പൊതുമേഖല ബാങ്കുകള്‍ക്ക് 85000 കോടി രൂപ നല്‍കാനുള്ള 87 വ്യക്തികളുടെ പേരുകള്‍ വെളിപ്പെടുത്താത്തതെന്ത്? സുപ്രീംകോടതി
അഞ്ഞൂറ് കോടി രൂപക്ക് മുകളില്‍ പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത്, കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചടക്കാത്ത വ്യക്തികളുടെ കമ്പനികളുടെയും വിവരങ്ങള്‍ കൈമാറാന്‍ നേരത്തെ.....
87 സ്വകാര്യ വ്യക്തികള്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് 85000 കോടി രൂപ നല്‍കാനുണ്ടെന്ന് സുപ്രീംകോടതി. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് എന്താണ് തടസ്സമെന്ന് സുപ്രീംകോടതി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയോട് ചോദിച്ചു. ബാങ്കുകളുടെയും, വായ്പ തിരിച്ചടക്കാത്ത വ്യക്തികളുടെയും താല്‍പര്യമല്ല, രാജ്യത്തിന്‍റെ താല്‍പര്യമാണ് ആര്‍ബിഐ സംരക്ഷിക്കേണ്ടതെന്നും കോടതി പറഞ്ഞു.
അഞ്ഞൂറ് കോടി രൂപക്ക് മുകളില്‍ പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത്, കാലാവധി പൂര്‍ത്തിയായിട്ടും തിരിച്ചടക്കാത്ത വ്യക്തികളുടെ കമ്പനികളുടെയും വിവരങ്ങള്‍ കൈമാറാന്‍ നേരത്തെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വായ്പ തിരിച്ചടക്കാത്തവരുടെ വിവരങ്ങള്‍ സീല്‍ വെച്ച കവറില്‍ ആര്‍.ബി.ഐ സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. വായ്പ തിരിച്ചടക്കാത്ത 83 വ്യക്തികളുടെ പേരുകളാണ് ആര്‍.ബി.ഐ നല്‍കിയതെന്നും, ഇവര്‍ ആകെ 85000 കോടരി രൂപയാണ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളതെന്നും, ഇന്നലെ ഈ കേസ് പരിഗണിക്കവേ സുപ്രീംകോടതി അറിയിച്ചു. ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന ഹരജിക്കാരുടെ ആവശ്യത്തെ ആര്‍.ബി.ഐ എതിര്‍ത്തു. അഞ്ഞൂറ് കോടിക്ക് മുകളില്‍ വായ്പ തിരിച്ചടക്കാത്തവരുടെ വിവരങ്ങളാണിത്. നൂറ് കോടിക്ക് മുകളിലുള്ളവരുടെ ലിസ്റ്റെടുത്താല്‍ ആകെ തിരിച്ചടക്കാത്ത വായ്പ തുക ഒരു ലക്ഷം കോടിയിലെത്തും. ഇവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് എന്താണ് തടസ്സം. ഈ വിവരങ്ങള്‍ പൊതു ജനത്തിന് അറിയാനുള്ള അവകാശമില്ലേ എന്ന് കോടതി ചോദിച്ചു. വായ്പ വിവരങ്ങള്‍ രഹസ്യ സ്വഭാവമുള്ളതാണെന്നും, വെളിപ്പെടുത്തുന്നതിന് നിയമപരമായ തടസ്സമുണ്ടെന്നും ആര്‍.ബി.ഐ വാദിച്ചു. ഇത് കോടതി അംഗീകരിച്ചില്ല. വായ്പ വാങ്ങി തിരിച്ചടക്കാത്തവരുടെ കാര്യത്തില്‍ എന്ത് രഹസ്യമെന്നും, ബാങ്കുകളുടെയും വായ്പക്കാരുടെയും താല്‍പര്യമാണോ, രാജ്യത്തിന്‍റെ താല്‍പര്യമാണോ ആര്‍.ബി.ഐക്ക് വലുതെന്നും കോടതി ചോദിച്ചു. കേസില്‍ വെള്ളിയാഴ്ച വാദം തുടരും.
Adjust Story Font
16