Quantcast

എഐഎഡിഎംകെയിലെ ഇരുവിഭാഗങ്ങളും എന്‍ഡിഎയിലേക്ക്

MediaOne Logo

Subin

  • Published:

    21 April 2018 5:40 PM GMT

എഐഎഡിഎംകെയിലെ ഇരുവിഭാഗങ്ങളും എന്‍ഡിഎയിലേക്ക്
X

എഐഎഡിഎംകെയിലെ ഇരുവിഭാഗങ്ങളും എന്‍ഡിഎയിലേക്ക്

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ മുഴുവന്‍ വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി നേടിയിരുന്നു. അന്നു മുതല്‍ തന്നെ എഐഎഡിഎംകെയുടെ എന്‍ഡിഎ പ്രവേശം തമിഴകത്ത് ചര്‍ച്ചയാണ്.

എഐഎഡിഎംകെയിലെ ഇരു വിഭാഗങ്ങളും എന്‍ഡിഎയുടെ ഘടക കക്ഷിയാവുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. അമ്മ വിഭാഗവും പുരട്ചി തലൈവി അമ്മ വിഭാഗവും തമ്മിലുള്ള ലയനം ഇതിന് മുന്‍പുണ്ടായേക്കും. മൂന്നാം പക്ഷമായ ദിനകരന്‍ ചേരിയും എന്‍ഡിഎ സഖ്യത്തിന് എതിരല്ലെന്നാണ് സൂചനകള്‍.

തമിഴ്‌നാട്ടില്‍ ചുവടുറപ്പിയ്ക്കാന്‍ എഐഎഡിഎംകെയെന്ന ദ്രാവിഡ പാര്‍ട്ടിയെ ഒപ്പം കൂട്ടുകയെന്ന ലക്ഷ്യത്തിന് അടുത്തെത്തിയിട്ടുണ്ട് ബിജെപി.കലഹിച്ചു നില്‍ക്കുന്ന ഇപിഎസ് ഒപിഎസ് പക്ഷങ്ങളെ ലയിപ്പിയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക്, ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടതും ഇതുകൊണ്ടുതന്നെ. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ വിഷയങ്ങളിലായി ഇരുവിഭാഗങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും സന്ദര്‍ശിച്ചത് മൂന്നു തവണ. മോദി തമിഴ്‌നാട്ടില്‍ എത്തിയപ്പോഴും സ്വീകരിയ്ക്കാന്‍ രണ്ടു വിഭാഗങ്ങളും മുന്‍പന്തിയിലുണ്ടായിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ മുഴുവന്‍ വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ഥി നേടിയിരുന്നു. അന്നു മുതല്‍ തന്നെ എഐഎഡിഎംകെയുടെ എന്‍ഡിഎ പ്രവേശം തമിഴകത്ത് ചര്‍ച്ചയാണ്. ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനശേഷമായിരിക്കും എന്‍ഡിഎ പ്രവേശം പ്രഖ്യാപിയ്ക്കുക. അടുത്ത കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ അണ്ണാ ഡിഎംകെയ്ക്ക് ഒരു മന്ത്രി സ്ഥാനം നല്‍കുമെന്ന സൂചനയുമുണ്ട്. ലോകസഭയിലും രാജ്യസഭയിലുമായി 42 എംപിമാരാണ് എഐഎഡിഎംകെയ്ക്ക് ഉള്ളത്.

പളനിസ്വാമി പക്ഷത്തെ എം.തന്പിദുരൈ ലോകസഭ ഡപ്യൂട്ടി സ്പീക്കറായി തുടരുന്ന സാഹചര്യത്തില്‍ പനീര്‍ശെല്‍വം പക്ഷത്തെ ഒരാളായിരിയ്ക്കും കേന്ദ്രമന്ത്രിയാവുക. ബിജെപിയില്‍ നിന്നും അണ്ണാ ഡിഎംകെയില്‍ എത്തിയ ഡോ. വി. മൈത്രേയനെ മന്ത്രിയാക്കാനാണ് ബിജെപിയ്ക്ക് താല്‍പര്യം. ലയനത്തിനായി ഇപിഎസ് ഒപിഎസ് പക്ഷങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കും വേഗം കൂടിയിട്ടുണ്ട്.

TAGS :

Next Story