Quantcast

നിലവിലെ സര്‍ക്കാരില്‍ കശ്‍മീര്‍ ജനതക്ക് വിശ്വാസമില്ലെന്ന് ഗുലാം നബി ആസാദ്

MediaOne Logo

Alwyn K Jose

  • Published:

    15 Nov 2017 11:52 PM GMT

നിലവിലെ സര്‍ക്കാരില്‍ കശ്‍മീര്‍ ജനതക്ക് വിശ്വാസമില്ലെന്ന് ഗുലാം നബി ആസാദ്
X

നിലവിലെ സര്‍ക്കാരില്‍ കശ്‍മീര്‍ ജനതക്ക് വിശ്വാസമില്ലെന്ന് ഗുലാം നബി ആസാദ്

കശ്മീരിലെ ഇപ്പോഴത്തെ സര്‍ക്കാരില്‍ കശ്മീര്‍ ജനതക്ക് വിശ്വാസമില്ലെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.

ജനങ്ങളുടെ വിശ്വാസമാര്‍ജിയ്ക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കശ്മീര്‍ താഴ് വരയിലെ പ്രശ്നങ്ങള്‍ വഷളാവുന്നതിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാജ്യസഭയില്‍ കശ്മീര്‍ പ്രശ്നത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ വിഷയമുന്നയിച്ച് സംസാരിയ്ക്കുകയായിരുന്നു ഗുലാം നബി ആസാദ്.

വിഷയം രാഷ്ട്രീയമായി പരിഹാരിയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സര്‍വകക്ഷി യോഗം വിളിയ്ക്കണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അഫ്സ്പ ഭാഗികമായെങ്കിലും പിന്‍വലിയ്ക്കണമെന്ന് സി.പി.ഐ നേതാവ് ഡ.രാജ ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്നങ്ങള്‍ക്ക് പിറകില്‍ പാകിസ്താനാണെന്നും ഇന്ത്യയു‌ടെ ആഭ്യന്തരകാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് മറുപടി നല്‍കി.

കശ്മീരില്‍ മുന്‍പും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം ബുദ്ധിപരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് ഭരണകാലത്ത് ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വിശ്വാസത്തിന്റേതായ അന്തരീക്ഷമുണ്ടായിരുന്നുവെന്ന് ഗുലാം നബി ആസാദ് അവകാശപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭീകരവാദത്തെ ചെറുക്കുന്നതിന്റെ പേരില്‍ സാധാരണജനങ്ങള്‍ക്കെതിരേ പെല്ലറ്റ് ആക്രമണം ഉള്‍പ്പെടെ നടത്തുകയാണ്. ഉത്തരവാദ രഹിതമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. കശ്മീരി ജനതയ്ക്ക് സര്‍ക്കാരിനു മേല്‍ അവിശ്വാസം വളര്‍ന്നിരിയ്ക്കുകയാണെന്ന് ഗുലാം നബി ആസാദ് ആരോപിച്ചു.

ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്നും സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും ചര്‍ച്ചയില്‍ ഇടപെട്ട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. രാജ്യവും വിഘടനവാദികളും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്. കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി ഒരിക്കലും അംഗീകരിയ്ക്കാത്ത പാകിസ്താന്റെ രാഷ്ട്രീയമാണ് പ്രശ്നങ്ങള്‍ക്ക് പിറകിലെന്ന് അരുണ്‍ ജെയ്റ്റിലി കുറ്റപ്പെടുത്തി. കശ്മീര്‍ പ്രശ്നത്തിനുള്ള പരിഹാരം തോക്കിനു പിറകിലല്ല ഉള്ളതെന്നും മാനുഷിക മൂല്യങ്ങളില്‍ ഉറച്ചു നിന്നേ ആയുധം പ്രയോഗിയ്ക്കാവൂ എന്നും ജെ.ഡി.യു നേതാവ് ശരദ് യാദവ് പറഞ്ഞു. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അഫ്സ്പ പൂര്‍ണമായി പിന്‍വലിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭാഗികമായെങ്കിലും പിന്‍വലിയ്ക്കാന്‍ തയ്യാറാവണമെന്ന് ഡി. രാജ ആവശ്യപ്പെട്ടു. പരമാവധി സംയമനം പാലിയക്കണമെന്നും മാരകായുധങ്ങള്‍ ഉപയോഗിക്കരുതെന്നും ജമ്മുകശ്മീര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നതായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വിശദീകരിച്ചു. പെല്ലറ്റ് ഗണ്‍ ആക്രമണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ പരിശോധിക്കുമെന്നും കശ്മീരിലേയ്ക്ക് മെഡിക്കല്‍ സംഘത്തെ അയയ്ക്കുമെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.

TAGS :

Next Story