'പുല്‍വാമയില്‍ ആക്രമണം നടക്കുമ്പോള്‍ കോർബെറ്റ് പാർക്കിൽ ഷൂട്ടിങ്ങിലായിരുന്നു മോദി; സുരക്ഷാവീഴ്ചയെക്കുറിച്ച് മിണ്ടരുതെന്നു പറഞ്ഞു'
'പുല്‍വാമയിലെ ആ പാതയിൽ എട്ടുപത്ത് ലിങ്ക് റോഡുകളുമുണ്ടായിരുന്നു. ആളുകള്‍ പ്രവേശിക്കുന്നതു തടയാൻ ഒരിടത്തുപോലും സുരക്ഷാസംവിധാനമുണ്ടായിരുന്നില്ല. ഇത്രയും നിറയെ സ്ഫോടകവസ്തുക്കളുമായി ആ കാർ പത്തു പന്ത്രണ്ടു ദിവസം അവിടെ ചുറ്റിക്കറങ്ങിയിട്ട് ആരും അറിയുകയോ പിടികൂടാനാകുകയോ ചെയ്തില്ല.'
- Updated:
2023-04-17 08:52:46.0
രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച പുല്‍വാമ ആക്രമണ സമയത്ത് ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവ് കൂടിയായ സത്യപാല്‍ മാലിക്. പുല്‍വാമ ആക്രമണം, അദാനി, അംബാനി, അഴിമതി അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരിലൊരാളായ കരണ്‍ ഥാപ്പറിനുമുന്നില്‍ സത്യപാല്‍ നടത്തിയത്. 'ദ വയര്‍' പുറത്തുവിട്ട അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ മലയാളത്തില്‍ വായിക്കാം.
2018 ഓഗസ്റ്റിനാണ് താങ്കൾ ജമ്മു കശ്മീർ ഗവർണറായി ചുമതലയേൽക്കുന്നത്. ആ സമയത്ത് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിനു കീഴിലായിരുന്നു. മൂന്നു മാസത്തിനുശേഷം, തനിക്ക് കോൺഗ്രസിന്റെയും നാഷനൽ കോൺഫറൻസിന്റെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അതുവഴി 87 അംഗ സഭയിൽ 56 പേർ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും അവകാശപ്പെട്ട് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി താങ്കളെ ബന്ധപ്പെടാൻ ശ്രമിച്ചു.
താങ്കൾ ഫോണെടുത്തില്ലെന്നു മാത്രമല്ല, താങ്കളുടെ വസതിയിലുള്ള ഫാക്സ് മെഷീനിൽ അവരുടെ ഫാക്‌സ് സ്വീകരിക്കുകയും ചെയ്തില്ല. നിമിഷങ്ങൾക്കകം താങ്കൾ നിയമസഭ പിരിച്ചുവിടുകയും ചെയ്തു. എന്തിനാണത് ചെയ്തത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മർദമുണ്ടായിരുന്നോ?
ഇല്ലേയില്ല. അദ്ദേഹവുമായി ബന്ധത്തിൽ തന്നെയുണ്ടായിരുന്നില്ല ഞാൻ. അതൊരു പെരുന്നാൾ ദിവസമായിരുന്നു, അവധിദിനമായിരുന്നു. എന്റെ പാചകക്കാരൻ വരെ അവധിയിലായിരുന്നു. ആ സമയത്ത് ഓഫിസിൽ ഫാക്സോ മറ്റോ സ്വീകരിക്കാൻ ഒറ്റയാളുമുണ്ടായിരുന്നില്ല. ഞാൻ ഡൽഹിയിലായിരുന്നു. വൈകീട്ട് നാലു മണിക്കാണ് ഓഫിസിലെത്തുന്നത്. ആ സമയത്ത് ചീഫ് സെക്രട്ടറിയും ഇന്റലിജൻസ് വിഭാഗം തലവനും വന്ന് അവർക്ക് ഭൂരിപക്ഷമുണ്ടെന്ന കാര്യം സൂചിപ്പിച്ചു.
എന്നാൽ, നിയമം എന്താണ്? ട്വിറ്ററിലൂടെ സർക്കാരുണ്ടാക്കാൻ പറ്റില്ല. സർക്കാർ രൂപീകരിക്കാൻ ആഗ്രഹിക്കുന്ന പാർട്ടി യോഗം ചേർന്ന്, മെഹബൂബ തങ്ങളുടെ നേതാവാകുമെന്ന് തീരുമാനിക്കണം. പിന്നീട് പിന്തുണയ്ക്കുന്ന പാർട്ടികൾ യോഗം ചേർന്ന് അവരെ അനുകൂലിക്കുന്ന കാര്യം കത്തിലൂടെ അറിയിക്കണം. ആ കത്തെല്ലാം നേരിട്ട് ഗവർണറുടെ അടുത്തെത്തണം.
പക്ഷെ, മെഹ്ബൂബ മുഫ്തിക്ക് സമയം നൽകിയിരുന്നെങ്കിൽ അവർക്ക് ആ കത്തെല്ലാം താങ്കളുടെ അടുത്തെത്തിക്കാനാകുമായിരുന്നു. താങ്കൾ മിനിറ്റുകൾക്കകം സഭ പിരിച്ചുവിടുകയാണ് ചെയ്തത്?
അല്ല, അത് തെറ്റാണ്. ദിവസം മുഴുവൻ അവരുടെ കൈയിലുണ്ടായിരുന്നു. എട്ടു മണിക്കുശേഷമാണ് ഞാൻ നിയമസഭ പിരിച്ചുവിട്ടത്. ശ്രീനഗറിൽനിന്ന് ജമ്മുവിലേക്ക് മൂന്ന് വിമാനങ്ങൾ വന്നിരുന്നു. ആരുടെയെങ്കിലും കൈയിൽ കത്ത് കൊടുത്തയക്കാമായിരുന്നു. എന്റെ ഫാക്സ് കേടായിരുന്നു. ഞങ്ങൾ രണ്ടുപേർക്കും പരിചയമുള്ളവരുടെ ഒരുപാടുപേരുടെ ഫാക്‌സുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അങ്ങോട്ട് അയച്ച് ആ ഫാക്സുകൾ രാജ്ഭവനിലെത്തിക്കാമായിരുന്നു.
പക്ഷെ, അവർക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന നിലപാടായിരുന്നു താങ്കളുടെ ചീഫ് സെക്രട്ടറിക്കെന്നതാണ് ആശ്ചര്യകരമായ കാര്യം. അവർക്ക് ഭൂരിപക്ഷ പിന്തുണയുണ്ടെന്ന് താങ്കൾക്കും ചീഫ് സെക്രട്ടറിക്കും അറിയാമായിരുന്നെങ്കിൽ രണ്ടോ മൂന്നോ ദിവസം അവർക്കു നൽകാമായിരുന്നില്ലേ!? പെട്ടെന്ന് പിരിച്ചുവിട്ടതിന്റെ താൽപര്യം എന്തായിരുന്നു?
ഭൂരിപക്ഷമുണ്ടെന്നു വ്യക്തമാക്കുന്ന തെളിവ് നമ്മുടെ അടുത്ത് ലഭിക്കേണ്ടതുണ്ടെന്നതാണ് നിയമം. അതുണ്ടായില്ല. ഫാറൂഖ് അബ്ദുല്ലയുടെ പാർട്ടി പറഞ്ഞത് ഡൽഹിയിൽ പോകുകയാണ്, നാളെ തീരുമാനിക്കുമെന്നാണ്. തങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്ന് ഗുലാം നബിയും സ്പഷ്ടമായി പറഞ്ഞിട്ടില്ല. മെഹ്ബൂബ തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് പറയുക മാത്രമാണ് ചെയ്യുന്നത്. എങ്ങനെയാണെങ്കിലും അവരെ സർക്കാരുണ്ടാക്കാൻ അനുവദിക്കാൻ പറ്റുമെങ്കിൽ ആകാമായിരുന്നു.
ഇതങ്ങനെയല്ല. തനിക്കു ഭൂരിപക്ഷമുണ്ടെന്ന് മെഹ്ബൂബ പറയുന്നു. താങ്കളുടെ ചീഫ് സെക്രട്ടറിയും പറയുന്നു, അതിനു സാധ്യതയുണ്ടെന്ന്. അപ്പോൾ അതു തെളിയിക്കാൻ അവർക്കു സമയം നൽകുകയല്ലേ വേണ്ടത്. ഒന്നോ രണ്ടോ ദിവസം അവൾക്കു നൽകണം. ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടുന്നവർക്ക് അതു തെളിയിക്കാനുള്ള മതിയായ സമയം നൽകൽ ഗവർണർ എന്ന നിലയ്ക്ക് താങ്കളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, സമയം നൽകിയില്ലെന്നു മാത്രമല്ല, മണിക്കൂറുകൾക്കകം സഭ പിരിച്ചുവിടുകയും ചെയ്തു?
അവർക്കു ഭൂരിപക്ഷമുണ്ടെന്ന് എനിക്ക് അറിയുമായിരുന്നു. എന്നാൽ, ആരും അവകാശവാദവുമായി വന്നില്ല. ഞാൻ അവരെ കാത്തിരിക്കുകയായിരുന്നു. വൻതോതിൽ കുതിരക്കച്ചവടം നടക്കുന്ന സമയമാണ്. അവർ തന്നെ സഭ ഉടൻ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു; ഫാറൂഖ് അബ്ദുല്ലയും. അവരുടെ എം.എൽ.എമാർ പാർട്ടിയിൽനിന്ന് കൊഴിഞ്ഞുപോയ്‌ക്കൊണ്ടിരിക്കുകയാണ്. അവർക്കു സമ്മർദമുണ്ടായിരുന്നു.
അവർ(മെഹ്ബൂബ) ട്വീറ്റ് ചെയ്തത് താങ്കൾക്ക് അറിയാം. അതിങ്ങനെയായിരുന്നു: ''സാങ്കേതികവിദ്യയുടെ ഇക്കാലത്ത് ഗവർണറുടെ വസതിയിലുള്ള ഫാക്സ് മെഷീൻ ഞങ്ങളുടെ ഫാക്സ് സ്വീകരിച്ചില്ലെന്നത് വിചിത്രകരമാണ്. എന്നാൽ, നിയമസഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് പെട്ടെന്ന് അയക്കുകയും ചെയ്തു!'' ഫാക്സ് ലഭിച്ചില്ലെന്നു താങ്കൾ പറഞ്ഞത് കള്ളമാണെന്നാണ് അവർ വ്യക്തമായും പറയുന്നത്?
തെറ്റാണ്. ഫാക്സ് മെഷീൻ കൈകാര്യം ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. നിയമസഭ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഉത്തരവ് ബാക്കിയുള്ളവർക്ക് ഫാക്സ് വഴി അയയ്ക്കുകയല്ല, ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു ചെയ്തത്.
ബാക്കിയൊക്കെ ശരിയായിരിക്കാം. എന്നാൽ, ഗവർണറുടെ വസതിയിൽ ഫാക്സ് മെഷീൻ കൈകാര്യം ചെയ്യാൻ ആരുമുണ്ടായിരുന്നില്ലെന്നു പറയുന്നത് മനസിലാകുന്നില്ല. ഇത്തരം സംഭവങ്ങൾ കോമഡി ഷോയിലൊക്കെയാണ് കാണാറുള്ളത്? അതു ശരി തന്നെയാണോ?
പെരുന്നാൾ അവധിയായിരുന്നു, എന്റെ പാചകക്കാരൻ വരെ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല എന്നു ഞാൻ പറഞ്ഞില്ലേ!
പെരുന്നാൾ ദിവസം പട്ടിണിയായിരുന്നോ?
ഞാനെന്തിന് പട്ടിണിയാകണം. ആദ്യത്തെ പാചകക്കാരനില്ലെങ്കിലും മറ്റാരെങ്കിലും ഭക്ഷണം പാചകം ചെയ്തുതരില്ലേ?
അങ്ങനെയാണെങ്കിൽ ഔദ്യോഗികമായി ഫാക്സ് കൈകാര്യം ചെയ്യുന്നയാളില്ലെങ്കിൽ മറ്റൊരാളെ വയ്ക്കാമായിരുന്നില്ലേ?
മെഹ്ബൂബയുടെ ഫാക്സ് കാത്തിരിക്കുകയല്ല എന്റെ പണി. അവരുടെ കൈയിൽ എന്റെയടുത്ത് എത്തിക്കേണ്ട ഒരുപാട് സാധനങ്ങളുണ്ടായിരുന്നു. അത് വേറെ ആരുടെയെങ്കിലും പക്കൽ കൊടുത്തയയ്ക്കാമായിരുന്നു.
താങ്കൾക്ക് എന്നെക്കാൾ നന്നായി ഭരണഘടനയെക്കുറിച്ച് അറിയാം. ഭൂരിപക്ഷ സർക്കാരുണ്ടാക്കാമായിരുന്ന ഒരു നിയമസഭ താങ്കൾ പിരിച്ചുവിട്ടു. അതു ഭരണഘടനാ വിരുദ്ധമാണെന്നു മാത്രമല്ല, ഒരു ഗവർണർ ചെയ്യുന്ന ഏറ്റവും മോശപ്പെട്ട പിഴവുമായിരിക്കുമത്. അവർക്ക് വലിയ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നിട്ടും താങ്കൾ അതു തെളിയിക്കാനുള്ള സമയം അനുവദിച്ചില്ല?
തുറന്നുപറയട്ടെ, താങ്കൾ നിയമസഭ പിരിച്ചുവിട്ടോളൂവെന്ന് ഒരാഴ്ചയായി ദിവസവും ഫാറൂഖും മെഹ്ബൂബയും എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവരുടെ എം.എൽ.എമാർ മറുകണ്ടം ചാടുകയാണ്, അവരെ പിടിച്ചുനിർത്തണമായിരുന്നു.
ഇത് നേരത്തെ പറഞ്ഞില്ലല്ലോ?
പിരിച്ചുവിട്ട ശേഷം വാർത്താസമ്മേളനത്തിലും ഞാനിത് പറഞ്ഞിട്ടുണ്ട്. കുതിരക്കച്ചവടം നടക്കുകയാണ്, തങ്ങളുടെ എം.എൽ.എമാർ മറുകണ്ടം ചാടുകയാണ് എന്നെല്ലാം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അവർ.
അന്ന് ചെയ്തതിൽ അഭിമാനിക്കുന്നുണ്ടോ താങ്കൾ? ഇല്ലെങ്കിൽ മെഹ്ബൂബയ്ക്ക് മതിയായ സമയം നൽകാത്തതിൽ ഖേദമുണ്ടോ?
ഇല്ല, ഞാൻ ഖേദിക്കുന്നില്ല. അവർ അയോഗ്യരാണെങ്കിൽ അതിന് ഞാൻ ഉത്തരവാദിയല്ല. അവർക്ക് കത്തുമായി വരാമായിരുന്നു. ജമ്മുവിൽനിന്ന് ശ്രീനഗർ അത്ര ദൂരത്തൊന്നുമല്ല. മൂന്ന് വിമാനങ്ങൾ അവിടെനിന്ന് വരുന്നുമുണ്ടായിരുന്നു.
താൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും താങ്കൾ എടുത്തില്ലെന്ന് അവർ പറയുന്നു?
ഞാൻ ഫോണെടുക്കില്ലെന്ന് സാധാരണക്കാരനായ കശ്മീരി പോലും പറയില്ല. രാത്രി രണ്ടു മണിക്കുവരെ ഞാൻ ഫോണെടുക്കാറുണ്ട്.
മെഹ്ബൂബ കള്ളം പറയുകയാണെന്നാണോ താങ്കൾ പറയുന്നത്?
തീർച്ചയായും. ആ സമയത്ത് അവർ ഒരിക്കലും എന്നെ വിളിച്ചിട്ടില്ല.
******
പുൽവാമയിൽ എന്തു സംഭവിച്ചു?
മൂന്നുമാസം മുന്നോട്ടുപോകാം. 2019 ഫെബ്രുവരിയിലാണ് പുൽവാമ ആക്രമണം നടക്കുന്നത്. താങ്കൾ ഗവർണറായിരിക്കെ നടത്തിയ നിയമസഭ പിരിച്ചുവിടലിനുശഷം നടക്കുന്ന ആദ്യത്തെ വലിയ സംഭവമായിരിക്കുമത്. ജനുവരിയിലും ഫെബ്രുവരിയിലടക്കം ആക്രമണത്തെക്കുറിച്ച് നിരവധി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ റിപ്പോർട്ടുകളൊക്കെ നിൽക്കെ ആയിരം സി.ആർ.പി.എഫ് ജവാന്മാർ വലിയ വാഹനവ്യൂഹത്തോടൊപ്പം റോഡുമാർഗം യാത്രചെയ്യുന്നു. താങ്കളായിരുന്നു ആ സമയത്ത് ഗവർണർ. ഇതെങ്ങനെ സംഭവിച്ചു? ശരിക്കും പ്രശ്നം വിളിച്ചുവരുത്തുകയായിരുന്നു അത്?
സത്യം ഞാൻ പറയാം. ജീവനക്കാരെ അങ്ങോട്ടെത്തിക്കാൻ സി.ആർ.പി.എഫുകാർ വിമാനസൗകര്യം ആവശ്യപ്പെട്ടിരുന്നു. കാരണം ഇത്രയും വലിയ വാഹനവ്യൂഹം ഒരിക്കലും റോഡുമാർഗം പോകില്ല.
താങ്കളോടാണോ ആവശ്യപ്പെട്ടത്?
എന്നോടല്ല. ആഭ്യന്തര മന്ത്രാലയം, രാജ്നാഥ് സിങ് ഉൾപ്പെടെയുള്ള ഉത്തരവാദപ്പെട്ടവരോടാണ് ചോദിച്ചത്. അവർ ആവശ്യം നിരസിച്ചു. എന്നോടു ചോദിച്ചിരുന്നെങ്കിൽ ഞാൻ എങ്ങനെയെങ്കിലും വിമാനസൗകര്യമൊരുക്കുമായിരുന്നു. അഞ്ച് വിമാനങ്ങളുടെ മാത്രം ആവശ്യമാണുണ്ടായിരുന്നത്.
ആഭ്യന്തര മന്ത്രാലയത്തോട് വിമാനം ആവശ്യപ്പെട്ടുകയും മന്ത്രാലയം ആവശ്യം നിരസിക്കുകയും ചെയ്തു?
അതെ. നമ്മുടെ വീഴ്ച കാരണമാണ് ഇതു സംഭവിച്ചതെന്ന് സംഭവം നടന്ന ദിവസം വൈകീട്ട് ഞാൻ പ്രധാനമന്ത്രിയോടും പറഞ്ഞു. വിമാനം നൽകിയിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നില്ല എന്നും സൂചിപ്പിച്ചു. ഇപ്പോൾ അതേക്കുറിച്ച് മിണ്ടേണ്ട എന്നാണ് പ്രധാനമന്ത്രി എന്നോട് പറഞ്ഞത്.
നമ്മുടെ വീഴ്ചയെക്കുറിച്ച് പുറത്തുപറയേണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞെന്നാണോ?
ഇത് നമ്മുടെ വീഴ്ചയാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഇപ്പോൾ അതേക്കുറിച്ചു മിണ്ടേണ്ട. ഇത് വേറെ സംഗതിയാണ്. അതു ഞങ്ങൾ സംസാരിച്ചോളാമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ വീഴ്ചകാരണം സംഭവിച്ചതാണിതെന്ന് അതേ ദിവസം രാത്രി താങ്കൾ പ്രധാനമന്ത്രിയോട് പറഞ്ഞു. വിമാനം ആവശ്യപ്പെട്ടിട്ടും ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ലെന്നും സൂചിപ്പിച്ചു. അതേക്കുറിച്ചു മിണ്ടേണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്? മറ്റൊരു വാക്കിൽ പറഞ്ഞാൽ, നമ്മൾക്ക് സംഭവിച്ച തെറ്റ് നാട്ടുകാർ അറിയേണ്ടെന്നാണോ പറഞ്ഞത്?
അജിത് ഡോവലും ഇതുതന്നെയാണ് എന്നോടു പറഞ്ഞത്; മിണ്ടാതിരിക്കാൻ. എന്റെ സഹപാഠിയായിരുന്നതിനാൽ വേറെയും കാര്യങ്ങൾ അദ്ദേഹവുമായി എനിക്കു സംസാരിക്കാനാകുമായിരുന്നു. അദ്ദേഹം മിണ്ടാതിരിക്കാനാണ് പറഞ്ഞത്. ഒരു കാര്യംകൂടി പറയാം. എല്ലാ കുറ്റവും പാകിസ്താന്റെ തലയിലിടാൻ മിണ്ടാതിരിക്കണമെന്നാണ് പറയുന്നതെന്ന് എനിക്ക് മനസിലായി.
അതായത്, പാകിസ്താനുമേൽ പഴിചാരി, ക്രെഡിറ്റ് അടിച്ചെടുത്ത് തെരഞ്ഞെടുപ്പിൽ മുതലെടുക്കാമെന്ന് സർക്കാരിന് കൃത്യമായ നയമുണ്ടായിരുന്നു എന്നാണോ?
അതെ, ശരിക്കും.
രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് താങ്കൾ പറഞ്ഞത്. ഇത് നമ്മുടെ വീഴ്ചകാരണം സംഭവിച്ചതാണെന്ന് പ്രധാനമന്ത്രിക്ക് അറിയാമായിരുന്നു. താങ്കളത് അദ്ദേഹത്തോട് പറയുകയും ചെയ്തു?
അന്ന് അദ്ദേഹം(ഉത്തരാഖണ്ഡിലെ) നാഷനൽ കോർബിറ്റ് പാർക്കിൽ ഷൂട്ടിങ്ങിലായിരുന്നുവെന്ന് എനിക്ക് നല്ല ഓർമയുണ്ട്. അവിടെനിന്ന് ഫോണെടുത്തില്ല. പിന്നീട് അവിടെനിന്നു പുറത്തിറങ്ങി ഒരു ധാബയിൽനിന്നാണ് എന്നെ തിരിച്ചുവിളിക്കുന്നത്. എന്തു സംഭവിച്ചു, സത്യപാൽ എന്നു ചോദിച്ചു. ഏറെ ദുഃഖിതനാണ് ഞാൻ, ഇത് നമ്മുടെ വീഴ്ച കാരണം മാത്രം സംഭവിച്ചതാണ്, നമ്മൾ വിമാനം നൽകിയിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നില്ല എന്നെല്ലാം ഞാൻ പറഞ്ഞു. ഇപ്പോൾ മിണ്ടാതിരിക്കൂവെന്നാണ് ആ സമയത്ത് അദ്ദേഹം പറഞ്ഞത്.
ഡോവലും മൗനം പാലിക്കാൻ ആവശ്യപ്പെട്ടു?
അതെ.
ആ റൂട്ട് ശരിക്കും ശുദ്ധീകരിക്കുകയോ സുരക്ഷ ഉറപ്പാക്കുകയോ ചെയ്തിരുന്നില്ലെന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ താങ്കൾ പറയുന്നുണ്ട്?
തീർച്ചയായും. ആ പാതയിൽ കൃത്യമായും എട്ടുപത്ത് ലിങ്ക് റോഡുകളുമുണ്ടായിരുന്നു. ആളുകളുടെ പ്രവേശനം തടയാൻ ഒരിടത്തുപോലും സുരക്ഷാസന്നാഹമുണ്ടായിരുന്നില്ല. ഒന്നും ചെയ്തിരുന്നില്ല.
ലിങ്ക് റോഡുകളിലൊന്നും സുരക്ഷയുണ്ടായിരുന്നില്ലെന്നാണോ?
ഒരിടത്തും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല.
അങ്ങനെയാണെങ്കിൽ ഇത് വലിയ സുരക്ഷാവീഴ്ചയാണ്?
ഇതും ഞാനവരോട് പറഞ്ഞു. ഇത് നമ്മുടെ വീഴ്ചയാണെന്ന്. സി.ആർ.പി.എഫ് സ്വയമായിരുന്നു എല്ലാം ആസൂത്രണം ചെയ്തിരുന്നത്. നമ്മൾക്ക് അവിടെ റോളുണ്ടായിരുന്നില്ല.
അശ്രദ്ധയും വീഴ്ചയുമുണ്ടായിട്ടുണ്ടെന്ന് യൂട്യൂബ് അഭിമുഖത്തിൽ താങ്കൾ പറയുന്നുണ്ട്. ആരുടെ വീഴ്ച? ആരുടെ അശ്രദ്ധ?
ആഭ്യന്തരമന്ത്രാലയത്തിന്റെയും സി.ആർ.പി.എഫിന്റെയും.
ആഭ്യന്തര മന്ത്രാലയം രാജ്നാഥ് സിങ്ങിനു കീഴിലായിരുന്നു?
ആരുടെ ചുമതലയിലായിരുന്നാലും.
ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിങ്ങിനാണ് ഉത്തരവാദിത്തമെന്നാണ് അതിനർത്ഥം? കുറ്റം അദ്ദേഹത്തിനാണ്?
തീർച്ചയായും. ഞാനാണ് ആഭ്യന്തര മന്ത്രിയെങ്കിൽ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുമായിരുന്നു.
താങ്കളാണ് ആഭ്യന്തര മന്ത്രിയെങ്കിൽ രാജിവയ്ക്കുമായിരുന്നോ?
അത് ഓരോരുത്തർക്കും വ്യത്യസ്ത സ്വഭാവമായിരിക്കുമല്ലോ..
താങ്കളുടെ കാര്യം?
ഞാൻ രാജിവച്ചൊഴിയുമായിരുന്നു. രാജ്യചരിത്രത്തിലുള്ള ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. 40 വിലപ്പെട്ട ജവാന്മാരുടെ ജീവിതമാണ് ഇവരുടെ കഴിവുകേടു കാരണം പൊലിഞ്ഞത്.
മറ്റൊരു സുപ്രധാന കാര്യം താങ്കൾ പറഞ്ഞു. പ്രധാനമന്ത്രിയും ഡോവലും മിണ്ടാതിരിക്കാൻ പറഞ്ഞതിൽനിന്ന് പാകിസ്താനുമേൽ പഴിചാരി തെരഞ്ഞെടുപ്പിൽ മുതലെടുക്കാനാണ് അവർ പദ്ധതിയിടുന്നതെന്ന് താങ്കൾക്ക് തോന്നിയിരുന്നു. പാകിസ്താനോ പാകിസ്താൻ സൈന്യമോ പാക് സംഘങ്ങളോ ശരിക്കും ഉത്തരവാദികളാണോ? അതോ അത് നമ്മളുണ്ടാക്കിയതാണോ?
അത്രയും വലിയ തോതിലുള്ള സ്ഫോടക വസ്തുക്കൾ അയാൾക്ക് ഉള്ളിൽനിന്ന് ലഭിക്കില്ല. അത് നൽകിയത് പാകിസ്താൻ തന്നെയാണ്. ലജ്ജാകരമായ കാര്യം, നമ്മുടെ ഭാഗത്താണ് വീഴ്ചയുണ്ടായത്. എന്റെ വീഴ്ചയും അംഗീകരിക്കുന്നു. ഇത്രയും നിറയെ സ്ഫോടകവസ്തുക്കളുമായി ആ കാർ അവിടെ ചുറ്റിക്കറങ്ങിയിട്ട് നമ്മൾക്ക് പിടികൂടാനായില്ല.
ആ കാർ കശ്മീർ ഗ്രാമങ്ങളിലൂടെ കറങ്ങിനടക്കുകയായിരുന്നു?
ഇതേ മേഖലയിൽ തന്നെ.
എത്ര ദിവസം?
പത്തു പന്ത്രണ്ടു ദിവസമായിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.
പത്തു പന്ത്രണ്ടു ദിവസമായി ആർ.ഡി.എക്സ് അടക്കം നിറച്ച കാർ കശ്മീർ ഗ്രാമങ്ങളിലൂടെ കറങ്ങിനടന്നിട്ട് ആരും അറിഞ്ഞില്ല?
ആരും അറിയുകയോ പിടികൂടുകയോ ചെയ്തില്ല.
അപ്പോൾ ഇത് വൻ ഇന്റലിജൻസ് വീഴ്ച കൂടിയാണ്?
100 ശതമാനം.
100 ശതമാനം? നമ്മുടെ ഭാഗത്ത് സുരക്ഷാവീഴ്ചയുണ്ടായി. റോഡിൽ സുരക്ഷയൊരുക്കിയില്ല. ഇതോടൊപ്പം ഇന്റലിജൻസിന്റെ വീഴ്ചയും. ഇന്ത്യൻ (ഭരണ) സംവിധാനത്തിന്റെ കൂടി വീഴ്ചയാണിത്?
അതെ. ഞാനും അതിന് ഉത്തരവാദിയാണ്.
ഇന്ത്യൻ സംവിധാനം ഒന്നാകെ പരാജയപ്പെട്ടു? ആഭ്യന്തര മന്ത്രി മുതൽ താഴേക്കുവരെ?
അതെ. എല്ലാവരും പരാജയപ്പെട്ടു.
ദവീന്ദർ സിങ് എന്ന പേരിലുള്ളൊരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് സംഭവം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം വാർത്തകളുണ്ടായിരുന്നു. അദ്ദേഹത്തെ നേരിട്ട് അറിയാമെന്ന് താങ്കളും പറഞ്ഞിട്ടുണ്ട്. ആരാണയാൾ? എന്താണ് അയാളുടെ റോൾ?
വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴെല്ലാം എന്നെ വന്നു കാണാറുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ദവീന്ദർ സിങ്. നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. അവിടെയും ഇവിടെയുമെല്ലാം അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്ന കാര്യം ഒരിക്കലും അറിഞ്ഞിരുന്നില്ല.
അയാൾക്ക് പങ്കുണ്ടായിരുന്നോ?
ഈ സംഭവത്തിൽ അദ്ദേഹത്തിന് ഒരു പങ്കുമില്ല.
അയാൾക്ക് പങ്കുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്തകളോ?
ഇല്ലില്ല.. അത്തരത്തിൽ ദേശദ്രോഹിയല്ല അദ്ദേഹം. ദവീന്ദർ സിങ്ങിനെക്കുറിച്ചുള്ള അത്തരം വാർത്തകൾ തെറ്റാണ്.
പുൽവാമയിൽ സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയാമോ?
സർക്കാരിന്റെ അടുത്ത് എല്ലാ വിവരവുമുണ്ടാകും. എനിക്കറിയില്ല.
സർക്കാർ രാജ്യത്തെ പൗരന്മാരോട് ഒന്നും പറപറഞ്ഞില്ല?
അതിന്റെ ആവശ്യമില്ല. സർക്കാർ നമ്മോട് പറയാത്ത നൂറുകണക്കിനു കാര്യങ്ങളുണ്ട്.
അവർ പറയുകയാമെങ്കിൽ സ്വയം കുറ്റംചാർത്തുന്ന പോലെയാകുമത്. അവരുടെ കുറ്റവും പുറത്തുവരും?
തീർച്ചയായും.
അത് മറച്ചുവയ്ക്കാനും മിണ്ടാതിരിക്കാനും സർക്കാരിന് മതിയായ കാരണമുണ്ട്?
സർക്കാരിന് അതു മറച്ചുവയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും കൃത്യമായ കാരണങ്ങളുണ്ട്.
താങ്കളിത് മുൻപും പറഞ്ഞതാണ്. ഇപ്പോഴും ആവർത്തിക്കുന്നു?
അതെ, ഞാനത് ആവർത്തിക്കുന്നു. വിഷയത്തിന്റെ അടിസ്ഥാനകാരണത്തിലേക്ക് പോകുന്നതിനു പകരം മറ്റിടങ്ങളെ പഴിചാരുകയാണ് നമ്മൾ ചെയ്യുന്നത്.
പുൽവാമയെ മോദി ബോധപൂർവം തെരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിച്ചുവെന്നാണോ താങ്കൾ പറയുന്നത്?
താങ്കൾ ഉപയോഗിച്ച അതേ ഭാഷയിൽ എനിക്ക് പറയാനാകില്ല.
എന്നാൽ, താങ്കളുടെ ഭാഷയിൽ പറയൂ..
എന്റെ ഭാഷയിൽ പറഞ്ഞാൽ മൂലകാരണത്തിലേക്കും വിഷയത്തിന്റെ തുടക്കത്തിലേക്കും പോകുന്നതിനു പകരം, എല്ലാം സമഗ്രമായി അന്വേഷിക്കുന്നതിനു പകരം നമ്മുടെ വ്യക്തിനേട്ടങ്ങൾക്കു വേണ്ടി കാര്യങ്ങൾ മാറ്റിമറിക്കുകയാണ് ചെയ്യുന്നത്.
മോദിയുടെ നേട്ടത്തിനു വേണ്ടി ഇതിനെ ഉപയോഗിച്ചുവെന്നാണോ? താങ്കൾ ചിരിക്കുന്നു? ശരിയാണോ? അങ്ങനെത്തന്നെയാണോ?
ആണെന്നും അല്ലായെന്നും ഞാൻ പറയുന്നില്ല.
2019 ആഗസ്റ്റ് അഞ്ചിലേക്ക് വരാം. ആർട്ടിക്കിൾ 370 റദ്ദാക്കിയ ദിവസം. അതിനു രണ്ടു ദിവസം മുൻപ് അത്തരമൊരു നടപടിയുമുണ്ടാകില്ലെന്ന് താങ്കളൊരു പൊതു ഉറപ്പ് നൽകുന്നുണ്ട്. ജനങ്ങളെ കൃത്യമായും തെറ്റിദ്ധരിപ്പിക്കുകയായിരുന്നില്ലേ താങ്കൾ? അത്തരമൊരു വ്യാജ ഉറപ്പ് നൽകാൻ മോദി താങ്കളോട് ആവശ്യപ്പെട്ടോ?
ഇല്ലില്ല.. അവർ ചെയ്യുമെന്നോ ഇല്ലെന്നോ ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. ഇതൊരു ചെറിയ കാര്യമല്ലെന്ന് മെഹ്ബൂബ കാണാൻ വന്നപ്പോൾ പറഞ്ഞിരുന്നു എന്നു മാത്രം. ചുമ്മാ പ്രഖ്യാപിക്കാൻ പറ്റില്ലെന്നും പാർലമെന്റിൽ അവതരിപ്പിക്കേണ്ടിവരുമെന്നുമാണ് ഞാൻ പറഞ്ഞത്. രാവിലെ 11 മണിക്ക് അവർ അവതരിപ്പിച്ചാൽ വൈകീട്ടുതന്നെ പാസാകും. വിഷയത്തെക്കുറിച്ച് എനിക്ക് ഒരു വിവരവുമില്ലെന്നും ഞാനവരോട് പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ഒരു വിവരവുമുണ്ടായിരുന്നില്ല.
താങ്കൾ എ.എൻ.ഐയോട് പറഞ്ഞത് ഞാൻ ഉദ്ധരിക്കട്ടെ. ആഗസ്റ്റ് മൂന്നിന് താങ്കൾ പറഞ്ഞതാണിത്: ''അഭ്യൂഹങ്ങൾ മാത്രമാണ് പ്രചരിക്കുന്നത്. ഡൽഹിയിലുള്ള എല്ലാവരുമായും സംസാരിച്ചിട്ടുണ്ട്. ഒരു വിവരവും എനിക്ക് ലഭിച്ചിട്ടില്ല. അങ്ങനെ ചെയ്യും, ഇങ്ങനെ ചെയ്യുമെന്നൊന്നും ആരും ഒരു സൂചനയും തന്നിട്ടില്ല. മൂന്നായി വിഭജിക്കുന്നതിനെക്കുറിച്ച് ചിലർ പറയുന്നു, ചിലർ ആർട്ടിക്കിൾ 35നെക്കുറിച്ച്, മറ്റുചിലർ ആർട്ടിക്കിൾ 370നെക്കുറിച്ചെല്ലാം പറയുന്നുണ്ട്. പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആരും എന്നോട് ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല.''
ഞാൻ പറഞ്ഞതിൽ എനിക്ക് സത്യം ചെയ്യാനാകും.
രണ്ടാലൊരു കാര്യം ഉറപ്പാണ്. ഒന്നുകിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും താങ്കൾക്ക് വിവരങ്ങൾ നൽകിയില്ല. അവർക്ക് താങ്കളിലുള്ള വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു അത്. അല്ലെങ്കിൽ, രാഷ്ട്രപതിഭരണത്തിനു കീഴിലുള്ള ഒരു സംസ്ഥാനത്തിന്റെ ഗവർണറായതുകൊണ്ടു തന്നെ താങ്കൾക്ക് എല്ലാം അറിയാമായിരുന്നു. പക്ഷെ, താങ്കൾ സത്യം പറയാൻ കൂട്ടാക്കുന്നില്ല.
അല്ല, അല്ല.
രണ്ടാലൊന്നേ സാധ്യതയുള്ളൂ...
വിഷയം അറിഞ്ഞിട്ട് മറച്ചുവയ്ക്കാൻ മാത്രം അത്ര നല്ല നടനല്ല ഞാൻ.
അപ്പോൾ താങ്കൾക്ക് ഒരു വിവരവുമുണ്ടായിരുന്നില്ല?
തീർച്ചയായും, ഒരു വിവരവുമുണ്ടായിരുന്നില്ല. ഒരു ദിവസംമുൻപ് ആഭ്യന്തര മന്ത്രി എന്നെ വിളിച്ച്, 'സത്യപാൽ, ഞാൻ നാളെ രാവിലെ ഒരു കത്ത് അയക്കുന്നുണ്ട്, 11 മണിക്കുമുൻപ് ഒരു സമിതിയെക്കൊണ്ട് അതു പാസാക്കി എനിക്ക് തിരിച്ചയയ്ക്കണം' എന്നു പറയുകയാണ് ചെയ്തത്.
ഒരു ദിവസം മുൻപ് എന്നു പറയുമ്പോൾ ആഗസ്റ്റ് നാലിനാകും. അപ്പോൾ ആഗസ്റ്റ് മൂന്നിന് എ.എൻ.ഐയോട് സംസാരിക്കുമ്പോൾ താങ്കൾക്ക് ഒന്നും അറിയുമായിരുന്നില്ല?
ഇല്ല. അല്ലെങ്കിൽ ഞാനത് പറയുമായിരുന്നു.
താങ്കളെ അറിയിക്കേണ്ടതായിരുന്നില്ലേ? രാഷ്ട്രപതിഭരണമാണവിടെ. താങ്കളായിരുന്നു യഥാർത്ഥ ഭരണാധികാരിയുും ഗവർണറും?
ആദ്യ ദിവസം മുതൽ തന്നെ ഇതു സംഭവിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്കിതെല്ലാം അറിയാമായിരിക്കുമെന്ന് അവർക്കും അറിയാമായിരുന്നു. എന്നാൽ, എന്നോട് വിശദാംശങ്ങൾ പറയാനുള്ള കടമ അവർക്കുണ്ടായിരുന്നില്ല.
അവർ എന്തുകൊണ്ട് പറഞ്ഞില്ല? താങ്കൾ ചോദിച്ചില്ലേ?
അവർ പറഞ്ഞില്ല അത്ര തന്നെ. എനിക്കതിൽ വേദനയൊന്നും തോന്നിയില്ല. ചോദിച്ചതുമില്ല.
അവർ പറയാത്തത് ആശ്ചര്യകരം തന്നെയാണ്?
അത് കശ്മീരിന്റെ പ്രശ്നമാണ്. എല്ലാ വിഷയവും ഡൽഹി നിസ്സാരമായാണ് എടുക്കുന്നത്. എനിക്ക് ഒരു വേദനയും തോന്നിയില്ല. അവരുടെ സർക്കാരാണ്. അവർക്ക് സ്വന്തം ഇഷ്ടപ്രകാരം അതെല്ലാം ചെയ്യാം.
ഒന്നോ രണ്ടോ തവണ ഞാൻ പ്രധാനമന്ത്രിയെ കാണാൻ പോകുമ്പോൾ, 'കശ്മീരിൽ എന്താണ് സ്ഥിതി, ഞങ്ങൾ എന്തെങ്കിലും ചെയ്താൽ അവിടെ എന്തെങ്കിലും സംഭവിക്കുമോ?' എന്നെല്ലാം ചോദിക്കുമായിരുന്നു.
******
രാം മാധവും മോദിയും അഴിമതിയും
റിലയൻസ് ഇൻഷുറൻസ് കശ്മീരിൽ ഒരു ഇൻഷുറൻസ് പദ്ധതി ആരംഭിക്കാൻ താൽപര്യപ്പെട്ടതിനെക്കുറിച്ച് താങ്കൾ യൂട്യൂബ് അഭിമുഖത്തിൽ പറയുന്നുണ്ട്. രാം മാധവ്(ആർ.എസ്.എസ് നേതാവ്) ഇതിന് അനുമതി തേടി ഒരു ദിവസം രാവിലെ താങ്കളുടെ വസതിയിലെത്തിയതിനെക്കുറിച്ച് താങ്കൾ പറഞ്ഞു. ആ സമയത്ത് കുളിച്ചിട്ടുപോലുമുണ്ടായിരുന്നില്ലെന്നും താങ്കൾ പറയുകയുണ്ടായി?
ഞാനത് പറഞ്ഞിരുന്നു. കുളിക്കുമുൻപ് ഞാൻ ആളുകളെ കാണാറില്ല. പക്ഷെ, അന്ന് അദ്ദേഹത്തെ കാണേണ്ടിവന്നു.
രാവിലെ ഏഴു മണിക്കു വന്ന് അദ്ദേഹം അനുമതി നൽകാൻ ആവശ്യപ്പെട്ടെങ്കിലും താങ്കളെ തന്നെ ഉദ്ധരിച്ചാൽ 'എനിക്ക് തെറ്റായി ഒന്നും ചെയ്യാൻ പറ്റില്ല' എന്ന് താങ്കൾ മറുപടിയും നൽകി. എന്തു തെറ്റ് ചെയ്യാനാണ് അദ്ദേഹം താങ്കളെ നിർബന്ധിച്ചത്?
എനിക്കിപ്പോൾ അദ്ദേഹത്തിന്റെ നോട്ടിസ് ലഭിച്ചിട്ടുണ്ട്.
അതെ, താങ്കൾക്കെതിരെ മാനനഷ്ടക്കേസ് കൊടുത്ത വിവരം പത്രങ്ങളിൽനിന്ന് അറിഞ്ഞു. താങ്കൾ ധീരനാണെന്നാണ് അതു തെളയിക്കുന്നത്. എന്നിട്ടും താങ്കൾ പിന്തിരിയുന്നില്ല. അതുകൊണ്ട് നമ്മൾക്ക് ഭയക്കാനൊന്നുമില്ല.
എന്തിനാണ് അദ്ദേഹം രാജ്ഭവനിൽ വരുന്നത്, അവിടെ എന്താണ് സംസാരിക്കാനുള്ളതെന്ന് നിങ്ങൾ അദ്ദേഹത്തോട് ചോദിച്ചുപറയണം. ഗോവധത്തെക്കുറിച്ച് സംസാരിക്കാനാണോ? തലേന്നു രാത്രി വിഷയം ഞങ്ങൾ തീരുമാനമാക്കിയതാണ്. പിറ്റേന്നു രാവിലെ അദ്ദേഹം വീണ്ടും തിരിച്ചുവന്നിരിക്കുന്നു. ഇൻഷുറൻസ് വിഷയം അവസാനിപ്പിച്ചോ എന്നു ചോദിച്ചു എന്നോട്. ഞാൻ അതേയെന്നും പറഞ്ഞു. കത്ത് ചീഫ് സെക്രട്ടറിക്ക് നൽകിയോ എന്നു ചോദിച്ചു. അതേയെന്ന് ഞാനും പറഞ്ഞു. അതോടെ രാം മാധവ് നിരാശനായി.
കശ്മീരിൽ റിലയൻസിന്റെ ഇൻഷുറൻസ് പദ്ധതിക്ക് അനുമതി നൽകാൻ താങ്കൾ എന്തുകൊണ്ട് കൂട്ടാക്കിയില്ല?
ആദ്യം ഞാൻ പദ്ധതിക്ക് ഒറ്റയടിക്ക് അംഗീകാരം നൽകിയിരുന്നു. എന്നാൽ, പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ സർക്കാർ ഉദ്യോഗസ്ഥരടക്കം ഒരുപാടുപേർ അതു പിൻവലിക്കാൻ ആവശ്യപ്പെട്ടു. പദ്ധതിയോട് സർക്കാർ ഉദ്യോഗസ്ഥർക്ക് താൽപര്യമുണ്ടായിരുന്നില്ല. പദ്ധതിയിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും വർഷത്തിൽ 8,500 രൂപ അടക്കേണ്ടതുണ്ടായിരുന്നു. വിരമിച്ച ഉദ്യോഗസ്ഥർ 20,000 രൂപയിലേറെയും നൽകണം.
ഡൽഹിയിൽ കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതിയിൽ നമ്മൾക്ക് ഒന്നും അടക്കേണ്ടിവരുന്നില്ലെന്ന കാര്യം ഞാൻ ചൂണ്ടിക്കാട്ടി. പിന്നെ ഇവിടെ എന്തിനാണ് അടയ്ക്കുന്നതെന്നും ചോദിച്ചു. ഇതിനപ്പുറം പദ്ധതിയുടെ ഭാഗമായുള്ളതെല്ലാം മോശം ആശുപത്രികളുമായിരുന്നു. ദേശീയതലത്തിൽ പ്രശസ്തമായ ഒറ്റ ആശുപത്രിയുമുണ്ടായിരുന്നില്ല. ആശുപത്രികൾ മോശമായാൽ എത്ര വലിയ തുക നൽകിയാലും നല്ല ചികിത്സ ലഭിക്കില്ലെന്ന് മനസിലാക്കി. അങ്ങനെയാണ് കേന്ദ്ര സർക്കാർ ആരോഗ്യ പദ്ധതി നടപ്പാക്കാൻ ഞാൻ ആവശ്യപ്പെട്ടത്.
പദ്ധതി അംഗീകരിച്ചുകിട്ടാൻ വേണ്ടിയാണോ രാം മാധവ് രാവിലെ താങ്കളെ കാണാൻ വന്നത്? റിലയൻസ് ഈടാക്കിയിരുന്ന തുകയിൽ സന്തുഷ്ടനായിരുന്നോ അദ്ദേഹം? മോശം ആശുപത്രികളിലും അദ്ദേഹത്തിന് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലേ?
ഇല്ല. അദ്ദേഹം എന്നോട് ഒന്നും ചെയ്യാൻ ആവശ്യപ്പെട്ടില്ല. പദ്ധതി റദ്ദാക്കിയോ, കത്ത് അയച്ചോ എന്നു മാത്രമാണ് അദ്ദേഹം എന്നോട് ചോദിച്ചത്. അതെ എന്നു പറഞ്ഞപ്പോൾ അദ്ദേഹം നിരാശനാകുന്നതു കണ്ടു. പിന്നീട് ഒന്നും പറഞ്ഞതുമില്ല. എന്താണ് സംഗതിയെന്ന് എനിക്ക് മനസിലായി.
പദ്ധതി പാസാക്കാനാണ് അദ്ദേഹം വന്നതെന്ന് താങ്കൾക്ക് മനസിലായി? താങ്കളുടെ മനസുമാറ്റാനാണ് അദ്ദേഹം വന്നത്?
അതെ, പക്ഷെ ആർക്കും എന്റെ മനസ് മാറ്റാനാകില്ല. പ്രധാനമന്ത്രി പറഞ്ഞാലും ഞാൻ അംഗീകരിക്കുമായിരുന്നില്ല. അദ്ദേഹം ഇതിനുമുൻപൊരിക്കലും എന്നെ സന്ദർശിച്ചിട്ടുമുണ്ടായിരുന്നില്ല.
ഇതേ അഭിമുഖത്തിൽ ആരോ താങ്കൾക്ക് 300 കോടി രൂപ വാഗ്ദാനം ചെയ്ത കാര്യം പറയുന്നുണ്ട്?
ഞാനത് പറഞ്ഞിട്ടില്ല.
താങ്കളുടെ അഭിമുഖത്തിലുണ്ട്?
ഇല്ല. താങ്കൾ തെറ്റിദ്ധരിച്ചതാണ്. 300 കോടി രൂപയുടെ ഓഫർ ലഭിച്ചുവെന്നല്ല ഞാൻ പറഞ്ഞത്. 150 കോടിയുടെ രണ്ട് കരാറുകളെക്കുറിച്ച് അവിടെ ചർച്ചയുണ്ടായിരുന്നുവെന്നാണ്. മറ്റൊരാൾക്കു നൽകാനുള്ളതായിരുന്നു അത്.
ആരാണത്?
അതേക്കുറിച്ച് എനിക്ക് ഉറപ്പില്ല. ഞാനത് പാസാക്കിയിരുന്നെങ്കിൽ അറിയാമായിരുന്നു.
രണ്ട് പദ്ധതികളാണുണ്ടായിരുന്നത്. ഒന്ന് ജലവൈദ്യുത പദ്ധതിയും മറ്റൊന്ന് ഇൻഷുറൻസ് പദ്ധതിയും? രണ്ടിലും 150 കോടി രൂപ വീതമാണുണ്ടായിരുന്നത്. മൊത്തത്തിൽ 300 കോടി രൂപ. അനുമതി നൽകിയിരുന്നെങ്കിൽ അതു താങ്കൾക്കു ലഭിക്കുമായിരുന്നു?
ഞാൻ രണ്ടും റദ്ദാക്കിയിട്ടുണ്ട്. അത് എനിക്കുള്ള ഓഫറായിരുന്നില്ല.
പദ്ധതികളെക്കുറിച്ച് സി.ബി.ഐ ചോദിച്ചപ്പോൾ, അവരെല്ലാം പ്രധാനമന്ത്രിയുടെ ആളുകളാണെന്ന് താങ്കൾ പറഞ്ഞെന്നു ഇതേ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതിൽ മോദിക്കു പങ്കുണ്ടെന്നാണോ താങ്കൾ പറഞ്ഞുവരുന്നത്?
പ്രധാനമന്ത്രിക്ക് ഇതിൽ പങ്കില്ല. ഇവരെല്ലാം മോദിയുടെ അടുത്ത ആളുകളാണെന്നാണ് ഞാൻ പറഞ്ഞത്. ഒരാൾ അംബാനിയും മറ്റൊരാൾ രാം മാധവുമാണ്. ഹസീബ് ദ്രാബു എന്ന മൂന്നാമതൊരാൾ കൂടിയുണ്ട്. മോദിയെ കാണുമ്പോഴെല്ലാം അദ്ദേഹം ദ്രാബുവിനെ കണ്ടിരുന്നോവെന്ന് ചോദിക്കും. പലതവണ ഇല്ലെന്ന് പറയേണ്ടിവന്നതോടെ ഒടുവിൽ ഞാൻ തന്നെ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു.
മെഹ്ബൂബ സർക്കാരിലെ ധനമന്ത്രിയായിരുന്നയാളാണോ ഈ ദ്രാബു?
ജമ്മു കശ്മീർ ബാങ്കിലുമുണ്ടായിരുന്നു അദ്ദേഹം. ഇപ്പോൾ മുംബൈയിൽനിന്നാണ് പ്രവർത്തനം. എന്നെ കാണാൻ വന്നപ്പോൾ ജലവൈദ്യുത പദ്ധതി റദ്ദാക്കിയ വിവരം അദ്ദേഹം സൂചിപ്പിച്ചു. പ്രശ്‌നമില്ല, മറ്റെവിടെനിന്നെങ്കിലും ഞങ്ങളത് പാസാക്കിക്കൊള്ളാമെന്നും പറഞ്ഞു.
ഇവരെല്ലാം പ്രധാനമന്ത്രിയുടെ ആളുകളാണെന്നു പറയുമ്പോൾ അദ്ദേഹത്തിനും ഇതിൽ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടെന്നല്ലേ അർത്ഥം?
പ്രധാനമന്ത്രിക്ക് അഴിമതിയോട് അത്ര എതിർപ്പില്ലെന്ന് എനിക്ക് പറയാനാകും. ഗോവ അഴിമതിയെക്കുറിച്ച് ഒരിക്കൽ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം എന്നെ വിളിച്ച് ഞാൻ പറഞ്ഞ വിവരം തെറ്റാണെന്നു പറഞ്ഞു. എവിടെനിന്ന് അറിഞ്ഞെന്നു ചോദിച്ചപ്പോൾ മറ്റൊരാളുടെ പേര് പറഞ്ഞു.
അപ്പോൾ അയാൾ തന്നെയാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തി പണം സ്വീകരിച്ചതെന്ന് ഞാൻ പറഞ്ഞു. തൊട്ടടുത്ത മാസം എന്നെ സ്ഥലംമാറ്റുകയാണുണ്ടായത്. അപ്പോൾ പിന്നെ എങ്ങനെയാണ് അദ്ദേഹം അഴിമതിക്കെതിരാകുന്നത്?
പ്രധാനമന്ത്രിക്ക് അഴിമതിയോട് വെറുപ്പില്ലെന്നാണ് താങ്കൾ പറഞ്ഞത്? അദ്ദേഹം കോൺഗ്രസിനെതിരെയും മറ്റു പാർട്ടിക്കാർക്കെതിരെയും അഴിമതി ആരോപണങ്ങൾ നടത്തുന്നു. ഓരോ റാലിയിലും അഴിമതി ഒറ്റയ്ക്ക് ഇല്ലാതാക്കുമെന്ന് ദൃഢപ്രതിജ്ഞയെടുക്കുന്നു. എന്നിട്ട് താങ്കൾ പറയുന്നത് അദ്ദേഹത്തിന്റെ മൂക്കിനുതാഴെ നടക്കുന്ന അഴിമതിയെക്കുറിച്ചാണ്?
അതെ. അതിന് ഒരുപാട് തെളിവുകളുണ്ട്. അദ്ദേഹം അഴിമതി ഇല്ലാതാക്കിയ ഒറ്റ സംഭവം കാണിക്കൂ. പരാതിയുന്നയിച്ച രണ്ടു സംഭവങ്ങൾ ഞാൻ പറഞ്ഞു. രണ്ടും 100 ശതമാനം ശരിയായിരുന്നു. ഗോവയിലെ ഓരോ കുട്ടിയോടും ചോദിച്ചാൽ മുഖ്യമന്ത്രിയെക്കുറിച്ച് അവർ പറഞ്ഞുതരും.
ഗോവയിലെ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞതിനുശേഷം ഏഴെട്ടു മാസത്തിനിടെ താങ്കളെ അവിടെനിന്നു മാറ്റിയില്ലേ?
എന്നെ സ്ഥലംമാറ്റി. അന്ന് ജനങ്ങൾ എന്നെ അനുകൂലിച്ച് രാജ്ഭവന്റെ അടുത്ത് തടിച്ചുകൂടി. ഒരു ഗവർണർക്കും ഇങ്ങനെയൊരു അനുഭവമുണ്ടായിക്കാണില്ല. ഒരു റാലി തന്നെ അവിടെ നടന്നു. ഗോവയിൽനിന്ന് മടങ്ങുംവഴി വിമാനത്താവളത്തിലെത്തുംവരെ അവരെന്നെ അനുഗമിച്ചു.
ഗോവയിലെ അഴിമതിയെക്കുറിച്ചു പറഞ്ഞപ്പോൾ താങ്കളെ അവിടെനിന്നു സ്ഥലംമാറ്റി. അതിനുമുൻപ് 14 മാസം മാത്രം നിന്ന കശ്മീരിൽനിന്നും സ്ഥലംമാറ്റി. റിലയൻസ് ഇൻഷുറൻസ് ആയിരുന്നോ അതിനു പിന്നിൽ? ശരിയല്ലാത്ത എന്തോ അവിടെ നടക്കുന്നുണ്ടെന്നു താങ്കൾ മനസിലാക്കിയതായിരുന്നോ കാരണം?
കശ്മീരിൽനിന്ന് സംസ്ഥാന പദവി ഇല്ലാതാക്കിയതോടെയാണ് എനിക്ക് പോകേണ്ടിവന്നത്. ലെഫ്റ്റനന്റ് ഗവർണറുടെ പദവി ഗവർണർക്കും താഴെയാണ്. എന്നോട് ലെ. ഗവർണറാകാൻ പറഞ്ഞാലും ഞാനവിടെ നിൽക്കുമായിരുന്നില്ല.
രാം മാധവിനെ ബി.ജെ.പി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നിൽ താങ്കൾക്കും റിലയൻസ് വിഷയത്തിനും എന്തെങ്കിലും പങ്കുണ്ടോ?
ഇല്ല, അതിനു വേറെ കാരണങ്ങളുണ്ട്. വേറെ ചില കാര്യങ്ങളിൽ പ്രധാനമന്ത്രി നിരാശയിലായിരുന്നു.
******
മുസ്‌ലിംകളും മോദിയും
പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും നിരന്തരം മുസ്‌ലിംകളെ വേട്ടയാടുന്നു. ബാബറിന്റെ മക്കളെന്ന് വിളിക്കുന്നു. അവരെപ്പറയുമ്പോൾ 'അബ്ബാ ജാൻ' എന്നാണ് യോഗി എപ്പോഴും വിളിക്കാറുള്ളത്. അമിത് ഷായും പ്രധാനമന്ത്രിയും പാകിസ്താനിൽ പോകാൻ പറയുന്നു. വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖബറിസ്ഥാൻ അല്ലെങ്കിൽ ശ്മശാനം എന്ന പരാമർശവും നടത്തി. ഇതൊരു പ്രധാനമന്ത്രി ചെയ്യാൻ പാടുള്ളതാണോ?
ഒരിക്കലുമില്ല. മുസ്‌ലിംകളെ ഇല്ലാതാക്കി ഈ രാജ്യത്തിന് അതിജീവിക്കാൻ കഴിയുമെന്നത് തെറ്റായ ചിന്തയാണ്. അവർ വലിയ സമുദായമാണ്. നല്ല സമൂഹവുമാണ്. ഈ രാജ്യത്തിന് അവർ ഒരുപാട് സംഭാവനകളും അർപ്പിച്ചിട്ടുണ്ട്. അവരുടെ വിശ്വാസമാർജിച്ച് മുന്നോട്ടുപോകണം.
പ്രധാനമന്ത്രിയോട് വിഷയം ചർച്ച ചെയ്തിട്ടുണ്ടോ?
എപ്പോഴും എന്റെ ഉത്തമവിശ്വാസമാണത്. പക്ഷെ, അതുപറഞ്ഞ് ഒരാളുടെ പിന്നാലെ കൂടാനാകില്ല.
മുസ്‌ലിംകളോട് ഇങ്ങനെ പെരുമാറുന്നത് തെറ്റാണോ?
ഇത്രയും വലിയൊരു സമൂഹത്തെ അപരവൽക്കരിക്കുന്നത് ഏതു സർക്കാരിനും നന്നല്ല. അവരെ പുറത്തേക്കെറിയാൻ കഴിയില്ല. അവർക്കൊപ്പം തന്നെ കഴിയണം. അപ്പോൾ പരസ്പരം സ്‌നേഹത്തോടെ ജീവിക്കൂ..
*****
ബി.ബി.സി ഡോക്യുമെന്ററിയും അദാനിയും
ബി.ബി.സി ഡോക്യുമെന്ററിയിലേക്ക് വരാം. അതു സോഷ്യൽ മീഡിയയിൽനിന്ന് നീക്കംചെയ്യാൻ പ്രധാനമന്ത്രി നിർബന്ധിതനായി. മൂന്നാഴ്ചയ്ക്കുശേഷം ബി.ബി.സി ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നു. ഫെമ ലംഘനത്തിന്റെ പേരിൽ ഇ.ഡി ബി.ബി.സിക്കെതിരെ അന്വേഷണം നടത്തുകയാണ്. ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ചതാണോ ഇതെല്ലാം?
അദ്ദേഹത്തിന് ആകാമായിരിക്കും. എന്റെ കണ്ണിൽ അതു തെറ്റാണ്. സത്യത്തിൽ ഒരുപാടുപേർ അതു(ഡോക്യുമെന്ററി) കണ്ടുകഴിഞ്ഞിട്ടുണ്ട്. അതു നിരോധിക്കരുത്. ഏറെ പ്രശസ്തമായ സ്ഥാപനമാണ് ബി.ബി.സി. ഗ്രാമങ്ങളിൽ വരെ ആളുകൾ കാണുകയും ബി.ബി.സിയെ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്.
അദാനി വിവാദത്തിലേക്ക് വരാം. നമ്മുടെ രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും മോശം വിവാദമാണത്. മുൻപൊരിക്കലും ഇങ്ങനെയുണ്ടായിട്ടില്ല. വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി പൂർണമൗനത്തിലാണ്. വിവാദത്തെ ശരിയായ രീതിയിലാണോ അദ്ദേഹം കൈകാര്യം ചെയ്യുന്നത്?
ഒരിക്കലുമില്ല. ഞാനാണ് അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കിൽ ആദ്യദിവസം തന്നെ അദാനിയുമായുള്ള എല്ലാ കൂട്ടും വെട്ടുമായിരുന്നു. ഇത് ഒരുപാട് പരിക്കാണുണ്ടാക്കിയിട്ടുള്ളത്.
1989ൽ ബോഫോഴ്‌സ് കേസ് തെരഞ്ഞെടുപ്പ് വിഷയമാക്കിയാണ് വി.പി സിങ് രാജീവ് ഗാന്ധിയെ തോൽപിച്ചത്. അദാനി ഒരു തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
ഉറപ്പായിട്ടും. അദാനി അവരെ ഇല്ലാതാക്കും. പ്രതിപക്ഷം നേർക്കുനേർ പോരാട്ടത്തിനിറങ്ങിയാൽ അവർക്ക് ജയിക്കാനാകില്ല. അദാനി അവരെ ഇല്ലാതാക്കും. അവരെ പ്രതിപക്ഷമായി പോലും പരിഗണിക്കപ്പെടാത്ത സ്ഥിതിയിലെത്തിക്കും.
രാഹുൽ ഗാന്ധിയുടെ 20,000 കോടി ആരോപണത്തെക്കുറിച്ച്?
അദ്ദേഹത്തിന് മറുപടി പറയാനാകില്ല.
മോദിക്കു പങ്കുണ്ടെന്ന് ജനങ്ങൾ വിശ്വസിക്കുമോ?
അദാനിയുടെ സാമ്പത്തിക ഇടപാടുകളിൽ അദ്ദേഹത്തിനു താൽപര്യമുണ്ടെന്ന് ജനങ്ങൾ വിശ്വസിച്ചുതുടങ്ങിയിട്ടുണ്ട്.
അദ്ദേഹത്തിനു താൽപര്യമുണ്ടെങ്കിൽ ലാഭവുമുണ്ടാകും. ലാഭമുണ്ടെങ്കിൽ പണവും?
നല്ല സാധ്യതയുണ്ട്. മന്ത്രിമാരെല്ലാം അഴിമതിക്കാരാണ്. ഈ പണമെല്ലാം എങ്ങോട്ടാണ് പോകുന്നത്? അദാനിയിലേക്കു തന്നെയാകും.
രാഹുൽ ഗാന്ധിയെക്കുറിച്ചുകൂടി ചോദിച്ചു നിർത്താം. അദ്ദേഹം പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു?
അദ്ദേഹത്തെ പാർലമെന്റിൽ സംസാരിക്കാൻ സമ്മതിച്ചില്ല. പാർലമെന്ററി ജനാധിപത്യത്തിൽ ഇത്രയും തെറ്റായ ഒരു സംഗതി നടന്നിട്ടില്ല. ഞാൻ സ്പീക്കറെ അപലപിക്കുകയല്ല. പക്ഷെ, അതു തെറ്റാണ്.
24 മണിക്കൂർ കൊണ്ട് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. 2016ൽ ഒരു ബി.ജെ.പി എം.പിക്ക് 16 ദിവസം ലഭിച്ചിരുന്നു.
രാഹുൽ ഗാന്ധി അവരെ അസ്വസ്ഥരാക്കുന്നുണ്ട്. വളരെ പ്രസക്തമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം പിടിച്ച കൃത്യമായ സംഗതിയാണ് അദാനി.
സർക്കാർ രാഹുലിനെ പേടിക്കുന്നുണ്ടോ?
അവർക്ക് ഭയമൊന്നുമില്ല. അവർക്ക് അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാകുന്നില്ല. അത് അവരെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
രാജ്യത്തിന്റെ പൾസറിയുന്നയാളാണ് താങ്കൾ. ജനങ്ങൾ ഇപ്പോൾ രാഹുൽ ഗാന്ധിയെ എങ്ങനെയാണ് കാണുന്നത്?
രാജ്യത്തെക്കുറിച്ച് എനിക്കറിയില്ല. പക്ഷെ, (ഭാരത് ജോഡോ) യാത്രയ്ക്കുശേഷം ജനങ്ങൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട്. അദ്ദേഹം 'സമ്പന്ന' ആശയങ്ങളെ ആക്രമിക്കുന്നു. 3,500 കി.മീറ്റർ നടന്ന് അദ്ദേഹം ജനങ്ങളെ കണ്ടു. ശ്രീനഗറിലെത്തിയപ്പോൾ അവരെല്ലാം അദ്ദേഹത്തെ കാണാനെത്തി. മഞ്ഞുവീഴ്ചയിൽ ഒരു കുടയുമില്ലാതെയാണ് അദ്ദേഹം സംസാരിച്ചത്.
(മൊഴിമാറ്റം: മുഹമ്മദ് ശഹീര്‍)
Summary: Excerpt Malayalam translation of explosive interview of Satya Pal Malik with Karan Thapar
Adjust Story Font
16