Quantcast

കൌതുകമുണര്‍ത്തുന്ന ദൃശ്യഭംഗിയുമായി എസ്ര

MediaOne Logo

Sithara

  • Published:

    15 Feb 2017 1:54 PM GMT

കൌതുകമുണര്‍ത്തുന്ന ദൃശ്യഭംഗിയുമായി എസ്ര
X

കൌതുകമുണര്‍ത്തുന്ന ദൃശ്യഭംഗിയുമായി എസ്ര

മലയാളത്തിലെ പ്രേതസിനിമകളുടെ പതിവ് ഫോര്‍മുലയില്‍ നിന്ന് മാറി സഞ്ചരിച്ചുവെന്നതാണ് ജെയ് കെ രചനയും സംവിധാനവും നിര്‍വഹിച്ച എസ്രയുടെ പ്രത്യേകതയും പുതുമയും.

മലയാളത്തിലെ പ്രേതസിനിമകളുടെ പതിവ് ഫോര്‍മുലയില്‍ നിന്ന് മാറി സഞ്ചരിച്ചുവെന്നതാണ് ജെയ് കെ രചനയും സംവിധാനവും നിര്‍വഹിച്ച എസ്രയുടെ പ്രത്യേകതയും പുതുമയും. പതിവ് വഴിയെന്ന് പറഞ്ഞാല്‍ നീതി കിട്ടാതെ മരിച്ചുപോയ സ്ത്രീ പ്രതികാരദാഹിയായി വെള്ള സാരിയുടുത്ത് അലഞ്ഞുതിരിഞ്ഞു നടക്കുക‍, മേമ്പൊടിയായി കുറച്ച് ഹാസ്യം, പശ്ചാത്തലത്തില്‍ പട്ടികളുടെ ഓരിയിടല്‍ എന്നിങ്ങനെ മലയാള ഹൊറര്‍ സിനിമകളിലെ സ്ഥിരം ചേരുവകള്‍ എസ്രയില്‍ ഇല്ല. അതുകൊണ്ടാണ് എസ്ര ആവര്‍ത്തനവിരസമല്ലാത്ത ഹൊറര്‍ ത്രില്ലര്‍ സിനിമയായത്. ജൂതപശ്ചാത്തലത്തില്‍ കഥ പറയാനുള്ള തീരുമാനവും ബുദ്ധിപരമായ നീക്കമാണ്. അധികം കണ്ടുപരിചയമില്ലാത്ത കഥാപശ്ചാത്തലമാകുമ്പോള്‍ സ്വാഭാവികമായും കണ്ടിരിക്കാന്‍ കൌതുകം തോന്നുമല്ലോ. പൊതുവെ അപരിചിതമായ കഥാപരിസരം നല്ല ഫ്രെയിമുകളില്‍ പകര്‍ത്തിയ ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

കൊച്ചിയില്‍ പുരാവസ്തുക്കള്‍ വില്‍ക്കുന്ന കടയിലെ ജോലിക്കാരനായ സബാട്ടിയുടെ (രാജേഷ് ശർമ്മ) ഉദ്വേഗമുണര്‍ത്തുന്ന സൂക്ഷ്മാഭിനയത്തിന് പിന്നാലെ ടൈറ്റില്‍ എഴുതി കാണിച്ചാണ് എസ്രയിലെ കാഴ്ചകള്‍ തുടങ്ങുന്നത്. മുബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ രഞ്ജന്‍ - പ്രിയ (പൃഥ്വിരാജ് - പ്രിയ ആനന്ദ്) ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പിന്നീട് കഥ പുരോഗമിക്കുന്നത്. ആണവ പ്ലാന്റുകളില്‍ നിന്നുളള അപകടകരമായ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ജോലിയാണ് രഞ്ജന്റേത്. പുരാവസ്തു ഷോപ്പില്‍ നിന്ന് വാങ്ങിയ ഒരു പെട്ടിയാണ് അവരുടെ ജീവിതത്തെ അശാന്തമാക്കുന്നത്. ഇരുട്ടിന്റെയും നിഴലിന്റെയുമെല്ലാം സാധ്യതകള്‍ ഉപയോഗപ്പെടുത്തി രഞ്ജന്റെയും പ്രിയയുടെയും ഭയവും ആശങ്കയുമെല്ലാം കാണികളിലേക്ക് പകരാന്‍ ആദ്യ പകുതിക്ക് കഴിയുന്നുണ്ട്. ഒപ്പം പെട്ടിയിലെന്ത് എന്നതിലെ നിഗൂഢതയും ചുരുളഴിയുന്നു. പിന്നാലെ ജൂതജീവിതം പറയുന്ന ഫ്ലാഷ് ബാക്കും ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ക്ലൈമാക്സിനോട് അടുപ്പിച്ചുള്ള ട്വിസ്റ്റ് സസ്പെന്‍സ് ചോര്‍ന്നുപോകാതെ അവതരിപ്പിക്കുന്നതിലും സിനിമ വിജയിച്ചു.

എന്നാല്‍ ആരിലാണ് പ്രേതം ശരിക്കും പ്രവേശിച്ചിരിക്കുന്നതെന്ന് പറഞ്ഞതിന് ശേഷമുള്ള കഥപറച്ചിലില്‍ അതുവരെയുള്ള വ്യക്തത നഷ്ടമാകുന്നു. അതുവരെ സൂക്ഷ്മമായി പറഞ്ഞിരുന്ന കഥ ഈ ഘട്ടത്തിലെത്തുമ്പോള്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോവുകയാണ്. പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീടുമായി ബന്ധപ്പെട്ട ഒരു സംഭവവും അപൂര്‍ണതയില്‍ അവസാനിച്ചു. ടോവിനോ തോമസ് അവതരിപ്പിക്കുന്ന പോലീസ് ഓഫീസര്‍ പ്രേതകഥ ഒരു സംശയവും കൂടാതെ വിഴുങ്ങുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ബാധ ഒഴിപ്പിക്കുന്ന സീനിലെത്തുമ്പോഴേക്കും പതിവ് മലയാള ഹൊറര്‍ സിനിമയുടെ ഫോര്‍മാറ്റിലേക്ക് മാറുന്നുവെന്നതും പോരായ്മയാണ്. പക്ഷേ ടെയില്‍ എന്‍ഡില്‍ കമ്മട്ടിപ്പാടത്തില്‍ ബാലേട്ടനായി അഭിനയിച്ച മണികണ്ഠനെ കൊണ്ടുവന്ന് കയ്യടി നേടാനുള്ള ശ്രമം വിജയിച്ചിട്ടുണ്ട്.

രഞ്ജന്‍ എന്ന കഥാപാത്രം പൃഥ്വിരാജിന്റെ കയ്യില്‍ ഭദ്രമാണ്. അതേസമയം നടന്‍ എന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ തക്ക റോളൊന്നുമല്ല ഇത്. എന്നാല്‍ നായകന് ഹീറോയിസം കാണിക്കാനുള്ളതാണ് സിനിമ എന്ന് കരുതാതെ പുതുമയുള്ള സിനിമകളുടെ ഭാഗമാകാനുള്ള പൃഥ്വിരാജിന്റെ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. പ്രിയ ആനന്ദ്, ടോവിനോ തോമസ്, സുദേവ് നായര്‍, സുജിത് ശങ്കര്‍ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും സ്വന്തം ഭാഗം ഭംഗിയായി അഭിനയിച്ചു. സുജിത് വാസുദേവിന്റെ ഛായാഗ്രഹണത്തോടും ഗോകുല്‍ ദാസിന്റെ കലാസംവിധാനത്തോടും ചേര്‍ന്നുപോകുന്നതാണ് വിവേക് ഹര്‍ഷന്റെ എഡിറ്റിങ്. രാഹുല്‍ രാജിന്റെയും സുഷിന്‍ ശ്യാമിന്റെയും സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ സ്വഭാവത്തിന് അനുയോജ്യമാണ്.

ഹൊറര്‍ സിനിമ എന്ന നിലയില്‍ പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സിനിമയല്ല എസ്ര. കോണ്‍ജറിങ് സീരീസുകളൊക്കെ കണ്ട് പേടിച്ച് ആസ്വദിക്കുന്ന പ്രേക്ഷകരെ ഹൊറര്‍ സിനിമ എന്ന നിലയില്‍ എസ്ര പേടിപ്പിച്ചേക്കില്ല. അതേസമയം കൌതുകമുള്ള കഥാപശ്ചാത്തലവും ഇരുട്ടും നിഴലും ഇടകലരുന്ന ഫ്രെയിമുകളുമൊക്കെയുള്ള എസ്ര മലയാളത്തില്‍ ഹൊറര്‍ ത്രില്ലര്‍ സിനിമ എന്ന നിലയില്‍ മലയാളത്തില്‍ പുതുമയുള്ള പരീക്ഷണം തന്നെയാണ്.

TAGS :

Next Story