Quantcast

മുലായം സിംഗിന്റെ പേരില്‍ വോട്ടു ചോദിക്കാതെ അഖിലേഷ്

MediaOne Logo

Khasida

  • Published:

    11 Jun 2017 11:39 AM GMT

മീര്‍പൂരില്‍ അഖിലേഷിന്റെ പ്രസംഗം നടന്ന സ്‌റ്റേജില്‍ തൂക്കിയ കട്ടൗട്ടില്‍ മുലായത്തിന്റെ ചിത്രം ഇല്ല

മുലായം സിംഗിന്റെ പേരില്‍ വോട്ടു ചോദിക്കാതെ അഖിലേഷ്. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മീര്‍പൂരില്‍ അഖിലേഷിന്റെ റാലി നടന്ന വേദിക്കു ചുറ്റും മുലായത്തിന്റെ ചിത്രം പതിച്ച കട്ടൗട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രസംഗത്തിലെവിടെയും അഖിലേഷ് സ്വന്തം പിതാവു കൂടിയായ നേതാജിയുടെ പേര് പരാമര്‍ശിച്ചില്ല. പ്രസംഗം നടന്ന സ്‌റ്റേജില്‍ തൂക്കിയ കട്ടൗട്ടിലും നേതാജിയുടെ ചിത്രം ഉണ്ടായിരുന്നില്ല.

സമാജ്‌വാദിയിലെ നേതൃമാറ്റം മുലായം അംഗീകരിച്ചുവെന്നാണ് വാര്‍ത്തകളെങ്കിലും അദ്ദേഹം ഇനിയും അഖിലേഷിന്റെ റാലികളില്‍ പ്രത്യക്ഷപ്പെട്ടു പ്രചാരണം തുടങ്ങിയിട്ടില്ല. എന്നാല്‍ താന്‍ പടുത്തുയര്‍ത്തിയ പാര്‍ട്ടി മകന്‍ ജനാധിപത്യ രീതിയില്‍ പിടിച്ചടക്കിയതിന് പരസ്യമായ അമര്‍ഷവും മുലായം സിംഗ് യാദവ് രേഖപ്പെടുത്തിയിട്ടില്ല. അഖിലേഷിന്റെ റാലികളില്‍ യുവാക്കള്‍ക്കൊപ്പം പഴയ തലമുറയിലെ പ്രവര്‍ത്തകരും കൂട്ടത്തോടെ പങ്കെടുക്കുന്ന സാഹചര്യത്തില്‍ സമാജ്‌വാദിക്കകത്തെ ചേരിപ്പോര് ഈ തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനമുണ്ടാക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

വന്‍ ജനക്കൂട്ടമാണ് സമാജ്‌വാദി-കോണ്‍ഗ്രസ് സഖ്യത്തിന്റെ റാലികള്‍ കേള്‍ക്കാനെത്തുന്നത്. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പിയെ തന്റെ റാലികളില്‍ അതേ ഭാഷയില്‍ തിരിച്ചടിക്കാന്‍ അഖിലേഷ് മറക്കുന്നില്ല. ഞങ്ങള്‍ക്ക് നാലും അഞ്ചും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുണ്ടെന്നാണ് ബി.ജെ.പി പറയുന്നത്. നിങ്ങള്‍ക്ക് ഒരു സ്ഥാനാര്‍ഥിയെങ്കിലും ഉണ്ടോയെന്ന ചോദ്യമായിരുന്നു പ്രധാനമായും അഖിലേഷ് ബിജെപിക്കെതിരെ ഉയര്‍ത്തിയത്.

TAGS :

Next Story