Quantcast

‘പ്രേം നസീറിനെപ്പോലെ മറ്റൊരു താരം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല’

കൊതുകുകടിയും കൊണ്ടു ചൂടുള്ള ആ രാത്രിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രേംനസീർ ആ ഇരുട്ടിൽ ഒറ്റയ്ക് നിശ്ശബ്ദനായിരുന്നു ആരോടും പ്രതിഷേധിക്കാതെ. രാത്രി ഒൻപതു മണി ആയപ്പോഴാണ് എടുത്തുകൊണ്ടിരുന്ന സീൻ തീർന്നത്. ബക്കർ ‘പാക്ക് അപ്പ്’പറയാൻ വാ തുറന്നപ്പോഴേക്കും ഞാൻ അദ്ദേഹത്തിന്റെ വാ പൊത്തി.- |വൈഡ് ആംഗിള്‍: 46 | MediaoneShelf|

MediaOne Logo

ആദം അയ്യൂബ്

  • Published:

    2 Dec 2024 12:13 PM GMT

‘പ്രേം നസീറിനെപ്പോലെ മറ്റൊരു താരം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല’
X

‘ചാരം’ എന്ന സിനിമയ്ക്ക് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. പി.എ.ബക്കറിന്റെ ആദ്യത്തെ കളർ സിനിമയായിരുന്നു അത്. അതുവരെ പുതുമുഖങ്ങളെയും, പ്രായേണ അപ്രശസ്തരായ അഭിനേതാക്കളെയും അഭിനയിപ്പിച്ചിരുന്ന ബക്കർ, ആദ്യമായി മലയാളത്തിലെ നിത്യഹരിത നായകൻ പ്രേം നസീറിനെ നായകനാക്കിയ ആദ്യ സിനിമ. മറ്റൊന്ന്, വളരെ കുറഞ്ഞ ചിലവിൽ നിർമ്മിക്കപ്പെട്ടിരുന്ന ബക്കറിന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ചാരം. ബക്കറിന്റെ സ്ഥിരം ക്യാമറാമാൻ വിപിൻദാസിനെ മാറ്റി അഡയാർ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടുകാരനായ ഹേമചന്ദ്രനെ ക്യാമറാമാൻ ആക്കി എന്നിങ്ങനെയുള്ള കുറെ പുതുമകൾ ഈ സിനിമയ്ക്കുണ്ടായിരുന്നു. ബാരിസ്റ്റർ ജെയിംസ് എന്ന പ്രഗത്ഭനായ അഡ്വക്കേറ്റിന്റെ വേഷമായിരുന്നു പ്രേംനസീറിന്. ഭാര്യയുടെ മരണത്തിനു ശേഷം, താനും കോളേജ് വിദ്യാർത്ഥിനിയായ മകൾ പ്രീതിയും മാത്രമാണ് വീട്ടിൽ താമസം. ഒരു ദിവസം മകളെ പെട്ടെന്ന് കാണാതാവുന്നു. മകളെ തേടി അലയുന്ന ബാരിസ്റ്റർ ജെയിംസ് അവസാനം എത്തിപ്പെടുന്നത് മുംബൈയിലെ ചുവന്ന തെരുവിലാണ്.

പി.എ ബക്കർ, പ്രേംനസീർ

ഞാൻ ആദ്യമായി അഭിനയിച്ച ‘പ്രിയമുള്ള സൊഫിയാ ’ (1975) യിലെ നായകൻ പ്രേം നസീർ ആയിരുന്നെങ്കിലും അന്ന് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാനുള്ള അവസരം ഉണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ചേർന്ന മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനാ രൂപീകരണത്തിന് സുരാസുവിനോടൊപ്പം പോയിരുന്നു. അന്ന് അദ്ദേഹത്തെ ഔപചാരികമായി ഒന്ന് പരിചയപ്പെട്ടെന്ന് മാത്രം.പക്ഷെ പ്രേംനസീർ എന്ന മനുഷ്യന്റെ വിനയവും, മഹത്വവും നേരിട്ട് മനസ്സിലാക്കാനുള്ള നിരവധി അവസരങ്ങൾ ഈ സിനിമയിൽ ഒന്നിച്ചു വർക്ക് ചെയ്യുമ്പോൾ ലഭിച്ചു. അന്നത്തെ പല നടന്മാരുടെയും ധിക്കാരവും ജാഡയുമൊക്കെ വെച്ച് നോക്കുമ്പോൾ പ്രേംനസീർ തികച്ചും മാന്യനും സൗമ്യനുമായ ഒരു മനുഷ്യൻ ആയിരുന്നു.

മദിരാശിയിലെ സ്റ്റുഡിയോ ഫ്ലോറിലും, എറണാകുളത്തെ ഇൻഡോരിലും ഔട്ഡോറിലും, പിന്നെ മുംബെയിലെ ചുവന്ന തെരുവിലുമാണ് ഈ സിനിമയുടെ ചിത്രീകരണം നടന്നത്. പ്രേംനസീർ അന്ന് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പോകുന്നു എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന കാലമായിരുന്നു. മദ്രാസിലെ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് നടക്കുമ്പോൾ എപ്പോഴും പത്രക്കാരുടെ തിരക്കായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോഴും, അദ്ദേഹം പുറത്തു കാത്തിരിക്കുന്ന പത്രക്കാരുടെ അടുത്തേക്ക് ചെല്ലും, അവരുടെ ചോദ്യങ്ങൾക്കു മറുപടി പറയും. അടുത്ത ഷോട്ടിന് വിളിക്കുമ്പോൾ ഉടനെ തന്നെ ക്യാമറയുടെ മുന്നിലേക്ക് വരും.

പ്രേംനസീറിന്റെ തൊഴിലിനോടുള്ള പ്രതിബദ്ധതയും സമർപ്പണവുമൊക്കെ ബോധ്യമായ നിരവധി സന്ദർഭങ്ങൾ ഉണ്ടായെങ്കിലും മനസ്സിൽ തട്ടിയ ചിലതു മാത്രം ഇവിട കുറിക്കാം. എറണാകുളം ചിറ്റൂർ റോഡിലുള്ള ഒരു വലിയ വീട്ടിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്ക് ഭക്ഷണത്തിനായി ബ്രേക്ക് ചെയ്തപ്പോൾ ഉച്ച കഴിഞ്ഞു ഒരു പാർട്ടി സീൻ എടുക്കാനുള്ളതുകൊണ്ടു അദ്ദേഹം താമസിക്കുന്ന തൊട്ടടുത്തുള്ള ഇന്റർനാഷണൽ ഹോട്ടലിലേക്ക് പോയി. ഭക്ഷണം കഴിച്ച് സൂട്ട് ധരിച്ചു വരാമെന്നു പറഞ്ഞു. ഉച്ച കഴിഞ്ഞു ഞങ്ങൾ പ്രേം നസീറിന്റെ മകളായി അഭിനയിക്കുന്ന മീന മേനോന്റെ (പുതുമുഖം) ബെഡ് റൂമിലെ ചില രംഗങ്ങൾ ചിത്രീകരിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ പ്രേംനസീർ സൂട്ടും കോട്ടുമെല്ലാം അണിഞ്ഞെത്തി.

‘ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന സീൻ കഴിഞ്ഞിട്ട് സാറിന്റെ സീൻ എടുക്കാം’ എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. നല്ല ചൂടുള്ള സമയമായിരുന്നു. എന്നാൽ പുറത്തു നല്ല കാറ്റുണ്ടായിരുന്നത് കൊണ്ട് അദ്ദേഹം ബാല്കണിയിൽ ഇരുന്നു. ആരാധകർ ചുറ്റും കൂടി. ആളുകളോട് സരസമായി സംസാരിച്ചിരിക്കാൻ ആദ്ദേഹം എപ്പോഴും തല്പരനായിരുന്നു. അല്പം കഴിഞ്ഞപ്പോൾ ആരാധകർ ഓരോരുത്തരായി പിൻവാങ്ങി. പലരും അകത്തു നടക്കുന്ന ഷൂട്ടിംഗ് കാണാൻ കൂട്ടം കൂടി. പ്രേംനസീർ ബാല്കണിയിൽ ഒറ്റയ്ക്കിരുന്നു. അകത്തെ ഷൂട്ടിംഗ് നീണ്ടുപോയി. പകൽ വെളിച്ചം മാഞ്ഞു, സന്ധ്യയായി. അകത്തു ഷൂട്ടിംഗ് തകൃതിയായി നടക്കുന്നത് കൊണ്ട് എല്ലാവരുടെയും ശ്രദ്ധ അവിടെ ആയിരുന്നു. നേരം ഇരുട്ടി. ബാൽക്കണിയിലെ ലൈറ്റ് ഓൺ ചെയ്യാൻ പോലും ആരും ഓർത്തില്ല. പ്രേംനസീർ സൂട്ട് ധരിച്ചു കൊതുകുകടിയും കൊണ്ടു ചൂടുള്ള ആ രാത്രിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ആ ഇരുട്ടിൽ ഒറ്റയ്ക് നിശ്ശബ്ദനായിരുന്നു ആരോടും പ്രതിഷേധിക്കാതെ. രാത്രി ഒൻപതു മണി ആയപ്പോഴാണ് എടുത്തുകൊണ്ടിരുന്ന സീൻ തീർന്നത്. ബക്കർ ‘പാക്ക് അപ്പ്’ പറയാൻ വാ തുറന്നപ്പോഴേക്കും ഞാൻ അദ്ദേഹത്തിന്റെ വാ പൊത്തി.

‘നസീർ സാർ ബാല്കണിയിൽ സൂട്ടും ധരിച്ചു ഇരുട്ടിൽ ഒറ്റയ്ക്കിരിക്കുകയുമാണ്’ ഞാൻ ബക്കറിന്റെ ചെവിയിൽ മന്ത്രിച്ചു.

‘അയ്യോ’ അപ്പോഴാണ് ബക്കർ അക്കാര്യം ഓർത്തത്.

‘ഇനി ഇപ്പൊ എന്ത് ചെയ്യും?...അയൂബ് അദ്ദേഹത്തോട് പറ, നാളെ എടുക്കാമെന്ന്’

‘അത് ശരിയല്ല’, ഞാൻ പറഞ്ഞു. ‘മറ്റേതെങ്കിലും നടനായിരുന്നെങ്കിൽ ഇതിനകം ബഹളം ഉണ്ടാക്കി, സെറ്റിൽ നിന്ന് ഇറങ്ങിപ്പോയെനെ. നമ്മൾ അദ്ദേഹത്തിന്റെ മാന്യതയെ ബഹുമാനിക്കണം’.

‘പക്ഷെ ഇനി ഇപ്പോൾ എന്ത് ചെയ്യും? മണി ഒൻപതായില്ലേ ?’ ബക്കർ പറഞ്ഞു. ‘അയൂബ് ഇതൊന്നു കൈകാര്യം ചെയ്യ്’.

‘നമ്മൾ എടുക്കാൻ ഉദ്ദേശിച്ച പാർട്ടി സീനിലെ അദ്ദേഹത്തിന്റെ കുറച്ചു ക്ലോസപ്പുകൾ എടുക്കാം’. ഞാൻ പറഞ്ഞു. വലിയ താല്പര്യമില്ലാതെ ബക്കർ സമ്മതിച്ചു.

ഞാൻ അദ്ദേഹം ഇരിക്കുന്ന ബാല്കണിയിലേക്ക് പോയി. അദ്ദേഹം ഇരുട്ടിൽ ഇരിക്കുകയായിരുന്നു. ഞാൻ ലൈറ്റ് ഇട്ടു. അദ്ദേഹം വിയർത്തു കുളിച്ചിരിക്കുന്നു. ഞാൻ കുറ്റബോധത്തോടെ അദ്ദേഹത്തിന്റെ മുന്നിൽ നിന്നു.

“ക്ഷമിക്കണം സാർ, പുതുമുഖമായതു കൊണ്ട് കുറെ സമയമെടുത്തു. വിചാരിച്ച സമയത്തു സീൻ തീർന്നില്ല”

‘ ഉം’ അദ്ദേഹം ഒന്ന് മൂളി.

‘ഇനി സാറിന്റെ ഷോട്സ് എടുക്കാം’ ഞാൻ പറഞ്ഞു.

‘ശരി’ അദ്ദേഹo എഴുന്നേറ്റു. മേക്കപ്പ് മാനേ വിളിച്ചു ടച്ച് അപ് ചെയ്ത്, നിമിഷങ്ങൾക്കുള്ളിൽ അദ്ദേഹം റെഡി ആയി. അതിഥികളെ സ്വീകരിക്കുന്നതിന്റെയും അഭിവാദ്യം ചെയ്യുന്നതിന്റെയും കുറെ ക്ലോസപ്പുകൾ എടുത്തു. ഇത് അദ്ദേഹത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം എടുക്കുന്നതാണെന്നു അദ്ദേഹത്തിന് മനസ്സിലായിക്കാണുമെങ്കിലും അദ്ദേഹം ഒരു നീരസവും പ്രകടിപ്പിക്കാതെ തന്റെ ഭാഗം അഭിനയിച്ചു തീർത്തു.

മറ്റൊരു സന്ദർഭം എറണാകുളത്തുള്ള ഒരു അഡ്വക്കേറ്റിന്റെ ഓഫിസ് ഷൂട്ട് ചെയ്യുമ്പോഴോയിരുന്നു. ഉച്ചവരെ ഷൂട്ട് ചെയ്ത് ബ്രേക്ക് ചെയ്തപ്പോൾ അദ്ദേഹം ചോദിച്ചു,

‘ഉച്ച കഴിഞ്ഞു കണ്ടിന്യൂയിറ്റി ഉള്ള ഡ്രസ്സ് ആണോ?’

‘ഇല്ല’ ഞാൻ പറഞ്ഞു. ‘ഏതു ഡ്രെസ്സും ഇടാം’

‘എങ്കിൽ ഞാൻ സിംഗപ്പൂരിൽ നിന്ന് വാങ്ങിയ സഫാരി സൂട്ട് ഇടട്ടെ ?’

അദ്ദേഹം വളരെ താല്പര്യത്തോടെ ചോദിച്ചു.

ദിവസേന ഷൂട്ടിംഗ് ഉള്ളത് കൊണ്ട് അദ്ദേഹത്തിന് ഒരിക്കലും സ്വന്തം വസ്ത്രങ്ങൾ ധരിക്കാൻ അവസരം കിട്ടാറില്ല. വളരെ ആഗ്രഹിച്ചു വാങ്ങിയ പല വസ്ത്രങ്ങളും ഒരിക്കൽ പോലും ഇടാൻ കഴിയാതെ പെട്ടിയിൽ ഇരിക്കുകയാണ്. ഈ സിനിമയിൽ ബാരിസ്റ്റർ ജെയിംസ് എന്ന കഥാപാത്രം ആയതുകൊണ്ട് എപ്പോഴെങ്കിലും, കണ്ടിന്യൂയിറ്റി ഇല്ലാത്ത സീനിൽ സ്വന്തം വസ്ത്രം ഉപയോഗിക്കാം എന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ഇക്കാര്യം എന്നോട് നേരത്തെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു ഞാൻ പെട്ടെന്ന് സമ്മതം മൂളി.

അദ്ദേഹത്തിന് സന്തോഷമായി. ‘അപ്പൊ ഞാൻ ഹോട്ടലിൽ പോയി ഊണ് കഴിച്ചിട്ട് സഫാരി ഇട്ടോണ്ട് വരം’

അദ്ദേഹം പോയി. ബ്രേക്ക് കഴിഞ്ഞപ്പോഴേക്കും ഇടിയും മിന്നലോടും കൂടി ഭയങ്കര മഴ തുടങ്ങി. അല്പസമയത്തിനുള്ളിൽ ഞങ്ങൾ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന കോളനിയിലേക്കുള്ള ചെറിയ റോഡിൽ മുട്ടോളം വെള്ളം നിറഞ്ഞു. നഗരത്തിലെ ഒരു താഴ്ന്ന പ്രദേശമായിരുന്നു അത്. ഈ കാലാവസ്ഥ ഉപയോഗിക്കാൻ ബക്കർ തീരുമാനിച്ചു. അദ്ദേഹം പെട്ടെന്ന് പുതിയൊരു സീൻ ഉണ്ടാക്കി. മകളെ തേടി അലയുന്ന ബാരിസ്റ്റർ ജെയിംസ്, ഈ മഴയത്ത് മുട്ടോളം വെള്ളത്തിൽ നീന്തി, ഓരോ വാതിൽക്കലും പോയി അന്വേഷിക്കുന്ന രംഗം ഷൂട്ട് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു.

‘പക്ഷെ നസീർ സാർ, ഇൻഡോർ സീനിൽ കണ്ടിന്യൂയിറ്റി ഇല്ലാത്തതു കൊണ്ട് സ്വന്തം സഫാരി സൂട്ട് ഇട്ടിട്ടു വരാമെന്നു പറഞ്ഞാണ്പോ യത്..അദ്ദേഹം ഇപ്പോൾ വിളിച്ചിരുന്നു, വരാൻ സമയമാണോ എന്ന് ചോദിച്ചു, വന്നോളാൻ ഞാൻ പറഞ്ഞു.’

‘വന്നോട്ടെ,’ ബക്കർ പറഞ്ഞു. അദ്ദേഹം ക്യാമറാമാൻ ഹേമചന്ദ്രനോട് കാമറ സെറ്റ് അപ് ചെയ്യാൻ പറഞ്ഞു.

‘ നസീർ സാർ ഈ റോഡിന്റെ അറ്റത്തു കാറിൽ നിന്നിറങ്ങി, മഴയത്ത് കുടയും പിടിച്ചു, ഓരോ വാതിലിനു മുന്നിലും പോയി ചോദിക്കട്ടെ’ ബക്കർ പറഞ്ഞു.

“അയ്യോ, അദ്ദേഹം സിംഗപ്പൂരിൽ നിന്ന് വാങ്ങിയ സഫാരി സൂട്ട് ആദ്യമായിട്ട് ഇട്ടോണ്ട് വരികയാണ്. എന്നാൽ അദ്ദേഹത്തോട് ഡ്രസ്സ് മാറ്റിയിട്ടു വരൻ പറയട്ടെ” ഞാൻ പറഞ്ഞു.

‘വേണ്ട, വേണ്ട അപ്പോഴേക്കും മഴ നിന്നുപോയാൽ പിന്നെ ഈ സീനിന്റെ മുഴുവൻ എഫക്റ്റും പോവും. അദ്ദേഹം വന്നോട്ടെ. അയൂബ് കുടയും കൊണ്ട് റോഡിന്റെ അറ്റത്തു പോയി നിൽക്കു, അദ്ദേഹത്തോട് സീൻ വിശദീകരിച്ചു കൊടുക്ക്. ആക്ഷൻ പറയുമ്പോൾ അദ്ദേഹം വെള്ളത്തിലൂടെ നടന്നു വരട്ടെ’

‘മുട്ടിനു മേലെ വെള്ളമുണ്ട്. അദ്ദേഹം സമ്മതിക്കുമോ എന്നറിയില്ല’

ഞാൻ കുടയും കൊണ്ട് റോഡിലേക്ക് നടന്നു.

നസീർസാറിന്റെ കാര് വന്നു നിന്നു. അദ്ദേഹം പുറത്തേക്കു നോക്കി.

‘അയ്യോ ഇവിടെ വെള്ളപ്പൊക്കമാണല്ലോ. കാര് അവിടം വരെ പോകുമല്ലോ. നമുക്ക് ഇൻഡോർ സീൻ ആയതു നന്നായി. അയൂബ് കേറിക്കോ, “

‘അതല്ല സാർ, മഴയത്ത് പുതിയൊരു സീൻ എടുക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. സാർ ഈ കുടയും പിടിച്ചു , ഓരോ വീടിനു മുന്നിലും പോയി, മകളെ ചതിച്ച ചാർളിയുടെ ഫോട്ടോ കാണിച്ചു, അവനെക്കുറിച്ചു അന്വേഷിക്കുന്നതതാണ് സീൻ.’

അദ്ദേഹം റോഡിലേക്ക് നോക്കി. സാമാന്യം നീളമുള്ള റോഡാണ്, മുട്ടോളം വെള്ളത്തിൽ മുങ്ങിയ റോഡ്.

‘പക്ഷെ ഇവിടെ വെള്ളo പൊങ്ങിയിരിക്കുകയാണല്ലോ ?’

‘മുട്ടോളം വെള്ളമേ ഉള്ളു സാർ’

‘എങ്കിൽ ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരം’

‘അയ്യോ, അപ്പോഴേക്ക് മഴ നിക്കും സാർ. മഴയില്ലെങ്കിൽ പിന്നെ ഈ സീനിനു എഫക്ട് ഉണ്ടാവില്ല സാർ’ ഞാൻ പറഞ്ഞു.

‘സിംഗപ്പൂരിൽ നിന്ന് വാങ്ങിയിട്ട് ഇന്ന് ആദ്യമായിട്ടാണ് ഞാനിതു ഇടുന്നത്. വെള്ളത്തിൽ മുങ്ങിയാൽ ഇത് ആകെ നശിച്ചു പോവും. പിന്നെ ഇത് ഉപയോഗിക്കാൻ പറ്റില്ല’ അദ്ദേഹം ദയനീയായി എന്റെ മുഖത്തേക്കു നോക്കി. അകലെ നിന്ന് ബക്കർ കൈകൊണ്ടു ആക്ഷൻ കാണിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഒരു നിമിഷം ആലോചിച്ചു, പിന്നെ ഡോർ തുറന്നു കാറിൽ നിന്നിറങ്ങി. മിനുസമുള്ള വിലകൂടിയ ഷൂസും സിംഗപ്പൂർ സഫാരി പാന്റും ചെളിവെള്ളത്തിൽ മുങ്ങി. ഞാൻ കുട അദ്ദേഹത്തിന് കൊടുത്തു.

‘ഫോട്ടോ തരൂ’ അദ്ദേഹം കൈ നീട്ടി. ഞാൻ ഫോട്ടോ അദ്ദേഹത്തിന്റെ കൈയിലേക്ക് കൊടുത്തു, എന്നിട്ടു അകലെ നിൽക്കുന്ന ബക്കറിന് ടേക്ക് എന്ന് ആക്ഷൻ കാണിച്ചു. ബക്കർ വന്നോളാൻ പറഞ്ഞു.

നസീർ സാർ മുട്ടോളം വെള്ളത്തിൽ, പെരുമഴയത്ത് കുടയും പിടിച്ചു തന്റെ പ്രിയപ്പെട്ട സഫാരി സൂട്ടും ധരിച്ചുനടന്നു, നഷ്ടപ്പെട്ട മകളെ തേടി അലയുന്ന ഒരു പിതാവിന്റെ ഹൃദയ നൊമ്പരവും പേറിക്കൊണ്ട്. ആ മഹാനായ മനുഷ്യന്റെ എളിമയ്ക്കു മുന്നിൽ ഞങ്ങൾ എല്ലാവരും നമ്രശിരസ്കരായി നമിച്ചു നിന്നു.

TAGS :

Next Story