സൈന്യത്തിന് വേണ്ടി പണപ്പിരിവ് വേണ്ടെന്ന് താക്കറെയോട് സൈനികര്‍
സൈന്യത്തിന് വേണ്ടി പണപ്പിരിവ് വേണ്ടെന്ന് താക്കറെയോട് സൈനികര്‍
സൈന്യത്തിന് വേണ്ടി ബോളിവുഡില്‍ നിന്നു സംഭാവന പിരിക്കാനുള്ള എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെയുടെ നീക്കത്തിന് സൈനികരുടെ മറുപടി
സൈന്യത്തിന് വേണ്ടി ബോളിവുഡില്‍ നിന്നു സംഭാവന പിരിക്കാനുള്ള എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെയുടെ നീക്കത്തിന് സൈനികരുടെ മറുപടി. സൈന്യത്തിന് വേണ്ടി ആരും സംഭാവന പിരിക്കേണ്ടെന്നും ഇതില്‍ താക്കറെയുടെ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കേണ്ടെന്നുമാണ് മുതിര്‍ന്ന പട്ടാളക്കാരുടെ പ്രതികരണം. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ 'ഏ ദില്‍ ഹേ മുഷ്‌കില്‍' റിലീസ് ചെയ്യാന്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കണമെന്ന താക്കറെയുടെ പിടിവാശിക്കാണ് മുതിര്‍ന്ന സൈനികര്‍ മറുപടി നല്‍കിയിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിനെതിരെ പ്രതിഷേധിച്ച എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയും ചിത്രത്തിന്റെ നിർമാതാവായ കരൺ ജോഹറുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് സൈന്യത്തിന് അഞ്ച് കോടി രൂപ നല്‍കാന്‍ ധാരണയായിരുന്നു. പാക് താരം ഫവദ് ഖാന്‍, രൺബീർ കപൂർ, ഐശ്വര്യ റായി ബച്ചൻ, അനുഷ്ക ശർമ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം, ദീപാവലിക്കു മുന്നോടിയായി ഒക്ടോബർ 28നാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. പാക് താരങ്ങളെ അഭിനയിപ്പിച്ചതിന് പകരമായി സൈനിക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്യണമെന്ന എംഎന്‍എസിന്റെ നിബന്ധന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അംഗീകരിച്ചു. കൂടാതെ ഇനിയുള്ള ചിത്രങ്ങളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കുകയില്ലെന്നും സിനിമയ്ക്ക് മുന്‍പ് ജവാന്മാരെ അനുസ്മരിച്ച് സന്ദേശം പ്രദര്‍ശിപ്പിക്കാമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ സമ്മതിച്ചു.
എന്നാല്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് ആര്‍ക്കും സംഭാവന നല്‍കാമെന്നും എന്നാല്‍ ഇത് അടിച്ചേല്‍പ്പിക്കുകയല്ല, സ്വമനസാലെ ചെയ്യേണ്ടതാണെന്നും ഒരു മുതിര്‍ന്ന സൈനികന്‍ പറഞ്ഞു. സംഭാവന നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ ആര്‍ക്കുമാകില്ല. സൈന്യം ഇത്തരത്തിലുള്ള സംഭാവന സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താക്കറെയും പാര്‍ട്ടിയും ദേശീയ വികാരങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ കുശാല്‍ താക്കൂര്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സൈന്യത്തിന്റെ പേര് ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നും താക്കൂര്‍ പറഞ്ഞു. താക്കറെക്കെതിരെ നിരവധി സൈനികരും മുന്‍ സൈനികരുമാണ് രംഗത്തുവന്നിരിക്കുന്നത്. സൈന്യത്തിന് രാഷ്ട്രീയമില്ലെന്നും താക്കറെയുടെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമാകാന്‍ പട്ടാളക്കാരെ കിട്ടില്ലെന്നും സേനയില്‍ നിന്നു വിരമിച്ച ലഫ്. ജനറല്‍ ബിഎസ് ജസ്‍വാല്‍ പറഞ്ഞു.
Adjust Story Font
16