗുസ്തി താരങ്ങളുടെ സമരം

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങൾ രംഗത്തെത്തി. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഒളിമ്പിക്‌സ് മെഡൽ ജേതാക്കളടക്കം ജന്തർമന്തറിൽ സമരം നടത്തി. ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സുമിത് മാലിക് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. 104 ദിവസം നീണ്ട സമരത്തിനൊടുവിൽ കേന്ദ്ര സർക്കാരിന്റെ ഉറപ്പുകളിൽ വിശ്വസിച്ച് താരങ്ങൾ സമരം അവസാനിപ്പിക്കുകയായിരുന്നു.



എന്നാൽ ബ്രിജ് ഭൂഷണിന്റെ വിശ്വസ്തൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഡിസംബറിൽ താരങ്ങൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തി. ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക് വാർത്താ സമ്മേളനത്തിനിടെ ബൂട്ട് അഴിച്ച് മേശപ്പുറത്ത് വെച്ച് വിരമിക്കൽ പ്രഖ്യാപിച്ചു. വിനേഷ് ഫോഗട്ട് മെഡലുകൾ ഡൽഹി കർത്തവ്യപഥിൽ ഉപേക്ഷിച്ചു. രാജ്യത്തിന്റെ അഭിമാനതാരങ്ങളുടെ കണ്ണീരോടെയാണ് 2023 അവസാനിക്കുന്നത്.

'യോഗ്യനായി' രാഹുൽ ഗാന്ധി

ഭാരത് ജോഡോ യാത്രയിലൂടെ ചരിത്രം രചിച്ച രാഹുൽ ഗാന്ധിക്ക് കിട്ടിയ ഇരുട്ടടിയായിരുന്നു ലോക്‌സഭാംഗത്വം നഷ്ടമായത്. കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ മോദി പരാമർശമാണ് രാഹുലിന് തിരിച്ചടിയായത്. മോദി സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ സൂറത്ത് കോടതി രാഹുലിനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചു. ഇതിനെ തുടർന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. എം.പി സ്ഥാനം നഷ്ടമായതോടെ രാഹുലിന് ഔദ്യോഗിക വസതിയും ഒഴിയേണ്ടി വന്നു. പിന്നീട് സൂറത്ത് കോടതിയുടെ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തതോടെ ആഗസ്റ്റ് ഏഴിന് രാഹുലിന് എം.പി സ്ഥാനം തിരിച്ചുകിട്ടി.

പ്രതിപക്ഷത്തിന്റെ ഐക്യമുഖമായി ഇൻഡ്യ മുന്നണി

കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷത്തെ 28 പാർട്ടികൾ ചേർന്ന് ഐക്യമുന്നണി രൂപീകരിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മുന്നണി രൂപീകരണത്തിന് മുൻകൈ എടുത്തത്. ജൂൺ 23ന് പട്‌നയിലാണ് പാർട്ടികളുടെ പ്രഥമ യോഗം ചേർന്നത്. കർണാടകയിൽ ചേർന്ന രണ്ടാം യോഗത്തിലാണ് മുന്നണിക്ക് ഇൻഡ്യ (ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന് പേര് നൽകിയത്. രാഹുൽ ഗാന്ധിയാണ് പേര് നിർദേശിച്ചത്. മൂന്നാമത്തെ യോഗം ആഗസ്റ്റിൽ മുംബൈയിലും നാലാമത്തെ യോഗം ഡിസംബറിൽ ഡൽഹിയിലും ചേർന്നു.



സീറ്റ് വിഭജനം അടക്കമുള്ള ചർച്ചകളിലേക്ക് മുന്നണി നേതൃത്വം കടക്കാനിരിക്കുകയാണ്. അതിനിടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവി മുന്നണിയിൽ കോൺഗ്രസിന്റെ മേധാവിത്വത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇൻഡ്യ മുന്നണി കക്ഷികളെ അവഗണിച്ചത് മമത, കെജ്‌രിവാൾ, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഖാർഗേയുടെ പേര് ഉയർന്നുവന്നതും മുന്നണിയിൽ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ട്.

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം

രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് 22 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടനം ബഹിഷ്‌കരിച്ചു. ശൃംഗേരി മഠത്തിലെ പുരോഹിതരുടെ കാർമികത്വത്തിൽ നടന്ന ഗണപതി ഹോമത്തിന് ശേഷം തമിഴ്‌നാട്ടിലെ മഠങ്ങളിൽനിന്നുള്ള പുരോഹിതർ നൽകിയ ചെങ്കോൽ മോദി സ്വീകരിച്ചു. ലോക്‌സഭയിൽ സ്പീക്കറുടെ ഇരിപ്പടിത്തിന് വലതുവശത്തായാണ് ചെങ്കോൽ സ്ഥാപിച്ചത്.



64,500 ചതുരശ്രമീറ്റർ ചുറ്റളവുള്ള മന്ദിരം 864 കോടി രൂപ ചെലവിൽ രണ്ടര വർഷംകൊണ്ടാണ് പൂർത്തിയാക്കിയത്. വൃത്താകൃതിയിലായിരുന്നു പഴയ പാർലമെന്റ് മന്ദിരം. പുതിയത് ത്രികോണാകൃതിയിലാണ്. നിലയുള്ള കെട്ടിടത്തിൽ ദേശീയ പുഷ്പമായ താമര പ്രമേയമാക്കിയാണ് രാജ്യസഭ ഒരുക്കിയത്. 384 അംഗങ്ങൾക്കാണ് ഇരിപ്പിടം. ദേശീയപക്ഷിയായ മയിലിനെ പ്രമേയമാക്കിയാണ് ലോക്‌സഭ. 888 അംഗങ്ങൾക്കാണ് ഇരിപ്പിടം. പുതിയ മന്ദിരത്തിൽ സംയുക്ത സമ്മേളനങ്ങൾക്കായി സെൻട്രൽ ഹാളില്ല. ഇരുസഭകളുടെയും സംയുക്ത സമ്മേളനം ലോക്‌സഭാ ചേംബറിലാകും നടക്കുക. അപ്പോൾ 1280 എം.പിമാർക്ക് വരെ പങ്കെടുക്കാം.

നോവായി മണിപ്പൂർ

മെയ്‌തെയ്-കുകി ഗോത്ര വിഭാഗക്കാർ തമ്മിലുള്ള കലാപത്തിൽ മണിപ്പൂർ കത്തിയെരിഞ്ഞു. ജനസംഖ്യയുടെ 64 ശതമാനം വരുന്ന മെയ്‌തെയ് വിഭാഗത്തിന് പട്ടികവർഗ പദവി നൽകാനുള്ള നീക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. സെപ്റ്റംബറിലെ സർക്കാർ കണക്ക് പ്രകാരം കലാപത്തിൽ 175 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. നിരവധിപേരെ കാണാതായി. 4786 വീടുകൾ ചുട്ടെരിച്ചതായും 386 ആരാധനാലയങ്ങൾ തകർത്തതായും പൊലീസ് പറഞ്ഞു.



മണിപ്പൂർ കലാപം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിയൊരുക്കി. വലിയ കലാപം നടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാവാത്തതിനെതിരെ വിമർശനമുയർന്നു. കലാപം തുടങ്ങിയപ്പോൾ തന്നെ ഇന്റർനെറ്റ് സംവിധാനം വിച്ഛേദിച്ചതിനാൽ കലാപത്തെക്കുറിച്ച് പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. ക്രൂരമായ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നിട്ടും സർക്കാർ മറച്ചുവെക്കുകയാണെന്നും ആരോപണമുണ്ട്. ഇന്റർനെറ്റ് നിരോധനംനീക്കിയതിന് പിന്നാലെ രണ്ട് സ്ത്രീകളെ നഗ്നരാക്കി പരസ്യമാക്കി നടത്തി വയലിലിട്ട് ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവെക്കുന്നതായിരുന്നു.

രാജ്യത്തിന് അഭിമാനമായി ചാന്ദ്രയാൻ-3

ചാന്ദ്രയാൻ-3 ദൗത്യം വിജയകരമായി പൂർത്തീകരിക്കാനായത് രാജ്യത്തിന്റെ ശാസ്ത്ര ഗവേഷണരംഗത്ത് വലിയ നേട്ടമായി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ച ചാന്ദ്രയാൻ-3 ആഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാന്റിങ് നടത്തി. ചാന്ദ്രയാൻ ലാന്റ് ചെയ്ത പ്രദേശത്തിന് 'ശിവശക്തി പോയിന്റ്' എന്ന് നാമകരണം ചെയ്തു.



വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ആദ്യത്തെ 10 ദിവസം ലക്ഷ്യങ്ങളെല്ലാം നിറവേറ്റി. റോവർ ചന്ദ്രനിൽ ഏകദേശം 100 മീറ്റർ സഞ്ചരിച്ചു. ചന്ദ്രമണ്ണിലെ താപനില, പ്രകമ്പനങ്ങൾ, മൂലക സാന്നിധ്യം എന്നിങ്ങനെ പല വിലപ്പെട്ട വിവരങ്ങളും റോവർ കൈമാറി. 615 കോടി രൂപയാണ് ചാന്ദ്രയാൻ ദൗത്യത്തിന്റെ ചെലവ്.

ഒഡിഷയിലെ ട്രെയിൻ അപകടം

2023ൽ രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി ബാലസോർ ട്രെയിൻ അപകടം. രാജ്യം കണ്ട വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്നാണ് ഇത്. ഷാലിമാറിൽനിന്ന് ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡൽ എക്‌സ്പ്രസും യശ്വന്തപൂരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂർ ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസും ഒരു ചരക്കുതീവണ്ടിയുമാണ് അപകടത്തിൽപ്പെട്ടത്.

ബാലസോറിലെ ബഹാനാഗ സ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായത്. സിഗ്നലിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് റെയിൽവേ പറഞ്ഞത്. അപകടത്തിൽ 296 യാത്രക്കാർ മരിക്കുകയും 1200-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രക്ഷാപ്രവർത്തനത്തിൽ നാഴികക്കല്ലായി സിൽക്യാര

ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ 17 ദിവസത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. ദുരന്തനിവാരണ സേനയും ദേശീയപാതാ വികസന കോർപ്പറേഷനിലെ എഞ്ചിനീയർമാരും തുരങ്ക രക്ഷാപ്രവർത്തനത്തിലെ അന്താരാഷ്ട്ര വിദഗ്ധരുമെല്ലാം ചേർന്നാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.



തുടർച്ചയായ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു. അവസാനഭാഗത്ത് അവശിഷ്ടങ്ങൾ നീക്കി രക്ഷാക്കുഴൽ മുന്നോട്ട് നീക്കാൻ പ്രവർത്തിച്ച ഡ്രില്ലിങ് യന്ത്രം കുഴലിനുള്ളിൽ കുടുങ്ങിയതോടെ റാറ്റ് മൈനേഴ്‌സ് ആണ് തൊഴിലാളികളുടെ രക്ഷകരായത്. മേഘാലയയിലെ ഖനികളിൽ കൽക്കരി ശേഖരിക്കാൻ എലികളെപ്പോലെ ചെറുമാളങ്ങളുണ്ടാക്കുന്ന രീതിയാണ് റാറ്റ് മൈനിങ്. പിക്കാസും കമ്പിപ്പാരയും ചെറിയ ചുറ്റികയുമായി തുരന്നുമുന്നേറിയാണ് ഇവർ തൊഴിലാളികളെ പുറത്തെത്തിച്ചത്.

സെമി ഫൈനലിൽ ബി.ജെ.പിക്ക് നേട്ടം; കർണാടകയിൽ കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കി. രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിനെ വീഴ്ത്തി ഭരണം പിടിച്ച ബി.ജെ.പി മധ്യപ്രദേശിൽ ഭരണം നിലനിർത്തി. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. മധ്യപ്രദേശിൽ മോഹൻ യാദവ്, ഛത്തീസ്ഗഢിൽ വിഷ്ണുദേവ് സായി, രാജസ്ഥാനിൽ ഭജൻലാൽ ശർമ എന്നിവരെ മുഖ്യമന്ത്രിമാരാക്കി ബി.ജെ.പി തലമുറമാറ്റം പ്രഖ്യാപിച്ചു. ഹിന്ദി ഹൃദയഭൂമിയിൽ ചരിത്രവിജയം നേടാനായത് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിക്ക് വലിയ കരുത്തായി. തെലങ്കാനയിൽ ബി.ആർ.എസിനെ വീഴ്ത്തിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. രേവന്ത് റെഡ്ഢി മുഖ്യമന്ത്രിയായി.



ദക്ഷിണേന്ത്യയിൽ കാവി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയെന്ന് വിശേഷിപ്പിക്കപ്പെട്ട കർണാടക കോൺഗ്രസ് തിരിച്ചുപിടിച്ചത്. വലിയ പ്രതീക്ഷയായി. സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റു. ത്രിപുരയിൽ ബി.ജെ.പി ഭൂരിപക്ഷം നേടി. മണിക് സാഹ വീണ്ടും മുഖ്യമന്ത്രിയായി. മേഘാലയയിൽ ബി.ജെ.പിയുടെയും എച്ച്.എസ്.പി.ഡി.പിയുടെയും പിന്തുണയോടെ എൻ.പി.പി നേതാവ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിയായി. നാഗാലാൻഡിൽ എൻ.ഡി.പി.പി-ബി.ജെ.പി സഖ്യം ഭരണത്തുടർച്ച നേടി. നെയ്ഫ്യൂ റിയോ ആണ് മുഖ്യമന്ത്രി.

പാർലമെന്റിലെ സുരക്ഷാ വീഴ്ച; പുകയാക്രമണം

പാർലമെന്റിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് രണ്ടുപേർ നടുത്തളത്തിലേക്ക് ചാടിവീണ് നടത്തിയ പുകയാക്രമണം വലിയ സുരക്ഷാ വീഴ്ചയായി. 2001ൽ നടന്ന പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിലായിരുന്നു വൻ സുരക്ഷാ വീഴ്ചയുണ്ടായത്. ഡിസംബർ -13ന് സന്ദർശക ഗാലറിയിൽനിന്ന് സഭാതളത്തിലേക്ക് ചാടിയ രണ്ടുപേർ പുക തുറന്നുവിടുകയായിരുന്നു. പാർലമെന്റിന് പുറത്തും രണ്ടുപേർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സാഗർ ശർമ, നീലം ദേവി, അമോൽ ഷിൻഡെ, വിശാൽ ശർമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പുകയാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ലളിത് മോഹൻ ഢാ പിന്നീട് കർത്തവ്യപഥ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു.




TAGS :

Next Story