Quantcast

ആ സ്കൂളിലാണ് ഞാന്‍ പഠിച്ചതെങ്കില്‍ പത്താം ക്ലാസ് പോലും പാസാകില്ലായിരുന്നു; പണിയ സമുദായത്തില്‍ നിന്നുള്ള ആദ്യ ഡോക്ടര്‍ അഞ്ജലി പറയുന്നു

പട്ടികവർഗ്ഗ വിഭാഗത്തിലെ ഏറ്റവും പിന്നാക്കമായ പണിയ സമുദായംഗമായ അഞ്ജലി ഈ വിഭാഗത്തിൽ നിന്നും ഡോക്ടറാകുന്ന ആദ്യത്തെ വ്യക്തിയാണ്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-07-05 05:28:27.0

Published:

28 Jan 2021 6:00 AM GMT

ആ സ്കൂളിലാണ് ഞാന്‍ പഠിച്ചതെങ്കില്‍ പത്താം ക്ലാസ് പോലും പാസാകില്ലായിരുന്നു; പണിയ സമുദായത്തില്‍ നിന്നുള്ള ആദ്യ ഡോക്ടര്‍ അഞ്ജലി പറയുന്നു
X

എഴുതിയ പരീക്ഷകളെക്കാള്‍ കഠിനമായിരുന്നു അഞ്ജലിയുടെ ജീവിതം. ജാതി,നിറം, സമ്പത്ത്, സോഷ്യല്‍ സ്റ്റാറ്റസ്..അങ്ങിനെയുള്ള പ്രിവിലേജുകളുടെ പിന്തുണയൊന്നും അഞ്ജലിക്കുണ്ടായിരുന്നില്ല. സാഹചര്യങ്ങളോട് പൊരുതുക എന്നത് മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന വഴി..തോറ്റുകൊടുക്കാന്‍ അഞ്ജലിക്ക് മനസുമുണ്ടായിരുന്നില്ല. പരിമിതികളെ തോല്‍പ്പിച്ച് അഞ്ജലി പഠിച്ചു. കേരളാ വെറ്ററിനറി സർവകലാശാലയിൽ നിന്നും വെറ്ററിനറി ആൻഡ് അനിമൽ സയൻസ് ഡിഗ്രി ഫൈനൽ പരീക്ഷകളിൽ ഉന്നത വിജയം നേടി അഞ്ജലി. അഞ്ജലിയുടെ നേട്ടവും ചരിത്രമായി. പട്ടികവർഗ്ഗ വിഭാഗത്തിലെ ഏറ്റവും പിന്നാക്കമായ പണിയ സമുദായംഗമായ അഞ്ജലി ഈ വിഭാഗത്തിൽ നിന്നും ഡോക്ടറാകുന്ന ആദ്യത്തെ വ്യക്തിയാണ്. പുൽപ്പള്ളിയിലെ ചീയമ്പം-73 ലെ ഭാസ്കരന്‍റെയും സരോജിനിയുടെയും മകളാണ് അഞ്ജലി ഭാസ്കരന്‍.

എന്തുകൊണ്ടാണ് എം.ബി.ബി.എസ് തെരഞ്ഞെടുക്കാതെ വെറ്റിനറി സയന്‍സ് തെരഞ്ഞെടുത്തത്?

വെറ്റിനറി സയന്‍സ് തെരഞ്ഞെടുക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. എം.ബി.ബി.എസിന് വേണ്ടി തന്നെയാണ് പാലായില്‍ എന്‍ട്രന്‍സ് കോച്ചിംഗിന് പോയത്. ഞങ്ങളുടെ സമുദായത്തെ സംബന്ധിച്ചിടത്തോളം അസുഖം വന്നാല്‍ ആശുപത്രിയില്‍ പോകില്ല. അവരങ്ങിനെയാണ്. അവര്‍ക്ക് ഒരു സഹായമാകുമല്ലോ എന്നോര്‍ത്താണ് എം.ബി.ബി.എസ് നോക്കിയത്. എന്നാല്‍ എനിക്ക് ആദ്യം ഹോമിയോ ആണ് കിട്ടിയത്. രണ്ടാമതാണ് വെറ്റിനറി കിട്ടിയത്. അച്ഛന്‍ ഒരു കൃഷിക്കാരനാണ്. അച്ഛനും സഹായിക്കാമെന്ന് പറഞ്ഞു. പിന്നെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ പശുക്കളും ആടുകളുമൊക്കെയുണ്ട്. വെറ്റിനറി ഡോക്ടറായാല്‍ അവര്‍ക്ക് ഉപകാരമാകുമല്ലോ എന്നു കരുതി വെറ്റിനറി സയന്‍സ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നു മുതലാണ് ഡോക്ടര്‍ എന്ന സ്വപ്നം മനസില്‍ ചേക്കേറിയത്?

ഡോക്ടറാവുക എന്നത് എന്‍റെ കുട്ടിക്കാലത്തെ ആഗ്രഹമൊന്നുമായിരുന്നില്ല. അന്ന് ആഗ്രഹങ്ങളേ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാന്‍. പ്ലസ് ടു എത്തിയപ്പോഴാണ് അതിനെക്കുറിച്ച് തിരിച്ചറിവുണ്ടായത്. ഡോക്ടറാവുന്നത് എങ്ങിനെയാണ്? ഏത് കോഴ്സ് പഠിക്കണം എന്നൊക്കെ മനസിലാകുന്നത്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ഒരു ജോലി വേണമെന്നൊക്കെ തോന്നി. അന്ന് ഞാനും എന്‍റെ ചേച്ചിയും കൂടി ഇഞ്ചിപ്പണിക്ക് പോയിരുന്നു. ഒരാഴ്ചക്കാലം അങ്ങിനെ പോയി. ഒരു ജോലിയുണ്ടെങ്കില്‍ ആരെങ്കിലും പറഞ്ഞത് കേട്ട് ഇങ്ങിനെ വെയിലത്ത് നിന്ന് പണിയെടുക്കണ്ടല്ലോ എന്ന് മനസിലായി. പത്താം ക്ലാസില്‍ എനിക്ക് നല്ല മാര്‍ക്കൊന്നുമുണ്ടായിരുന്നില്ല. മൂന്ന് എ പ്ലസ് മാത്രമാണുണ്ടായിരുന്നത്.

ചീയമ്പം കോളനിയിലെ ആൾട്ടർനേറ്റീവ് സ്‌കൂളിലായിരുന്നു ഞാന്‍ നാലാം ക്ലാസ് വരെ പഠിച്ചത്. തുടർന്ന് പുൽപ്പള്ളി വേലിയമ്പം ദേവിവിലാസം സ്‌കൂൾ, പൂക്കോട് ജിഎംആർഎസ് എന്നിവിടങ്ങളിലായിരുന്നു പഠനം. തിരുവനന്തപുരം തട്ടേല എം.ആർ.എസിൽ നിന്നാണ് പ്ലസ്ടു പാസായത്.

എന്‍ട്രന്‍സ് പരിശീലനമൊക്കെ എങ്ങിനെയായിരുന്നു?

ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും സൌജന്യമായിട്ടായിരുന്നു എന്‍ട്രന്‍സ് പരിശീലനം. അലോട്ട്മെന്‍റിന്‍റെ സമയം അറിയാത്തതുകൊണ്ട് ആദ്യമെനിക്ക് കിട്ടിയിരുന്നില്ല. അങ്ങിനെ ഒരു വര്‍ഷം എന്‍റെ പോയിരുന്നു. റിപ്പീറ്റ് ചെയ്യാനുള്ള അവസരമുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ അതിനുള്ള അവസരമില്ലാ എന്നായിരുന്നു മറുപടി. പക്ഷെ രണ്ട് കുട്ടികള്‍ക്ക് കൊടുത്തതായിട്ട് ഞാനറിഞ്ഞിരുന്നു. അതിലൊരാളുടെ അച്ഛന്‍ പൊലീസും മറ്റൊരാളുടെ അമ്മ പൊലീസുമായിരുന്നു. അതുകേട്ടപ്പോള്‍ എനിക്ക് കൂടുതല്‍ വിഷമമായി. ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ അവരെന്നോട് പാലായിലേക്ക് പൊയ്ക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചു. അങ്ങിനെയാണ് ഡോക്ടര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്.

മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലിരുന്നാണ് പഠിച്ചതെന്ന് കേട്ടിട്ടുണ്ട്?

എന്‍റെ വീട്ടില്‍ കറന്‍റ് കിട്ടിയിട്ട് കുറച്ചു വര്‍ഷങ്ങളെ ആയിട്ടുള്ളൂ. അതുവരെ മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലാണ് ഞങ്ങള്‍ പഠിച്ചത്. പത്തിലൊക്കെ പഠിക്കുന്ന സമയത്താണ് വീട്ടില്‍ വൈദ്യുതി വരുന്നത്. അച്ഛനും അമ്മയും രണ്ടും ചേട്ടന്‍മാരുമാണ് വീട്ടിലുള്ളത്. അച്ഛന്‍ പശുവിനെ നോക്കലും മറ്റുമായി അങ്ങിനെ പോകുന്നു. അമ്മ തൊഴിലുറപ്പിനും. ചേട്ടന്‍ പിജി വരെ പഠിച്ചതാണ്. ഇപ്പോള്‍ എക്സൈസില്‍ ജോലി കിട്ടിയിട്ടുണ്ട്. അച്ഛനും അമ്മയും സഹോദരങ്ങളും നല്ല സപ്പോര്‍ട്ടാണ്. ചേട്ടന്‍ ജോലി ചെയ്ത് കാശുണ്ടാക്കിയാണ് ഞങ്ങടെ വീടൊക്കെ നന്നാക്കിയത്. ചേട്ടന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. പെയിന്‍റടിച്ച വീട്ടിലൊക്കെ താമസിക്കാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല.

പഠനകാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനമുണ്ടായിട്ടുണ്ടോ?

ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലുള്ള മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ യാതൊരു തരത്തിലുള്ള വിവേചനവും അനുഭവിച്ചിട്ടില്ല. 9,10 ക്ലാസുകളിലും പ്ലസ് ടുവിനുമാണ് ഞാന്‍ എം.ആര്‍.എസില്‍ പഠിച്ചത്. നല്ല സപ്പോര്‍ട്ടായിരുന്നു അവിടുത്തെ അധ്യാപകര്‍. എന്ത് സംശയം പോലും ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഈയൊരു ആനുകൂല്യം പുറത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ നമുക്ക് ലഭിക്കില്ല. പുല്‍പ്പള്ളി സ്കൂളിലായിരുന്നു ഞാന്‍ എട്ടാം ക്ലാസ് വരെ പഠിച്ചത്. ആ സ്കൂളിലാണ് തുടര്‍ന്നും ഞാന്‍ പഠിച്ചതെങ്കില്‍ ഉറപ്പായിട്ടും പത്താം ക്ലാസില്‍ തോല്‍ക്കുമായിരുന്നു. പണിയര്‍ എന്ന നിലയിലായിരുന്നില്ല ആദിവാസികള്‍ എന്ന നിലയിലായിരുന്നു ഞങ്ങളെ അവര്‍ കണ്ടിരുന്നത്. ഞങ്ങള്‍ക്ക് വേണ്ടി ആ സ്കൂളില്‍ ബഞ്ചുകള്‍ ഒഴിച്ചിടുമായിരുന്നു. ഏറ്റവും പിറകിലായിരുന്നു ഞങ്ങളുടെ സ്ഥാനം. മുന്നിലിരിക്കാന്‍ അന്നൊക്കെ വലിയ ആഗ്രഹമായിരുന്നു. ടെക്സ്റ്റ് ബുക്ക് വായിക്കാനൊന്നും ഞങ്ങള്‍ക്കൊരു അവസരമുണ്ടായിരുന്നില്ല. മുന്‍നിരയിലെ കുട്ടികളെക്കൊണ്ട് മാത്രമാണ് അധ്യാപകര്‍ ടെക്സ്റ്റ് ബുക്ക് വായിപ്പിക്കുക. അതൊക്കെ വലിയ വിഷമമുണ്ടാക്കിയിരുന്നു.

വെറ്റിനറി കോളേജിലെ പഠനകാലം എങ്ങിനെയായിരുന്നു?

വെറ്റിനറി കോളേജില്‍ പഠിക്കുമ്പോള്‍ സഹപാഠികളുടെയും അധ്യാപകരുടെയും നല്ല പിന്തുണ ലഭിച്ചിരുന്നു. ആദ്യത്തെ അസൈന്‍മെന്‍റൊക്കെ കിട്ടിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ലാപ്ടോപ്പോ ഫോണോ ഉണ്ടായിരുന്നില്ല. മൂന്നാം വര്‍ഷമായപ്പോഴാണ് ഒരു മൊബൈല്‍ ഫോണ്‍ കിട്ടുന്നത്. ആ സമയത്തൊക്കെ അധ്യാപകരാണ് എന്നെ സഹായിച്ചത്. പ്രസന്‍റേഷന്‍റെ സമയത്തൊക്കെ അധ്യാപകര്‍ നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നു.

TAGS :

Next Story