പത്താം ക്ലാസില്‍ ഇംഗ്ലീഷിന് പൂജ്യം മാര്‍ക്ക്; പക്ഷേ സുധി ഇന്ന് ഇംഗ്ലീഷ് ട്രെയിനറാണ്
വെറും പത്താംക്ലാസ് വിദ്യാഭ്യാസം കൈമുതലായുള്ള സുധിയെന്ന യുവാവ് പിന്നീട് ഇംഗ്ലീഷിനെ കെയര്‍ ചെയ്ത്, കൈപ്പിടിയിലൊതുക്കി, ഇപ്പോള്‍ ഇംഗ്ലീഷ് കെയര്‍ എന്നൊരു സ്ഥാപനത്തിന്‍റെ മേധാവിയായ കഥയാണിത്.
''ഐ ഡോണ്ട് കെയര്‍''- പലരും ജീവിതത്തില്‍ ഇടയ്ക്കിടയ്ക്ക് പറയുന്ന വാക്കാണിത്. ജീവിതത്തില്‍ 'കെയര്‍' ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ടാകുമ്പോള്‍ ഒരാള്‍ക്ക് ഇങ്ങനെ പറഞ്ഞ് മാറി ഇരിക്കാന്‍ കഴിയുമോ. ഒരുപാട് സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ലക്ഷ്യങ്ങളും ഉള്ളവരാണ് ഓരോ വ്യക്തികളും… കൂടുതല്‍ പേര്‍ക്കും അത് കരിയറുമായി ബന്ധപ്പെട്ടായിരിക്കും. അതിന് അവര്‍ക്ക് തടസ്സം ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനക്കുറവാണ്. അങ്ങനെയുള്ള ആള്‍, ഐ ഡോണ്ട് കെയര്‍, എന്ന് പറഞ്ഞിരുന്നാല്‍ നഷ്ടം സ്വന്തം കരിയറാണ്. വെറും പത്താംക്ലാസ് വിദ്യാഭ്യാസം കൈമുതലായുള്ള ഒരു യുവാവ് പിന്നീട് ഇംഗ്ലീഷിനെ കെയര്‍ ചെയ്ത്, കൈപ്പിടിയിലൊതുക്കി, ഇപ്പോള്‍ ഇംഗ്ലീഷ് കെയര്‍ എന്നൊരു സ്ഥാപനത്തിന്‍റെ മേധാവിയായ കഥയാണിത്. ആ കഥ പറയുന്നു സുധി പൊന്നാനിയെന്ന എല്ലാവരുടെയും സുധി മാഷ്…
കുട്ടിക്കാലവുമായി ബന്ധപ്പെട്ട് എല്ലാവരുടെയും പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് ലുട്ടാപ്പി… ലുട്ടാപ്പിയാണ് ജീവിതത്തെ സ്വാധീനിച്ചതെന്ന് കേട്ടു... ആ കഥയൊന്ന് പറയാമോ?
എല്ലാവര്‍ക്കും കഥാപുസ്തകത്തിലെ ഒരു കഥാപാത്രമായിട്ടായിരിക്കും ലുട്ടാപ്പിയെ പരിചയം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് എന്‍റെ ഇംഗ്ലീഷ് പരീക്ഷയുടെ ഉത്തരക്കടലാസ് ആണ്. എനിക്ക് കിട്ടിയ പൂജ്യം മാര്‍ക്കിന് സമീപം എന്‍റെ ടീച്ചര്‍ വരച്ചുവെച്ച ഒരു രൂപം. ശരിക്കും ആ ലുട്ടാപ്പി ചിത്രമാണ് തുടര്‍ന്നുള്ള എന്‍റെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയത്. അത് ആ പതിനഞ്ചുകാരനെ അത്രയേറെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല, പക്ഷേ ഇംഗ്ലീഷ് പഠിക്കണം എന്ന തീ ഉള്ളിലുയരുന്നത് അപ്പോഴാണ്.
ആ പതിനഞ്ചുകാരന് മുമ്പുള്ള കാലത്തെ എങ്ങനെയാണ് ഓര്‍ത്തെടുക്കുന്നത്?
എട്ടാംക്ലാസുവരെ മോശമില്ലാതെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി തന്നെ ആയിരുന്നു ഞാനും. ഇംഗ്ലീഷ് അന്നും ചെറിയ ഒരു പ്രശ്നമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാ വിഷയത്തിലും മിടുക്കനായിരുന്നു ഞാന്‍. ഹൈസ്കൂളിലേക്ക് ആയപ്പോള്‍ പുതിയ സ്കൂള്‍, പുതിയ കൂട്ടുകാര്‍, പുതിയ ചിന്താഗതികള്‍ എല്ലാംകൂടി ആയപ്പോള്‍ പഠനത്തിലുള്ള ശ്രദ്ധ കുറഞ്ഞു. കളിക്കുക, സ്കൂള്‍ കട്ട് ചെയ്യുക അതിനൊക്കെയായി പ്രധാന്യം. ഒമ്പതാം ക്ലാസ് ജയിച്ചത് തന്നെ അത്ഭുതമാണ്. പത്തിലെത്തിയപ്പോഴേക്കും പഠനം പൂര്‍ണമായും ഉഴപ്പി. സ്കൂളിലെ സീനിയര്‍ സ്റ്റുഡന്‍റ്, ജൂനിയേഴ്സിന്‍റെ അടുത്ത് പോയി അലമ്പ് കളിക്കാനുള്ള സ്വാതന്ത്ര്യം, ഗ്രൌണ്ടിലൊക്കെ നമ്മുടെ ഒരു ആധിപത്യം അതായി സ്കൂള്‍ ജീവിതം.
പത്താംക്ലാസിന് ശേഷം സുധി പൊന്നാനി എന്ന ഇംഗ്ലീഷ് ട്രെയിനറിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
നാലുതവണയാണ് ഞാന്‍ എസ്എസ്എല്‍സി എഴുതിയത്. നാലാമത്തെ തവണയാണ് പാസായത്. ആകെ കിട്ടിയത് 219 മാര്‍ക്ക്. ഇടയ്ക്ക് പല കൂലിപ്പണികള്‍ക്കും പോയി.. അമ്മയുടെ അനിയത്തിയാണ് ഒരു 500 രൂപ എടുത്ത് തന്ന് നാലാമത്തെ തവണയും എസ്എസ്എല്‍സി എഴുതാന്‍ പ്രേരിപ്പിക്കുന്നത്. ടെക്സ്റ്റൈല്‍ ഷോപ്പില്‍ സെയില്‍സ്‍ മാനായി, ആശാരിപ്പണി, പെയിന്‍റിംഗ് പണി, കോണ്‍ക്രീറ്റിന്‍റെ പണി അങ്ങനെ തുടങ്ങി ചെയ്യാത്ത പണിയില്ല.. അച്ഛന് കോണ്‍ട്രാക്ട് ജോലിയാണ്. അച്ഛന്‍റെ കൂടെ ഞാനും അനിയനും കൂടി.. നാട്ടുകാര് തൊമ്മനും മക്കളും എന്ന് പറഞ്ഞ് കളിയാക്കി തുടങ്ങി.
ശരിക്കും ജീവിതത്തില്‍ ഒരുപാട് അപമാനം ഏറ്റ കാലമാണ് അത്. എന്‍റെ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ജോലിക്ക് പോയപ്പോള്‍ അവിടെ വെച്ച് കളിയാക്കപ്പെട്ടു.. ആ കളിയാക്കലുകളിലെല്ലാം എനിക്ക് മാറണം എന്ന ചിന്ത വല്ലാതെ ഉള്ളില്‍ നിറയുമായിരുന്നു... ഇംഗ്ലീഷ് പഠിച്ചെടുക്കാന്‍ തീരുമാനിക്കുന്നു... ഒരു സുഹൃത്തിനൊപ്പം ഇംഗ്ലീഷ് പഠിക്കാന്‍ പോകുന്നു. അവിടെ വെച്ച് പരിചയപ്പെട്ട ഒരു ചെറിയ കുട്ടിയോട്, എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ കുശലം ചോദിച്ചതാണ്. അക്കൂട്ടത്തില്‍ ആര്‍ യു മാരീഡ് എന്ന് ചോദിച്ചു ഞാന്‍. ആ കുട്ടി തിരിച്ചുപറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും മുഖഭാവത്തില്‍ നിന്ന് അത് ചീത്തയാണ് എന്ന് മനസ്സിലായി. അത്രയും ചെറിയ ഒരു കുട്ടിയുടെ മുന്നില്‍ നാണം കെട്ടുനിന്ന ഒരു ഇരുപതുകാരന്‍റെ ദൃഢനിശ്ചയമാണ് ഇന്ന് ഈ കാണുന്ന സുധി പൊന്നാനി എന്ന ഇംഗ്ലീഷ് ട്രെയിനറിലേക്ക് എത്തിച്ചത്.
ഇംഗ്ലീഷ് പഠിച്ചെടുക്കണം എന്ന് മാത്രമായിരുന്നോ അല്ലെങ്കില്‍ തുടര്‍ന്ന് പഠിക്കണം എന്നായിരുന്നോ ആ ദൃഢനിശ്ചയം?
തുടര്‍ന്ന് പഠിക്കാന്‍ മാത്രം ഒരു മിടുക്കനൊന്നുമല്ല ഞാന്‍ എന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. ഇംഗ്ലീഷ് പഠിക്കണം, എന്നുമാത്രമായിരുന്നു മനസ്സില്‍... ഇംഗ്ലീഷ് പഠിച്ചെടുത്താല്‍ അത് എനിക്ക് ഒരു കരിയര്‍ ആകുമെന്നോ, എന്‍റെ ഉള്ളില്‍ ഒരു ടീച്ചറുണ്ടെന്നോ അറിഞ്ഞിട്ടല്ല ആ തീരുമാനം എടുത്തതും. അതെനിക്ക് ഒരു കരിയറായി. ഇന്ന് നിരവധിപേരുടെ സുധിമാഷായി.
പൊതുവെ ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ് സംസാരിക്കുന്നവര്‍ പോലും സംസാരത്തിനിടയില്‍ നിരവധി ഇംഗ്ലീഷ് വാക്കുകളാണ് ഉപയോഗിക്കുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് പലര്‍ക്കും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്തത്?
ആളുകള്‍ ഇംഗ്ലീഷ് അറിയില്ലെന്ന് പറയുന്നത് തന്നെ ഒരു മണ്ടത്തരമാണ്. എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയാം. വാക്കുകള്‍ അറിയാം... പക്ഷേ, ആ വാക്കുകള്‍ വെച്ച് ഒരു വാക്യമുണ്ടാക്കി സംസാരിക്കാന്‍ അറിയില്ല. അതിന് ശ്രമിക്കാറില്ല..
എന്താണ് ഇംഗ്ലീഷ് പഠിക്കാനുള്ള എളുപ്പവഴി?
ഇംഗ്ലീഷ് പഠിക്കണം എന്ന് ആഗ്രഹമുള്ള ഒരാള്‍ തീര്‍ച്ചയായും ഇംഗ്ലീഷ് അറിയാത്ത ആളായിരിക്കുമല്ലോ. അങ്ങനെയുള്ള ഒരാളോട് ഇംഗ്ലീഷ് പത്രം വായിച്ചാല്‍ മതി എന്ന് പറഞ്ഞാല്‍ എന്താ അവസ്ഥ. ഇംഗ്ലീഷ് കേള്‍ക്കൂ, ഇംഗ്ലീഷ് സിനിമകള്‍ കാണൂ എന്നൊക്കെ പറയുന്നത് പിന്നെയും ഫലം ചെയ്യും. ഒരു പാട്ട് നമ്മള് ഒരിക്കലും പഠിച്ചെടുക്കുന്നത് എഴുതിയോ വായിച്ചോ അല്ല. കേട്ട് കേട്ടാണ്. കേട്ടുകൊണ്ടോയിരിക്കുക, പറഞ്ഞുകൊണ്ടേയിരിക്കുക.. പിന്നെ ഭാഷ ഉറപ്പിക്കാന്‍ വേണ്ടി വായിക്കുക, എഴുതുക..
സുധി മാഷെ തിരഞ്ഞ് കുട്ടികള്‍ വരാനുള്ള കാരണമെന്തായിരിക്കും?
ഹൃദയമുപയോഗിച്ചാണ് ഞാന്‍ പഠിപ്പിക്കുന്നത്. കാശിന് വേണ്ടിയല്ലാതെ, വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന് അവരിലൊരാളായി അവര്‍ക്കാവശ്യമുള്ളത് പഠിപ്പിക്കുന്നു. ബാക്കിയെല്ലാം നമ്മളെ തേടി വരും.
Adjust Story Font
16