ജല്ലിക്കെട്ടിനായി പ്രക്ഷോഭം
ജല്ലിക്കെട്ടിനായി പ്രക്ഷോഭം
മറീനാബീച്ചിലെത്തിയത് ആയിരങ്ങള്‍, സിനിമാ താരങ്ങളുടെയടക്കം പിന്തുണ
ജല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നും മൃഗ സംരക്ഷണ സംഘടനയായ പേട്ടയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈയിലെ മറീനാ ബീച്ചില്‍ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധത്തിനായി ബീച്ചിലെത്തിയ അയ്യായിരത്തിലധികം വരുന്ന ആളുകള്‍ ഇതുവരെ പിരിഞ്ഞു പോകാന്‍ തയ്യാറായിട്ടില്ല. സിനിമാ താരം വിജയ് ഉള്‍പ്പെടെയുള്ളവര്‍ പ്രക്ഷോഭത്തിന് പിന്തുണയുമായി മറീനാ ബീച്ചിലെത്തി.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി കോടതി നിരോധിച്ച ജല്ലിക്കെട്ട് നടത്താന്‍ നാട്ടുകാര്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട്ടിലെ മധുരയില്‍ പൊലീസ് ലാത്തി വീശുകയും സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. 200 ഓളം പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങള്‍ക്കു ശേഷമാണ് ജല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്നും മൃഗ സംരക്ഷണ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് അഥവാ പേട്ടയെ നിരോധിക്കണമെന്നുമാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി മറീനാ ബീച്ചിലേക്കെത്തിയത്.
വിജയ് അടക്കമുള്ള ചലച്ചിത്ര താരങ്ങളുടെയും എം കെ സ്റ്റാലിനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ പ്രതിഷേധത്തിനുണ്ട്. പ്രതിഷേധത്തിനായി എത്തിയവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളും ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമാണ്. മധുരയിലെ അളങ്കനല്ലൂരിലും സമാന്തരമായി ജനങ്ങള്‍ പ്രതിഷേധിക്കുന്നുണ്ട്. പൊലീസ് പലതവണ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധം നിര്‍ത്തി പിരിഞ്ഞു പോകാന്‍ ജനങ്ങള്‍ തയ്യാറായിട്ടില്ല.
Adjust Story Font
16