എടിഎമ്മുകള്‍ നാളെയും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കില്ല
എടിഎമ്മുകള്‍ നാളെയും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കില്ല
നിലവിലെ സാഹചര്യത്തില്‍ 100, 50 രൂപ നോട്ടുകള്‍ മാത്രമാണ് എടിഎം മെഷീനുകളില്‍ നിക്ഷേപിക്കാനാവുക
എടിഎമ്മുകള്‍ നാളെ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങില്ല. പുതിയ 500 രൂപയുടെയും 2000 ന്റെയും നോട്ടുകള്‍ എടിഎം മെഷീനുകളില്‍ നിക്ഷേപിക്കാന്‍ പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ ചെയ്യാത്തതാണ് കാരണം. ഇതിനായുള്ള നിര്‍ദ്ദേശം റിസര്‍വ്വ് ബാങ്ക് ഇതുവരെ നല്‍കിയിട്ടില്ലെന്ന് വിവിധ ബാങ്ക് അധികൃതര്‍ അറിയിച്ചു.
എടിഎം മെഷീനുകളില്‍ 50, 100, 500, 1000 രൂപകള്‍ നിക്ഷേപിക്കാനുള്ള ട്രേകളാണ് നിലവിലുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 50,100 നോട്ടുകള്‍ മാത്രമേ ബാങ്കുകള്‍ക്ക് എടിഎമ്മുകളില്‍ ഇടാനാകൂ. 500, 2000 നോട്ടുകള്‍ നിക്ഷേപിക്കണമെങ്കില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ചെയ്യണം. പക്ഷെ ഇതിനുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്കില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. 50, 100 നോട്ടുകള്‍ കുറവായതിനാല്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പണം നിറക്കാനുള്ള തീരുമാനത്തിലാണ് മിക്ക ബാങ്കുകളും. നിറക്കുന്ന പണം ഇടപാടുകാര്‍ പിന്‍വലിക്കുമ്പോള്‍ പകരം നിക്ഷേപിക്കാന്‍ ബാങ്കുകളുടെ കയ്യില്‍ പണമില്ലാത്തത് എടിഎം പ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണമാകും. പ്രതിസന്ധി പരിഹരിക്കാന്‍ 500, 2000 നോട്ടുകള്‍ ഇടാനുള്ള സോഫ്റ്റ്‌വെയറുകള്‍ അടിയന്തരമായി ചെയ്യേണ്ടിവരുമെന്നാണ് ബാങ്കുകളുടെ നിലപാട്.
റിസര്‍വ്വ് ബാങ്കില്‍ നിന്ന് നിര്‍ദ്ദേശം വന്നുകഴിഞ്ഞാല്‍ എടിഎം സ്ഥാപിച്ച ഏജന്‍സികള്‍ക്ക് പുതിയ സോഫ്റ്റ്‌വെയര്‍ ചെയ്യാനുള്ള അനുമതി അതാത് ബാങ്കുകള്‍ നല്‍കണം. ഇതിന് ശേഷമേ രാജ്യത്തെ എടിഎം മെഷീനുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങൂ.
.
Adjust Story Font
16