മഹാശ്വേതാ ദേവി അന്തരിച്ചു
മഹാശ്വേതാ ദേവി അന്തരിച്ചു
പ്രശസ്ത ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി അന്തരിച്ചു
പ്രമുഖ ബംഗാളി എഴുത്തുകാരിയും ജാഞാനപീഠം ജേതാവും സാമൂഹ്യ പ്രവർത്തകയുമായ മഹാശ്വേതാ ദേവി അന്തരിച്ചു. 90 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കൊത്തയിലായിരുന്നു അന്ത്യം.
ബംഗ്ലാ സാഹിത്യ ഇതിഹാസവും സാമൂഹ്യ പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവിയുടെ മരണം ഇന്ന് 3.15നാണ് സ്ഥിരീകരിച്ചത്. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് രണ്ട് മാസമായി കൊല്‍ക്കത്തയിലെ ബ്ലേവ്യൂ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു മഹാശ്വേതാദേവി. ശനിയാഴ്ചയുണ്ടായ ഹൃദയയാഘാതത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു. രക്തത്തിലുണ്ടായ അണുബാധയും വ്യക്കകളുടെ പ്രവര്‍ത്തനം തകരാറിലായതും ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലേക്കെത്തിച്ചു. തുടര്‍ന്ന് വെന്റിലേറ്ററിലേറ്ററിന്റെ സഹായം നല്‍കിയെങ്കിലും ഫലം കണ്ടില്ല.
1926ല്‍ ബംഗ്ലാദേശിലെ ധാക്കയിലായിരുന്നു ജനനം. അമ്മ എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്ന ധരിത്രിദേവി. അച്ഛന്‍ കവിയും നോവലിസ്റ്റുമായിരുന്ന മനീഷ് ഘട്ടക്. സ്കൂൾ വിദ്യാഭ്യാസം ധാക്കയിൽ പൂർത്തിയാക്കിയ മഹാശ്വേതാദേവി ഇന്ത്യാവിഭജനത്തെ തുടർന്നു പശ്ചിമബംഗാളില്‍ എത്തി. ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. കൽക്കത്ത സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1969ൽ ബിജോയ്ഖർ കലാലയത്തിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. പത്രപ്രവര്‍ത്തകയായും ജോലി ചെയ്തു. ഇക്കാലത്ത് തന്നെ എഴുത്തുകാരി എന്ന നിലയില്‍ പ്രശസ്തയായി.
വാക്കിനെ കര്‍മവുമായി കൂട്ടിയിണക്കിയ എഴുത്തുകാരിയായിരുന്നു മഹാശ്വേതാ ദേവി. അരികുവല്‍ക്കരിക്കപ്പെട്ട ആദിവാസികളുടെയും കര്‍ഷകരുടെയും ജീവിതം അവരുടെ കൃതികളില്‍ നിറഞ്ഞുനിന്നു. ഝാന്‍സി റാണിയെക്കുറിച്ചുള്ള ചരിത്രാഖ്യായിക, ആദിവാസികളുടെ പോരാട്ടത്തിന്‍റെ കഥ പറഞ്ഞ ആരണ്യേര്‍ അധികാര്‍, നക്സലൈറ്റുകളായി മുദ്രകുത്തപ്പെട്ട് അപ്രത്യക്ഷരാക്കപ്പെട്ട കൊല്‍ക്കത്ത തെരുവുകളിലെ ചെറുപ്പക്കാരെക്കുറിച്ച് പറഞ്ഞ ഹസാര്‍ ചുരാഷിര്‍കി മാ. മഹാശ്വേതാ ദേവിക്ക് വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയമായിരുന്നു എഴുത്ത്. ചെറുകഥകള്‍, നോവലുകള്‍, ലേഖനങ്ങള്‍ എല്ലാത്തിലും അവസാനശ്വാസം വരെ സൂക്ഷിച്ച രാഷ്ട്രീയം.
വ്യവസ്ഥിതികളോട് എന്നും കലഹിച്ച മഹാശ്വേതാ ദേവി, ഇടതുപക്ഷത്തിന്‍റെ അധികാരത്തുടര്‍ച്ചയില്‍ പീഡിതര്‍ പീഡിതരായി തുടരുന്നുവെന്ന് തുറന്നടിച്ചു. ബംഗാളിലെ ഇടതുപക്ഷ സര്‌ക്കാരിന്റെ വ്യാവസായിക നയങ്ങളെ മഹാശ്വേത എതിര്‍ത്തു. കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇടത് സര്‍ക്കാരിന്റെ സിംഗൂരിലെയും നന്ദിഗ്രാമിലെയും വിവാദനയങ്ങളെ എതിർക്കുന്നത്തിൽ മഹാശ്വേത ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇടതിനെതിരെ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയെ പിന്തുണച്ചു. മുഖ്യമന്ത്രിയായ മമത ഏകാധിപതിയെപ്പോലെ പെരുമാറിയപ്പോള്‍ ഇടഞ്ഞു. 2012ല്‍ ബംഗാള്‍ സാഹിത്യ അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
കേരളത്തില്‍ വല്ലാര്‍പാടം ടെര്‍മിനലിനായി കുടിയൊഴിക്കുന്നതിനെതിരെ മൂലമ്പിള്ളിക്കാര്‍ സമരത്തിനിറങ്ങിയപ്പോള്‍ പിന്തുണയുമായെത്തിയ മഹാശ്വേതാദേവി സാമൂഹിക പ്രശ്നങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന മലയാള എഴുത്തുകാരെ വിമര്‍ശിച്ചു. ടിപി വധത്തെത്തുടര്‍ന്ന് സിപിഎമ്മിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിലും അവര്‍ പങ്കാളിയായി. ആദിവാസി നേതാവ് സി കെ ജാനുവിന്‍റെ ബിജെപി സഖ്യത്തില്‍ ഖേദിച്ചു. മനുഷ്യനും പ്രകൃതിക്കും നേരെയുള്ള ചൂഷണം അവസാനിക്കാത്തിടത്തോളം അതിനിനെതിരെയുള്ള പോരാട്ടവും അവസാനിക്കില്ലെന്ന് വിശ്വസിച്ചു.
ആരണ്യേർ അധികാരിന് 1979ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. പരമോന്നത സാഹിത്യപുരസ്കാരം ജ്ഞാനപീഠം മഹശ്വേതയെ തേടിയെത്തിയത് 1996ല്‍. 1997ല്‍ മാഗ്‌സസെ പരസ്കാരവും. പത്മശ്രീയും പത്മവിഭൂഷണും ലഭിച്ചു.
Adjust Story Font
16