Quantcast

നെതന്യാഹു - പരാജയങ്ങളുടെ മാസ്റ്റർ | Gaza 100 Days

ജെറുസലേമിലെ തെരുവുകളിൽ ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി

MediaOne Logo
protest against netanyahu in israel
X

‘ഞങ്ങൾക്ക് ഈ യുദ്ധം വേണ്ടായിരുന്നു. അത് ഏറ്റവും ക്രൂരവും നിന്ദ്യവുമായ രീതിയിൽ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടു. ഇസ്രായേൽ ഈ യുദ്ധം ആരംഭിച്ചില്ലെങ്കിലും ഞങ്ങൾ അത് അവസാനിപ്പിക്കും’ -ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രാ​യേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞ വാക്കുകളാണിത്.

പിന്നീടുള്ള നാളുകളിൽ ഇസ്രാലേിന്റെ ഭാഗത്തുനിന്ന് കണ്ടത് മനുഷ്യത്വരഹിതവും അതിക്രൂരവുമായ ആക്രമണമാണ്. അഭയാർഥി ക്യാമ്പുകളും സ്കൂളുകളും ആശുപത്രികളും വരെ ആക്രമിക്കപ്പെട്ടു. ഇൻകുബേറ്ററിൽ ജീവന് വേണ്ടി പോരാടുന്ന പിഞ്ചുപൈതങ്ങൾ വരെ കൊല്ലപ്പെട്ടു. ഹിരോഷിമയിൽ പതിച്ച അണുബോംബിനേക്കാൾ മൂന്നിരട്ടി സ്ഫോടക വസ്തുക്കളാണ് ഗസ്സയുടെ മണ്ണിൽ വർഷിച്ചത്. ബൈബിളിലെ വചനങ്ങൾ വരെ ദുർവ്യാഖ്യാനിച്ച് ഈ പൈശാചിക പ്രവർത്തനങ്ങളെ നെതന്യാഹു ന്യായീകരിച്ചു കൊണ്ടിരുന്നു.

വംശഹത്യയുടെ നാളുകൾ

ഇസ്രായേലിന്റെ ആക്രമണം ആസൂത്രിത വംശഹത്യയിലേക്ക് മാറിയ ഈ ഘട്ടത്തിൽ ബെഞ്ചമിൻ നെതന്യാഹുവ് ജെറുസലേമിലെ തെരുവുകളി​ൽ സ്വന്തം ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടുകയാണ്. സൈനികർ അ​ദ്ദേഹത്തോട് രോഷം കൊള്ളുന്നു, ബന്ധികളുടെ കുടുംബങ്ങൾ പ്രതിഷേധ റാലികൾ നടത്തുന്നു, യുദ്ധകാല മന്ത്രിസഭയിലെ അംഗങ്ങൾ വിമർശനത്തിന്റെ മിസൈലുകൾ വർഷിക്കുന്നു, ലോകരാഷ്ട്ര നേതാക്കൾ മുന്നറിയിപ്പുകൾ നൽകുന്നു. എന്നാൽ, ഇതെല്ലാം കേട്ടഭാവം നടിക്കാതെ നെതന്യാഹു ആക്രണം തുടരാനുള്ള കാരണം ഒന്ന് മാത്രം, പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാതെ യുദ്ധം നിർത്തിയാൽ തന്റെ കസേര തെറിക്കുമെന്നുറപ്പ്.

ഇസ്രായേലിന്റെയും നെതന്യാഹുവിന്റെയും ലക്ഷ്യങ്ങളെല്ലാം വിദൂരമായി തുടരുകയാണ്. ഹമാസിനെ ഇല്ലാതാക്കുമെന്ന് പറഞ്ഞാണ് വ്യോമാക്രമണത്തിനൊപ്പം കരയുദ്ധവും തുടങ്ങുന്നത്. എന്നാൽ, കരളുറപ്പോടെ ഹമാസും ഗസ്സയിലെ ജനതയും ചെറുത്തുനിൽപ്പ് തുടരുന്നു. ഹമാസിന്റെ നേതൃനിരയിലെ രണ്ടാമനായിരുന്നു സാലിഹ് ആറൂറിയെ ​ലെബനാനിൽ വെച്ച് കൊല്ലപ്പെടുത്തിയതാണ് ഇതിനിടിയിൽ ഇസ്രായേലിനുണ്ടായ വലിയ നേട്ടം. ഈ ആക്രണമത്തിന്റെ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാനാകാത്ത പ്രതിസന്ധിയിലാണ് ഇസ്രായേലും നെതന്യാഹും. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഈ ​ആക്രമണത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്താൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ വിയർക്കേണ്ടി വരും.


മന്ത്രിസഭയിലെ പ്രതിസന്ധികൾ

2022 ഡിസംബറിലാണ് അധിനിവേശ രാജ്യത്തിലെ 37ാമത് സർക്കാർ രൂപീകൃതമാകുന്നത്. നാല് വർഷം നീണ്ട പ്രതിസന്ധികൾക്കൊടുവിൽ 120 അംഗ പാര്‍ലമെന്റില്‍ ഏറെ കഷ്ടപ്പെട്ടാണ് നെതന്യാഹു ഭരണത്തിലേറുന്നത്. 64 പേരാണ് നെതന്യാഹുവിനെ പിന്തുണച്ചത്. അദ്ദേഹത്തിന്റെ വലതുപക്ഷ പാർട്ടിയായ ലികുഡ് പാർട്ടിക്ക് 32 എം.പിമാർ മാത്രമാണുണ്ടായിരുന്നത്. കടുത്ത യാഥാസ്ഥിതിക പാര്‍ട്ടികളെയും തീവ്രവലതുപക്ഷ പാര്‍ട്ടികളെയും ചേർത്ത് ഭരണത്തിലേറുകയായിരുന്നു നെതന്യാഹു. അന്ന് തുടങ്ങിയതാണ് പ്രതസന്ധികൾ. ഇപ്പോഴത് മൂർച്ഛിച്ചിരിക്കുന്നു.

ഒക്ടോബർ ഏഴിന് ശേഷം യുദ്ധകാല സർക്കാർ രൂപവത്കരിക്കുകയുണ്ടായി. ഇതിനകത്ത് കടുത്ത ഭിന്നതയാണ്. സഖ്യകക്ഷിയിലുള്ള നാഷനൽ യൂനിറ്റി പാർട്ടിയിലെ മൂന്നു മന്ത്രിമാർ കഴിഞ്ഞദിവസം മ​ന്ത്രിസഭ യോഗം ബഹിഷ്കരിച്ചു. മുൻ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സ് ഉൾപ്പെടെയുള്ളവരാണ് ബഹിഷ്കരിച്ചത്. തീവ്ര വലതുപക്ഷക്കാരനായ ദേശസുരക്ഷ മന്ത്രി ഇതമർ ബെൻഗ്വിർ ഉൾപ്പെടെ നെതന്യാഹുവിന് എതിരാണ്. യുദ്ധകാല സർക്കാറിലെ പല നിലപാടുകളോടും തീവ്രവലതുപക്ഷ നേതാക്കൾക്ക് കടുത്ത വിയോജിപ്പാണ്.

ഒക്ടോബർ ഏഴിലെ ആക്രമണം തടയാൻ കഴിയാതിരുന്ന നെതന്യാഹു രാജിവെക്കണമെന്ന ആവശ്യമുന്നയിച്ചത് പ്രതിപക്ഷ നേതാവ് യാഇർ ലാപിഡ് ആണ്. നെതന്യാഹുവിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും മറ്റൊരു പ്രധാനമന്ത്രിക്കു കീഴിൽ പുതിയ സർക്കാർ രൂപവത്കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ജുഡീഷ്യറിയുടെ അധികാരങ്ങൾ കവർന്നെടുത്ത് പാർലമെന്റ് പാസാക്കിയ ജുഡീഷ്യൽ പരിഷ്‍കരണ നിയമം ഇസ്രായേൽ സുപ്രീംകോടതി തള്ളിയതും നെതന്യാഹുവിന് കനത്ത തിരിച്ചടിയായി. ഹമാസുമായുള്ള യുദ്ധം തുടരുന്നതിനിടെയാണ് ഈ വിധിയും വരുന്നത്.

ഇരുട്ടിൽ തപ്പുന്ന അധിനിവേശ സൈന്യം

ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കാൻ സാധിക്കാത്തത് നെതന്യാഹുവിന് നാണക്കേടായി തുടരുകയാണ്. ബ​ന്ദി​ക​ളു​ടെ കു​ടും​ബങ്ങൾ സ​ർ​ക്കാ​റി​നെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. നെതന്യാഹുവിന്റെ വസതിയിലേക്കും ഓഫിസിലേക്കുമെല്ലാം ആയിരങ്ങൾ പ​ങ്കെടുത്ത് നടത്തിയ മാർച്ച് ഇസ്രായേലിനെ തന്നെ പ്രകമ്പനം കൊള്ളിച്ചു. ​ഹമാസ് ബന്ധികളാക്കിയവരെ എത്രയും വേഗത്തിൽ മോചിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആക്രമണത്തിന്റെ നൂറാം നാളിലും ലക്ഷങ്ങൾ പ​ങ്കെടുക്കുന്ന പ്രതിഷേധ റാലിയാണ് ഇസ്രായേലിൽ അരങ്ങേറുന്നത്.


എന്നാൽ, ബന്ദികൾ എവിടെയാണെന്നറിയാതെ ഇരുട്ടിൽതപ്പുകയാണ് ഇസ്രായേൽ അധിനിവേശ സൈന്യവും നെതന്യാഹുവും. താൽക്കാലിക വെടിനിർത്തൽ കരാർ വഴി 78 ഇസ്രായേലികളെയാണ് ഹമാസ് മോചിപ്പിച്ചത്. എന്നാൽ, ഇതിന്റെ മൂന്നിരട്ടി ഫലസ്തീനികളെ ഇസ്രായേലിനും മോചിപ്പിക്കേണ്ടി വന്നു. കൂടാതെ മൂന്ന് ബന്ദികൾ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതും വലിയ പ്രതിഷേധത്തിന് വഴിവെച്ചു.

യുദ്ധത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സൈനികരെ സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രിക്ക് വലിയ അവഹേളനമാണ് നേരിട്ടത്. ഞങ്ങളെ കാണാൻ വരരുത് എന്ന് രാജ്യത്തിന്റെ സൈനികർ രോഷത്തോടെ പ്രതികരിച്ചു. ഗസ്സയിൽ വംശഹത്യക്ക് നേതൃത്വം നൽകുന്ന നെതന്യാഹു ജൂതനല്ല, ഹിറ്റ്ലറുടെ പിൻഗാമിയായ നാസിയാണെന്നാണ് യൂറോപ്പിലെ ജൂതൻമാർ വിശേഷിപ്പിച്ചത്.


തിരിച്ചടിയാകുന്ന സർവേകൾ

പ്രത്യേകിച്ച് ഒരു ലക്ഷ്യബോധവും യുദ്ധതന്ത്രവുമില്ലാതെയാണ് ഇസ്രായേൽ ഹമാസിനെതിരെ ആക്രമണത്തിന് ഇറങ്ങിയത്. ശത്രുവിനെതിരായ യുദ്ധത്തിൽ മുന്നിൽനിന്ന് നയിക്കേണ്ട പ്രധാനമന്ത്രിയും മുൻ സൈനിക ഉദ്യോഗസ്ഥനുമായ നെതന്യാഹുവിനെ ജനങ്ങൾ ഈ അവസരത്തിൽ ക്രൂശിക്കുമ്പോൾ തന്നെ മനസ്സിലാകും, അദ്ദേഹം ആ നാടിന് എത്രത്തോളം അനഭിമതനായി എന്ന്.

യുദ്ധസമയത്തെ നെതന്യാഹുവിന്‍റെ പ്രവർത്തനത്തിൽ ഭൂരിഭാഗം ഇസ്രായേലികളും അസംതൃപ്തരാണെന്ന സർവേ റിപ്പോർട്ടുകൾ പലതവണ പുറത്തുവന്നു. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റ് കോർപറേഷൻ നടത്തിയ സർവേയിൽ പങ്കെടുത്ത 64 ശതമാനം പേരും നെതന്യാഹുവിന്‍റെ പ്രവർത്തനം മോശമാണെന്ന് വിലയിരുത്തി. 25 ശതമാനം പേർ മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നാഷനൽ യൂനിറ്റി പാർട്ടി 33 സീറ്റുകളിൽ ജയിക്കുമെന്ന് സർവേ പറയുന്നു. 20 സീറ്റുകളിലാണ് നെതന്യാഹുവിന്‍റെ ലികുഡ് പാർട്ടിയുടെ വിജയസാധ്യത. മറ്റൊരു സർവേ ചൂണ്ടിക്കാട്ടുന്നത്, ഗസ്സ അധിനിവേശത്തിന് ശേഷം ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു തുടരണമെന്ന് ആഗ്രഹിക്കുന്നത് 15 ശതമാനം പേർ മാത്രം.

ഇസ്രായേലിനെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പ്രധാനമന്ത്രിയും തുടര്‍ച്ചയായി മൂന്നു തവണ ഈ പദവിയിലിരുന്ന നേതാവും നെതന്യാഹുവാണ്. എന്നാൽ, കഴിഞ്ഞദിവസം ഇസ്രായേൽ പത്രമാമായ ഹാരറ്റ്സ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘പരാജയങ്ങളുടെ മാസ്റ്റർ’ എന്നായിരുന്നു. അതെ, ഈ യുദ്ധം അവസാനിക്കുമ്പോൾ നിരവധി പേരെ കൊന്ന് ഒരു നാടിനെയാകെ ചാമ്പലാക്കിയിട്ടും ലക്ഷ്യങ്ങളൊന്നും കാണാൻ കഴിയാത്ത പരാജയങ്ങളുടെ മാസ്റ്ററായിട്ടാകും നെതന്യാഹുവിനെ ചരിത്രം അടയാളപ്പെടുത്തുക.

TAGS :

Next Story