ഗസ്സയുടെ പുതിയ ഭൂപടം | Gaza 100 Days |
കാലങ്ങളായി ദുരന്തങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചുവരുന്നവരാണെങ്കിലും ചെറുത്തുനിൽപ്പിന്റെ ആത്മാവിനെ തളർത്താനോ വീഴ്ത്താനോ സയണിസ്റ്റുകൾക്കായിട്ടില്ല എന്നതാണ് യുദ്ധം നൂറിലേക്ക് എത്തുമ്പോഴും ബാക്കിയാവുന്നത്.
ആവശ്യത്തിന് വെള്ളവും ഭക്ഷണവും കിട്ടാത്ത, താമസം ദുഷ്‌കരമായ ഒരിടത്ത് ഒരു ദിവസമെങ്കിലും കഴിച്ചുകൂട്ടിയിട്ടുണ്ടോ? മയക്കത്തിലേക്ക് വീണുപോകുമ്പോൾ ബോംബ് വീഴുന്നതിന്റെ ഭീകരമായ ശബ്ദം വെടിച്ചില്ലു പോലെ തുളഞ്ഞു കയറുന്നത് അനുഭവിച്ചിട്ടുണ്ടോ? - ഉണ്ടാകില്ല. അവിടെയാണ് ഗസ്സ വ്യത്യസ്തമാകുന്നത്. ഗസ്സയിലെ ഇസ്രായേൽ യുദ്ധം തുടങ്ങിയിട്ട് കലണ്ടറിൽ നൂറു ദിനമായെങ്കിലും ഈ ജനതയുടെ സ്വച്ഛതയിലേക്ക് ഇസ്രായേൽ പീരങ്കി കയറ്റിക്കളിച്ചു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നിട്ടും, ഈ യാതനാപർവങ്ങൾക്കിടയിലും കൈവിടാൻ കൂട്ടാക്കാത്ത പ്രത്യാശയുടെ കൂടി പേരാണ് ഗസ്സ.
കൊച്ചു തുരുത്തിലേതെന്ന പോലെ ഏകദേശം 23 ലക്ഷത്തിനടുത്താണ് ഗസ്സയിലെ ജനസംഖ്യ. ഓരോ നിമിഷവും മരിച്ചുവീഴുന്നവരുടെ എണ്ണം കൂടുതലായതിനാൽ ഒടുവിലത്തെ ജനസംഖ്യാ കണക്കൊന്നും ആകില്ല യഥാർഥത്തിൽ. ഇസ്രായേൽ കടന്നാക്രമണത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപത്തിനാലായിരത്തിലേക്ക് അടുക്കുകയാണ്. കാണാതായവർ ഏകദേശം ഏഴായിരത്തിനടുത്ത് വരും. ആക്രമണങ്ങളും അധിനിവേശങ്ങളും ഏറെ കണ്ട ഗസ്സക്കാർ, തുടർച്ചായി 100 ദിനങ്ങളാൽ ഇതിന് മുമ്പ് ഇങ്ങനെ തളര്‍ന്നിട്ടുണ്ടാകില്ല.
സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് ഗസ്സയെ ഇല്ലാതാക്കുക എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടി കറങ്ങുകയാണ് ഇസ്രായേൽ. അതിൽ ആ ജനത അനുഭവിക്കുന്നത് സമാനതകളില്ലാത്തതും സങ്കൽപ്പിക്കാൻ പോലും പറ്റാത്ത ദുരിതങ്ങൾ
ഗസ്സയെ ആളില്ലാ പ്രദേശമാക്കി മാറ്റുമെന്നാണ് ഇസ്രായേൽ ആവർത്തിക്കുന്നത്. ആ വഴിക്കാണോ കാര്യങ്ങൾ? അമ്പരപ്പിക്കുന്ന ചെറുത്തുനിൽപ്പിനൊടുവിലും ഗസ്സയ്ക്ക് സംഭവിക്കുന്നത് തീരാനഷ്ടങ്ങളാണ്. മുൻ ആക്രമണങ്ങളിൽ നിന്നെന്ന പോലെ കരകയറാനാകുമോ എന്നാണ് സമാധാനം ആഗ്രഹിക്കുന്നവർ ഉറ്റുനോക്കുന്നത്.
ഫലസ്തീൻ ഇല്ലാത്തൊരു ഭൂപടമായിരുന്നു ഐക്യരാഷ്ട്ര സഭയുടെ 78ാമത് ജനറൽ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉയർത്തിക്കാട്ടിയിരുന്നത്. വംശഹത്യക്ക് കോപ്പുകൂട്ടിയ നെതന്യാഹുവിനും സംഘത്തിനും അത് അത്ര എളുപ്പമല്ലെന്ന് ബോധ്യമായി. അസാമാന്യ ധൈര്യത്തോടെ ഇസ്രായേൽ പട്ടാളക്കാരുടെ ആധുനിക യന്ത്രങ്ങൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കുന്ന ജനതയേയാണ് കണ്ടത്. കയ്യിൽ കിട്ടിയ ആയുധവുമേന്തി അവർ പോരാടിയപ്പോൾ യുദ്ധം നൂറാം ദിനത്തിലെത്തി. ഇസ്രായേൽ പോലും കരുതിയിട്ടുണ്ടാവില്ല, യുദ്ധം ഇങ്ങനെ നീണ്ടുപോകുമെന്ന്. ഇപ്പോഴിതാ യുദ്ധം അവസാനിക്കാൻ സമയമെടുക്കുമെന്ന് നെതന്യാഹു തന്നെ പറയുന്നു.
വർഷങ്ങളായി ഇസ്രായേൽ ഉപരോധത്തിന് കീഴിലാണ് ഗസ്സ. സഞ്ചാര സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ട് ഞെരുങ്ങിക്കഴിയുകയായിരുന്നു അവിടുത്തുകാർ. ഇന്ന് ഗസ്സ എന്ന പേര് മാത്രമെയുള്ളൂ. ബാക്കിയുള്ള അടയാളങ്ങളെല്ലാം ഇസ്രായേൽ തകർത്തിട്ടു. ആ ജനതയെ സ്വന്തം നാട്ടിൽ നിന്നും പുറംതള്ളുകയാണ് ഇസ്രായേൽ. ഇങ്ങനെ ഒഴിപ്പിച്ച് വടക്കൻ ഗസ്സ തങ്ങളുടെ നിയന്ത്രണത്തിലായെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. തെക്കൻ ഗസ്സയിലോട്ടാണ് ആട്ടിപ്പായിക്കുന്നത്. അവിടെയും സുരക്ഷിതമല്ല, തങ്ങളുടെ തലക്ക് മീതെ മിസൈലുകൾ തക്കംപാർത്തിരിക്കുകയാണെന്ന് അവർക്കറിയാം.
നരഗതുല്യമാണിപ്പോൾ ഗസ്സ. സമ്പദ് വ്യവസ്ഥ ഏറക്കുറെ നിലച്ചു. എന്തുചെയ്യണമെന്നറിയാത്തവരാണ് അധികവും. സുമനസുകൾ നീട്ടുന്ന ഭക്ഷണപ്പൊതിയിലേക്കാണ് കണ്ണുവെച്ചിരിക്കുന്നത്. ജനസംഖ്യയുടെ പകുതിയോളം പേർ തൊഴിൽ രഹിതർ. യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് അറുപത് ശതമാനത്തിലധികം. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം കണക്കനുസരിച്ച് ഫലസ്തീൻ ജനതയുടെ വലിയൊരു വിഭാഗം ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്. പട്ടിണി അനുഭവിക്കുന്നവരിൽ 90 ശതമാനവും ഗസ്സയിലാണ് താമസിക്കുന്നത്.
വൈദ്യുതിയും ഇന്ധനവുമില്ലാതെ ആശുപത്രികൾ പോലും നിലച്ചതാണ്. 2023ൽ ഗസ്സയിൽ പ്രതിദിനം 13 മണിക്കൂർ വൈദ്യുതി മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇതിലും കുറഞ്ഞ വൈദ്യുതി ഉണ്ടായ കാലയളവും ഉണ്ടായിട്ടുണ്ട്. ജലവിതരണത്തേയും ശുചീകരണ പ്രവർത്തനങ്ങളെയും കാര്യമായി തന്നെ ഈ ഊർജ പ്രതിസന്ധി ബാധിച്ചു. ഇതോടെ പകർച്ച രോഗങ്ങളിലേക്കും എത്തി. ഗസ്സയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ രോഗങ്ങളുടെയും പ്രധാന കാരണമായി പറഞ്ഞിരുന്നത് ശുദ്ധ ജലത്തിന്റെ അഭാവമായിരുന്നു. ശുദ്ധജല പ്ലാന്റുകളെയും ഇത്തിരി സമാധാനം കിട്ടുന്ന ഇടങ്ങളൊക്കെയും ഇസ്രായേൽ നശിപ്പിച്ചു. ആശുപത്രികൾ അഭയകേന്ദ്രമാകുന്നുവെന്ന് കണ്ടാണ് അവിടേക്കും ഇസ്രായേൽ റോക്കറ്റുകൾ അയച്ചത്.
അനിവാര്യമായ പലതും നഷ്ടപ്പെട്ടതിന്റെ വേദനയിൽ കടുത്ത മാനസിക പ്രയാസങ്ങളാണ് യുവാക്കൾ അനുഭവിക്കുന്നത്. എന്നിട്ടും അവർ പൊരുതുന്നു എന്നതാണ് ഈ ജനതയെ വ്യത്യസ്തമാക്കുന്നത്.
കാലങ്ങളായി ദുരന്തങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചുവരുന്നവരാണെങ്കിലും ചെറുത്തുനിൽപ്പിന്റെ ആത്മാവിനെ തളർത്താനോ വീഴ്ത്താനോ സയണിസ്റ്റുകൾക്കായിട്ടില്ല എന്നതാണ് യുദ്ധം നൂറിലേക്ക് എത്തുമ്പോഴും ബാക്കിയാവുന്നത്.
എല്ലാത്തരം ഭീകരതകളെയും അതിജീവിക്കുന്ന തരത്തിലുള്ള ഭൗതിക സംവിധാനങ്ങളാണ് ഗസ്സയുടെ പ്രത്യേകത. ഒന്നുമില്ലായ്മയിൽ നിന്ന് മറികടന്നത് ആ ജനതയുടെ നിശ്ചയദാർഢ്യംകൊണ്ടായിരുന്നു. പൊട്ടിച്ചിതറിയ മിസൈലുകളുടെയും ഗ്രനേഡുകളുടെയും അവശിഷ്ടങ്ങളിൽ നിന്ന് സാധനങ്ങളെടുത്ത് പോരാടിയ ചരിത്രം അന്നാട്ടുകാർക്ക് ഉണ്ട്.
ആക്രമണവും കനത്ത ഉപരോധവുമൊക്കെ നടക്കുമ്പോഴും നാട്ടുകാരെ ആഹ്ലാദകരമാക്കാൻ ഭരണസംവിധാനമായ ഹമാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു . മിസൈലുകൾ ഓരോന്ന് വീഴുമ്പോഴും അവരുടെ ഭരണ സംവിധാനത്തെ പോറലേൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഗസ്സയുടെ ആസ്ഥാനത്തുള്ള ഫയലുകൾ ഓരോ ദിവസവും ഡിജിറ്റിലായി സൂക്ഷിച്ച് ഓരോ കാര്യങ്ങൾ വിലയിരുത്തുന്നുണ്ടായിരുന്നു.
ഇതിന് മുമ്പത്തെ ആക്രമണങ്ങളിലും കെട്ടിടങ്ങൾ തകർന്നടിഞ്ഞിരുന്നുവെങ്കിലും എളുപ്പത്തിൽ പുനർനിർമിക്കാന്‍ കഴിഞ്ഞിരുന്നു. ഇക്കാരണങ്ങളൊക്കൊ കൊണ്ടാണ് ഒരു വിധത്തിലും എഴുന്നേൽക്കാതിരിക്കാനാകാത്ത വിധം 2023ൽ എല്ലാ നിലക്കും ഇസ്രായേൽ ആക്രമിക്കുന്നത്. പഴയതുപോലെ പിടിച്ചുനിൽക്കാൻ ആ ജനതക്ക് ആകുമോ എന്നാണ് അറിയേണ്ടത്.
Adjust Story Font
16