പ്രധാനമന്ത്രി സഭയില്‍; പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോകസഭ ഇന്നും സ്തംഭിച്ചു
പ്രധാനമന്ത്രി സഭയില്‍; പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോകസഭ ഇന്നും സ്തംഭിച്ചു
സഭാനടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചു
നാല് ദിവസത്തെ അവധിക്ക് ശേഷം പാര്‍ലമെന്റിന്റെ ശൈത്യകാലം സമ്മേളനം ഇന്നാരംഭിച്ചു. ഏറെ ദിവസങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി സഭയിലെത്തിയെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോകസഭ ഇന്നും സ്തംഭിച്ചു. തുടര്‍ന്ന് സഭാനടപടികള്‍ 12 മണിവരെ നിര്‍ത്തിവെച്ചു. രാജ്യസഭ നടപടി പുരോഗമിക്കുന്നു
ശൈത്യകാലസമ്മേളനം അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കെ അഴിമതി ആരോപണങ്ങളില്‍ മുങ്ങി ഭരണ-പ്രതിപക്ഷ കക്ഷികള്‍. അഗസ്തവെസ്റ്റ്‍ലാന്റ് വിഷയമുയര്‍ത്തി കോണ്‍ഗ്രസിനെ ചെറുക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുന്നതിനിടെയാണ് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ തന്നെ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്.
നോട്ട് അസാധുവാക്കലില്‍ പ്രധാനമന്ത്രി നേരിട്ടെത്തി മുഴുവന്‍ സമയവും ചര്‍ച്ചകളില്‍ പങ്കെടുത്ത് മറുപടി പറയണമെന്നതായിരുന്നു ശൈത്യകാലത്തിന്റെ ആരംഭം മുതല്‍ പ്രതിപക്ഷ ആവശ്യം. പ്രധാനമന്ത്രി സഭയിലെത്താതെയും എത്തിയിട്ടും സംസാരിക്കാന്‍ തയ്യാറാകാതെയും സമ്മേളനത്തിന്റെ ഭൂരിഭാഗം ദിവസങ്ങളും പ്രതിഷേധങ്ങളില്‍ മുങ്ങി. അവസാന ദിവസങ്ങളില്‍ പ്രധാനമന്ത്രി എത്തുമെന്നും ചര്‍ച്ചക്ക് തയ്യാറാണെന്നും അറിയിച്ചപ്പോഴാകാട്ടെ സഭ അഴിമതി ആരോപണങ്ങളില്‍ മുങ്ങുന്നതാണ് കാണാനാകുന്നത്.
നോട്ട് അസാധുവാക്കലിനെ ആയുധമാക്കി കേന്ദ്രത്തെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസിനെ അഗസ്ത വെസ്റ്റ്ലാന്റ് ഹെലികോപ്ടര്‍ ഇടപാട് ഉപയോഗിച്ചാണ് ബിജെപി തിരിച്ചടിച്ചത്. ഇതിനിടെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ തന്നെ അരുണാചലിലെ ജലവൈദ്യുത പദ്ധതി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 450 കോടിയുടെ അഴിമതി ആരോപണം ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ അഴിമതി ആരോപണങ്ങളിലൂന്നി ഇരുസഭകളും പ്രക്ഷുബ്ധമായേക്കും.
ശേഷിക്കുന്ന ദിവസങ്ങളിലെ തന്ത്രങ്ങള്‍ എപ്രകാരമായിരിക്കണം എന്നത് സംബന്ധിച്ച കൂടിക്കാഴ്ചക്കായി കോണ്‍ഗ്രസും ബിജെപിയും എംപിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ജിഎസ്ടി കൌണ്‍സില്‍ യോഗം തര്‍ക്ക വിഷയങ്ങല്‍ പരിഹാരം കാണാനാകാതെ പിരിഞ്ഞതോടെ ജിഎസ്ടി ശൈത്യകാല സമ്മേളനത്തില്‍ പാസ്സാക്കുക എന്ന കേന്ദ്രത്തിന്റ പ്രധാന അജണ്ട തന്നെ പരാജയപ്പെട്ടിരുന്നു.
Adjust Story Font
16