പിന്നാക്ക വിഭാഗ കമ്മീഷന്‍ ബില്‍ റിപ്പോര്‍ട്ട് ; വര്‍ഷകാല സമ്മേളനത്തില്‍ സമര്‍പ്പിക്കും
പിന്നാക്ക വിഭാഗ കമ്മീഷന്‍ ബില്‍ റിപ്പോര്‍ട്ട് ; വര്‍ഷകാല സമ്മേളനത്തില്‍ സമര്‍പ്പിക്കും
ഈ സമ്മേളത്തില്‍ തന്നെ ബില്ല് വലിയ എതിര്‍പ്പുകളില്ലാതെ പാസ്സായേക്കുമെന്നാണ് സൂചന
പിന്നാക്ക വിഭാഗ കമ്മീഷന്‍ ബില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രാജ്യസഭയുടെ സെലക്ട് കമ്മിറ്റി പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ സമര്‍പ്പിക്കും. ഈ സമ്മേളത്തില്‍ തന്നെ ബില്ല് വലിയ എതിര്‍പ്പുകളില്ലാതെ പാസ്സായേക്കുമെന്നാണ് സൂചന. ജൂലൈ 17 മുതല്‍ ആഗസ്റ്റ് 11 വരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം.
1992ല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന് പകരമായി ഭരണ ഘടന പദവിയും ജുഡീഷ്യല്‍ അധികാരവും നല്‍കി പുതിയ കമ്മീഷന്‍ രൂപീകരിക്കുന്നതിനായാണ് പിന്നാക്ക വിഭാഗ കമ്മിഷന്‍ ബില്ല് കൊണ്ടുവരുന്നത്. ഏപ്രില്‍ 10ന് വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ബില്ല് പാര്‍ലമെന്റിന്റെ കഴിഞ്ഞ സമ്മേളനത്തില്‍ ലോക്സഭ പാസ്സാക്കിയത്. തുടര്‍ന്ന് സമ്മേളനത്തിന്റെ അവസാന ദിവസത്തില്‍ ബില്ല് രാജ്യസഭയിലെത്തി.
ബില്ലില്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നിന്നതോടെ സെലക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു. പാര്‍ലമെന്റിന്റെ അധികാരം കവര്‍ന്നെടുക്കാനും ചര്‍ച്ചചെയ്യാതെ അവസാനനിമിഷം കൊണ്ടുവന്ന് ബില്‍ പാസാക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്നായിരുന്നു പ്രതിപക്ഷ കുറ്റപ്പെടുത്തല്‍. ബില്ലിനെ പിന്തുണക്കാതെ സര്‍ക്കാരിന്റെ നീക്കം അട്ടിമറിക്കാനും പിന്നാക്കവിഭാഗങ്ങളുടെ താത്പര്യത്തിന് എതിരു നില്‍ക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചിരുന്നു. നിലവില്‍ ഏതെല്ലാം വിഭാഗങ്ങളെ ഉള്‍പ്പെടുത്തണമോ ഒഴിവാക്കണമോ എന്നത് സംബന്ധിച്ച് സര്‍ക്കാരിനെ നിര്‍ദേശിക്കുക മാത്രമാണ് പിന്നാക്ക കമ്മീഷന്‍ ചെയ്യുന്നത്.
Adjust Story Font
16