കുഞ്ഞുമീനല്ല ഗപ്പി
കുഞ്ഞുമീനല്ല ഗപ്പി
പരത്തിയെഴുതിയ തിരക്കഥയെന്ന പരിമിതിയുണ്ടെങ്കിലും സത്യസന്ധമായ പ്രമേയ പരിചരണത്താലും മിഴിവാര്‍ന്ന ഫ്രെയിമുകളാലും മെയ്ക്കിംഗിലെ വ്യത്യസ്തതയാലും ഗപ്പി ഒരു ചെറിയ മീനല്ലെന്ന് തെളിയിക്കുന്നു
ഓരോ സിനിമയും ഓരോ തരത്തിലാവും ആസ്വാദകരെ സ്വാധീനിക്കുക. പ്രമേയം, മെയ്ക്കിംഗിലെ വ്യത്യസ്തത, ഭംഗിയുള്ള ഫ്രെയിമുകള്‍, സംഗീതം എന്നുവേണ്ട ചിലപ്പോള്‍ ഒരു സംഭാഷണം കൊണ്ടുപോലും സിനിമ ആസ്വാദകരെ സ്വാധീനിച്ചുകളയും. അങ്ങനെ നോക്കുമ്പോള്‍ പരത്തിയെഴുതിയ തിരക്കഥയെന്ന പരിമിതിയുണ്ടെങ്കിലും സത്യസന്ധമായ പ്രമേയ പരിചരണത്താലും മിഴിവാര്‍ന്ന ഫ്രെയിമുകളാലും മെയ്ക്കിംഗിലെ വ്യത്യസ്തതയാലും ഗപ്പി ഒരു ചെറിയ മീനല്ല. കുട്ടികളുടെ കുഞ്ഞുലോകത്തിലെ വലിയ സന്തോഷങ്ങളും പ്രതീക്ഷകളും ആകുലതകളും വികൃതികളും കുസൃതികളുമെല്ലാം അശേഷം കൃത്രിമത്വമില്ലാതെ തന്നെ ഗപ്പിയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഒപ്പം ശാസ്ത്രീയമായ വികസനഭ്രമം ചെറിയ മനുഷ്യരുടെ ചെറിയ ലോകത്തെ എങ്ങനെയെല്ലാം തകര്‍ക്കുന്നുവെന്നും ഗപ്പി ലളിതമായി പറയുന്നു. നവാഗതനായ ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി, ഗപ്പിയെന്ന് വിളിപ്പേരുള്ള ബാലനില്‍ തുടങ്ങി അവനിലൂടെ പുരോഗമിക്കുന്ന നന്മ നിറഞ്ഞ ചിത്രമാണിത്.
ഗപ്പി മത്സ്യങ്ങളെ വളര്‍ത്തി വീട് പുലര്‍ത്തുന്ന മിഖായേല്‍ എന്ന ബാലനും (ചേതന്‍) വീല്‍ചെയറില്‍ കഴിയുന്ന അമ്മയും (രോഹിണി) തമ്മിലുള്ള ആത്മബന്ധത്തിലാണ് സിനിമയുടെ തുടക്കം. ഗപ്പി മത്സ്യങ്ങളെ വളര്‍ത്തിയും പെട്ടിക്കടയില്‍ സഹായിയായി നിന്നും കിട്ടുന്ന കാശ് കൊണ്ട് അമ്മയ്ക്ക് ഒരു പ്രത്യേക സമ്മാനം വാങ്ങുകയെന്നതാണ് ഗപ്പിയുടെ ജീവിതാഭിലാഷം. കടലിനോട് ചേര്‍ന്ന് പാറപ്പുറം എന്നൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. തീരദേശത്തെ മനുഷ്യരും അവരുടെ ജീവിതവുമെല്ലാം പുതുമയുള്ള ഫ്രെയിമുകളിലും ആംഗിളുകളിലും സ്ക്രീനില്‍ തെളിയുകയാണ്. കമ്മട്ടിപ്പാടത്തിന് ശേഷം മറ്റൊരു മലയാള സിനിമ അരികുവല്‍ക്കരിക്കപ്പെട്ടവരെയും അവരുടെ അതിജീവനവും സ്വാഭാവികതയോടെ ചിത്രീകരിച്ചിരിക്കുന്നു. വികസനം മുഖ്യധാരയില്‍ അദൃശ്യരായ മനുഷ്യരുടെ ചെറിയ ലോകത്തെ എങ്ങനെയെല്ലാം ചവിട്ടിയരയ്ക്കുന്നുവെന്ന് ഈ ചിത്രവും വളരെ വ്യക്തമായി കാണിച്ചുതരുന്നു.
പ്രായത്തില്‍ കവിഞ്ഞ ഉത്തരവാദിത്വം തോളിലേറ്റുമ്പോഴും ആ പ്രായത്തിലെ കുട്ടികളുടെ തല്ലുകൊള്ളിത്തരങ്ങളൊക്കെ ഗപ്പിയിലും അവന്റെ കൂട്ടുകാരിലുമുണ്ട്. ഉപ്പൂപ്പയുടെ (ശ്രീനിവാസന്‍) നിര്‍ബന്ധത്താല്‍ സ്കൂളില്‍ പോലും പോവുമ്പോള്‍ കണ്ണുകള്‍ ഒഴികെ മുഖം പൂര്‍ണമായും മറച്ച് നടക്കുന്ന ആമിനയാണ് അവരുടെ സ്വപ്നസുന്ദരി. പക്ഷേ ആമിന പോവുമ്പോള്‍ വഴിയില്‍ അവരുടെ കാത്തിരിപ്പ് പ്രേമത്തിലെ കാത്തിരിപ്പിന്റെ അനുകരണമായിപ്പോയി എന്നത് പോരായ്മയാണ്. ആ നാട്ടില്‍ പാലം പണിയാനായി എഞ്ചിനീയര്‍ തേജസ് വര്‍ക്കി (ടോവിനോ തോമസ്) വരുന്നതോടെ ഗപ്പിയുടെ ജീവിതത്തില്‍ അപ്രതീക്ഷിത പ്രതിസന്ധികളുണ്ടാവുകയാണ്. ചാര്‍ളിയിലെ ദുല്‍ഖര്‍ സല്‍മാന്റെ രൂപഭാവങ്ങളെ ഓര്‍മിപ്പിക്കുന്നു ടോവിനോയുടെ എന്‍ട്രി. ആ ആവര്‍ത്തനം ഒഴിവാക്കാമായിരുന്നു.
ട്രെയിലറില്‍ ദിലീഷ് പോത്തന്‍ ടോവിനോയോട് ചോദിക്കുന്നതുപോലെ ഈ കഥയിലെ നായകന്‍ ആരാ വില്ലന്‍ ആരാ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധമാണ് പിന്നീട് കഥ പുരോഗിക്കുന്നത്. ആദ്യ പകുതിയോട് അടുക്കുന്നതോടെ കഥ പരന്നും ഇഴഞ്ഞും പോവുകയാണ്. ഗപ്പിയെയും എഞ്ചിനീയറെയും ചുറ്റിപ്പറ്റി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് കഥാഗതി മാറിയും മറിഞ്ഞും വരുമ്പോള്‍ തുടര്‍ച്ച നഷ്ടപ്പെടുന്നത് ആസ്വാദനത്തെ ബാധിക്കുന്നു. എന്നാല്‍ കഥാഗതിക്കിടെ പ്രേക്ഷകര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ എല്ലാം ക്ലൈമാക്സില്‍ തീര്‍ക്കുന്നുണ്ട്. ചെറിയ ചെറിയ അനിഷ്ടങ്ങള്‍ പകയും പ്രതികാരവുമായി മാറുന്നതും പിന്നീടത് തിരിച്ചറിവും നന്മയുടെ വീണ്ടെടുപ്പുമായി മാറുന്നതുമാണ് സിനിമയുടെ ഒടുവില്‍ കാണാന്‍ കഴിയുന്നത്. അല്ലാതെ കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന സിനിമകളുടെ പതിവുവഴിയില്‍ ഗപ്പി സാരോപദേശം വിളമ്പുന്നില്ല. രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്തുന്ന ക്ലീഷെ ഒഴിച്ചുനിര്‍ത്തിയാല്‍ ഗപ്പി ആരെയും ഗുണദോഷിക്കുന്നുമില്ല.
ഗപ്പി എന്ന ടൈറ്റില്‍ റോളില്‍ ഗംഭീരമായ പ്രകടനമാണ് ചേതന്‍ കാഴ്ചവെച്ചത്. ഒരിടത്തും ചേതന് ഇടറുന്നില്ല. ടോവിനോ തോമസ് തേജസ് വര്‍ക്കിയുടെ സ്വഭാവത്തിലെ അനിശ്ചിതത്വവും സങ്കീര്‍ണതയും വേദനയുമെല്ലാം ഉള്‍ക്കൊണ്ട് അഭിനയിച്ചിട്ടുണ്ട്. ശ്രീനിവാസന്‍, രോഹിണി, ദിലീഷ് പോത്തന്‍, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങി എല്ലാവരും സ്വന്ത ഭാഗം ഭംഗിയാക്കി. ഗപ്പിക്ക് മിഴിവേകിയ മറ്റൊരു ഘടകം ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണമാണ്. വ്യത്യസ്തതയും ദൃശ്യഭംഗിയും കൊണ്ട് പുതുമയുള്ള ഫ്രെയിമുകളാണ് ഗിരീഷിന്റേത്. വിഷ്ണു വിജയ് ഒരുക്കിയ ഗാനങ്ങളും കഥാഗതിക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതവും കൊള്ളാം. രാഷ്ട്രീയക്കാരെയും മുസ്ലിങ്ങളെയും സംബന്ധിച്ച വാര്‍പ്പുമാതൃകകള്‍ പിന്തുടരുന്നത് ഒഴിവാക്കി, കഥ ഒതുക്കിപ്പറഞ്ഞിരുന്നെങ്കില്‍ ഗപ്പി കുറേക്കൂടി മെച്ചപ്പെട്ട സിനിമയാകുമായിരുന്നു.
Adjust Story Font
16