റാഫേല്‍ ഇടപാട്: മോദിക്കെതിരെ ട്വീറ്റുമായി രാഹുല്‍
റാഫേല്‍ ഇടപാട്: മോദിക്കെതിരെ ട്വീറ്റുമായി രാഹുല്‍
യുപിഎ കാലത്ത് പ്രതിരോധ ഇടപാടുകള്‍ നടന്നിരുന്നത് സുതാര്യമായിരുന്നുവെന്ന് ട്വീറ്റില്‍
റാഫേല്‍ ഇടപാടിലെ അഴിമതിയാരോപണം കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ ബജറ്റ് സമ്മേളനമായിരുന്നു കഴിഞ്ഞുപോയത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ആരംഭിച്ചത്. സമ്മേളനത്തിന്റെ അവസാന ദിനങ്ങളിലാണ് റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പാര്‍ലമെന്റില്‍ ഉയര്‍ന്നത്.
റാഫേല്‍ ഇടപാട് തുക, സുരക്ഷ, എച്ച്എഎല്ലിനെ ഒഴിവാക്കാനുള്ള കാരണം എന്നിവയായിരുന്നു പ്രതിപക്ഷം ലോക്സഭയില്‍ ഉന്നയിച്ചിരുന്നത്. രാജ്യസുരക്ഷ മുന്‍ നിര്‍ത്തി വിവരങ്ങള്‍ നല്‍കാനാകില്ലെന്നായിരുന്നു ധനമന്ത്രി ജയ്‍റ്റ്‍ലി നല്‍കിയ മറുപടി. യുപിഎ സര്‍ക്കാരിന്റെ കാലത്തും പ്രതിരോധ ഇടപാടുകളുടെ വിവരങ്ങള്‍ പുറത്ത് വിടാറില്ലായിരുന്നു എന്നും ജയ്‍റ്റ്‍ലി സഭയില്‍ പറഞ്ഞിരുന്നു.
റാഫേല്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് വ്യക്തമാക്കിയ മോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യം. യുപിഎ കാലത്ത് പ്രതിരോധ ഇടപാടുകള്‍ നടന്നിരുന്നത് സുതാര്യമായിരുന്നു എന്നും ഇനിയെങ്കിലും പ്രതിരോധമന്ത്രി റാഫേല്‍ ഇടപാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അഡ്മിറല്‍ ഗോര്‍ഷ്കോവ്, സുഖോയി വിമാനങ്ങള്‍, മിറാഷ് എയര്‍ക്രാഫ്റ്റ് എന്നീ ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളാണ് ട്വീറ്റില്‍ ഉള്ളത്. എ കെ ആന്‍റണി പ്രതിരോധ മന്ത്രിയായിരിക്കെ 2010ലും 2013 ലും ആണ് ലോക്സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നത്.
കോണ്‍ഗ്രസും ബിജെപിയും നേരിട്ടേറ്റുമുട്ടിയ സഭാസമ്മേളനത്തില്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ നേട്ടങ്ങള്‍ കൊണ്ടായിരുന്നു സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിട്ടത്. നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച എന്നീ വിഷയങ്ങളിലും കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലെ നേട്ടങ്ങള്‍ കൊണ്ടായിരുന്നു കേന്ദ്രം ഇതിനെ നേരിട്ടത്. 7 മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ച വരുന്ന സാമ്പത്തിക വര്‍ഷം കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ ഊതിപ്പെരുപ്പിച്ച കണക്കുകളാണ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനാണ് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ശ്രമിച്ചത്. നെഹ്റുവിനെയും കോണ്‍ഗ്രസിന്‍റെ ചരിത്രത്തെയും മോദി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം അനുവദിച്ചില്ലെന്നാരോപിച്ച് ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും സമ്മേളനത്തിനിടെ പ്രതിഷേധവുമായെത്തി. എംപിമാരുടെ ആവശ്യത്തിന് രാഹുല്‍ ഗാന്ധി പിന്തുണ നല്‍കിയതും ശ്രദ്ധേയമായി. സുപ്രീംകോടതി ജഡ്ജിമാരുമായി ബന്ധപ്പെട്ട വിവാദം പാര്‍ലമെന്‍റില്‍ ഉയരുമെന്ന് കരുതിയെങ്കിലും കോണ്‍ഗ്രസ് പിന്‍മാറിയതിനാല്‍ ആദ്യഘട്ടത്തില്‍ പ്രതിഷേധം ഉയര്‍ന്നില്ല. എന്നാല്‍ സമ്മേളനത്തിന്‍റെ അവസാന ദിനം സിബിഐ ജഡ്ജി ലോയയുടെ മരണത്തില്‍ രാഷ്ട്രപതിയെ കാണാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു. കോണ്‍ഗ്രസ് എംപി രേണുക ചൌധരിയെ പരിഹസിച്ച നരേന്ദ്ര മോദിയുടെ നടപടിയും വിവാദമായി. മാര്‍ച്ച് അഞ്ചിനാണ് ബജറ്റിന്‍റെ രണ്ടാം ഘട്ട സമ്മേളനം ആരംഭിക്കുന്നത്.
Adjust Story Font
16