Quantcast

തമിഴ്‌നാട്ടില്‍ ഭരണ പ്രതിസന്ധി

MediaOne Logo

Subin

  • Published:

    8 Nov 2017 12:33 PM GMT

തമിഴ്‌നാട്ടില്‍ ഭരണ പ്രതിസന്ധി
X

തമിഴ്‌നാട്ടില്‍ ഭരണ പ്രതിസന്ധി

ശക്തമായ ഒരു രണ്ടാം നിര നേതൃത്വത്തിന്റെ അഭാവമാണ് എഐഡിഎംകെ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസം നീളുമെന്നുറപ്പായതോടെ തമിഴ്‌നാട് ഭരണപ്രതിസന്ധിയില്‍. പുതിയ മുഖ്യമന്ത്രിയെ നിയമിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയരുമ്പോഴും തീരുമാനമെടുക്കാനാകാതെ കുഴങ്ങുകയാണ് അണ്ണാ ഡിഎംകെ നേതൃത്വം. ഉപമുഖ്യമന്ത്രിയെ നിയമിക്കുകയോ മുഖ്യമന്ത്രിയുടെ ചുമതലകള്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് കൈമാറുകയോ ആണ് മുമ്പിലുള്ള മറ്റ് പോംവഴികള്‍.

മുഖ്യമന്ത്രി ജയലളിത ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കാനുള്ള ആരോഗ്യസ്ഥിതിയിലല്ലെന്ന് സമ്മതിക്കാന്‍ തയ്യാറല്ലെങ്കിലും അതിസങ്കീര്‍ണമായ പ്രതിസന്ധിയിലാണ് എഐഡിഎംകെ. ജയലളിതയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കി പുതിയൊരാളെ നിയമിക്കുക അവരെ സംബന്ധിച്ചേടത്തോളം ഏറ്റവും ദുഷ്‌കരമായ തീരുമാനമാണ്. വൈകാരികമായി പ്രതികരിക്കുന്ന പാര്‍ട്ടി അണികള്‍ ആ തീരുമാനത്തെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് പ്രവചിക്കുക വയ്യ.

ഇനി പുതിയ മുഖ്യമന്ത്രിയെ നിയമിക്കുകയാണെങ്കില്‍ തന്നെ, അതാരെന്നതും വലിയ ചോദ്യമാണ്. ജയലളിതയുടെ അസാന്നിധ്യത്തില്‍ മുന്‍പ് രണ്ടു വട്ടം മുഖ്യമന്ത്രിയായ ഒ പനീര്‍സെല്‍വമാണ് പകരക്കാരില്‍ ഒന്നാമന്‍. തേവര്‍ സമുദായാംഗമായ പനീര്‍സെല്‍വത്തെ തന്നെ നിയമിക്കുന്നത് മറ്റൊരു പ്രമുഖ വിഭാഗമായ ഗൗണ്ടര്‍ സമുദായക്കാരില്‍ എതിര്‍പ്പുണ്ടാക്കും.

ഗൗണ്ടര്‍ സമുദായംഗമായ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്പിദുരൈക്കാണ് ഇത് അനുകൂലമാകുക. എഐഡിഎംകെ ദുര്‍ബലമായാല്‍ അണികളെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ ഉന്നമിടുന്ന ബിജെപിക്കും തമ്പിദുരൈയോട് താത്പര്യമുണ്ട്. മുഖ്യമന്ത്രിയെ മാറ്റാതെ തന്നെ വകുപ്പുകള്‍ വീതം വെക്കുന്നത് ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കും.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഗവര്‍ണറുടെയും കേന്ദ്രസര്‍ക്കാറിന്റെയും നിലപാടുകള്‍ നിര്‍ണായകമാകും. കഴിഞ്ഞ ദിവസം മുതിര്‍ന്ന മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി കാര്യങ്ങള്‍ വിലയിരുത്തിയത് അത്തരമൊരു നടപടിയുടെ തുടക്കമായി വ്യാഖ്യാനിക്കുന്നവരുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ശക്തമായ ഒരു രണ്ടാം നിര നേതൃത്വത്തിന്റെ അഭാവമാണ് എഐഡിഎംകെ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

TAGS :

Next Story