Quantcast

പതിവുവഴിയില്‍ ഈ സ്കൂള്‍ ബസ്

MediaOne Logo

admin

  • Published:

    30 May 2016 10:08 AM GMT

പതിവുവഴിയില്‍ ഈ സ്കൂള്‍ ബസ്
X

പതിവുവഴിയില്‍ ഈ സ്കൂള്‍ ബസ്

മക്കളെ കുറേക്കൂടി മനസ്സിലാക്കാന്‍ ചില രക്ഷിതാക്കളെ എങ്കിലും ചിത്രം പ്രേരിപ്പിച്ചേക്കും. അല്ലാതെ വ്യത്യസ്തമായ പരിചരണം പ്രതീക്ഷിച്ചുവരുന്നവര്‍ക്ക് അപൂര്‍ണത അനുഭവപ്പെടും.

കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഒരു മുഴുനീള ചിത്രം എന്ന നിലയില്‍ സ്കൂള്‍ ബസ് എന്ന സിനിമയുടെ ഉദ്ദേശശുദ്ധി അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ അണുകുടുംബത്തിലെ തിരക്കിനിടയില്‍ കുട്ടികളെ മനസ്സിലാക്കാന്‍ കഴിയാത്ത മാതാപിതാക്കളും അരക്ഷിതത്വം അനുഭവിക്കുന്ന കുട്ടികളും ഇതിനു മുന്‍പും പല സിനിമകളിലായി ഏറിയും കുറഞ്ഞും കടന്നുവന്നിട്ടുണ്ട്. ഇതുവരെ കണ്ട കാഴ്ചകളില്‍ നിന്നോ കേട്ട സംഭാഷണങ്ങളില്‍ നിന്നോ വ്യത്യസ്തമായി ഒന്നും സ്കൂള്‍ ബസില്‍ കാണാനില്ല എന്നതാണ് പ്രധാന ന്യൂനത. ഉദയനാണ് താരവും ഹൌ ഓള്‍ഡ് ആര്‍ യുവും ഉള്‍പ്പെടെ റോഷന്‍ ആന്‍ഡ്രൂസിന്റെ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ബോബി-സഞ്ജയ് കൂട്ടുകെട്ട് അത്ഭുതങ്ങളൊന്നും സ്കൂള്‍ ബസില്‍ പ്രേക്ഷകര്‍ക്കായി കരുതിവെച്ചിട്ടില്ല. ദുര്‍ബലമായ തിരക്കഥയാണ് ഈ സിനിമയ്ക്ക് തിരിച്ചടിയായത്.

ബിസിനസ്സുകാരായ മാതാപിതാക്കളുടെ തിരിക്കിനിടയില്‍ കൊച്ചിയിലെ ഫ്ലാറ്റിനുള്ളില്‍ ശ്വാസം മുട്ടുന്ന കുട്ടികളാണ് അജോയും (ആകാശ് മുരളീധരന്‍) ആഞ്ജലീനയും (ആഞ്ജലീന റോഷന്‍). ഇവരുടെ അച്ഛനായ ജോസഫ് (ജയസൂര്യ) മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ തയ്യാറാകാത്ത കര്‍ക്കശക്കാരന്‍ കൂടിയാണ്. അമ്മ അപര്‍ണ (അപര്‍ണ ഗോപിനാഥ്) മക്കളെ കുറേക്കൂടി മനസ്സിലാക്കുന്നുണ്ട്. പതിവ് സംഭാഷണങ്ങളിലൂടെയാണ് മാതാപിതാക്കള്‍ക്കും മക്കള്‍ക്കും ഇടയിലെ വിടവും ശൂന്യതയും അവതരിപ്പിക്കുന്നത്. വീട്ടില്‍ നിന്നും സ്കൂളിലെത്തിയാല്‍ കുട്ടികളുടെ സ്വാഭാവിക കുറുമ്പുകളും അവരുടെ കഴിവുകളുമെല്ലാം അടിച്ചമര്‍ത്തുന്ന, കുട്ടികളെ പരിഗണിക്കാത്ത ക്ലാസ് മുറികള്‍. പിന്നെ ഒരിടത്ത് മണ്ണപ്പം ചുട്ടും ഉപ്പിലിട്ട നെല്ലിക്ക പങ്കുവെച്ചും പ്രകൃതിയോടും മണ്ണിനോടും ചേര്‍ന്ന് നില്‍ക്കുന്ന സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥികളെയും കാണാം. ഉപരിപ്ലവമായാണെങ്കിലും അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പോരായ്മകളും പൊതുവിദ്യാഭ്യാസത്തിന്റെ നന്മകളും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

രണ്ടാം പകുതിയില്‍ കാടിന്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. സി കെ മുരളീധരന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ആകാശക്കാഴ്ചയിലെ കാടിന് വന്യതയും സൌന്ദര്യവുമൊക്കെയുണ്ട്. സന്ദര്‍ഭത്തോട് ചേര്‍ന്നുപോകുന്ന പശ്ചാത്തല സംഗീതമുണ്ട്. പക്ഷേ കാട്ടിലൂടെയുള്ള തിരച്ചില്‍ പലപ്പോഴും സ്വാഭാവികത കൈവിട്ട് കൃത്രിമത്വം നിറഞ്ഞതായി മാറുന്നു. ഗ്രാഫിക്സിന്റെ സഹായത്തോടെ സ്ത്രീനില്‍ കയറിവരുന്ന പുലിയും ഒരു കൂട്ടം ആനകളുമെല്ലാം മുഴച്ചുനില്‍ക്കുന്നു. മാതാപിതാക്കളെ ഉദ്ബോധിപ്പിക്കുന്ന സിനിമ എന്ന നിലയില്‍ ഗുണദോഷപാഠങ്ങള്‍ സ്വാഭാവികമായും കടന്നുവരും. ക്ലൈമാക്സിലെ ഉപദേശത്തിന് പകരം കുട്ടികളുടെ അമ്മ സ്വയം വിമര്‍ശനം നടത്തുന്ന തരത്തില്‍ ചിത്രീകരിച്ചത് നന്നായിട്ടുണ്ട്. പക്ഷേ കുട്ടികളെ അവര്‍ ആഗ്രഹിക്കുന്ന ഇടത്തേക്ക് തുറന്നുവിടാന്‍ തയ്യാറാകാതെ അതേ സ്കൂളിലേക്ക് തന്നെ അവരെ മടക്കി അയയ്ക്കുകയാണ്. സ്കൂള്‍ ബസ്സിലിരുന്ന് ഒരു കൈ പുറത്തേക്കിട്ട് മഴയെ അറിയാനുള്ള സ്വാതന്ത്ര്യമേ ഒടുവിലും അവര്‍ക്കുള്ളൂ.

വീട്ടിലും സ്കൂളിലും നിശബ്ദമാക്കപ്പെടുന്ന കുട്ടികളുടെ സൈനര്‍ഗികത സ്കൂള്‍ ബസില്‍ വെച്ചാണ് പുറത്തുവരുന്നത് എന്നതിനാല്‍ തന്നെ ബസും സിനിമയില്‍ ഒരു കഥാപാത്രമാണ്. നിങ്ങള്‍ക്ക് സ്കൂളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതെന്ന് കുട്ടികളോട് ചോദിക്കുമ്പോള്‍ സ്കൂള്‍ വിട്ടുകഴിഞ്ഞുള്ള സ്കൂള്‍ ബസ് എന്ന കുട്ടികളുടെ ഒറ്റ ഉത്തരത്തിലൂടെ ആ വിദ്യാഭ്യാസരീതിയോടുള്ള കുട്ടികളുടെ എതിര്‍പ്പ് വ്യക്തമാക്കാന്‍ കഴിഞ്ഞു. ഒരു ആവശ്യവുമില്ലാതെ മുസ്ലിം വേഷധാരിയായ ഒരാളെ ഒരു സീനില്‍ വില്ലനായി കൊണ്ടുവന്നത് എന്തിനെന്ന് മനസ്സിലായില്ല. പറയാനുള്ളതൊക്കെ ഡയലോഗുകളില്‍ കൂടി പറയാതെ ഇമേജറി സാധ്യത കുറച്ചുകൂടി ഉപയോഗിച്ചിരുന്നുവെങ്കില്‍ മികച്ച സിനിമയാകുമായിരുന്നു സ്കൂള്‍ ബസ്.

കുട്ടികളായെത്തിയ ആകാശ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സി കെ മുരളീധരന്റെയും ആഞ്ജലീന സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെയും മക്കളാണ്. നിഷ്കളങ്കയായ കുട്ടിയായി അഞ്ജലീനയുടെ പ്രകടനം കൊള്ളാം. ആകാശിന്റെയും മെച്ചപ്പെട്ട അഭിനയം തന്നെയാണ്. കര്‍ക്കശക്കാരനായ അച്ഛനായി ജയസൂര്യയും അമ്മയായി അപര്‍ണ ഗോപിനാഥും കഥാപാത്രങ്ങളോട് നീതി കാണിച്ചു. പൊലീസ് ഓഫീസറായി കുഞ്ചാക്കോ ബോബന് വ്യത്യസ്തമായി ഒന്നും ചെയ്യാനില്ല. അതേസമയം ചെറുതെങ്കിലും നന്ദുവിന്റെ പൊലീസ് വേഷം നന്നായിട്ടുണ്ട്. ചിത്രത്തിലെ പോലൊരു കുട്ടിക്കാലത്തിലൂടെ കടന്നുപോകുന്ന കുട്ടികളും ആ കാലം കടന്നുവന്ന മുതിര്‍ന്നവരും താദാത്മ്യപ്പെട്ടേക്കും. മക്കളെ കുറേക്കൂടി മനസ്സിലാക്കാന്‍ ചില രക്ഷിതാക്കളെ എങ്കിലും ചിത്രം പ്രേരിപ്പിച്ചേക്കും. അല്ലാതെ വ്യത്യസ്തമായ പരിചരണവും സാങ്കേതിക തികവും പ്രതീക്ഷിച്ചുവരുന്നവര്‍ക്ക് അപൂര്‍ണത അനുഭവപ്പെടും.

TAGS :

Next Story