എന്തുചെയ്തിട്ടാണ് ഞാന്‍ വെറുക്കപ്പെട്ടവനും ഭീകരവാദിയുമായത്? സാകിര്‍ നായിക്
എന്തുചെയ്തിട്ടാണ് ഞാന്‍ വെറുക്കപ്പെട്ടവനും ഭീകരവാദിയുമായത്? സാകിര്‍ നായിക്
തന്നെ ഭീകരവാദിയായി മുദ്രകുത്തുന്നതിനെതിരെ ഇന്ത്യക്കാര്‍ക്ക് തുറന്നകത്തുമായി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാകിര്‍ നായിക്
തന്നെ ഭീകരവാദിയായി മുദ്രകുത്തുന്നതിനെതിരെ ഇന്ത്യക്കാര്‍ക്ക് തുറന്നകത്തുമായി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാകിര്‍ നായിക്. അഞ്ച് ചോദ്യങ്ങളും ഒരു അഭ്യര്‍ഥനയും എന്ന പേരിലാണ് കത്തെഴുതിയത്. തനിക്കെതിരെ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിക്കും ഞെട്ടിപ്പിക്കുന്നതാണെന്ന് സാകിര്‍ നായിക് കത്തില്‍ പറയുന്നു. ജനാധിപത്യത്തെ കൊല്ലാനും മൗലികാവകാശങ്ങളെ ചവിട്ടി ഞെരിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും മാധ്യമങ്ങള്‍ക്കും താന്‍ ഇപ്പോള്‍ ഒന്നാംനമ്പര്‍ ശത്രുവാണ്. എന്തുകൊണ്ട് തന്നെ ലക്ഷ്യമിടുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരു സമുദായത്തെ തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം നോട്ടമിടുക ആ സമുദായത്തിലെ പ്രശസ്തരെയും ജനപ്രിയരെയുമാണ് എന്നതാണ്. ഇത് ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല, മറിച്ച് മുഴുവന്‍ ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കുമെതിരായ ആക്രമണമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിനും നീതിക്കുമെതിരായ ആക്രമണമാണ്. ഇവിടെ നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമം. തന്നേയും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനേയും നിരോധിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. അത്തരമൊരു നിരോധനമുണ്ടായാല്‍ അതായിരിക്കും ഇന്ത്യന്‍ ജനാധിപത്യത്തിന് സമീപകാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി. എന്റെ മാത്രം കാര്യമല്ല, ഇന്ത്യയിലെ 20 കോടി മുസ്ലീങ്ങളും നേരിടുന്ന അനീതിക്കുള്ള ഏറ്റവും വലിയ തെളിവായിരിക്കും അതെന്നും സാകിര്‍ കത്തില്‍ പറയുന്നു. സാകിര്‍ ഉന്നയിച്ച അഞ്ച് ചോദ്യങ്ങള്‍ ഇവയാണ്:
എന്തുകൊണ്ട് ഇപ്പോള്‍?
25 വര്‍ഷമായി ഞാന്‍ മതപ്രഭാഷണം നടത്തുന്നു. ഞാന്‍ എങ്ങനെ ഇപ്പോള്‍ തീവ്രവാദ പ്രഭാഷകനും തീവ്രവാദി ഡോക്ടറുമായി മാറി? 150ലേറെ രാജ്യങ്ങളില്‍ ഞാന്‍ അംഗീകരിപ്പെടുകയും എന്റെ പ്രഭാഷണങ്ങള്‍ സ്വാഗതം ചെയ്യപ്പെടുകയുമുണ്ടായി. എന്നിട്ട് സ്വന്തം രാജ്യത്ത് തീവ്രവാദ പ്രചോദകനായി മുദ്രകുത്തപ്പെടുന്നു. 25 വര്‍ഷമായി ചെയ്യുന്ന കാര്യത്തില്‍ എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെ മുദ്രകുത്തപ്പെടുന്നു എന്നതാണ് ഇക്കാര്യത്തിലെ വൈരുദ്ധ്യം. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളും മാധ്യമങ്ങളും ഒന്നാം നമ്പര്‍ ശത്രുവായി എന്നെ പ്രഖ്യാപിക്കുകയാണ്.
എന്തുകൊണ്ട് തുടര്‍ച്ചയായ അന്വേഷണങ്ങള്‍?
പലതലത്തില്‍ അന്വേഷണങ്ങള്‍ നടത്തിയിട്ടും എന്തെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നടത്തിയതായി കണ്ടെത്താന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും സാധിച്ചിട്ടില്ല. പക്ഷേ അന്വേഷണം തുടരണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. എന്തുകൊണ്ട്? ആദ്യത്തെ അന്വേഷണം സമ്പൂര്‍ണമായിരുന്നില്ലേ? എന്റെ പ്രഭാഷണങ്ങള്‍ സമഗ്രമായി പരിശോധിക്കാന്‍ കഴിഞ്ഞില്ലേ? അതോ അവര്‍ക്ക് എനിക്കെതിരെ ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്നതുകൊണ്ടോ? അതോ എന്നില്‍ കുറ്റം ചുമത്താന്‍ എന്തെങ്കിലും കണ്ടെത്താനുള്ള വേട്ടയാണോ നടക്കുന്നത്?
പുതുക്കിയ രജിസ്ട്രേഷന്‍ എന്തുകൊണ്ട് റദ്ദാക്കി?
ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്റെ രജിസ്ട്രേഷന്‍ പുതുക്കിയ സര്‍ക്കാര്‍ എന്തുകൊണ്ട് പിന്നീട് റജിസ്ട്രേഷന്‍ റദ്ദാക്കി? അതില്‍ യുക്തിയില്ല. സര്‍ക്കാരിന്റെ അജണ്ടയ്ക്ക് വിരുദ്ധമായതുകൊണ്ടാണോ രജിസ്ട്രേഷന്‍ റദ്ദാക്കിയത്? രജിസ്ട്രേഷന്‍ പുതുക്കിയ എഫ്സിആര്‍എ ഉദ്യോഗസ്ഥരെ എന്തിന് സസ്പെന്‍റ് ചെയ്തു? മുന്‍വിധിയില്ലാതെ സത്യസന്ധമായി പ്രവര്‍ത്തിച്ചതിനാണോ അവര്‍ക്കെതിരെ നടപടിയെടുത്തത്? ആഭ്യന്തര വകുപ്പിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാതിരുന്നതിനായിരുന്നോ നടപടി?
എന്തുകൊണ്ട് ചില രേഖകള്‍ മാത്രം ചോരുന്നു?
സര്‍ക്കാര്‍ രേഖകളില്‍ തെരഞ്ഞെടുക്കപ്പെട്ട ചില രേഖകള്‍ മാത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തുന്നതിന് പ്രത്യേക സംവിധാനമുണ്ടോ? ഇന്നുവരെ സമര്‍പ്പിക്കപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ എന്താണ് എന്നതിനെ കുറിച്ച് ധാരണയില്ല. പക്ഷേ ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷനെ നിരോധിക്കുന്നത് സംബന്ധിച്ച സോളിസിറ്റര്‍ ജനറലിന്റെ 'വിധി' മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടി. കൃത്യമായ തെളിവുകള്‍ ലഭിക്കുന്നതിന് മുന്‍പ് എന്തുകൊണ്ട് നിരോധനം?
നിര്‍ബന്ധിത മതപരിവര്‍ത്തനം?
ഇസ്ലാമിക് റിസര്‍ച്ച ഫൌണ്ടേഷന്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നുവെന്നാണ് ആരോപണം. എന്തുകൊണ്ട് നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുന്നില്ല? നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ എവിടെ? അവരുടെ മൊഴിയെവിടെ? തെളിവ് കിട്ടും മുന്‍പ് തിടുക്കത്തില്‍ നടപടി എന്തിനായിരുന്നു? മതപരിവര്‍ത്തനം സംബന്ധിച്ച് തെളിവ് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല എന്നതാണ് വസ്തുത. അതിന് കാരണം നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല എന്നതാണ്.
സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ഥന
ഇനിയും ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്. എന്റെ രാജ്യത്തെ ജനങ്ങളോട് എനിക്ക് പറയാനുള്ളത് ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ ശിക്ഷിക്കൂ എന്നാണ്. ഏറ്റവും കഠിനമായ ശിക്ഷ തന്നെ നല്‍കൂ. ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. രാജ്യത്തെ ജനാധിപത്യം ചവിട്ടിഞെരിക്കപ്പെടുകയാണ്. കുറ്റം തെളിയും മുന്‍പ് ആളുകളെ 7 മുതല്‍ 10 വര്‍ഷം വരെ ജയിലില്‍ പിടിച്ചിടുകയാണ്. അവര്‍ തെറ്റുകാരല്ലെന്ന് കോടതിയില്‍ തെളിയുന്നു. അതിനിടയില്‍ അവരുടെയും കുടുംബത്തിന്റെയും ജീവിതം തകരുന്നു. എന്നെപ്പോലുള്ള അറിയപ്പെടുന്ന മുസ്ലിങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരായ മുസ്ലിങ്ങളുടെ സ്ഥിതി എന്താവും?
ജാതിമത വ്യത്യാസമില്ലാതെ എനിക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു. എന്നെപ്പോലെ നിങ്ങള്‍ക്കും ഈ രാജ്യത്തിന്റെ കാര്യത്തില്‍ കരുതലുണ്ടെന്ന് എനിക്കറിയാം. എനിക്ക് നിയമവ്യവസ്ഥയില്‍ ഇപ്പോഴും വിശ്വാസമുണ്ട്. ഒടുവില്‍ സത്യം ജയിക്കും. അന്വേഷണം സത്യസന്ധമാവണം എന്നാണ് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാനുള്ളത്. ഇന്ത്യയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടാല്‍ അള്ളാഹ് അതിലും മെച്ചപ്പെട്ട വാതിലുകള്‍ എനിക്കായി തുറക്കും. ഒരുപാട് രാജ്യങ്ങള്‍ എന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. പക്ഷേ ഞാന്‍ പറയുന്നത് എനിക്ക് വേണ്ടി മാത്രമല്ല. അനീതി രാജ്യത്തിന്റെ വ്യവസ്ഥയുടെ ഭാഗമായാല്‍, രാജ്യം നീചശക്തികളുടെ കൈകളില്‍ അകപ്പെട്ടാല്‍ എന്താവും അവസ്ഥ?
Adjust Story Font
16