Quantcast

കശ്മീരില്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ചത് നിയമവിരുദ്ധം: സൈന്യത്തിനെതിരെ പൊലീസ്

MediaOne Logo

Sithara

  • Published:

    4 May 2018 10:24 AM GMT

കശ്മീരില്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ചത് നിയമവിരുദ്ധം: സൈന്യത്തിനെതിരെ പൊലീസ്
X

കശ്മീരില്‍ യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ചത് നിയമവിരുദ്ധം: സൈന്യത്തിനെതിരെ പൊലീസ്

ഫറൂഖ് അഹമ്മദ് സൈന്യത്തിനെതിരെ കല്ലെറിഞ്ഞവരില്‍ ഉള്‍പ്പെട്ടയാളാണെന്നായിരുന്ന സൈന്യത്തിന്റെ വിശദീകരണം. ഇതിനെ അപ്പാടെ തള്ളിക്കളയുന്നതാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്.

ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യവകചമായി ഉപയോഗിച്ച ഫറൂഖ് അഹമ്മദ് ദര്‍ ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തല്‍. സംഭവത്തെക്കുറിച്ച് കശ്മീര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. അഹമ്മദ് ദറിനെ സൈന്യം നിയമ വിരുദ്ധമായി തടഞ്ഞ് വെക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിലില്‍ നടന്ന ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിനിടെയാണ് പ്രക്ഷോഭകരില്‍ നിന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാനെന്ന പേരില്‍ ഫറൂഖ് അഹമ്മദ് ദര്‍ എന്ന യുവാവിനെ സൈന്യം മനുഷ്യ കവചമായി ഉപയോഗിച്ചത്. സൈനിക വാ‌ഹനത്തിന്‍റെ ബോണറ്റില്‍ അഹമ്മദിനെ കെട്ടിയിട്ട ദൃശ്യങ്ങള്‍ പുറത്ത് വന്നത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഫറൂഖ് സൈന്യത്തിനെതിരെ കല്ലെറിഞ്ഞവരില്‍ ഉള്‍പ്പെട്ടയാളാണെന്നായിരുന്ന സൈന്യത്തിന്റെ വിശദീകരണം. ഇതിനെ അപ്പാടെ തള്ളിക്കളയുന്നതാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്.

ബുദ്ഗാം സ്വദേശിയായ അഹമ്മദ് ദര്‍ അന്ന് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായാതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ട് ചെയ്തതിന് ശേഷം ഗാംപോറയിലെ മരണവീട് സന്ദര്‍ശിക്കാനായി പോയ അഹമ്മദിനെ സൈന്യം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൈന്യം യുവാവിനെ നിയമവിരുദ്ധമായി തടഞ്ഞ് വെച്ചുവെന്നും തുടര്‍ന്ന് ബോണറ്റില്‍ കെട്ടി മനുഷ്യകവചമായി ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ട് പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ആഗസ്തിലാണ് ജമ്മു കാശ്മീര്‍ ഡിജിപി എസ്പി വേദിന് അന്വേഷണംസംഘം സമര്‍പ്പിച്ചത്.

TAGS :

Next Story