കുംഭമേളക്കിടെ നടത്തിയ ഒരു ലക്ഷത്തോളം കോവിഡ് പരിശോധനകള്‍ വ്യാജം
ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്.
കുംഭമേളയുടെ ഭാഗമായി നടത്തിയ ഒരു ലക്ഷത്തോളം കോവിഡ് പരിശോധനാ ഫലങ്ങള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡ് ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്. കുറഞ്ഞത് ഒരു ലക്ഷം കോവിഡ് പരിശോധനാ റിപ്പോർട്ടുകൾ സ്വകാര്യ ഏജൻസി കെട്ടിച്ചമച്ചതാണ്. 1600 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
50ൽ അധികം ആളുകളെ രജിസ്റ്റർ ചെയ്യുന്നതിന് ഒരൊറ്റ ഫോൺ നമ്പറാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ആന്റിജൻ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് 700 സാമ്പിളുകൾ പരിശോധിച്ചതായും കാണുന്നു. ആന്‍റിജന്‍ ടെസ്റ്റ് കിറ്റ് ഒറ്റത്തവണ ഉപയോഗത്തിനായുള്ളതാണ്. പല വിലാസങ്ങളും പേരുകളും സാങ്കൽപ്പികമായിരുന്നു. ഹരിദ്വാറിലെ അഞ്ചാം നമ്പര്‍ വീട്ടില്‍ നിന്ന് ഏകദേശം 530 സാമ്പിളുകൾ കോവിഡ് പരിശോധനക്ക് എടുത്തിട്ടുണ്ട്. ഒരു വീട്ടില്‍ ഇത്രയും താമസക്കാർ ! ഹൌസ് നമ്പര്‍ 56 അലിഗഡ്, ഹൌസ് നമ്പര്‍ 76 മുംബൈ എന്നിങ്ങനെ വിചിത്രമായ മേല്‍വിലാസങ്ങളും നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫോൺ നമ്പറുകളില്‍ പലതും വ്യാജമാണ്. കാൺപൂർ, മുംബൈ, അഹമ്മദാബാദ് തുടങ്ങി 18 സ്ഥലങ്ങളില്‍ നിന്നുള്ള ആളുകൾ നല്‍കിയത് ഒരേ ഫോണ്‍ നമ്പറാണ്. രണ്ട് സ്വകാര്യ ലാബുകളിലാണ് ഏജന്‍സി സാമ്പിളുകള്‍ നല്‍കിയതെന്നും ഈ രണ്ട് ലാബുകളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും കുംഭമേള ആരോഗ്യ ഓഫീസർ ഡോ. അർജുൻ സിംഗ് സെംഗാർ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റിന് കൈമാറിയതായി ആരോഗ്യ സെക്രട്ടറി അമിത് നേഗി പറഞ്ഞു. നിരവധി ക്രമക്കേടുകൾ കണ്ടെത്തി. 15 ദിവസത്തിനുള്ളിൽ ഡി.എമ്മിൽ നിന്ന് വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെക്കുമെന്നും നേഗി പറഞ്ഞു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ഹരിദ്വാർ ജില്ലാ മജിസ്‌ട്രേറ്റ് സി രവിശങ്കര്‍ പറഞ്ഞു.
കുംഭമേളക്കാലത്ത് പ്രതിദിനം 50,000 കോവിഡ് ടെസ്റ്റുകളെങ്കിലും നടത്താൻ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സാമ്പിളുകള്‍ ശേഖരിക്കാന്‍ ഒരു ഏജന്‍സി നിയോഗിച്ച 200 പേര്‍ ഹരിദ്വാറില്‍ വന്നിട്ടുപോലുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇപ്പോള്‍ അന്വേഷണത്തില്‍ വ്യക്തമായത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഏപ്രിൽ 1 മുതൽ 30 വരെയാണ് ഹരിദ്വാറില്‍ കുംഭമേള നടന്നത്. ഈ കാലയളവിൽ നാല് ലക്ഷം പരിശോധനകളാണ് ഒമ്പത് ഏജൻസികളും 22 സ്വകാര്യ ലാബുകളും നടത്തിയത്. ഈ പരിശോധനകളിൽ ഭൂരിഭാഗവും ആന്റിജൻ പരിശോധനകളായിരുന്നു. സർക്കാർ ലാബുകളിലൂടെയും പരിശോധന നടത്തിയിട്ടുണ്ട്.
ഒരു സ്വകാര്യ ഏജന്‍സി നടത്തിയ ഒരു ലക്ഷം കോവിഡ് പരിശോധനയില്‍ 177 എണ്ണമാണ് കോവിഡ് പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.18 ശതമാനം മാത്രം. അതേസമയം ഹരിദ്വാറിലാകെ 10 ശതമായിരുന്നു ആ സമയത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കുംഭമേളയ്ക്ക് പോകാത്ത പഞ്ചാബ് സ്വദേശിക്ക് ഹരിദ്വാര്‍ ആരോഗ്യ വകുപ്പില്‍ നിന്നും കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് വലിയ ക്രമക്കേട് പുറത്തുവന്നത്. ഇദ്ദേഹം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ആന്റിജൻ പരിശോധനയ്ക്ക് 350 രൂപയാണ് ഏജന്‍സി ഈടാക്കിയിരുന്നത്. അതായത് കോടികളുടെ അഴിമതി നടന്നു. മറ്റ് ഏജൻസികളുടെ കോവിഡ് പരിശോധനാ ഫലങ്ങളെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Adjust Story Font
16