നോട്ടില്‍ സഭ സ്തംഭനം തുടരുന്നു
നോട്ടില്‍ സഭ സ്തംഭനം തുടരുന്നു
പ്രതിപക്ഷ അംഗങ്ങള്‍ ക്രമപ്രശ്നം ഉന്നയിച്ചപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഉപാദ്ധ്യക്ഷന്‍ ഭരണപക്ഷത്തെ ശാസിച്ചു
നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ ഇന്നും സ്തംഭിച്ചു. ബഹളത്തെത്തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചതുമായി ബന്ധപ്പെട്ട് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ ഭരണപക്ഷ അംഗങ്ങളെ ശാസിച്ചു.
ഇരുസഭകളുടെയും നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്പോള്‍ പ്രധാനമന്ത്രി സഭയിലുണ്ടാവണമെന്ന് ഇരുസഭകളിലും പ്രതിപക്ഷം ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് നടപടികള്‍ തടസ്സപ്പെടുത്തുന്നതെന്നും ഭരണ പക്ഷം ആരോപിച്ചു.
ബഹളത്തെത്തുടര്‍ന്ന് ഇരുസഭകളും 12 മണി വരെ നിര്‍ത്തിവെച്ചു. വീണ്ടും ചേര്‍ന്നപ്പോഴും ബഹളമായതിനാല്‍ രാജ്യസഭ 2 മണിവരെ നിര്‍ത്തിവെച്ചു. ലോക്സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നല്‍കി. പിന്നീടും ബഹളം തുടര്‍ന്നതിനാല്‍ അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം വരെ പിരിഞ്ഞു. രാജ്യസഭ 2 മണിക്ക് ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. പ്രതിപക്ഷ അംഗങ്ങള്‍ ക്രമപ്രശ്നം ഉന്നയിച്ചപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഉപാദ്ധ്യക്ഷന്‍ ഭരണപക്ഷത്തെ ശാസിച്ചു
പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതിനെത്തുടര്‍ന്ന് രാജ്യസഭയും അടുത്ത ദിവസം വരെ പിരിയുന്നതായി ചെയര്‍ പ്രഖ്യാപിച്ചു.
Adjust Story Font
16