ഒന്നരപ്പതിറ്റാണ്ടിനു ശേഷവും തെരഞ്ഞെടുപ്പില്‍ നിറഞ്ഞ് സിംഗൂരിലെ ടാറ്റ കാര്‍ ഫാക്ടറി
ഒന്നരപ്പതിറ്റാണ്ടിനു ശേഷവും തെരഞ്ഞെടുപ്പില്‍ നിറഞ്ഞ് സിംഗൂരിലെ ടാറ്റ കാര്‍ ഫാക്ടറി
ഇത്തവണ സി.പി.എമ്മാണ് ഫാക്ടറി വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിയ്ക്കുന്നത്
ഒന്നരപ്പതിറ്റാണ്ടിനു ശേഷവും പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന വിഷയമാണ് സിംഗൂരിലെ ടാറ്റ കാര്‍ ഫാക്ടറി. നേരത്തെ സി.പി.എമ്മിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസാണ് ഈ വിഷയം ഉന്നയിച്ചിരുന്നതെങ്കില്‍ ഇത്തവണ സി.പി.എമ്മാണ് ഫാക്ടറി വിഷയം തെരഞ്ഞെടുപ്പില്‍ ഉന്നയിയ്ക്കുന്നത്. സിംഗൂരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മമതാ ബാനര്‍ജി ബംഗാളിന്റെ വ്യവസായിക വികസനം തടഞ്ഞുവെന്നും ഭൂമി തിരിച്ച് നല്‍കുമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നുമാണ് സി.പി.എമ്മിന്റെ പ്രധാന ആരോപണം.
അധികാരത്തില്‍ വന്നാല്‍ സിംഗൂരിലെ ഫാക്ടറി പുനരാരംഭിയ്ക്കുമെന്ന് സി.പി.എം പ്ലീനത്തിന്റെ ഭാഗമായി നടന്ന ബ്രിഗേഡ് പരേഡ് ഗ്രൌണ്ട് റാലിയില്‍ തന്നെ സംസ്ഥാന സെക്രട്ടറി സൂര്യകാന്തമിശ്ര പ്രഖ്യാപിച്ചിരുന്നു. സിംഗൂരില്‍ കൃഷിഭൂമി ഏറ്റെടുത്ത് ടാറ്റയ്ക്ക് നാനോ ഫാക്ടറി തുടങ്ങാനായി കൈമാറിയതും നന്ദി ഗ്രാമില്‍ ഭൂമി ഏറ്റെടുക്കാന്‍ ശ്രമം നടത്തിയതുമാണ് ബംഗാളില്‍ സി.പി.എമ്മിന്റെ അധികാര കുത്തക തകര്‍ത്തെറിഞ്ഞതിനു പിറകില്‍ പ്രധാന ഘടകങ്ങളായിത്തീര്‍ന്നത്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ അതേ സിംഗൂര്‍ വിഷയം സി.പി.എം ഉയര്‍ത്തുന്നുവെന്നതാണ് പ്രത്യേകത. ടാറ്റയെ പശ്ചിമബംഗാളില്‍ നിന്ന് ഓടിയ്ക്കുക വഴി തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിന്റെ വ്യാവസായിക വികസനം മുരടിപ്പിച്ചുവെന്നും ഭൂമി തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി കര്‍ഷകരെ വഞ്ചിച്ചുവെന്നും സി.പി.എം ആരോപിയ്ക്കുന്നു. ഇപ്പോള്‍ ഭൂമിയുമില്ല, വ്യവസായം വന്നിരുന്നുവെങ്കില്‍ ലഭിയ്ക്കുമായിരുന്ന തൊഴിലവസരങ്ങളുമില്ല എന്നതാണ് കര്‍ഷകരുടെ സ്ഥിതിയെന്ന് സി.പി.എം പറയുന്നു.
ഭൂമി തിരിച്ചു നല്‍കാനാവില്ലെന്ന് അറിഞ്ഞിട്ടും രാഷ്ട്രീയ നേട്ടത്തിനായി കര്‍ഷകരെ ബലിയാടാക്കുകയായിരുന്നു മമതാ ബാനര്‍ജിയെന്നും യാഥാര്‍ത്ഥ്യം ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും സി.പി.എം നേതാക്കള്‍ അവകാശപ്പെടുന്നു.
Adjust Story Font
16