നജീബിനെ കാണാതായിട്ട് ഒരു മാസം പിന്നിട്ടു; അന്വേഷണം എങ്ങുമെത്തിയില്ല
നജീബിനെ കാണാതായിട്ട് ഒരു മാസം പിന്നിട്ടു; അന്വേഷണം എങ്ങുമെത്തിയില്ല
സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിദ്യാര്‍ഥികളുടെയും നജീബിന്റെ കുടുംബത്തിന്റെയും ആവശ്യം
ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായിട്ട് ഒരു മാസം പിന്നിട്ടു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാണ് വിദ്യാര്‍ഥികളുടെയും നജീബിന്റെ കുടുംബത്തിന്റെയും ആവശ്യം. നജീബിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധങ്ങളെ പൊലീസും സര്‍വകലാശാല അധികൃതരും അടിച്ചമര്‍ത്തുകയാണെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചു.
ഹോസ്റ്റല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ നജീബ് അഹമ്മദിനെ കഴിഞ്ഞ മാസം 15നാണ് കാണാതായത്. നജീബിന്റെ മാതാവ് നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസിന്റെ 8 അംഗ സംഘം നടത്തിയ അന്വേഷണത്തില്‍ നജീബിന്റെ തിരോധാനത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയിരുന്നു. അന്വേഷണം ശരിയായ രീതിയലല്ല എന്നും ആരോപണവിധേയരായ എബിവിപി പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് ശ്രമം നടക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ആരോപണവിധേയരായ എബിവിപി പ്രവര്‍ത്തകരെ ക്രൈംബ്രാഞ്ച് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. കാണാതായി ഒരു മാസം പിന്നിട്ടിട്ടും സര്‍വകലാശാല വിസി പൊലീസില്‍ പരാതിപ്പെടാനും തയ്യാറായിട്ടില്ല. തിരോധാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകള്‍ പ്രഖ്യാപിച്ച ചലോ ജെഎന്‍യു മാര്‍ച്ചിന് സര്‍വകലാശാല അധികൃതര്‍ അനുവാദം നിഷേധിച്ചിരുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിഥികള്‍ക്ക് സര്‍വകലാശാലയുടെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് നോട്ടീസും നല്‍കിയിരുന്നു. നജീബിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വിദ്യാര്‍ഥി പ്രതിഷേധങ്ങളെയെല്ലാം പൊലീസ് ക്രൂരമായാണ് നേരിട്ടത്. മാര്‍ച്ചില്‍ പങ്കെടുത്ത നജീബിന്റെ മാതാവിനെ പോലും റോഡിലൂടെ വലിച്ചിഴച്ചിരുന്നു.
Adjust Story Font
16