തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍; കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍
തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍; കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍
തിരുനെല്‍വേലി കലക്ട്രേറ്റിന് മുന്‍പില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും കലക്ടറെയും വിമര്‍ശിച്ചായിരുന്നു ബാലയുടെ കാര്‍ട്ടൂണ്‍.
തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തു. കാര്‍ട്ടൂണിസ്റ്റ് ജി ബാലയാണ് അറസ്റ്റിലായത്. തിരുനെല്‍വേലി കലക്ട്രേറ്റിന് മുന്‍പില്‍ നാലംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും കലക്ടറെയും വിമര്‍ശിച്ചായിരുന്നു ബാലയുടെ കാര്‍ട്ടൂണ്‍.
പലിശക്കാരുടെ ശല്യം സഹിക്കാനാവാതെ ഇസക്കി മുത്തുവും ഭാര്യയും രണ്ട് മക്കളും തിരുനെല്‍വേലി കലക്ട്രേറ്റിന് മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം അടിസ്ഥാനമാക്കിയാണ് ബാല കാര്‍ട്ടൂണ്‍ വരച്ചത്. ബാല ഫേസ് ബുക്കിലാണ് കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ കാര്‍ട്ടൂണ്‍ വൈറലാവുകയും ചെയ്തു.
തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് മുഖ്യമന്ത്രി പളനിസ്വാമിയും കലക്ടറും പൊലീസ് കമ്മീഷണറും നാണം മറയ്ക്കുന്നതായാണ് കാര്‍ട്ടൂണ്‍. ജില്ലാ കലക്ടറാണ് ബാല വരച്ച കാര്‍ട്ടൂണിനെതിരെ പരാതി നല്‍കിയത്. കാര്‍ട്ടൂണില്‍ അശ്ലീലമുണ്ടെന്നും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ആരോപിച്ച് ഐടി ആക്ട് പ്രകാരമാണ് അറസ്റ്റ്.
Adjust Story Font
16