അണ്ണാഡിഎംകെ പാര്‍ട്ടികളുടെ ലയനത്തിനായി ബിജെപി ഇടപെടല്‍
അണ്ണാഡിഎംകെ പാര്‍ട്ടികളുടെ ലയനത്തിനായി ബിജെപി ഇടപെടല്‍
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
തമിഴ്നാട്ടില്‍ വിഭജിച്ച് നില്‍ക്കുന്ന അണ്ണാഡിഎംകെ പാര്‍ട്ടികളുടെ ലയനത്തിനായി ബിജെപി ഇടപെടുന്നു. ഉപരാഷ്ട്രപതി സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അല്‍പ സമയത്തിനു ശേഷം വിമതപക്ഷ നേതാവ് ഒ പനീര്‍ശെല്‍വവും പ്രധാനമന്ത്രിയെ കാണും. വേണ്ടിവന്നാല്‍ സഭയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ഡിഎംകെയും വ്യക്തമാക്കി.
12 മണിയോടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 20 മിനിറ്റാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഉച്ചയ്ക്ക് ശേഷം ഒ പനീര്‍ശെല്‍വവും പ്രധാനമന്ത്രിയെ കാണും. ഇരുവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ ബിജെപി ഇടപെടുന്നതായി നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. ലയനത്തിന് ശേഷം അണ്ണാഡിഎംകെയെ എന്‍ഡിഎയുടെ ഘടകകക്ഷിയാക്കുമെന്നാണ് സൂചന. ധാരണപ്രകാരം ഒ പനീര്‍ശെല്‍വം പക്ഷത്തെ ഒരാളെ കേന്ദ്രമന്ത്രിയുമാക്കും.
37 എംഎല്‍എമാരുമായി ടിടിവി ദിനകരന്‍ പാര്‍ട്ടി പിടിയ്ക്കാന്‍ ഇറങ്ങിയതോടെയാണ് ഇപിഎസ് -ഒപിഎസ് പക്ഷങ്ങള്‍ തമ്മിലുള്ള ലയനത്തിന് വേഗം കൂടിയത്. ദിനകരന്‍ പക്ഷം പിന്തുണ പിന്‍വലിച്ചാല്‍ പളനിസ്വാമിയ്ക്ക് അധികാരത്തില്‍ തുടരുക ബുദ്ധിമുട്ടാകും. ഇതുകൂടി ലയനത്തിന് കാരണമാണ്. ശശികലയെയും ദിനകരനെയും ഒഴിവാക്കുകയെന്ന ഒപിഎസ് പക്ഷത്തിന്‍റെ ആവശ്യം പളനിസ്വാമി വിഭാഗം അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറക്കിയ, പാര്‍ട്ടിയില്‍ ഇതു വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒപിഎസ് പക്ഷം പ്രമേയത്തെ അനുകൂലിച്ചിട്ടില്ല. ശശികലയ്ക്കെതിരെ ഒന്നും പ്രമയത്തിലില്ലെന്ന കാരണമാണ് നിരത്തിയത്.
അണ്ണാഡിഎംകെ മൂന്നായി പിളര്‍ന്നതിനാല്‍ വേണ്ടിവന്നാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ് എം കെ സ്റ്റാലിനും അറിയിച്ചിട്ടുണ്ട്. എടപ്പാടി മന്ത്രിസഭ അധികാരത്തിലേറി ഓഗസ്തിലേയ്ക്ക് ആറ് മാസം തികയും. ഈ സാഹചര്യത്തിലാണ് ഡിഎംകെയുടെ പ്രഖ്യാപനം. ബിജെപിയുടെ ഇടപെടലോടെ, ലയനം വേഗത്തിലാകുമെന്നാണ് സൂചന. ഈ ആഴ്ചയില്‍ തന്നെ പ്രഖ്യാപനമുണ്ടായേക്കും. പനീര്‍ശെല്‍വത്തിന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തോടൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനം കൂടി ലഭിക്കാനാണ് സാധ്യത.
Adjust Story Font
16