കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 30നകം
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 30നകം
ഈ വര്‍ഷം തന്നെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന കാര്യം ഉറപ്പായി
കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 30നകം സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഇതോടെ ഈ വര്‍ഷം തന്നെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന കാര്യം ഉറപ്പായി. കേരളത്തില്‍ താത്ക്കാലിക അദ്ധ്യക്ഷന്‍റ കീഴിലാകും തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന.
എഐസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് തിയതി പ്രഖ്യാപിച്ചത്. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനം വരെയുള്ള തെരഞ്ഞെടുപ്പാണ് പൂര്‍ത്തിയാക്കേണ്ടത്. ബൂത്ത്, മണ്ഡലം, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളിലെയും എഐസിസി അംഗങ്ങളുടേയും തെരഞ്ഞെടുപ്പ് തീയതി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ഡിസംബർ 31 വരെ സമയം നല്‍കണമെന്ന കോൺഗ്രസിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരുന്നു.
അംഗത്വ വിതരണം മെയ് 15ന് പൂര്‍ത്തിയാക്കും. കീഴ്ഘടകങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം പാര്‍ട്ടി പ്ലീനറി സമ്മേളനം വിളിച്ചായിരിക്കും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുദര്‍ശന്‍ നാച്ചിയപ്പക്കാണ് കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചുമതല. മലപ്പുറം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിക്കും. എം എം ഹസന് കെപിസിസി പ്രസിഡണ്ടായി താല്‍ക്കാലിക ചുമതല നല്‍കിയിരുന്നുവെങ്കിലും സ്ഥിരം പ്രസിഡണ്ടായി നിയോഗിക്കുന്നതിന് കേരളത്തിലെ ഭൂരിഭാഗം നേതാക്കള്‍ക്കും താല്‍പര്യമില്ല. ഈ പശ്ചാത്തലത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുക.
Adjust Story Font
16