ഇന്ത്യൻ ക്രിക്കറ്റ് മറക്കാനാഗ്രഹിക്കുന്ന വർഷം, തലയെടുപ്പോടെ കോഹ്‌ലി, വമ്പ് കാട്ടി കംഗാരുപ്പട; 2023 മറയുമ്പോൾ ക്രിക്കറ്റിൽ സംഭവിച്ചത്... | Year Ender 2023 |
ഏകദിന ലോകകപ്പിനൊരുങ്ങും മുമ്പെ തന്നെ ആസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യക്ക് വലിയൊരു അടി ലഭിച്ചിരുന്നു
2023ലെ ക്രിക്കറ്റിനെ ഓർത്തെടുക്കുകയാണെങ്കിൽ ഇന്ത്യക്ക് ഒട്ടും സുഖമുള്ള കാര്യങ്ങളല്ല സംഭവിച്ചത്. മറക്കാൻ ആഗ്രഹിക്കുന്ന വർഷമാണ് പിന്നിലോട്ട് പോകുന്നത്. ഐ.സി.സിയുടെ രണ്ട് പ്രധാന ഇവന്റുകൾ കഴിഞ്ഞ വർഷമാണ് 2023. അതിലൊന്ന് കഴിഞ്ഞ വർഷത്തിന്റെ(2022) ബാക്കിയിരിപ്പായ ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പിന്റെ ഫൈനലാണെങ്കിൽ മറ്റൊന്ന് ഏകദിന ലോകകപ്പ് ക്രിക്കറ്റാണ്. രണ്ടും ഇന്ത്യ മറക്കാൻ ആഗ്രഹിക്കുന്നതും.
ഏഷ്യാകപ്പിലെ 'പൊളപ്പൻ' വിജയം ആണ് ഈ വർഷം ഇന്ത്യൻ ക്രിക്കറ്റിന് അഭിമാനിക്കാനുള്ളത്. ഐപിഎല്ലുൾപ്പെടെ വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ പെൺപുലികൾ ഉയരങ്ങൾ കയറുന്നതും ഈ വർഷം കണ്ടു. കഴിഞ്ഞ വർഷം ക്രിക്കറ്റിൽ സംഭവിച്ച പ്രധാന സംഭവങ്ങൾ പരിശോധിക്കുകയാണ് ഇവിടെ...
ഏകദിന ലോകക്രിക്കറ്റിലെ 'ആറാം തമ്പുരാക്കന്മാരായി' ആസ്‌ട്രേലിയ
തോറ്റുതുടങ്ങിയ ആസ്‌ട്രേലിയ ഏകദിന ലോകകിരീടവും കൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയത്. ട്രാവിസ് ഹെഡിനാൽ ഇന്ത്യ തോൽക്കുമ്പോൾ 2011ന് ശേഷം കാത്തിരുന്നൊരു കനകക്കിരീടമാണ് ഇന്ത്യയുടെ കൈവെള്ളയിൽ നിന്ന് വഴുതിയത്. ഫൈനലിൽ ഇന്ത്യ ഉയർത്തിയ 241 റൺസെന്ന വിജയലക്ഷ്യം ഓസീസ് 43 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ട്രാവിസ് ഹെഡിന് കൂട്ടായി മാർനസ് ലബുഷെയിനും വിജയത്തിനായി പൊരുതി. ഏകദിന ലോകകപ്പിൽ ആറാം തവണയാണ് കംഗാരുപ്പട മുത്തമിടുന്നത്.
ഭാഗ്യമില്ല, ഇനിയുമൊരു ഏകദിന ലോകകപ്പിനായി ഇന്ത്യ കാത്തിരിക്കണം
ഏകദിന ലോകകപ്പില്‍ മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രകടനത്തെ വിലയിരുത്താതെ ക്രിക്കറ്റ് കോളം പൂർത്തിയാവില്ല. ഇന്ത്യയിലാണ് ലോകകപ്പ് എന്ന് തീരുമാനിച്ചത് മുതൽ ഇന്ത്യ തന്നെയായിരുന്നു ഫേവറിറ്റുകൾ. ആ നിലക്കായിരുന്നു ഇന്ത്യൻ ക്രിക്കറ്റിന്റെ ശക്തിയും പോക്കും. ഇതുവരെയില്ലാത്ത ബൗളിങ്- ബാറ്റിങ് കരുത്തായിരുന്നു ഇന്ത്യക്ക്.
ഇതില്‍ ബൗളിങാണ് എടുത്തുപറയേണ്ടത്. ഇന്ത്യയുടെ തന്നെ എക്കാലത്തേയും മികച്ച ബൗളിങ് യൂണിറ്റ് എന്നാണ് വിമർശകർ പോലും പറഞ്ഞത്. ബാറ്റിങിൽ എല്ലാവരും ഒരേഫോമിൽ. മുൻനിര തകർന്നാൽ മധ്യനിര പിടിച്ചുനിൽക്കുന്നു. അല്ലെങ്കിൽ രോഹിതും ഗില്ലും അടങ്ങുന്ന ഓപ്പണിങ് സഖ്യം കത്തിക്കയറുന്നു. രോഹിതിന്റെ പവറും ശൈലിയുമെല്ലാം വേറിട്ടുനിന്നു. ഒരിക്കലും ഇന്ത്യയെ വെല്ലുവിളിക്കാൻ എതിർ ടീമുകൾക്ക് കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തിൽ ആസ്‌ട്രേലിയക്ക് പോലും. ഇന്ത്യയുടെ വിജയം എളുപ്പം എന്ന് തോന്നിച്ചിടത്ത് നിന്നാണ് ഫൈനലിൽ വീഴുന്നത്. ആസ്‌ട്രേലിയൻ പ്രൊഫഷണലിസം മുറ്റിനിന്ന മത്സരമായിരുന്നു ഫൈനലിലേത്.
ഒരേയൊരു കോഹ്‌ലി, സച്ചിനെയും പിന്നിലാക്കിയുള്ള മുന്നേറ്റം
ഇന്ത്യയുടെ വിരാട് കോഹ്‌ലിയുടെ വർഷമായിരുന്നു 2023. ലോക ക്രിക്കറ്റിൽ മറ്റൊരാൾക്കും 2023 അവകാശപ്പെടാനില്ല. ഏകദിന സെഞ്ച്വറിയിലും ഒരേയൊരു 'രാജാവായി' കോഹ്‌ലി. മറികടന്നത് ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറെ. ദക്ഷിണാഫ്രിക്കക്കെതിരെ 49ാം സെഞ്ച്വറി നേടി സചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിനൊപ്പമെത്തിയ കോഹ്‌ലി, ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ 50 ശതകം തികക്കുന്ന ആദ്യ താരമാവുകയായിരുന്നു.
106 പന്തിലാണ് കോഹ്‌ലി 100 തികച്ചത്. 279 ഇന്നിങ്സുകളിലാണ് കോഹ്‍ലി ഇത്രയും സെഞ്ച്വറി നേടിയത്. സചിൻ 452 ഇന്നിങ്സുകളിലാണ് (463 മത്സരം) 49 സെഞ്ച്വറി നേട്ടത്തിലെത്തിയത്. രോഹിത് ശർമ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും സചിനെ മറികടന്ന് കോഹ്‍ലി സ്വന്തമാക്കി. 2003ലെ ലോകകപ്പിൽ സചിൻ നേടിയ 673 റൺസാണ് മറികടന്നത്. 11 ഇന്നിങ്സുകളിലായിരുന്നു സചിൻ ഇത്രയും റൺസ് നേടിയതെങ്കിൽ കോഹ്‍ലിക്ക് മറികടക്കാൻ വേണ്ടിവന്നത് 10 മത്സരങ്ങളാണ്.
ആദ്യം ബെഞ്ചിലിരുന്നു, പിന്നെ കുതിച്ചെത്തി, ഒരേയൊരു ഷമി
ബാറ്റുകൊണ്ട് ഇന്ദ്രജാലം തീർത്തത് വിരാട് കോഹ്ലിയായിരുന്നുവെങ്കില്‍ പന്തുകൊണ്ടത് മുഹമ്മദ് ഷമിയായിരുന്നു. ആദ്യ മത്സരങ്ങളിൽ പുറത്തിരുന്ന ഷമി ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഇലവനിൽ എത്തുന്നത്. പിന്നെ ഷമിയെ ഒഴിവാക്കിയുള്ളൊരു ഇലവൻ അസാധ്യമായി. ഇന്ത്യ ഫൈനൽ വരെ എത്തിയെങ്കില്‍, അതിലൊരു പങ്ക് ഷമിക്കും അവകാശപ്പെടാം.
ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരം എന്ന നേട്ടമാണ് മുഹമ്മദ് ഷമി സ്വന്തമാക്കിയത്. 55 വിക്കറ്റുകൾ സ്വന്തമാക്കിയാണു ഷമി ലോകകപ്പിലെ ഇന്ത്യൻ റെക്കോർഡിന് ഉടമയായത്. 44 വിക്കറ്റ് വീതം നേടിയ സഹീർ ഖാന്റെയും ജവഗൽ ശ്രീനാഥിന്റെയും പേരിലുണ്ടായിരുന്ന നേട്ടമാണു ഷമി തിരുത്തിയെഴുതിയത്. ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ബി.സി.സി.ഐയുടെ സ്‌നേഹ സമ്മാനമായി ഷമിക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു. കഴിഞ്ഞ ലോകകപ്പില്‍ മാത്രം ഏഴ് മത്സരങ്ങളിലായി ഷമി 24 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ആസ്‌ട്രേലിയക്ക് മുന്നിൽ വീണ് ഇന്ത്യ
ഏകദിന ലോകകപ്പിനൊരുങ്ങും മുമ്പെ തന്നെ ആസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യക്ക് വലിയൊരു അടി ലഭിച്ചിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലായിരുന്നു അത്. ന്യൂസിലാൻഡിനോട് ഇതിന് മുമ്പത്തെ ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാനാണ് ഇന്ത്യ 2023ലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് എത്തിയത്. എന്നാൽ രോഹിത് ശർമ്മക്കും സംഘത്തിനും കാലിടറി. അവിടെയും വില്ലനായത് ട്രാവിസ് ഹെഡ്. ഫൈനലിൽ 209 റണ്‍സിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 234 റൺസെടുത്തു പുറത്താവുകയായിരുന്നു. ജയത്തോടെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമായി ആസ്ട്രേലിയ മാറി.
ഐ.പി.എല്ലിന് വനിതകളും, വൻമാറ്റവുമായി വ്യുമൺ പ്രീമിയർ ലീഗ്
വനിതാ ക്രിക്കറ്റില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് മത്സരം തുടങ്ങിയത് 2023ലായിരുന്നു. പ്രഥമ വനിതാ പ്രീമിയര്‍ ലീഗില്‍ അഞ്ചു ടീമുകളാണ് കളിച്ചത്. മൊത്തം 23 മത്സരങ്ങള്‍. ഇന്ത്യൻ വനിതാ താരങ്ങളുടെ മത്സരക്ഷമത കൂട്ടുക, കൂടുതൽ ആഭ്യന്തര താരങ്ങൾക്ക് അവസരം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളെല്ലാം ടൂർണമെന്റിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി കാപിറ്റൽസ്, യു.പി വാരിയേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ്,മുംബൈ ഇന്ത്യന്‍സ് എന്നിവയാണ് ടീമുകള്‍. വയനാട് മാനന്തവാടി സ്വദേശി മിന്നു മണി ഡൽഹി കാപിറ്റൽസ് ടീമിൽ ഇടംനേടിയതിലൂടെ മലയാളി സാന്നിധ്യവുമായി
മിന്നിത്തിളങ്ങി മിന്നുമണി, വനിതാ ലോകക്രിക്കറ്റിലേക്കൊരു മലയാളി
ലോകക്രിക്കറ്റിൽ മലയാളിക്ക് അഭിമാനിക്കാൻ വകനൽകുന്നതായിരുന്നു മിന്നുമണി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ ആദ്യ മലയാളി വനിതാ താരം എന്നം നേട്ടമാണ് മിന്നുമണിയെ വേറിട്ട് നിര്‍ത്തുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത മിന്നു മൂന്ന് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി വിക്കറ്റ് വേട്ടയില്‍ രണ്ടാമതെത്തിയിരുന്നു. പിന്നാലെ ഇന്ത്യയെ നയിക്കാനുള്ള യോഗവും ലഭിച്ചു. ഇന്ത്യ എ ടീം ക്യാപ്റ്റനായാണ് മിന്നുമണിയെ തെരെഞ്ഞെടുത്തത്. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിച്ചത്.
സഞ്ജുവില്ലാതെ മലയാളികൾക്ക് എന്ത് ക്രിക്കറ്റ്, എന്നൊന്നും സൂക്ഷിക്കാനൊരു സെഞ്ച്വറിയും
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുക എന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ സഞ്ജുവിന്റെ കാര്യത്തിലാണെങ്കിൽ മലയാളികൾ അത് ആഘോഷിക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയിൽ ആദ്യമായാണ് ഒരു മലയാളി മൂന്നക്കം തികച്ച് ബാറ്റ് ഉയർത്തുന്നത്. ഇങ്ങനെയൊരു നിയോഗത്തിനായി സഞ്ജുവിന് കാത്തിരിക്കേണ്ടി വന്നത് വർഷങ്ങളും.
ഏറെ നാൾ ടീമിന് പുറത്തായ താരം ഇന്ത്യൻ ടീമിൽ പലപ്പോഴും അതിഥി താരത്തിന്റെ റോളിലായിരുന്നു. കിട്ടിയ അവസരങ്ങൾ മുതലാക്കുന്നില്ല എന്ന വിമർശനം ഒരു ഭാഗത്ത് നിൽക്കവെയാണ് ലാസ്റ്റ് ചാൻസ് എന്ന് വിശേഷിപ്പിക്കാവുന്നൊരു മത്സരത്തിൽ സഞ്ജു സെഞ്ച്വറി കുറിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പേൾ ബോളണ്ട് പാർക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വൺ ഡൗണായി ഇറങ്ങിയ സഞ്ജു 108 റൺസാണ് അടിച്ചുകൂട്ടിയത്.
ലോട്ടറിയടിച്ച് മിച്ചൽ സ്റ്റാർക്ക്, ഒരുകാലത്തും ലഭിക്കാത്ത വിലയുമായി ഐപിഎല്ലിലേക്ക്
2024ലെ ഐപിഎൽ ലേലത്തിൽ സ്റ്റാർക്ക് വിറ്റപോയ തുക കേട്ടാണ് ഈ വർഷം അവസാനിക്കാൻ പോകുന്നത്. രണ്ട് വട്ടം ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപ എന്ന മോഹവില കൊടുത്താണ് സ്‌റ്റാർക്കിനെ ടീമിലെത്തിച്ചത്. ഒരു ഐപിഎൽ സീസണിൽ താരത്തിന് വേണ്ടി മുടക്കുന്ന ഏറ്റവും ഉയർന്ന തുക എന്ന റെക്കോർഡ് സ്‌റ്റാർക്കിന്റെ കൈയിൽ ഭദ്രം.
ആസ്‌ട്രേലിയ ഏകദിന ലോകകപ്പ് നേടുക കൂടി ചെയ്‌തതോടെ ഇക്കുറി ഏറ്റവും അധികം ഡിമാൻഡ് ഓസീസ് താരങ്ങൾക്ക് വേണ്ടിയായിരുന്നു. താരത്തിന് വേണ്ടി ഗുജറാത്ത് ടൈറ്റൻസും, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലായിരുന്നു പ്രധാനമായും മത്സരം നടന്നത്. ഒടുവിൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ ഗുജറാത്ത് സ്‌റ്റാർക്കിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് പിൻവലിഞ്ഞതോടെ കൊൽക്കത്ത ഓസീസ് ഇടംകൈയൻ പേസർ കൂടാരത്തിലേക്ക് എത്തിക്കുകയായിരുന്നു.
ചരിത്രം കുറിച്ച് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം നേടിയതും 2023ലാണ്. മെഡല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 19 റണ്‍സിന് തകര്‍ത്തായിരുന്നു ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ ടീമും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ആദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് മത്സരത്തിന് ഇന്ത്യ ഇറങ്ങിയത്. കുറച്ച് കാലങ്ങൾക്ക് ശേഷം ചെന്നൈ സൂപ്പർകിങ്‌സ് ഐപിഎൽ കിരീടത്തിൽ മുത്തമിട്ടതും 2023നെ ത്രില്ലടിപ്പിച്ചു. ഫാൻബേസിൽ മുന്നിലുള്ള മുംബൈ ഇന്ത്യൻസിലെ മാറ്റങ്ങളോടെയാണ് 2023 അവസാനിക്കുന്നത്. രോഹിതിനെ മാറ്റി ഹാർദിക് പാണ്ഡ്യയെ നായകനാക്കിയതിനുള്ള അസ്വാരസ്യങ്ങൾ ഇനിയും അടങ്ങിയിട്ടില്ല.
Adjust Story Font
16