Quantcast

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കണം: സംഘപരിവാറിന്‍റെ പ്രവാസി സ്പോണ്‍സര്‍മാര്‍

MediaOne Logo

Sithara

  • Published:

    8 April 2018 12:02 PM GMT

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കണം: സംഘപരിവാറിന്‍റെ പ്രവാസി സ്പോണ്‍സര്‍മാര്‍
X

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രം നിര്‍മ്മിക്കണം: സംഘപരിവാറിന്‍റെ പ്രവാസി സ്പോണ്‍സര്‍മാര്‍

22 രാജ്യങ്ങളില്‍ നിന്നുള്ള 150ലേറെ ആളുകളടങ്ങിയ സംഘം അയോധ്യയിലെ തര്‍ക്കഭൂമിയിലും സന്ദര്‍ശനം നടത്തി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാറിന്‍റെ പ്രവാസി സ്പോണ്‍സര്‍മാര്‍ ബിജെപി പ്രസിഡന്‍റ് അമിത് ഷായെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കണ്ടു. 22 രാജ്യങ്ങളില്‍ നിന്നുള്ള 150ലേറെ ആളുകള്‍ അയോധ്യയിലെ തര്‍ക്കഭൂമിയിലും സന്ദര്‍ശനം നടത്തി.

അയോധ്യ ചലോ എന്ന മൂന്ന് ദിന യാത്ര അതീവരഹസ്യമായാണ് ആസൂത്രണം ചെയ്തത്. വിശ്വഹിന്ദു പരിഷത്താണ് ഇവരെ സ്വാഗതം ചെയ്തത്. മെയ് നാലിന് ന്യൂഡല്‍ഹിയിലെ ആര്‍കെ പുരത്തെ വിഎച്ച്പി ഓഫീസില്‍ ഇവരെ സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തിയ സംഘം അമിത് ഷായെ കണ്ടു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള എല്ലാ തടസ്സങ്ങളും നീക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്ന് അമിത് ഷാ വ്യക്തമാക്കിയെന്ന് സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. അയോധ്യ തര്‍ക്കത്തില്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസ് തീര്‍പ്പാകുന്നത് വരെ സര്‍ക്കാര്‍ കാത്തിരിക്കേണ്ടതില്ലെന്നും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനം സംഘം അമിത് ഷായ്ക്ക് കൈമാറി.

അടുത്ത ദിവസം തര്‍ക്കഭൂമി സന്ദര്‍ശിച്ച ശേഷം കര്‍സേവപുരത്തെത്തിയ സംഘം ക്ഷേത്രനിര്‍മാണത്തിനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്തി. മെയ് ആറിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ ലക്‌നൗവിലെ വീട്ടില്‍ സംഘമെത്തി‍. യോഗിയും ക്ഷേത്രനിര്‍മ്മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

ബ്രിട്ടന്‍, കാനഡ, അമേരിക്ക, യുഎഇ ഉള്‍പ്പെടെ 22 രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് ഈ സംഘത്തിലുണ്ടായിരുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി അധികാരത്തിലിരുന്നിട്ടും ക്ഷേത്രനിര്‍മ്മാണം തുടങ്ങാന്‍ എന്താണ് താമസമെന്നാണ് സ്‌പോണ്‍സര്‍മാരുടെ സംശയമെന്നും ബന്‍സാല്‍ പറഞ്ഞു. മൂന്ന് ദിവസത്തെ സന്ദര്‍ശത്തിന് ശേഷം സംഘം മടങ്ങി.

TAGS :

Next Story