Quantcast

കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയയ്ക്കും: രാജ്നാഥ് സിങ്

MediaOne Logo

Sithara

  • Published:

    2 May 2017 7:34 PM GMT

കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയയ്ക്കും: രാജ്നാഥ് സിങ്
X

കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയയ്ക്കും: രാജ്നാഥ് സിങ്

പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ സൈന്യം നിര്‍ബന്ധിതമാവുകയാണ്. ഇത് കുറക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി

കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്താന്‍ സര്‍വകക്ഷി സംഘത്തെ അയക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീരില്‍ നോഡല്‍ ഓഫീസറെ നിയമിക്കും. കശ്മീര്‍ വിഷയത്തില്‍ മാനവികതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ആരുമായും ചര്‍ച്ച നടത്തും. കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ സൈന്യം നിര്‍ബന്ധിമാവുകയാണെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. അതേസമയം കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് അഞ്ച് ശതമാനം ആളുകള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. കൂടിക്കാഴ്ചക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ നോഡല്‍ ഓഫീയറെ അറിയിക്കാം. രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള കശ്മീരികള്‍ക്കും നോഡല്‍ ഓഫീസറെ സമീപിക്കാം. പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ സൈന്യം നിര്‍ബന്ധിതമാവുകയാണ്. ഉടന്‍ തന്നെ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും. വെള്ളപ്പൊക്ക സമയത്ത് ജനങ്ങളെ സഹായിച്ചത് സൈന്യമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. കശ്മീരിലെ യുവാക്കള്‍ കല്ലുകള്‍ ഉപേക്ഷിച്ച് പുസ്തകവും ലാപ്‍ടോപ്പും കൈകളിലെടുക്കണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു. കശ്മീരിലെ 95 ശതമാനം ആളുകളും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.

കശ്മീരിലെ സംഘര്‍ഷങ്ങളില്‍ അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരമന്ത്രി ഇന്നലെ ശ്രീനഗറിലെത്തിയത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും സംഘടനാ നേതാക്കളുമായും മന്ത്രി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിന് വിഘടനവാദികളുമായി ചര്‍ച്ച നടത്തണമെന്ന് സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഘടനവാദികളുമായി ഔദ്യോഗികമായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരുമായി ചര്‍ച്ചക്കുള്ള സാധ്യതകള്‍ വിഘടനവാദ നേതാക്കളും തള്ളിക്കളഞ്ഞു.

TAGS :

Next Story