Quantcast

എസ്‍പി - കോണ്‍ഗ്രസ് - ലോക്ദള്‍ സഖ്യത്തില്‍ കല്ലുകടി

MediaOne Logo

Sithara

  • Published:

    16 Jun 2017 1:06 PM GMT

എസ്‍പി - കോണ്‍ഗ്രസ് - ലോക്ദള്‍ സഖ്യത്തില്‍ കല്ലുകടി
X

എസ്‍പി - കോണ്‍ഗ്രസ് - ലോക്ദള്‍ സഖ്യത്തില്‍ കല്ലുകടി

ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി - കോണ്‍ഗ്രസ് സഖ്യത്തിന് കല്ലുകടിയായി എസ്പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക.

ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി - കോണ്‍ഗ്രസ് സഖ്യത്തിന് കല്ലുകടിയായി എസ്പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക. കോണ്‍ഗ്രസിന്റെ ഒന്‍പത് സിറ്റിംഗ് സീറ്റിലും എസ്പി സ്ഥാനാര്‍ത്ഥികളെ‌ പ്രഖ്യാപിച്ച് സമ്മര്‍ദ്ദ തന്ത്രം പയറ്റുകയാണ്. ആദ്യ മൂന്ന് ഘട്ടത്തിലേക്ക് സീറ്റ് നല്‍കാതെ രാഷ്ട്രീയ ലോക്ദളുമായും സഖ്യമില്ലെന്ന് അഖിലേഷ് വ്യക്തമാക്കി.

ആദ്യ മൂന്ന് ഘട്ടത്തിലെ 209 സീറ്റുകളിലേക്കായി 191 സ്ഥാനാര്‍ത്ഥികളുടെ പേരാണ് സമാജ്‍വാദി പാര്‍ട്ടി പുറത്തിറക്കിയിരിക്കുന്നത്. ബാക്കിയുള്ള 18 സീറ്റുകളാണ് കോണ്‍ഗ്രസിന് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്. സഖ്യത്തിന്റെ ഭാഗമായി 100 സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പട്ടിക പുറത്ത് വിട്ടതോടെ എസ്പിക്കായി. ഉത്തര്‍പ്രദേശ് നിയമസഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി‌ നേതാവ് പ്രദീപ് മഥൂറിന്റെ മഥുര, ഷാംലി, ഖുര്‍ജ, ഹാപ്പുര്‍ തുടങ്ങി കോണ്‍ഗ്രസിന്റെ 9 സിറ്റിംഗ് സീറ്റിലും എസ്പിയുടെ സ്ഥാനാര്‍ത്ഥികളുടെ പേര് പുറത്ത് വന്നുകഴിഞ്ഞു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയു‌ടെ ലോക്സഭാ മണ്ഡലമായ അമേത്തിയിലെ നിയമസഭാ സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും വിട്ട് കൊടുക്കില്ലെന്ന നിലപാടിലാണ് എസ്പി.‌ കോണ്‍ഗ്രസിന് 85 സീറ്റുകള്‍ വരെ മാത്രമെ നല്‍കു. പാര്‍ട്ടിയെ ഞെട്ടിച്ച് കൊണ്ടുള്ള എസ്പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യത്തില്‍ അഖിലേഷിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ട് മടക്കേണ്ടി വരും.

അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളിന് മേല്‍കൈയ്യുള്ള ബാഗ്പത്ത് ജില്ലയിലെ മൂന്ന് സീറ്റുകളിലേക്കും എസ് പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ സഖ്യ സാധ്യതകളുടെ വാതിലടഞ്ഞു. 403 സീറ്റുകളിലേക്കും മത്സരിക്കുമെന്ന നിലപാടിലാണ് ആര്‍എല്‍ഡി നേതൃത്വം.

TAGS :

Next Story