ജഡ്ജി സി എസ് കര്‍ണനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
ജഡ്ജി സി എസ് കര്‍ണനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിനും മറ്റ് ജഡ്ജിമാര്‍ക്കുമെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിനുംഇന്ത്യയിലെ ഭൂരിഭാഗം ജഡ്ജിമാരും അഴിമതിക്കാരാണെന്ന് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയതിനുമാണ്
കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എസ് കര്‍ണ്ണനെതിരെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ കോടതിയലക്ഷ്യ നടപടി. രാജ്യത്തെ ഭൂരിഭാഗം ന്യായാധിപന്‍മ്മാരും
അഴിമതിക്കാരാണെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചത് ഉള്‍പ്പടെ നിരവധി പരാതികള്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിംഗ് ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി, കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത്.
ഫെബ്രുവരി 13ന് ജസ്റ്റിസ് സി എസ് കര്‍ണ്ണനോട് നേരിട്ട് ഹാജറാകാനാണ് സുപ്രീം കോടതി നോട്ടിസ്. ചീഫ് ജസ്റ്റിസ് ജഗദീഷ് സിംഗ് കേഹാര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് കോടതിയലക്ഷ്യ നടപടിക്ക് ഉത്തരവിട്ടത്. ജസ്റ്റിസ് കര്‍ണന് നല്‍കിയിരിക്കുന്ന എല്ലാ ചുമതലകളും റദ്ദാക്കണമെന്ന് കല്‍ക്കത്ത ഹൈക്കോടതിയോടും നിര്‍ദേശിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് കര്‍ണ്ണന്‍ മറ്റ് ജഡ്ജിമ്മാരുടെ യോഗ്യത സംബന്ധിച്ച് അന്വേഷണം നടത്തുകയും യോഗ്യതയില്ലാത്തവര്‍ ഹൈക്കോടതികളില്‍ ജഡ്ജിമ്മാരായിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയെന്നും പരാതിയുയര്‍ന്നു. കല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് സ്വമേധയ ജസ്റ്റിസ് കര്‍ണ്ണന്‍ റദ്ദാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചു. കേസുകള്‍ നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചതോടെ ക്ഷമാപണം നടത്തി അദ്ദേഹം കല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറുകയാണുണ്ടായത്.
രാജ്യത്തെ ഭൂരിഭാഗം ന്യായധിപന്‍മ്മാരും അഴിമതിക്കാരാണെന്ന് കാട്ടി പ്രധാനമന്ത്രിക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തിരുന്നു. ജഡ്ജിമ്മാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം മാറ്റണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കുന്നതായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്റെ നടപടി. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസയച്ചത്.
താനൊരു ദലിതനായത് കൊണ്ട് സഹജഡ്ജിമ്മാര്‍ തന്നെ നിന്തരം അപമാനിക്കുവെന്ന് കാട്ടി 2011ല്‍ ജസ്റ്റിസ് കര്‍ണന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജാതിയടിസ്ഥാനത്തിലാണ് കേസുകള്‍ ജഡ്ജിമാര്‍ക്ക് നല്‍കുന്നതെന്ന പരാതിയും അദ്ദേഹമുന്നയിച്ചിരുന്നു.
Adjust Story Font
16