തട്ടാൻപെട്ടിവരവിൽ ഒന്നായി ഒഴുകുന്ന മലപ്പുറം
''പെട്ടികൾ പിടിച്ച് അവർ മുന്നിൽ നടക്കും. പിറകിൽ എല്ലാവരും ജാറത്തിന്റെ അങ്ങോട്ട് നീങ്ങുക. ഇത് മലപ്പുറത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന്റെ ഏറ്റവും വലിയ സംഭവമാണ്...'' കൂട്ടത്തിലൊരാൾ എണീറ്റുനിന്ന് പറഞ്ഞു. തട്ടാൻ കുഞ്ഞേലുവിന്റെ പിന്മുറക്കാരിൽ പ്രധാനിയായ രാധാകൃഷ്ണൻ എന്ന മണിയുടെ നേതൃത്വത്തിൽ കുടുംബക്കാരും നാട്ടുകാരും അണിയണിയായി മലപ്പുറം വലിയ പള്ളി ജാറത്തിലേക്ക് നടന്നുനീങ്ങി
- Updated:
2022-04-05 17:27:19.0
മലപ്പുറം കിഴക്കേതലക്കലെ പ്രധാന റോഡിൽനിന്ന് അങ്ങാടിത്തലക്കൽ തറവാട്ടിലേക്ക് ഒരു ഇടവഴിയാണുള്ളത്. മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞ്, ഏഴുമണിയായതോടെ ഈ വഴിയും റോഡും ആളുകളെക്കൊണ്ട് നിറഞ്ഞു. റോഡുവക്കിൽ പൂത്തിരിയും പൂക്കുറ്റിയും വെളിച്ചം വിതറുന്നു. അങ്ങാടിത്തലക്കൽ തറവാടിന്റെ സ്വീകരണമുറിയിൽ ഉസ്താദും നാട്ടുകാരും കുടുംബാംഗങ്ങളും ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നു. സ്വീകരണമുറിയിൽനിന്ന് മുകളിലേക്ക് കയറാനുള്ള പഴയ മരത്തിന്റെ കോണിയിൽ സ്ത്രീകളും കുട്ടികളും നിൽക്കുന്നു. നെയ്യപ്പം നിറച്ച പെട്ടികൾ നിലത്തുവച്ചിരിക്കുന്നു. വന്നവർക്ക് നെയ്യപ്പവും കട്ടൻചായയും വിതരണം ചെയ്യുന്നു.
''പെട്ടികൾ പിടിച്ച് അവർ മുന്നിൽ നടക്കും. പിറകിൽ എല്ലാവരും ജാറത്തിന്റെ അങ്ങോട്ട് നീങ്ങുക. ഇത് മലപ്പുറത്തിന്റെ മതസൗഹാർദ പാരമ്പര്യത്തിന്റെ ഏറ്റവും വലിയ സംഭവമാണ്...''
കൂട്ടത്തിലൊരാൾ എണീറ്റുനിന്ന് പറഞ്ഞു. തട്ടാൻ കുഞ്ഞേലുവിന്റെ പിന്മുറക്കാരിൽ പ്രധാനിയായ രാധാകൃഷ്ണൻ എന്ന മണിയുടെ നേതൃത്വത്തിൽ കുടുംബക്കാരും നാട്ടുകാരും അണിയണിയായി മലപ്പുറം വലിയ പള്ളി ജാറത്തിലേക്ക് നടന്നുനീങ്ങി.
തട്ടാൻ പെട്ടിവരവ്
1732ൽ മലപ്പുറത്ത് നടന്ന പോരാട്ടത്തിൽ 44 മാപ്പിളമാരോടൊപ്പം രക്തസാക്ഷിയായ തട്ടാൻ കുഞ്ഞേലുവിന്റെ ഓർമയിൽ, നൂറ്റാണ്ടുകളായി നടക്കുന്ന ആചാരമാണ് തട്ടാൻ പെട്ടിവരവ്. കുഞ്ഞേലുവിന്റെ പിന്മുറക്കാരൻ രാധാകൃഷ്ണൻ എന്ന മണിയുടെ വീട്ടിൽനിന്ന് നെയ്യപ്പം നിറച്ച പെട്ടികളുമായി കുടുംബക്കാരും നാട്ടുകാരും വലിയങ്ങാടി പള്ളിയിലെ ജാറത്തിലേക്ക് നടന്നുനീങ്ങുന്നതും അവിടെവച്ച് ഉസ്താദിന്റെ നേതൃത്വത്തിൽ പ്രാർത്ഥിക്കുന്നതുമാണ് പ്രധാന ചടങ്ങ്.
തട്ടാൻ കുഞ്ഞേലുവിന്റെ എല്ലാ കുടുംബങ്ങളിൽനിന്നും നെയ്യപ്പമുണ്ടാക്കി തറവാട്ടിലെത്തിക്കും. അതാണ് അവിടെ കൂടിയവർക്ക് വിതരണം ചെയ്യുന്നതും പെട്ടികളിലാക്കി ജാറത്തിലേക്ക് കൊണ്ടുപോകുന്നതും. വൈകുന്നേരമാണ് ചടങ്ങുകൾ ആരംഭിക്കുക. വലിയങ്ങാടി പള്ളിയിൽനിന്ന് ഒരു ഉസ്താദ് തറവാട്ടിൽ വരും. നാട്ടുകാരും കുടുംബക്കാരുമെല്ലാം അവിടെ കൂടിയിട്ടുണ്ടാകും. രാധാകൃഷ്ണൻ എന്ന മണി കുടുംബത്തിലെ ചെറിയവരും വലിയവരുമായ എല്ലാവരുടെയും കയ്യിൽ നെയ്യപ്പം നിറച്ച പെട്ടി വച്ചുകൊടുക്കുന്നു. ഓരോരുത്തരായി പെട്ടികൾ ചുമന്ന് മുന്നിൽ നടക്കുന്നു. ജാറം എത്തുന്നതുവരെ വഴിയിൽ ആളുകൾ കാത്തുനിൽക്കുന്നത് കാണാം.
പതുക്കെ നടന്നുനീങ്ങി എട്ടുമണിയോടെ ജാറത്തിൽ എത്തുന്നു. തട്ടാൻ കുഞ്ഞേലു അടക്കമുള്ള രക്തസാക്ഷികളെ ഖബറടക്കിയ സ്ഥലത്തോടു ചേർന്ന കെട്ടിടത്തിൽ നെയ്യപ്പം നിറച്ച പെട്ടികൾ കൊണ്ടുപോയി വെക്കുന്നു. അവിടെവച്ച് ഉസ്താദ് മലയാളത്തിലും അറബിയിലുമായി പ്രാർത്ഥിക്കുന്നു. മുന്നിൽ നിൽക്കുന്നത് കുടുംബാംഗങ്ങളായിരിക്കും. പിറകിൽ നാട്ടുകാരും. എല്ലാവരും ഒരുപോലെ കൈകളുയർത്തി ആമീൻ പറയുന്നു. 'ജീവിതത്തിൽ നന്മ വരണേ, മതസൗഹാർദം നിലനിർത്തണേ..' എന്നൊക്കയാണ് ഉസ്താദിന്റെ പ്രാർത്ഥന.
മുറ്റമില്ലാത്ത വീടുകൾ
അങ്ങാടിത്തറവാട്ടിൽനിന്ന് വലിയ പള്ളി ജാറത്തിലേക്ക് നടന്നുനീങ്ങുമ്പോൾ റോഡിന്റെ ഇരുവശത്തുമായി കാണുന്ന വലിയങ്ങാടിയിലെ വീടുകൾക്ക് പ്രത്യേകതകളുണ്ട്. വാതിൽ തുറന്നാൽ നേരെ റോഡിലേക്കായി പോകുന്ന വീടുകളാണ് ഒരോന്നും.
മുറ്റമില്ലാത്ത വീടുകൾ. പുരാതനമായ ഈ വീടുകൾക്കിടയിൽ മതിലുകളില്ല എന്ന പ്രത്യേകതയുമുണ്ട്. പരസ്പരം ചേർന്നുകിടക്കുന്ന ജീവിതങ്ങൾ. ഒരു കാലത്ത് പ്രതാപത്തോടെ വാണിജ്യലോകത്ത് തലയുയർത്തി നിന്നിരുന്ന അങ്ങാടിയായിരുന്നു ഇത്. വലിയങ്ങാടി എന്ന പേരിൽ തന്നെ അത് വ്യക്തമാണ്.
മലപ്പുറംപട
പ്രശസ്ത മാപ്പിളകവി മോയിൻകുട്ടി വൈദ്യർ 1879ൽ എഴുതിയ മലപ്പുറം പടപ്പാട്ടിലൂടെയാണ് മലയാളിക്ക് ഈ ചരിത്രസംഭവം സുപരിചിതമാകുന്നത്. 1732ൽ നടന്ന സംഭവം ഒന്നരനൂറ്റാണ്ടിനുശേഷം വൈദ്യർ പ്രമേയവത്കരിക്കുകയായിരുന്നു. മലപ്പുറം നാടുവാഴിയായിരുന്ന പാറനമ്പിയും മുസ്‌ലിംകളും തമ്മിൽ നിലനിന്നിരുന്ന സൗഹൃദം ചില തെറ്റിദ്ധാരണകൾ മൂലം ഉലഞ്ഞുപോയതാണ് മലപ്പുറം പടിയിലേക്ക് നയിച്ചത്.
പാറനമ്പിയുടെ കരംപിരിവുകാരനായിരുന്നു വള്ളുവനാട് സ്വദേശി അലിമരയ്ക്കാർ. കരം കൊടുക്കാത്തവരെ ആക്രമിക്കാനും വധിക്കാനും വരെ പാറനമ്പി അലിമരയ്ക്കാർക്ക് അധികാരം കൊടുത്തിരുന്നു. എന്നാൽ, കരം കൊടുക്കാത്തതിന്റെ പേരിൽ പാറനമ്പിയുടെ അകന്ന ബന്ധത്തിൽപ്പെട്ട ഒരാളെ ബന്ധനസ്ഥനാക്കി അലിമരയ്ക്കാർ. നടപടിക്കെതിരെ പാറനമ്പിയുടെ അടുത്തുചെന്ന് കുടുംബക്കാർ പരാതി പറഞ്ഞു. മരയ്ക്കാർ തന്നെക്കാൾ വലുതാകുന്നുണ്ടെന്ന് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു.
ഇത് പാറനമ്പിയുടെ സൈന്യവും അലിമരയ്ക്കാരും തമ്മിലു ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഏറ്റുമുട്ടലിൽ അലിമരയ്ക്കാരും സഹായി കുഞ്ഞഹമ്മദും രക്തസാക്ഷികളാവുകയും ചെയ്തു. സംഭവത്തിൽ പാറനമ്പിയുടെ പടയാളികൾക്കും കനത്ത നാശനഷ്ടമുണ്ടായി. ഇത് പാറമ്പിക്ക് മുസ്‌ലിംകളോടുള്ള വിദ്വേഷം വർധിപ്പിച്ചു. മുസ്‌ലിംകളെ നാട്ടിൽനിന്ന് തുരത്താനും പള്ളി നശിപ്പിക്കാനും പാറനമ്പി തീരുമാനിച്ചു.
പള്ളി സംരക്ഷിക്കാനും ആക്രമം തടയാനുമായി ഏതാനുംപേർ പള്ളിയിൽ നിലയുറപ്പിച്ചിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പള്ളിയിലുണ്ടായിരുന്ന 44 മാപ്പിളമാരും രക്തസാക്ഷികളായി. ഇതിൽ മാപ്പിളമാർക്കൊപ്പം ചേർന്ന് രക്തസാക്ഷിയായ ഒരാളാണ് തട്ടാൻ കുഞ്ഞേലു. അവർണ വിഭാഗത്തിലെ മുകുന്ദൻ, അറുമുഖൻ എന്നിവരും പാറനമ്പിക്കെതിരെ മാപ്പിളമാർക്കൊപ്പം നിലയുറപ്പിച്ചിരുന്നു.
ഒന്നായി ഒഴുകുന്നു
മലപ്പുറംപടയിൽ രക്തസാക്ഷികളായ മാപ്പിളമാർക്കൊപ്പം, നൂറ്റാണ്ടുകളായി ഓർമിക്കുന്ന ഒരു പേരാണ് തട്ടാൻ കുഞ്ഞേലുവിന്റേത്. ആരവങ്ങളോടെ മലപ്പുറം നേർച്ച കൊണ്ടാടിയിരുന്ന കാലത്ത് തട്ടാൻപെട്ടിവരവ് നേർച്ചയുടെ ഭാഗമായിരുന്നു. നേർച്ച രൂപംമാറിയതോടെ മറ്റൊരു സമയത്തായി, ഈ ചടങ്ങ്.
മാർച്ച് 27നായിരുന്നു ഈ വർഷത്തെ ചടങ്ങ്. രാത്രിയുടെ ഇരുട്ടിനെ കീറിമുറിച്ച്, എല്ലാ വിഭാഗം മനുഷ്യരും ഒന്നായി ഒഴുകുന്ന ഒരു ചടങ്ങ് വർത്തമാനകാലത്ത് കൂടുതൽ വെളിച്ചമുള്ളതായി മാറുന്നു. മനുഷ്യർ സ്വാഭാവികമായി പെരുമാറിയ കാലത്ത് തുടങ്ങിയ ആചാരം അസ്വാഭാവികതയുടെ വിത്തുകൾ കേടാകാതെ കിടക്കുന്ന സന്ദർഭത്തിൽ ഒരു വേനൽമഴയുടെ കുളിര് കൈമാറുന്നു. കേന്ദ്രഭരണകൂടം പൗരത്വനിയമവുമായി ബന്ധപ്പെട്ട് ആശങ്കയുണ്ടാക്കിയ സമയത്ത് അതിനെതിരെ ബാനർപിടിച്ച് ഒരു കുടുംബം ഒന്നടങ്കം തെരുവിലിറങ്ങി എന്ന പ്രത്യേകത അങ്ങാടിത്തലക്കൽ തറവാടിനുണ്ട്.
വിഭാഗീയതകളില്ലാത്ത നല്ലമനുഷ്യരുടെ നാടിനെയാണ് അവരും നാട്ടുകാരും എല്ലാവരും കിനാവ് കാണുന്നത്. വർഷംതോറും മലപ്പുറം വലിയങ്ങാടി ജാറത്തിലേക്ക് കൈകോർത്ത് നടക്കുന്നത്, അതിന്റെ സാഫല്യമാണ്.
Summary: Thattanpettivaravu and Malappuram Pada: A history of communal harmony
Adjust Story Font
16