ഗുജറാത്തില്‍ പതിനഞ്ച് വയസുകാരന് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചു
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് ഗുജറാത്ത്
ഗുജറാത്തില്‍ പതിനഞ്ചുകാരന് ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കുട്ടികളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കേസാണ് ഇതെന്ന് അഹമ്മദാബാദിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ഭേദമായി ഒരാഴ്ച്ച കഴിഞ്ഞാണ് കുട്ടിക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചത്.
കോവിഡ് ലക്ഷണങ്ങളോടെ ഏപ്രില്‍ 14നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്ത് ദിവസം ഐ.സി.യുവിലായിരുന്നു. ഓക്‌സിജനും റംഡെസ്‍വീറും സ്‌റ്റെറോയിഡും ചികിത്സക്കിടെ കുട്ടിക്ക് നല്‍കുകയുണ്ടായി. ഏപ്രില്‍ ഇരുപത്തിനാലിന് കോവിഡ് ഭേദമായി ആശുപത്രി വിടുകയും ചെയ്തു.
എന്നാല്‍ ഒരാഴ്ച്ചക്ക് ശേഷം പല്ല് വേദനയും വയില്‍ പുണ്ണും കാണപ്പെടുകയും, ബ്ലാക് ഫംഗസ് ആണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കുട്ടിയുടെ വായിലെ രോഗം ബാധിച്ച പല്ലടക്കമുള്ള ഭാഗങ്ങള്‍ എടുത്തു കളഞ്ഞു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികമാണെന്നും നാല് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിടാനാകുമെന്നും അഹമ്മദാബാദ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദന്‍ ഡോ അഭിഷേക് ബന്‍സല്‍ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2,281 ബ്ലാക് ഫംഗസ് രോഗികളാണ് ഗുജറാത്തിലുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് ഗുജറാത്ത്.
Adjust Story Font
16