മോദി തരംഗം അവസാനിച്ചു; രാജ്യത്തെ നയിക്കാന്‍ രാഹുലിന് പ്രാപ്തിയുണ്ട്: ശിവസേന
മോദി തരംഗം അവസാനിച്ചു; രാജ്യത്തെ നയിക്കാന്‍ രാഹുലിന് പ്രാപ്തിയുണ്ട്: ശിവസേന
പപ്പുവെന്ന് രാഹുലിനെ വിളിക്കുന്നത് ശരിയല്ല. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഎസ്‍ടിയോടുള്ള ജനങ്ങളുടെ രോഷം പ്രതിഫലിക്കുമെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ശിവസേന. രാജ്യത്തെ നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പ്രാപ്തിയുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. പപ്പുവെന്ന് അദ്ദേഹത്തെ വിളിക്കുന്നത് ശരിയല്ല. മോദി തരംഗം അവസാനിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ജിഎസ്‍ടിയോടുള്ള ജനങ്ങളുടെ രോഷം പ്രതിഫലിക്കുമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും രാഷ്ട്രീയ ശക്തി ജനങ്ങളാണ്. ജനങ്ങള്‍ക്ക് ആരെ വേണമെങ്കിലും പപ്പുവാക്കാന്‍ കഴിയുമെന്നും എംപി ബിജെപിയെ ഓര്‍മിപ്പിച്ചു.
നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചും കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളെ പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെ വിമര്‍ശിച്ചും ശിവസേന ബിജെപിക്കെതിരെ നിരന്തരം രംഗത്തെത്തുകയാണ്. ഗുജറാത്തില്‍ പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേലിന് ശിവസേന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ശിവസേന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ബിജെപിയുടെ സഖ്യ പാര്‍ട്ടിയായി തുടരണോയെന്ന് ഉദ്ധവ് താക്കറെ തീരുമാനിക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് വ്യക്തമാക്കി. ഒരേസമയം ഭരണ പക്ഷത്തും പ്രതിപക്ഷത്തുമായി തുടരാനാവില്ല. ശിവസേന എംപി രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ചതിന് പിന്നാലെയാണ് മറുപടിയുമായി ഫട്നാവിസ് രംഗത്തെത്തിയത്.
Adjust Story Font
16