Quantcast

പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരും

MediaOne Logo

Alwyn K Jose

  • Published:

    29 April 2018 5:22 AM GMT

പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരും
X

പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരും

ഈ മാസം അവസാനത്തോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്.

ഈ മാസം അവസാനത്തോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്ന സാഹചര്യത്തില്‍ എണ്ണ കമ്പനികള്‍ ഈ മാസം അവസാനം പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ത്താന്‍ തയാറെടുക്കുകയാണെന്നാണ് മുന്നറിയിപ്പ്. നിലവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.72 രൂപയും ഡീസലിന് 52.61 രൂപയുമാണ് വില.

പ്രധാന എണ്ണ ഉത്പാദാക്കള്‍ ഉത്പാദനം കുറച്ചതോടെ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എണ്ണ വില എത്തിയിട്ടുണ്ട്. ബാരലിന് 53 ഡോളറിലേക്കാണ് അസംസ്കൃത എണ്ണ വില ഉയര്‍ന്നിരിക്കുന്നത്. ഉത്പാദന നിയന്ത്രണത്തില്‍ പങ്കുചേരാന്‍ സന്നദ്ധമാണെന്ന് ഒപെകിന് പുറത്തുള്ള റഷ്യ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിപണി വില തിങ്കളാഴ്ച ബാരലിന് 53.45 ഡോളറായി ഉയര്‍ന്നത്. തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ചേരുന്ന എണ്ണ മന്ത്രിമാരുടെ യോഗത്തിലാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്റെ പ്രഖ്യാപനം വന്നത്. 2015 സെപ്റ്റംബറിലെ ബാരലിന് 54.05 ഡോളര്‍ എന്ന വിലക്ക് ശേഷം തിങ്കളാഴ്ചയാണ് വില 53 ഡോളറിന് മുകളിലെത്തുന്നത്. എട്ടു വര്‍ഷത്തിനിടെ ഉത്പാദനം കുറക്കാന്‍‌ ആദ്യമായി ഒപെകില്‍ ധാരണയായതോടെ ആഗോള വിപണിയില്‍ എണ്ണ വിലയില്‍ 15 ശതമാനം നേട്ടം കൈവരിക്കാനായിട്ടുണ്ട്.

ആഗോള വിപണി വിലക്ക് അനുസരിച്ച് നിരക്ക് ഉയര്‍ത്തുന്നതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ വര്‍ധിക്കും. നിലവില്‍ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികള്‍ ആഗോള വിപണിയിലെ ശരാശരി വിലയും വിദേശ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് എണ്ണ വില നിശ്ചയിക്കുന്നത്. ഇന്ത്യയുടെ അസംസ്കൃത എണ്ണ ആവശ്യത്തിന്റെ നാലില്‍ മൂന്നു ശതമാനത്തില്‍ കൂടുതലും ഇറക്കുമതി ചെയ്യുന്നതാണ്. ആഗോള എണ്ണ വിലയ്ക്കു പുറമെ, രൂപയുടെ മൂല്യവും സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നികുതികളും കണക്കാക്കിയാണ് അന്തിമ വില നിശ്ചയിക്കുക. ഉത്പാദനത്തില്‍ ദിവസം 700,000 ബാരല്‍ എണ്ണ വെട്ടിക്കുറച്ച് ഉത്പാദനശേഷി 32.5 - 33 മില്യണ്‍ ബാരലില്‍ ഒതുക്കാനാണ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മ ധാരണയിലെത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ കഴിഞ്ഞകാലങ്ങളിലെ വിലക്കുറവിന്റെ ഗുണം സാധാരണ ജനങ്ങളിലേക്ക് എത്തിക്കാതെ ഉയര്‍ന്ന വില തന്നെ നിലനിര്‍ത്തിയ കമ്പനികളും സര്‍ക്കാരും ഇനി വന്‍ വര്‍ധനവിനൊരുങ്ങുമ്പോള്‍ അധിക ബാധ്യതയാണ് പൊതുജനത്തിന്റെ മുതുകില്‍ അടിച്ചേല്‍പ്പിക്കുക.

TAGS :

Next Story