ടോപ് ഗിയറിൽ മാരുതി സുസുക്കി; മൂന്നാം പാദത്തിൽ ലാഭം 1941 കോടി
24.1 ശതമാനം വളർച്ചയാണ് കമ്പനി കൈവരിച്ചത്
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) 24.1 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്, മൊത്തലാഭം 1941 കോടി.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1564 കോടിയുടെ ലാഭമാണ് ഉണ്ടായിരുന്നത്. 2020 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ മൊത്തം വരവ് 22,236 കോടി രൂപയാണ്. 2019-20 പാദത്തേക്കാള്‍ 13.2 ശതമാനം കൂടുതലാണിത്.
ഈ പാദത്തില്‍ 495,897 വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13.4 ശതമാനം വര്‍ധനയാണ് വില്‍പ്പനയില്‍ ഉണ്ടായത്. ഇതില്‍ 467,369 വാഹനങ്ങള്‍ വിറ്റത് ഇന്ത്യയിലാണെങ്കില്‍ 28,528 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയില്‍ 20.6 ശതമാനം വര്‍ധനയാണ് കമ്പനി കൈവരിച്ചത്.
സ്വിഫ്റ്റ് കാറുകളുടെ വില്‍പ്പനയാണ് വിപണിയില്‍ മാരുതിക്ക് കരുത്തായത്. കഴിഞ്ഞ വര്‍ഷം മാത്രം 1,60,700 യൂണിറ്റ് സ്വിഫ്റ്റാണ് മാരുതി നിരത്തിലിറക്കിയത്. 15 വര്‍ഷത്തിനിടെ 23 ലക്ഷം വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. 2005ലാണ് സ്വിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്.
Adjust Story Font
16