Quantcast

രൂപയുടെ കുതിപ്പും കിതപ്പും

MediaOne Logo

Alwyn K Jose

  • Published:

    30 Oct 2017 1:20 PM GMT

രൂപയുടെ കുതിപ്പും കിതപ്പും
X

രൂപയുടെ കുതിപ്പും കിതപ്പും

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ഉദാരവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടിയിട്ട് കാല്‍ നൂറ്റാണ്ട്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ ഉദാരവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് വേഗം കൂട്ടിയിട്ട് കാല്‍ നൂറ്റാണ്ട്. നരസിംഹറാവു സര്‍ക്കാരില്‍ ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി രൂപയുടെ മൂല്യം കുറച്ചു. 1991 ജൂലൈ ഒന്നിനായിരുന്നു ഈ നടപടി. പരിഷ്കരണ നടപടികളുടെ ഭാഗമായി ഇന്ത്യ സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന് പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പിന്നീടൊരിയ്ക്കലും രൂപയ്ക്ക് പഴയ നില തിരിച്ചു പിടിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

1991 ജൂലൈ രണ്ടിന്റെ ദിനപ്പത്രങ്ങളെല്ലാം പുറത്തിറങ്ങിയത് വിവിധ രാജ്യങ്ങളുടെ കറന്‍സിയുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുവെന്ന പ്രധാന വാര്‍ത്തയുമായിട്ടായിരുന്നു. ഡോളറിന് 21 രൂപ 5 പൈസ മൂല്യമുണ്ടായിരുന്നത് 23 രൂപ 4 പൈസയായി. 8.63 ശതമാനത്തിന്റെ ഇടിവ്. ആഗോളവത്കരണവും ഉദാരവത്കരണവും സ്വകാര്യവത്കരണവും വേഗത്തിലാക്കുകയാണെന്ന് ധനമന്ത്രി പ്രഖ്യാപിച്ചതിന് പിറകെയായിരുന്നു ഇത്. പിന്നീട് വന്ന സര്‍ക്കാരുകളെല്ലാം കൂടുതല്‍ ശക്തമായി ഈ നയങ്ങള്‍ പിന്തുടര്‍ന്നു. കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ ഒരു ഡോളറിന്റെ വില 67 രൂപ 55 പൈസയാണ്. വലിയ സ്വകാര്യവത്കരണത്തിനാണ് ഈ കാല്‍നൂറ്റാണ്ടിനിടെ ഇന്ത്യ സാക്ഷ്യം വഹിച്ചത്. വലിയ ലാഭമുണ്ടാക്കിയിരുന്ന നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ സ്വകാര്യവത്കരിച്ചു. ഇത് ഇന്ത്യയെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതില്‍ വലിയ പങ്കു വഹിച്ചുവെന്നാണ് മന്‍മോഹന്‍ സിങ്ങുള്‍പ്പെടെയുള്ള പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്.

എന്നാല്‍ വന്‍ കുത്തകകളും ബിസിനസ് ഗ്രൂപ്പുകളും മാത്രം വളരുകയും അടിസ്ഥാന മേഖലകളെല്ലാം തകരുകയുമാണ് ഉണ്ടായതെന്ന് ഈ നയത്തിന്റെ വിമര്‍ശകര്‍ ആരോപിയ്ക്കുന്നു. കാര്‍ഷിക മേഖലയും തൊഴില്‍ മേഖലയുമാണ് ഇതിന് പ്രധാന ഉദാഹരണങ്ങളായി ചൂണ്ടിക്കാണിയ്ക്കപ്പെടുന്നത്. കാര്‍ഷിക മേഖല തകര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ മാറിയെന്നും തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെ എല്ലാ സുരക്ഷിതത്വവും ഇല്ലാതാക്കിയെന്നുമാണ് പ്രധാന ആരോപണങ്ങള്‍. എന്തായാലും രൂപയുടെ മൂല്യം പിന്നീടൊരിയ്ക്കലും പഴയ നിലയിലേയ്ക്ക് എത്തിയ്ക്കാന്‍ കഴിഞ്ഞില്ലെന്നതില്‍ ഒരു തര്‍ക്കത്തിനും സ്ഥാനമില്ല.

TAGS :

Next Story